ദമയന്തിയമ്മയുടെ ത്യാഗ-തപോനിഷ്ഠമായ ജീവിതം അമ്മയുടെ – മാതാ അമൃതാനന്ദമയീദേവിയുടെ മനസ്സിൽ എന്നും നിറസാന്നിദ്ധ്യമായി തുളുമ്പി നിന്നു. ശിഷ്യരോടും ഭക്തരോടും നിത്യേനയെന്നോണം അമ്മ നടത്താറുള്ള സത്സംഗങ്ങളിലും അമൃത സല്ലാപങ്ങളിലും ദമയന്തിയമ്മയുടെ ഓർമ്മകളും ഉപദേശങ്ങളും ശിക്ഷണങ്ങളും ആവർത്തിച്ച് ഓടിയെത്തുമായിരുന്നു. “എല്ലാവരിലും എല്ലാത്തിലും ഈശ്വരനെക്കണ്ട് ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചത് ദമയന്തിയമ്മയാണ്” എന്ന് അമ്മ കൂടെക്കൂടെ ഓർക്കും.

അമ്മയും ദമയന്തിയമ്മയും

സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെ തന്റെ മക്കൾ വളർന്നുവരണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമായിരുന്നു.

ആ തപോനിഷ്ഠമായ ജീവിതത്തെക്കുറിച്ചോർക്കവേ അമ്മ പറഞ്ഞു ”ആഴ്ചയിൽ ഏഴു ദിവസങ്ങൾ ഉണ്ടെങ്കിൽ നാല് ദിവസവും ദമയന്തിയമ്മയ്ക്ക് വ്രതവും ഉപവാസവുമായിരിക്കും. ദമയന്തിയമ്മ ഉപവാസം മുഴുമിക്കാറാകുമ്പോൾ തെങ്ങിൽ നിന്നും തനിയേ കരിക്ക് വീഴുക പതിവാണ്.

“ദമയന്തിയമ്മയുടെ ജീവിതം മുഴുവൻ പ്രായോഗിക വേദാന്തമായിരുന്നു. ദമയന്തിയമ്മയെന്നും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. ഉണർന്നാൽ ആദ്യം ഭൂമിയെത്തൊട്ട് വണങ്ങും. കുളി കഴിഞ്ഞാൽ മണിക്കൂറുകൾ നീളുന്ന നാമജപവും പ്രാർത്ഥനയുമാണ്. ഹരിനാമകീർത്തനം എന്നും ചൊല്ലും.

“സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ മുറ്റം തൂത്ത് വൃത്തിയാക്കിയിരിക്കണം.സൂര്യനെ ചൂല് കാണിക്കാൻ പാടില്ല. ഒരു ചെറിയ അഴുക്കോ ഈർക്കിലയുടെ കഷ്ണമോ എവിടെയും കാണുവാൻ പാടില്ല. പുറകോട്ട് തൂത്ത് തൂത്ത് പോകണം. ചൂലിൽനിന്നും ഒരു ഈർക്കിലി പോലും ഊർന്ന് വീഴരുത്. കാരണം ഒരു ഈർക്കിലി നഷ്ടപ്പെട്ടാൽ മുഴുവൻ ചൂലും നഷ്ടമാവാൻ പിന്നെ അധികം താമസമുണ്ടാവില്ല. ഒരു ഈർക്കിലയിൽ ഒരു മുഴുവൻ ചൂലിനെയാണ് ദമയന്തിയമ്മ കണ്ടത്. ചെറുതിൽ വലുതിനെക്കാണണം. ശ്രദ്ധയാണ് കർമ്മത്തെ ഈശ്വരപൂജയാക്കി മാറ്റുന്നത്. എല്ലാത്തിലും ഈശ്വരനുണ്ട്. ഒരു ഈർക്കിലയെ സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? അതിനാൽ അതിനെ നഷ്ടപ്പെടുത്താനും നമുക്ക് അവകാശമില്ല.”

