അകലെനിന്നിരുന്ന ഭക്തജനവൃന്ദം മെല്ലെ അമ്മയുടെ ചുറ്റും കൂടി. അമ്മ അവരേയും കൂട്ടി കളരിമണ്ഡപത്തിൽ വന്നിരുന്നു.
ഒരു ഭക്തൻ: അമ്മ രാവിലെ ബ്രഹ്മചാരികളോടു സംസാരിക്കുമ്പോൾ പറഞ്ഞ ഒരു കാര്യത്തിൽ എനിക്കു് ഒരു സംശയം.
അമ്മ: അതെന്താ മോനേ?
ഭക്തൻ: അമ്മ പറഞ്ഞു, ലൗകികം പട്ടിക്കാട്ടത്തിനു സമമാണെന്ന്. ലൗകികജീവിതത്തെ അത്ര മോശമായിക്കാണണോ?
അമ്മ: (ചിരിച്ചുകൊണ്ട്) മോനേ, അതു് അമ്മ ബ്രഹ്മചാരികളോടു പറഞ്ഞതല്ലേ. അത്ര വൈരാഗ്യം വന്നാലേ അവർക്കു് ആദ്ധ്യാത്മികതയിൽ പിടിച്ചുനില്ക്കാൻ പറ്റൂ. ലക്ഷ്യബോധമുള്ള ഒരു ബ്രഹ്മചാരിക്കു ലൗകികജീവിതം തീരെ ഉൾക്കൊള്ളുവാൻ കഴിയില്ല. ഈ ഭാവനകൊടുത്തു നീങ്ങിയാലേ അവനു ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കൂ. അല്ലെങ്കിൽ വിഷയഭോഗങ്ങളിൽക്കുടുങ്ങി ശക്തി നഷ്ടമാകും.
ഒരാൾക്കു പട്ടാളത്തിലാണ് ജോലി. മറ്റൊരാൾക്കു പോലീസിലും. പട്ടാളക്കാരനു്, പട്ടാളക്കാരനുവേണ്ട ട്രെയിനിങാണു വേണ്ടത്. പോലീസുകാരനു് അവൻ്റെ ജോലിക്കനുസരിച്ച ട്രെയിനിങ്. അതുപോലെ ബ്രഹ്മചാരിക്കും ഗൃഹസ്ഥാശ്രമിക്കും നല്‌കേണ്ട ഉപദേശങ്ങൾ വ്യത്യസ്തമാണ്. രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണെങ്കിലും, മാർഗ്ഗത്തിൻ്റെ തീവ്രതയ്ക്കു വ്യത്യാസമുണ്ട്. ബ്രഹ്മചാരി തൻ്റെ ബന്ധങ്ങളെല്ലാം വെടിഞ്ഞു്, ഈ മാർഗ്ഗത്തിനുവേണ്ടി തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചു കഴിഞ്ഞു. ഓരോ ചുവടിലും അവൻ വൈരാഗ്യത്തിൻ്റെ മന്ത്രമാണു് ഉരുവിടുന്നതു്.
ഗൃഹസ്ഥാശ്രമം മോശമെന്നു് ഒരിക്കലും അമ്മ പറയില്ല. പണ്ടത്തെ ഋഷികളെല്ലാം ഗൃഹസ്ഥാശ്രമികളായിരുന്നില്ലേ. കൃഷ്ണനും, രാമനുമൊക്കെ ഗൃഹസ്ഥാശ്രമം സ്വീകരിച്ചവരല്ലെ. എങ്കിലും ബ്രഹ്മചര്യം ജീവിതവ്രതമാക്കി എടുത്തിട്ടുള്ളവർ ലൗകികജീവിതത്തെ പട്ടിക്കാട്ടമായിക്കണ്ടാലേ അവരിൽ വൈരാഗ്യം നിലനിർത്താൻ പറ്റൂ, പാതയിൽനിന്നും തെറ്റാതിരിക്കുകയുള്ളു. ബ്രഹ്മചാരിക്കു പൂർണ്ണവൈരാഗ്യത്തിൻ്റെ മാർഗ്ഗമാണു് ഉപദേശിക്കേണ്ടത്. ഗൃഹസ്ഥാശ്രമിമക്കളിലും വൈരാഗ്യം ഉണർന്നു കാണുന്നതു് അമ്മക്കു വലിയ സന്തോഷമാണ്. ആ ജ്വാല കെടാതെ സൂക്ഷിച്ചാൽ മതി, ക്രമേണ അവർക്കു ലക്ഷ്യം നേടാം. എന്നാൽ പൂർണ്ണവൈരാഗ്യം വരാതെ എല്ലാം ഇട്ടെറിഞ്ഞു സന്ന്യാസത്തിനിറങ്ങാൻ അമ്മ പറയില്ല.
