സിസിലി വില്ലകാമ്പ് തോബെ

എൻ്റെ ആദ്യദർശനം

കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു.

അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ ആഹ്ളാദിച്ചു. റാപ്പർ തുറന്നു നോക്കിയപ്പോൾ മനോഹരമായ ഒരു മുഖചിത്രം, അമ്മയും ഒരു കുഞ്ഞും. ‘ഇവൻ എൻ്റെ മകനെപ്പോലെ ഇരിക്കുന്നല്ലോ!’ എന്നാണു പെട്ടെന്നു് എനിക്കു തോന്നിയതു്. ഞാൻ സൂക്ഷിച്ചു നോക്കി. എനിക്കു വിശ്വസിക്കാനായില്ല. അതു് എൻ്റെ മകൻതന്നെയായിരുന്നു. ഞാൻ ഓർത്തു നോക്കി. 2006ൽ ബാഴ്‌സലോണയിൽ വച്ചാണു് ആ ഫോട്ടോ എടുത്തതു്. അമ്മയ്ക്കു കൊടുക്കാനായി ആ മഞ്ഞ റോസാപുഷ്പം വാങ്ങിയതു് എനിക്കു നല്ല ഓർമ്മയുണ്ടു്.

ഇതു വളരെ അദ്ഭുതകരമായി എനിക്കു തോന്നി. ജീവിതത്തിൽ ആദ്യമായാണു ഞാൻ മാതൃവാണി വരുത്തുന്നതു്, അതും ചൈനയിൽ. എന്നിട്ടു് ആദ്യമായി എനിക്കു കിട്ടുന്ന മാതൃവാണിയുടെ മുഖചിത്രത്തിൽ അമ്മയോടൊപ്പം സ്‌പെയിനിൽവച്ചെടുത്ത എൻ്റെ മകൻ്റെ ഫോട്ടോ! അമ്മേ! ഇതെത്ര മനോഹരമായ പ്രസാദം! ‘എവിടെപ്പോയാലും എൻ്റെ ഹൃദയത്തിൽനിന്നു നിനക്കു പോകാനാകില്ല’ എന്നു് അമ്മ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നോ? ‘നീ ഒരിക്കലും തനിച്ചല്ല, ഞാനുണ്ടു് എപ്പോഴും നിൻ്റെ കൂടെ’ എന്നു സമാധാനിപ്പിക്കുകയായിരുന്നോ?

2010 ജൂലായിലാണു ഞാൻ ഷാങ്ഹായിൽ താമസിക്കാൻ തുടങ്ങിയതു്. ആദ്യം എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. ചൈനക്കാർ നല്ലവരൊക്കെയാണു്, എനിക്കവരെ ഇഷ്ടവുമായിരുന്നു. എന്നാൽ യൂറോപ്പിലെതിൽനിന്നും വളരെ വ്യത്യസ്തമാണു ചൈനയിലെ ജീവിതരീതികൾ. അതു് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു.

അമ്മയെക്കുറിച്ചുള്ള ബുക്കുകളും സീഡികളും അമ്മയുടെ ഫോട്ടോകളുമെല്ലാം ഞാൻ ചൈനയിലേക്കു കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇൻ്റർനെറ്റിൽ എത്ര പരതിയിട്ടും അവിടെ അടുത്തെങ്ങും അമ്മയുടെ ഒരു സത്സംഗസമിതിപോലും എനിക്കു കണ്ടെത്താനായില്ല.

2011 ഫെബ്രുവരിയിൽ എൻ്റെ ഭർത്താവിൻ്റെ സഹോദരൻ പെട്ടെന്നു മരിച്ചു. ഞങ്ങൾ, ഞാനും എൻ്റെ ഭർത്താവും മകനും വളരെ ദുഃഖിച്ചു. ഈ ദുഃഖംകൊണ്ടായിരിക്കണം, ഞാൻ അമ്മയുടെ സാന്നിദ്ധ്യം കൂടുതൽ ആഗ്രഹിക്കാൻ തുടങ്ങി. ഒരു ദിവസം ഞാൻ അമ്മയോടു കരഞ്ഞുകൊണ്ടു പ്രാർത്ഥിച്ചു, ”അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ടു് എന്നു് എനിക്കറിയാം. പക്ഷേ, ഇവിടെ, ഷാങ്ഹായിൽ അമ്മയുടെ മക്കളുടെ കൂട്ടിനു് അമ്മയുണ്ടാവണമെന്നു ഞാൻ കൊതിക്കുന്നു അമ്മേ! ഇവിടെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു.”

