ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
ഒരിക്കല്‍ ഒരു തീവണ്ടിയില്‍ സഞ്ചരിക്കവെ ഒരു വിദേശവനിതയില്‍നിന്നാണു ഞാന്‍ അമ്മയെക്കുറിച്ചു് അറിഞ്ഞതു്. അമ്മയുടെ സ്ഥാപനത്തില്‍ പഠിച്ച ഒരാള്‍ എൻ്റെ സ്നേഹിതനായിരുന്നു. അദ്ദേഹത്തോടു ഞാന്‍ അമ്മയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു് ഒരിക്കല്‍ ഞാന്‍ ആശ്രമത്തില്‍ പോയി.
അമ്മയുടെ പ്രാര്‍ത്ഥനായോഗത്തില്‍ ഞാന്‍ സംബന്ധിച്ചു. നടക്കാന്‍ വടി ആവശ്യമുള്ള ഞാന്‍ അമ്മയുടെ മുറിയിലേക്കു പോകുമ്പോള്‍ വളരെ സാവകാശമാണു നടന്നതു്. അമ്മ നല്ല വേഗം നടന്നു. കുറച്ചു നടന്നു കഴിയുമ്പോള്‍ അമ്മ അവിടെ നില്ക്കും; ഞാന്‍ എത്താന്‍. പിന്നെയും ഞങ്ങള്‍ രണ്ടുപേരുംകൂടി ഒന്നിച്ചു നടന്നു. പിന്നെയും ഞാന്‍ പിന്നിലായി. മൂന്നു വട്ടം അമ്മ എന്നെ തോല്പിച്ചു. ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ല. എന്നെ ഒരു സ്‍ത്രീയും തോല്പിച്ചിട്ടില്ല. ഞാന്‍ ഒരു സ്‍ത്രീയെയും തോല്‍പ്പിച്ചിട്ടുമില്ല. എനിക്കു വിഷമമായപ്പോള്‍ ഞാന്‍ പറഞ്ഞു, ”അമ്മയ്ക്കു തൊണ്ണൂറു വയസ്സാകുമ്പോള്‍ ഇതുപോലെയാണു നടക്കേണ്ടതെന്നു പഠിപ്പിക്കാന്‍ വന്നതാണു ഞാന്‍. അപ്പോള്‍ ഞാന്‍ അദ്ധ്യാപകനായി.” അമ്മ ചിരിച്ചിട്ടു പറഞ്ഞു, ”തിരുമേനി ഫലിതക്കാരനാണെന്നു ഞാന്‍ കേട്ടിട്ടുണ്ടു്.” അങ്ങനെയാണു് അമ്മയെ ആദ്യം കണ്ടതു്… പിന്നത്തെ പിറന്നാളിനു് എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ അന്നു കണ്ട ആളുകള്‍! അവരുടെ സ്നേഹം, അവരുടെ കരുതല്‍… അവര്‍ക്കു ലഭിക്കുന്ന കരുതല്‍. എല്ലാം എന്നെ അദ്ഭുതപ്പെടുത്തി.
അമ്മ ഈശ്വരകടാക്ഷം ധാരാളമുള്ള ഒരാളാണെന്നു് എനിക്കു മനസ്സിലായി. പിന്നെ ഞാന്‍ ചിലപ്പോഴൊക്കെ പോകും. അമ്മ എന്നോടു വളരെ സംസാരിച്ചു. ധാരാളം പുസ്തകങ്ങള്‍ ഞാന്‍ അമ്മയെക്കുറിച്ചു വായിച്ചു. ഓ. രാ ജഗോപാല്‍ എന്നോടു് ഒരിക്കല്‍ ചോദിച്ചു, ”വെറും നാലാം ക്ലാസ്സു വരെ മാത്രം പഠിച്ച ഒരു സ്‍ത്രീ ലോകപ്രസിദ്ധയാകുകയും ഐക്യരാഷ്ട്രസഭയിലും മറ്റും പോയി പ്രസംഗിക്കുകയും ചെയ്യണമെങ്കില്‍ എന്തെങ്കിലും ഒരു വലിയ കാര്യം അതിൻ്റെ പുറകിലില്ലയോ?” ഞാന്‍ ഉണ്ടെന്നു സമ്മതിച്ചു. അദ്ദേഹം പറഞ്ഞു. ”ഈശ്വരനെ മനുഷ്യനില്‍ കാണാന്‍ കഴിയുന്ന ഒരാളാണു് അമ്മ.” ഞാന്‍ അതിനെ എതിര്‍ത്തില്ല. അമ്മ ഇങ്ങനെയാണു്. അവിടെ വരുന്നവരോടൊക്കെ സംസാരിക്കും. അമ്മയോടു ഞാന്‍ കൂടുതല്‍ അടുത്തപ്പോള്‍ അമ്മ ചെയ്യുന്ന സേവനങ്ങളിലൊന്നു് ഒരു വലിയ ആശുപത്രിയാണെന്നു മനസ്സിലായി. ഒരിക്കല്‍ എൻ്റെ ഒരു സ്നേഹിതനായ മാത്യു ടി. തോമസ് അവിടെ അഡ്മിറ്റായി. അന്നു ഞാന്‍ അമ്മയുടെ ആശുപത്രിയില്‍ പോയി. ആ ആശുപത്രിയിലെ കാര്യങ്ങളെല്ലാം മാത്യു ടി. തോമസ്സു് എന്നോടു പറഞ്ഞു. ആ ആശുപത്രി സാധുക്കളെ നല്ലതായി കരുതുന്നു. അമ്മയെ കബളിപ്പിക്കാനാകില്ല. ഇതെനിക്കു മനസ്സിലായതെങ്ങനെയെന്നോ? ഒരു രോഗി എൻ്റെ അടുത്തു വന്നു രോഗത്തിനു സഹായം വേണമെന്നു പറഞ്ഞു.