ഹിമാലയത്തിൽപ്പോയി കണ്ണുമടച്ചിരുന്നു മോക്ഷം മാത്രം ലക്ഷ്യമാക്കുന്നതല്ല അമ്മ ഉപദേശിക്കുന്ന മാർഗ്ഗം. സാഹചര്യത്തെ അതിജീവിക്കാൻ പഠിക്കണം. കാട്ടിലിരിക്കുമ്പോൾ പട്ടിയെക്കണ്ടാൽ ഇനി കൂവുകയില്ലെന്നു കുറുക്കൻ വിചാരിക്കും. പട്ടിയുടെ മുമ്പിൽപ്പെട്ടാൽ ശീലംകൊണ്ടു് അറിയാതെ കൂവിപ്പോകും. വിഷയങ്ങളുടെ നടുക്കു ജീവിച്ചിട്ടും അവയിൽ ആസക്തിയോ മമതയോ വയ്ക്കാത്തവനാണു യഥാർത്ഥ ധീരൻ. ശരിയായ ഗൃഹസ്ഥാശ്രമി അങ്ങനെയായിരിക്കണം.
കായയുണ്ടായാൽ പൂവു കൊഴിയുംപോലെ വൈരാഗ്യം പാകമാകുമ്പോൾ ലൗകികമായ ആഗ്രഹങ്ങൾ തനിയെ വിട്ടുപോകും. അപ്പോൾ വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും ഒരു വിഷയത്തിനും അയാളെ ബന്ധിക്കാനാവില്ല. ഈശ്വരസാക്ഷാത്കാരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്നവനു്, മറെറാന്നിനും പ്രാധാന്യം നല്കുവാൻ സാധിക്കില്ല. ഭൗതികമായതൊന്നും ശാശ്വതമല്ല, ആനന്ദം ഉള്ളിലാണെന്നു് അവൻ മനസ്സിലാക്കികഴിഞ്ഞു.
ഭക്തൻ: പുറമെ സുഖം തേടിപ്പോകുന്ന മനസ്സിനെ എങ്ങനെ തിരിയെ കൊണ്ടുവരും?
അമ്മ: ഒട്ടകം വിശപ്പടക്കാൻ മുള്ളുചെടികൾ തിന്നും. അവസാനം മുള്ളുകൾകൊണ്ടു് അതിൻ്റെ വായിൽനിന്നും ചോര ഒലിക്കും. വിശപ്പടക്കാൻ എരിവിനോടുള്ള ഇഷ്ടംകൊണ്ടു മുളകുമാത്രം വാരിതിന്നാലോ? വായെരിയും, വയറു പുകയും. വിശപ്പടക്കാൻ പോയി, വേദനയും സഹിക്കേണ്ടിവന്നു. ഇതുപോലെ സുഖംതേടി, ഭൗതികവസ്തുക്കളെ ആശ്രയിച്ചാൽ അവസാനം ദുഃഖിക്കേണ്ടിവരും.
കസ്തൂരിമാൻ കസ്തൂരിയുടെ മണംതേടി പുറമേ എത്ര അലഞ്ഞാലും കസ്തൂരി കാണില്ല. മണം അതിൻ്റെ ഉള്ളിൽനിന്നുതന്നെയാണു് ഉയരുന്നതു്. ആനന്ദം ബാഹ്യവസ്തുക്കളിലല്ല, തൻ്റെ ഉള്ളിൽത്തന്നെയാണ്. ഈ വക കാര്യങ്ങൾ മനനംചെയ്തു വൈരാഗ്യം വന്നാൽപ്പിന്നെ, അവയ്ക്കു പിന്നാലെ മനസ്സു പായില്ല. പഴത്തിൻ്റെ തോടിലല്ല, നീരെന്നറിയുമ്പോൾ, നീരു കുടിക്കാൻ തോടു പൊളിച്ചു കളയില്ലേ. അതുപോലെയുള്ള ഒരു ഭാവമാണു സാധകർക്കു വേണ്ടതു്. അപ്പോൾ മനസ്സു് പുറമേക്കു പോവുകയില്ല. എല്ലാറ്റിൻ്റെയും തത്ത്വം കാണാൻ അവനു കഴിയും.