അമ്മയുടെ ഭക്തരെ കാണാൻ, അവരോടു് അമ്മയെക്കുറിച്ചു സംസാരിക്കാൻ, അവർ പറയുന്നതു കേൾക്കാൻ കഴിയാതെ എൻ്റെ ഹൃദയം വിങ്ങി. എനിക്കറിയാവുന്ന അമ്മയുടെ മക്കളോടൊക്കെ ഞാൻ ഇമെയിൽ ചെയ്തു് അന്വേഷിച്ചു, ഷാങ്ഹായിൽ അവർക്കു് ഏതെങ്കിലും അമ്മയുടെ ഭക്തരെ അറിയാമോ എന്നു്. അവർക്കാർക്കും അറിയില്ലായിരുന്നു. ”എൻ്റെ അമ്മേ, യൂറോപ്പിലായിരുന്നപ്പോൾ എനിക്കു് അവസരം കിട്ടിയിട്ടും ഞാൻ ധ്യാനം (അമൃതയോഗ) പഠിച്ചില്ലല്ലോ. ഇപ്പോൾ വൈകിപ്പോയി. ഈ ഏകാന്തത മാറ്റാൻ ഞാനിനി എന്തുചെയ്യും?” ഞാൻ സ്വയം കുറ്റപ്പെടുത്തി.

മൂന്നു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു ഇമെയിൽ കിട്ടി. അയച്ചിരിക്കുന്നതു് അമ്മയുടെ ഒരു ബ്രഹ്‌മചാരിണിയാണു്. മെയിൽ വായിച്ചു ഞാൻ അദ്ഭുതപ്പെട്ടു പോയി. അമ്മയുടെ ആശ്രമത്തിലെ ഒരു സ്വാമിജി അമൃത യോഗ പഠിപ്പിക്കാനായി ഷാങ്ഹായിൽ വരുന്നുവെന്നു്! മക്കളുടെ പ്രാർത്ഥന അമ്മ എത്ര എളുപ്പം കേൾക്കുന്നു! ശ്രേയസ്സിനു വേണ്ടതെല്ലാം എത്ര വ്യഗ്രതയോടെ ഒരുക്കിത്തരുന്നു! യോഗ പഠിക്കുന്നതിനിടയിലാണു ഞാൻ ലൈലിയെ പരിചയപ്പെട്ടതു്. അവർ ഷാങ്ഹായിലുള്ള അമ്മയുടെ ഒരു ഭക്തയാണു്. ഒരു ചൈനാക്കാരി. അവരും ഞാനും കൂടി ഷാങ്ഹായിലെ ആദ്യത്തെ സത്സംഗം എൻ്റെ വീട്ടിൽ തുടങ്ങി.

ആദ്യമായി പൂജ ചെയ്യാനായി സ്വാമിജിതന്നെ എത്തി. വെറും പത്തു ദിവസം മുൻപു് എനിക്കു ഷാങ്ഹായിൽ അമൃതയോഗ പഠിക്കാൻ പറ്റുമെന്നോ അമ്മയുടെ ആശ്രമത്തിലെ ഒരു സ്വാമിജി എൻ്റെ വീട്ടിൽ വന്നു സത്സംഗം നടത്തുമെന്നോ എൻ്റെ മകൻ്റെ പിയാനോവിൽ ഭജന വായിക്കുമെന്നോ എനിക്കു ചിന്തിക്കാൻപോലും ആവില്ലായിരുന്നു. അന്നുമുതൽ എല്ലാ ആഴ്ചയും ഷാങ്ഹായിൽ ഓരോ സ്ഥലങ്ങളിൽ ഞങ്ങളെല്ലാം ഒന്നിച്ചുകൂടി അമ്മയുടെ ഭജന നടത്തി തുടങ്ങി; അങ്ങനെ ഷാങ്ഹായിൽ ‘അമൃതകുടുംബ’ത്തിനു തുടക്കമായി.

”നിങ്ങൾ എപ്പോഴാണു് ആദ്യമായി അമ്മയെ കണ്ടതു്?” എന്നോടു പലരും ചോദിക്കാറുണ്ടു്.

”ഞാൻ ആദ്യമായി അമ്മയെ കണ്ടതു് ഒരു സ്വപ്‌നത്തിലാണു്,” എന്നാണു ഞാൻ ഉത്തരം പറയാറു്.