”നിനക്കു് അമ്മയുടെ പേര്‍ക്കു് ഒരു എഴുത്തു തരാം. എനിക്കു ചെറിയ പരിചയമുണ്ടു്. അതു കൊണ്ടു് അമ്മ നിനക്കുള്ള സഹായം തരും.” ഞാന്‍ പറഞ്ഞു.
അവന്‍ പറഞ്ഞു.
”വേണ്ട!”
ഞാന്‍ ചോദിച്ചു ”അതെന്താ?”
”അമ്മയുടെ അടുക്കല്‍ ചെന്നാല്‍ ഉടനെ അമ്മ ഒരാളിനെ എൻ്റെ വീട്ടിലേക്കു് അയച്ചു് അന്വേഷിക്കും. സ്വത്തെല്ലാം കണ്ടു കഴിഞ്ഞാല്‍ പിന്നെ എനിക്കു സഹായം തരില്ല.” അപ്പോള്‍ ഞാന്‍ വിചാരിച്ചു. ”അമ്മ! സൂത്രക്കാരെക്കാള്‍ വലിയ സൂത്രം അറിയാവുന്ന ആളാണല്ലൊ!”
‘പണമല്ല… മനുഷ്യനാണു് അമ്മയുടെ വലിയ സമ്പത്തു്.’
അമ്മ താണനിലയില്‍നിന്നു് ഉയര്‍ന്നതായതുകൊണ്ടു് ഒരു സാധാരണക്കാരൻ്റെ ആവശ്യം സാധാരണക്കാരനെക്കാള്‍ ഭംഗിയായി അറിയാം. ഇതൊരു വലിയ സത്യമാണു്.
നമ്മളെ സഹായിക്കുകയല്ല; സഹായം കൂടാതെ ജീവിക്കാന്‍ തക്കവണ്ണം വളര്‍ത്തുകയാണു് അമ്മ ഇപ്പോള്‍ ചെയ്യുന്നതു്. ഈ വലിയ ദര്‍ശനമാണു് അമ്മയുടെ പ്രവര്‍ത്തനപരിപാടിയില്‍ ഞാന്‍ കണ്ടതു്. ആളുകളോടൊക്കെ അമ്മയ്ക്കു വലിയ സ്നേഹമാണു്. തിരുവല്ലയില്‍ അമ്മ വന്നപ്പോള്‍ ഞാന്‍ അവിടെപ്പോയിരുന്നു. ഒരു പ്രസംഗമൊക്കെ ഞാന്‍ പറഞ്ഞു. ഒന്‍പതുമണിയായപ്പോള്‍ പ്രസംഗമൊക്കെ കഴിഞ്ഞു് അമ്മ ദര്‍ശന പരിപാടി തുടങ്ങി; അവിടെ വന്ന എല്ലാവരെയും കെട്ടിപ്പിടിച്ചു. പിന്നീടു ഞാന്‍ കേട്ടതു പിറ്റേ ദിവസം രാവിലെ ഒന്‍പതു മണി വരെ അമ്മ ഭക്തരെ ആശ്ലേഷിച്ചു എന്നാണു്. ആളുകള്‍ അത്രയും നേരം കാത്തിരുന്നു.