“വേസ്റ്റ്‌ പേപ്പറാണെങ്കിലും അതിൽ ചവിട്ടാൻ പാടില്ല കാരണം അക്ഷരം സരസ്വതിയാണ്. നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കാൻ പാടില്ല.” ആ ഉപദേശത്തിലും ഒരു പ്രായോഗിതയുണ്ട് കാരണം നമ്മൾ നദിയെ അഴുക്കാക്കിയാൽ അതിന്റെ ദോഷം പിന്നെ അതിൽ കുളിക്കാൻ വരുന്ന നമ്മൾക്ക് തന്നെയാണ്.

ഒന്നും ദമയന്തിയമ്മയ്ക്ക് നിസ്സാരമല്ല. സകലതും ഈശ്വരന്റെ ഭിന്നഭിന്ന രൂപങ്ങൾതന്നെ. ആ ഭക്തിയും ശ്രദ്ധയും കരുതലും ദമയന്തിയമ്മയുടെ ജീവിതത്തിൽ ഉടനീളം കാണാൻ സാധിക്കും. ഒരു സംഭവം അമ്മ ഓർമ്മിക്കുന്നു “കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ പ്ലാവില കൊണ്ടുവരാൻ ദമയന്തിയമ്മ പറഞ്ഞു. അമ്മ നോക്കിയപ്പോൾ എട്ടുപത്ത് ഇലകളുള്ള ഒരു തണ്ട് ഒടിഞ്ഞുകിടക്കുന്നതാണ് കണ്ടത്. അത് എടുത്തു. പച്ചിലകളുള്ള തണ്ട് ഓടിച്ചെന്ന് കരുതി ദമയന്തിയമ്മയിൽ നിന്നും കണക്കിന് അടികിട്ടി. നാല് ഇല മാത്രം ആവശ്യമുള്ളയിടത്ത് എട്ട് ഇല ഒടിക്കാൻ ആർക്കും അവകാശമില്ല. എന്തും ആവശ്യത്തിലധികം എടുത്താൽ അത് അധർമ്മമാണ്. താൻ മക്കളെയെന്നും ഉപദേശിക്കാറുള്ള ഈ പാഠം ദമയന്തിയമ്മയാണ് എന്നെ പഠിപ്പിച്ചത്.”

ദമയന്തിയമ്മ

“ഒമ്പത് മക്കളും ബന്ധുക്കളുടെ മക്കളുമടക്കം ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ദമയന്തിയമ്മയുടേത്. ഇല്ലായ്മയുടെ ബുദ്ധിമുട്ടുകൾ നല്ലവണ്ണം അനുഭവിച്ചിരുന്നു. പലപ്പോഴും കുട്ടികൾക്ക്തന്നെ നിറച്ച് ഭക്ഷണം കഴിക്കാൻ പോലുമുണ്ടാവില്ല. എങ്കിലും അതിഥികൾ വരുന്നത് ദമയന്തിയമ്മയ്ക്ക് എന്നും സന്തോഷമാണ്. അവർ വന്നാൽ വീട്ടിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് അങ്ങനെതന്നെ അവർക്ക് നൽകും. എന്നിട്ട് ഞങ്ങൾക്ക് കഞ്ഞി വെള്ളത്തിൽ തേങ്ങ ചിരകിയിട്ട് നൽകും. അപ്പോളും തന്റെ മക്കളെക്കുറിച്ചല്ല ദമയന്തിയമ്മയ്ക്ക് ആധി. മറിച്ച് അതിഥികൾക്ക് വയറ് നിറഞ്ഞോ അവർക്ക് തൃപ്തിയായോ എന്നെല്ലാമാണ്. ദമയന്തിയമ്മ തന്നെയും തന്റെ മക്കളെയും കവിഞ്ഞാണ് അവരെ കണ്ടത്. അതിഥികളെ അകത്ത് കടത്തിയിട്ട് ദമയന്തിയമ്മ ഞങ്ങളെ പുറത്ത് കടത്തും. അവർക്ക് കൊടുക്കാൻ അലക്കിയ വസ്ത്രങ്ങൾ എപ്പോഴും ദമയന്തിയമ്മ വീട്ടിൽ സൂക്ഷിക്കുമായിരുന്നു.