1991ൽ എനിക്കു പതിനേഴു വയസ്സുള്ളപ്പോൾ എൻ്റെ അച്ഛൻ മരിച്ചു. വളരെ ഔദാര്യമുള്ള, മഹാമനസ്‌കനായ, എപ്പോഴും തമാശ പറയുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു എൻ്റെ അച്ഛൻ. അച്ഛൻ്റെ മരണത്തിനു ശേഷം ആറു വർഷം ഞാൻ കെട്ടിടം, ഭൂമി മുതലായവ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടു.

ആ കാലത്തു് എന്നെ സഹായിക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമില്ലായിരുന്നു. ഈ ലോകത്തു വല്ലാതെ ഒറ്റപ്പെട്ടുപോയിരുന്ന ഞാൻ ദുഃഖവും ഏകാന്തതയും സഹിക്കാനാകാതെ മരിക്കാൻ തീരുമാനിച്ചു. മരണശേഷം എന്താണുണ്ടാവുക എന്നതിനെക്കുറിച്ചു് എനിക്കു് ഉറപ്പില്ല. എന്തായാലും എൻ്റെ അച്ഛൻ്റെ അടുത്തെത്താൻ കഴിയണം എന്നായിരുന്നു എൻ്റെ ഉദ്ദേശ്യം.

ആ സമയത്താണു ഞാനാ ‘സ്വപ്‌നം’ കണ്ടതു്. സ്വപ്‌നത്തിൽ ഞാനെൻ്റെ അച്ഛനെ കണ്ടു. അച്ഛനെ ഞാൻ കെട്ടിപ്പിടിച്ചു. അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ”നീ ഇങ്ങനെ എന്നെ ഓർത്തു സങ്കടപ്പെട്ടിരിക്കാൻ പാടില്ല. ഞാനിപ്പോൾ എവിടെയാണെന്നു നിനക്കു കാണിച്ചു തരാം.” അച്ഛൻ എന്നെ കൈപിടിച്ചു കൊണ്ടുപോയി. ആ ലോകം എനിക്കു വാക്കുകൾകൊണ്ടു വിവരിക്കാനാകില്ല. അവിടെ ആനന്ദവും പ്രേമവും നിറഞ്ഞുനിന്നിരുന്നു.

ഞാൻ സന്തോഷംകൊണ്ടു് ഉന്മത്തയായി അച്ഛനെ വീണ്ടുംവീണ്ടും ആലിംഗനം ചെയ്തു. വെളുത്ത വസ്ത്രം ധരിച്ച പലരും എന്നെ കാണാൻ വന്നു. അവർ അടുത്തു വന്നപ്പോൾ എനിക്കു മനസ്സിലായി, വെള്ള വസ്ത്രം ധരിച്ചിരിക്കയല്ല, വെളുത്ത പ്രകാശത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കയാണു്. അവർ പറയുന്നതു് എന്താണെന്നു് എനിക്കു മനസ്സിലായില്ല. എന്നാൽ അവരുടെ സ്നേഹം എനിക്കു് അനുഭവിക്കാൻ കഴിഞ്ഞു.

ഞാൻ സന്തോഷവതിയായി, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി അവരുടെ നടുവിൽ നില്ക്കുമ്പോഴാണു് ആ സ്ത്രീ വന്നതു്. കറുത്ത മുടിയും ഇരുണ്ട നിറവും പ്രേമവും കാരുണ്യവും നിറഞ്ഞ കണ്ണുകളുമുള്ള ഒരു സ്ത്രീ. ”ഞാൻ അമ്മയാണു്” അവരെന്നോടു പറഞ്ഞു. ”ഞാൻ നിനക്കു് ഒരു സാധനം കാണിച്ചു തരാം. ”

അവരെന്നെ ഒരു ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. ചുമരുകളില്ലാത്ത, നാലുവശത്തും തൂണുകളോടു കൂടിയ, ചതുരത്തിലുള്ള ഒരു ക്ഷേത്രമായിരുന്നു അതു്. അതിൻ്റെ നടുവിൽ പ്രകാശംകൊണ്ടുള്ള ഒരു പിരമിഡു്. അതു ചൂണ്ടിക്കാണിച്ചിട്ടു് അവരെന്നോടു പറഞ്ഞു, ”ഇതാണു സത്യം. ഇതൊരിക്കലും മറക്കരുതു്.” ഞാനങ്ങനെ അവരുടെ അടുത്തു് ആഹ്ളാദിച്ചു നില്ക്കുമ്പോൾ അച്ഛൻ എൻ്റെ അടുത്തുവന്നു് എനിക്കു തിരിച്ചുപോകാൻ സമയമായി എന്നു് അറിയിച്ചു. എന്നാൽ ആ ലോകം വിട്ടു വരാൻ എനിക്കു തീരെ സമ്മതമുണ്ടായിരുന്നില്ല.