ദൈവത്തെയും ദൈവത്തിൻ്റെ അനുഗ്രഹത്തെയുംപറ്റി ബോധമുള്ള സമൂഹമാണു മത്സ്യത്തൊഴിലാളികള്‍. അവിടെയാണു് അമ്മ ജനിച്ചു വളര്‍ന്നതു്. രണ്ടാമതായിട്ടു്… ‘കരയും കടലും കൂടിച്ചേരുന്നിട’ത്താണു് അമ്മ താമസിക്കുന്നതു്. നമ്മളെല്ലാവരും പിണക്കുന്നയിടത്താണു് താമസിക്കുന്നതു്. നമ്മള്‍ എപ്പോഴും ഭിന്നതയിലാണു്. അമ്മ യോജിപ്പിൻ്റെ വഴിയിലാണു്. അമ്മയുടെ പരിപാടികള്‍ക്കു പോകുമ്പോള്‍ രാഷ്ട്രീയക്കാരുണ്ടു്. സാംസ്‌കാരിക വിദഗ്ദ്ധരുണ്ടു്. വലിയ പണക്കാരുണ്ടു്. സാധുക്കളുണ്ടു്. പല മതക്കാരുണ്ടു്. ഇതിലെല്ലാം ചേരുകയും ഒന്നിലും ശരിയായി നില്ക്കുകയും ചെയ്യാത്ത ഞാനുമുണ്ടു്… ഇങ്ങനെ പല ആളുകള്‍ ഉണ്ടു്. അതായതു് ”ഒരു വലിയ യോജിപ്പിൻ്റെ സന്ദേശം ലോകത്തിനു കൊടുക്കുന്നു. മനുഷ്യനായിരിക്കുന്ന നിലയില്‍നിന്നു് അവനാകേണ്ട നിലയിലേക്കു് അവനെ കൊണ്ടു വരുന്നതിനുള്ള ദൈവികമായ അനുഗ്രഹവും കൃപയും അമ്മ പ്രാപിക്കുന്നു. അതുകൊണ്ടു ദൈവത്തിൻ്റെ ഒരു ദാനമായി അമ്മയെ ഞാന്‍ കരുതുന്നു.
‘നമ്മള്‍ മനുഷ്യനില്‍നിന്നു് അന്യനാകുകയാണെങ്കില്‍ ദൈവത്തിൻ്റെ അനുഗ്രഹം നഷ്ടപ്പെടും. മനുഷ്യരോടു ചേരുമ്പോള്‍ ദൈവം അനുഗ്രഹിക്കും.’ ആ വലിയ സത്യം ലോകത്തോടു സംസാരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരാളാണു് അമ്മ.
അമ്മ ഇന്നു ലോകം മുഴുവന്‍ അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ ആളാണു്. നമ്മള്‍ വിചാരിക്കും വലിയ ഇംഗ്ലീഷ് പറഞ്ഞില്ലെങ്കില്‍ ഒന്നും പറ്റുകയില്ലെന്നു്. അമ്മ പറഞ്ഞു, ഇംഗ്ലീഷ് പറയണ്ട. സ്നേഹം ഉണ്ടായാല്‍ മതിയെന്നു്.
അമ്മ ആശ്ലേഷിക്കുമ്പോള്‍ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാല്‍… സ്നേഹത്തിൻ്റെ ഭാഷയില്‍ മനുഷ്യരോടു സംസാരിക്കുകയാണു്.
ഞങ്ങളുടെ മതത്തിൻ്റെ ഒരു ദൈവം സ്നേഹമാണു്. ഇപ്പോള്‍ അമ്മ പറയുന്നതു് ”ദൈവം സ്നേഹമാകുന്നു. ഞാന്‍ ദൈവത്തോടു കൂടെയാകുന്നു. ഞാനും സ്നേഹമാകുന്നു.”
ഇന്നു ഭിന്നിച്ചു ചിന്തിച്ചു മനുഷ്യനെ കൊലപാതകം ചെയ്യുന്ന ലോകത്തു സ്നേഹത്തിൻ്റെ ദൂതു ജീവിതത്തില്‍ക്കൂടി പ്രഖ്യാപിക്കുന്ന ഈ അമ്മ ലോകത്തിനു് അനുഗ്രഹമാണു്. അങ്ങനെ ദൈവം അമ്മയെ അനുഗ്രഹിച്ചിട്ടുണ്ടു്. തുടര്‍ന്നും അനുഗ്രഹിക്കട്ടെ. അമ്മയില്‍ക്കൂടെ നമ്മളെ ദൈവം ആശീര്‍വദിക്കട്ടെ.