സ്വാമി തുരീയാമൃതാനന്ദ പുരി

ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവ
ഭാവം നടിച്ചു സുയോധനൻതാ,നിരു
വ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യ
ദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,
”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവ
ശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയം
ഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-
മാകവേ പര്യാപ്തമെന്നു കാണുന്നു നാം
ഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,
ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!”

എന്തേയിതീവിധമോതാൻ? പരാജയ
ഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?
ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെ
ശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?
ഇംഗിതഗോപനം രാജധർമ്മം, ഭയം
ഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?
തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെ
ചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?
പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,
ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,
എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരു
കൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.
ആചാര്യനിന്ദതൻ ദക്ഷിണയായത-
ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്!

സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലും
സർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?
വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെ
തൊട്ടതിലൊക്കെയും സംശയബുദ്ധിയും.
ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-
ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും.

പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,
‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’
എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽ
കില്ലില്ല – ദ്രോണനിലൂന്നണമാഹവം.
നിർവൈരമല്ലിവിടാവശ്യം, ദുർഘട
വാപി കടത്തുവാൻ ദ്രോണനൊരാൾ മതി.
കൊല്ലാൻ പിറന്നവനെങ്കിലും നേർവഴി-
ക്കെല്ലാം പഠിപ്പിച്ച ശിഷ്യവാത്സല്യ,മീ
സംഗ്രാമഭൂമിയിൽ വേണ്ട,വേ,ണ്ടാളട്ടെ-
മുൻവൈരം; ആഹവവഹ്നിയിലെണ്ണയായ്-
ത്തീരട്ടെ, പാണ്ഡവവംശദ്രുമത്തിൻ്റെ
തായ്‌വേരു നീറട്ടെ, വെന്തൊടുങ്ങീടട്ടെ!

ഈവിധമെല്ലാം ധ്വനിപ്പിച്ചു, സംഗരാ-
വേശം ജ്വലിപ്പിച്ചു – ‘കാട്ടുതീതാണ്ഡവം’
പത്തുമെട്ടുംദിനം ചെന്നവാറേതുമേ
ശേഷിച്ചതില്ലൊരാൾപോലുമക്കൗരവ
വംശവൃക്ഷത്തിൻ്റെ ചാരം ചികഞ്ഞസ്ഥി
തേടുവാൻ! ഇന്നുമനാഥം കിടക്കയാ,-
ണശ്രുതീർത്ഥം തൊട്ടുരുളനേദിക്കുവാ-
നില്ലൊരാൾ, ആഹന്ത! ദുഷ്‌കൃതവൈഭവം!