”എന്നോടു് എന്തിനാണു തിരിച്ചു പോകാൻ പറയുന്നതു്? ആനന്ദവും സ്നേഹവും നിറഞ്ഞ ഈ ലോകത്തിൽ എനിക്കു ജീവിക്കണം” ഞാൻ അച്ഛനോടു പറഞ്ഞു. പക്ഷേ, എൻ്റെ സമയം കഴിഞ്ഞുവെന്നും തിരിച്ചു പോകാതെ പറ്റില്ല എന്നും അച്ഛൻ തീർത്തു പറഞ്ഞു. ഞാൻ ഉറക്കമുണർന്നു. അപ്പോഴും ഞാൻ വളരെ ആഹ്ളാദഭരിതയായിരുന്നു.

ഇന്നലെവരെ ഞാൻ കണ്ട ലോകമല്ല ഇപ്പോൾ എനിക്കു ചുറ്റും. എൻ്റെ ഹൃദയത്തിനു് ഇപ്പോൾ കൂടുതൽ സ്വച്ഛത വന്നിരിക്കുന്നു. സർവ്വ ചരാചരങ്ങളോടും എനിക്കു നന്ദി തോന്നുന്നു. എൻ്റെ ചുറ്റും കാണുന്നവരൊക്കെ ഞാൻതന്നെയാണെന്നു മനസ്സിലാകുന്നു. അതു് അദ്ഭുതകരമായ ഒരു തിരിച്ചറിവാണു്.

ഈ ‘സ്വപ്‌നം’ കാണുന്നതിനു മുൻപും എനിക്കു് ഈശ്വരനിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ എനിക്കു മതം ഉണ്ടായിരുന്നില്ല. ഹിന്ദുമതത്തെക്കുറിച്ചോ ബുദ്ധമതത്തെക്കുറിച്ചോ എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു്, ദുഃഖം വരുമ്പോഴൊക്കെ ഞാൻ ഈ സ്വപ്‌നം ഓർക്കുമായിരുന്നു. പ്രേമവും കാരുണ്യവും നിറഞ്ഞ ഒരു ലോകം ഈ പ്രപഞ്ചത്തിൽ എവിടെയോ ഉണ്ടു് എന്ന ഉറപ്പു് എനിക്കു് ആശ്വാസം തരുമായിരുന്നു.

2004ൽ ഞാൻ ബാഴ്‌സലോണയിലാണു താമസിച്ചിരുന്നതു്. എൻ്റെ മകനു് അന്നു രണ്ടു മാസമായിരുന്നു പ്രായം. ഒരു ദിവസം ഞാൻ നടക്കാൻ പോയപ്പോൾ എനിക്കൊരു നോട്ടീസ് കിട്ടി. അതിൽ അമ്മയുടെ ഫോട്ടോ ഉണ്ടായിരുന്നു. ”ഞാൻ സ്വപ്‌നത്തിൽ കണ്ട സ്ത്രീയെപ്പോലെയുണ്ടല്ലോ ഇവർ. പേരും അതുതന്നെ, അമ്മ! ഇതെങ്ങനെ സംഭവിച്ചു?” എന്നാണു ഞാൻ അദ്ഭുതത്തോടെ ചിന്തിച്ചതു്.

പ്രേമത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമൊക്കെ ആ നോട്ടീസിൽ എഴുതിയിരുന്നതു വായിച്ചപ്പോൾ അതു് എൻ്റെ അച്ഛൻ്റെ ലോകത്തുനിന്നു വരുന്ന സന്ദേശംപോലെയാണു് എനിക്കു തോന്നിയതു്. ആ നോട്ടീസ് ഞാൻ വീട്ടിലേക്കു കൊണ്ടു വന്നു. ഞാൻ സ്വപ്‌നത്തിൽ കണ്ട ആ സ്ത്രീ യഥാർത്ഥത്തിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നു് എനിക്കു വിശ്വസിക്കാനായില്ല. അടുത്ത മാസം അമ്മ ബാഴ്‌സലോണയിൽ വരുന്നു എന്നാണു നോട്ടീസിൽ പറഞ്ഞിരിക്കുന്നതു്.