“ഇവിടങ്ങളിൽ കടലിന്റെ കനിവിനെ ആശ്രയിച്ചിട്ടുള്ള ജീവിതമായതിനാൽ അന്ന് പല വീടുകളിലും പട്ടിണിയായിരിക്കും. വീട്ടിൽ ചോറ് വെച്ചാൽ അഞ്ചു പേർക്കെങ്കിലും കഴിക്കാറുള്ളത് ദമയന്തിയമ്മ മാറ്റിവയ്ക്കും. അടുത്തുള്ള വീട്ടിലെ കുട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് വരാൻ പറയും. ചിലപ്പോൾ തീയെടുക്കുവാൻ എന്നെ അടുത്തുള്ള വീടുകളിലേക്ക് അയക്കും. ആ സമയം ആ വീടുകൾ വൃത്തിയല്ലെങ്കിൽ ആ സമയം അവിടം തൂത്ത് വൃത്തിയാക്കണമെന്നത് ദമയന്തിയമ്മയ്ക്ക് നിർബന്ധമാണ്. ദമയന്തിയമ്മ ശാസ് ത്രമൊന്നും പഠിച്ചിട്ടില്ല പക്ഷെ ആ ജീവിതം തന്നെ വേദാന്തമായിരുന്നു. ഏതിലും ദമയന്തിയമ്മ ഈശ്വരനെക്കണ്ടു. ദമയന്തിയമ്മയിൽനിന്നും ഒത്തിരി അടി കിട്ടിയിട്ടുണ്ട് എന്നാൽ ആ ശിക്ഷണങ്ങളിൽ നിന്നാണ് ശ്രദ്ധയുടെയും നിഷ്ഠയുടെയും പാഠങ്ങൾ അമ്മ പഠിച്ചത്.”

അമ്മയ്ക്ക് ഉമ്മ നൽകുന്ന ദമയന്തിയമ്മ

ദമയന്തിയമ്മ ജനിച്ചത് കരുനാഗപ്പള്ളി താലൂക്കിൽ പണ്ടാരത്തുരുത്ത് കിണറ്റുമൂട്ടിൽ എന്ന തറവാട്ടിലാണ്. അച്ഛന്റെ പേര് പുണ്യൻ അമ്മയുടെ പേര് കറുത്തകുഞ്ഞ്. തന്റെ മകളായ സുധാമണി വീട്ടുജോലികളെല്ലാം ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഈശ്വര ഉന്മത്തയായ് ഭാവസമാധിയിൽ മുഴുകി മണിക്കൂറുകൾ തന്നെ കടന്നുപോകുന്നതും അടുത്തുള്ള പാവപ്പെട്ട വീടുകളിൽ ഉള്ളവർക്ക് സ്വന്തം വീട്ടിൽനിന്നും സാധനങ്ങൾ എടുത്തുനൽകുന്നതുമെല്ലാം ദമയന്തിയമ്മയെ പലപ്പോഴും ദുഃഖിതയാക്കിയിരുന്നു. അമ്മയുടെ ആധ്യാത്മിക മഹത്വം ജനങ്ങൾ അറിഞ്ഞുതുടങ്ങിയതോടെ അമ്മയെ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവന്നു. ഇതെല്ലാം ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും മകളെക്കുറിച്ചുള്ള ആധിയ്ക്ക് കാരണമായിത്തീർന്നു. എന്നാൽ കാലം പിന്നിട്ടപ്പോൾ മകളുടെ മഹത്വവും ദിവ്യതയും മാതാപിതാക്കളായ ദമയന്തിയമ്മയ്ക്കും സുഗുണാനന്ദനും സംശയലേശമെന്യേ ബോധ്യമായി. ആ മാതാപിതാക്കൾ അമ്മയുടെ ഭക്തരും ശിഷ്യരുമായിത്തീർന്നു. ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന മാനവരാശിക്ക് സാന്ത്വനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും നിഷ്കളങ്കമായ ഈശ്വര പ്രേമത്തിന്റെയും അമൃതവർഷമായി വന്നെത്തിയ മാതാ അമൃതാനന്ദമയീദേവിയ്ക്ക് ജന്മം നൽകാൻ നിയോഗിതയായ പുണ്യവതിയായ ശ്രീ ദമയന്തിയമ്മയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ കോടി പ്രണാമങ്ങൾ.

-സ്വാമി ബ്രഹ്‌മാമൃതാനന്ദ പുരി (അമ്മയുടെ മൊഴികളെ അടിസ്ഥാനമാക്കി തയാറാക്കിയത് )