ആ വർഷം എനിക്കു് അമ്മയെ കാണാനായില്ല. അമ്മയുടെ പ്രോഗ്രാം സമയത്തു് എൻ്റെ മകനെ ഡോക്ടറെ കാണിക്കാൻവേണ്ടി എനിക്കു ഫ്രാൻസിലേക്കു പോകേണ്ടി വന്നു. എന്നാൽ ഞാൻ ആ നോട്ടീസ് കളയാതെ ഒരു നിധിപോലെ സൂക്ഷിച്ചു. അടുത്ത വർഷം ഒരു വയസ്സു് പ്രായമായ എൻ്റെ മകനുമൊന്നിച്ചു ഞാൻ അമ്മയുടെ പ്രോഗ്രാമിനു പോയി.

അമ്മയെ ആദ്യമായി നേരിട്ടു കണ്ടപ്പോൾ, അമ്മയിൽനിന്നു പുറപ്പെടുന്ന ആ പ്രേമപ്രവാഹത്തിൻ്റെ തരംഗങ്ങൾ അനുഭവിക്കാനായപ്പോൾ എനിക്കു് അജ്ഞാതമായ ആ ഉന്നതലോകത്തു വളരെ കാലം മുൻപു ഞാൻ കണ്ടതു് ഇതേ അമ്മയെതന്നെയായിരുന്നുവെന്നു് ഉറപ്പായി. അമ്മ ഒരേ സമയത്തു് എല്ലാ ലോകങ്ങളിലും ഉണ്ടു് എന്നു പറയുന്നതു സത്യമാണെന്നു് എനിക്കു ബോദ്ധ്യമുണ്ടു്. ഞാനതിനു സാക്ഷിയാണല്ലോ.

അമ്മയുടെ അമേരിക്കക്കാരിയായ ഭക്ത ലൊറേറ്റയെ (നിത്യ പ്രിയ) ഞാൻ ഷാങ്ഹായിൽവച്ചു കാണുമ്പോൾ അവർ കാൻസർ ബാധിച്ചു് അത്യാസന്നനിലയിലായിരുന്നു. അമേരിക്കയിൽനിന്നും വളരെ വ്യത്യസ്തമായ സംസ്‌കാരമുള്ള ചൈനയിൽ അവസാന കാലത്തു നിത്യപ്രിയ വളരെ മാനസികസംഘർഷത്തിലായിരുന്നു. ഞാൻ അപ്പോൾ അവരോടു് എൻ്റെ അനുഭവം പറഞ്ഞു.

വളരെ ആനന്ദവും പ്രേമവും നിറഞ്ഞ ഒരു ലോകമാണു നമ്മെ കാത്തിരിക്കുന്നതെന്നും മരണശേഷം നമ്മൾ ഏതു ലോകത്തു പോയാലും അവിടെ അമ്മ ഉണ്ടാകുമെന്നും ഇതു ഞാൻ അനുഭവിച്ചു് അറിഞ്ഞതാണെന്നും അവരോടു ഞാൻ പറഞ്ഞു. എൻ്റെ അനുഭവം കേട്ടപ്പോൾ അവർക്കു വളരെ ആശ്വാസമായി. മരണശേഷം നമ്മൾ ഏതു ലോകത്തു ചെന്നാലും അമ്മ നമ്മെ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നു കേട്ടപ്പോൾ മുതൽ അവർ വളരെ പ്രതീക്ഷയോടെ അവസാനദിവസങ്ങൾ കഴിച്ചുകൂട്ടി. മരണം വരെ എൻ്റെ മകൻ്റെ കൂടെ കളിച്ചും ചിരിച്ചും അവർ സമയം ചിലവഴിച്ചു. നിത്യപ്രിയ മരിച്ചപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിലിരുന്നു ഭജന പാടി.

ജീവിതത്തിലെ ഓരോ നിമിഷത്തിലും അമ്മ നമ്മുടെ കൂടെയുണ്ടു്. നമ്മുടെ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ ഓരോരുത്തരുടെയും കൂടെ അമ്മയുണ്ടു്. നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെയൊക്കെ ഈ ലോകത്തിലും പരലോകത്തിലും അമ്മയുണ്ടെന്ന അറിവു നമുക്കു് എത്രമാത്രം ആശ്വാസപ്രദമാണു്! ഒരു കാര്യം എനിക്കു് ഉറപ്പുണ്ടു്: വാസ്തവത്തിൽ മരണം നിലനില്ക്കുന്നില്ല, സ്നേഹം മാത്രമേ എന്നെന്നും നിലനില്ക്കുന്നുള്ളൂ.