മുൻപുണ്ടായിട്ടുള്ള ഭൂകമ്പത്തെക്കുറിച്ചു വീണ്ടും ഓര്‍ത്തുപോകുന്നു. ഇനി അതിനെക്കറിച്ചു പറഞ്ഞിട്ടെന്തു ഫലം. ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുകയാണു് ഇപ്പോഴത്തെ ആവശ്യം. ഭക്തര്‍ മക്കള്‍ ഓരോരുത്തരും ആവുംവിധം സഹായം ചെയ്യാന്‍ തയ്യാറാകണം. ഗൃഹസ്ഥാശ്രമജീവിതത്തില്‍ ദാനധര്‍മ്മം അത്യാവശ്യമാണു്.

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ത്തുപോകുകയാണു്. ഒരിക്കല്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പോയി. കൂട്ടുകാരന്‍ പറഞ്ഞു, നിങ്ങള്‍ ഈ രാഷ്ട്രീയത്തില്‍ ചേരരുതു്. ചേര്‍ന്നാല്‍ നിങ്ങള്‍ക്കുള്ളതു ധര്‍മ്മം ചെയ്യേണ്ടിവരും. ‘ചെയ്യാമല്ലോ?’ ‘നിങ്ങള്‍ക്കു രണ്ടു കാറുണ്ടെങ്കില്‍ ഒരു കാറു ദാനം ചെയ്യണം’. ‘അതിനെന്താ ചെയ്യാമല്ലോ? തീര്‍ച്ചയായും ചെയ്യും.’

‘നിങ്ങള്‍ക്കു രണ്ടു വീടുണ്ടെങ്കില്‍ ഒന്നു ധര്‍മ്മം ചെയ്യേണ്ടി വരും’. ‘അതിനെന്താ അതും ചെയ്യാമല്ലോ.’ ‘നിങ്ങള്‍ക്കു രണ്ടു പശുവുണ്ടെങ്കില്‍ ഒന്നിനെ പശുവില്ലാത്തവര്‍ക്കു കൊടുക്കേണ്ടിവരും’. ‘ഓ അതു പറ്റില്ല’. ‘അതെന്താ, കാറും വീടുമൊക്കെ കൊടുക്കാന്‍ മടിയില്ല, ഈ പശുവിനെ മാത്രം കൊടുക്കാന്‍ മടിക്കുന്നതെന്തിനാണു്?’ ‘അതോ? എനിക്കു് കാറും വീടുമൊന്നും രണ്ടില്ല. എന്നാല്‍ പശുക്കള്‍ രണ്ടുണ്ടു്.’

മക്കളേ, ഇതാണു് ഇന്നുള്ളവരുടെ ധര്‍മ്മത്തിൻ്റെ സ്വഭാവം. ഇല്ലാത്തതെന്തും ദാനം ചെയ്യാന്‍ പൂര്‍ണ്ണമനസ്സാണു്. പക്ഷേ, ഉള്ളതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. നമ്മുടെ ധര്‍മ്മം ഇങ്ങനെയാകരുതു്. നമ്മള്‍ കുറച്ചു കഷ്ടപ്പാടു സഹിച്ചാലും അന്യനൊരുവനെ സഹായിക്കാനായാല്‍ അതാണു് ഏറ്റവും വലിയ ഈശ്വരപൂജ. നമ്മള്‍ അനാവശ്യമായി വസ്ത്രത്തിനും ഭക്ഷണത്തിനും ചെലവാക്കുന്ന പണം മതി, എത്രയോ സാധുക്കളെ സേവിക്കുവാന്‍ സാധിക്കും.

ഇന്നു് നമ്മള്‍ എത്ര പണം അനാവശ്യമായി ചെലവാക്കുന്നു. ഇന്നത്തെ ആളുകളുടെ വിചാരം സിഗററ്റു വലിച്ചാലേ പുരുഷനാകുകയുള്ളൂ എന്നാണു്. സിഗററ്റു വലിയാണു പുരുഷലക്ഷണം എന്നാണവര്‍ കരുതുന്നതു്. പുകവലി ബുദ്ധിജീവികളുടെ ലക്ഷണമായി കരുതുന്നവരും ഉണ്ടു്. എന്നാല്‍, ഇതു ബുദ്ധിമന്ദതയുടെ ലക്ഷണമാണു്. തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുന്നവരാണു യഥാര്‍ത്ഥ ബുദ്ധിജീവികള്‍. പുകവലി ആരോഗ്യത്തിനു ദോഷകരമാണെന്നു സിഗററ്റു കവറില്‍ത്തന്നെ എഴുതിയിട്ടുണ്ടു്. എന്നിട്ടും പുകവലിക്കുന്നുവെങ്കില്‍ അവരെ ബുദ്ധിജീവിയെന്നോ വിഡ്ഢിജീവിയെന്നോ വിളിക്കേണ്ടതു്? പുകവലിക്കാര്‍ ഒരു മാസം ചിലവാക്കുന്ന പൈസ മതി ഭാരതത്തിലെ ദാരിദ്ര്യം മാറ്റാന്‍.

മക്കളേ, പതിനഞ്ചുവര്‍ഷം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ നൂറു കോടിയില്‍ അധികമാണു് ഇന്നു ലോകജനസംഖ്യ. ഭാരതത്തില്‍ത്തന്നെ ഓരോ വര്‍ഷവും കോടിക്കണക്കിനു കുഞ്ഞുങ്ങളാണു ജനിച്ചുവീഴുന്നതു്. ഇങ്ങനെ പോയാല്‍ ഒരു പത്തുവര്‍ഷം കഴിയുമ്പോഴത്തെ അവസ്ഥ എന്താകും? പക്ഷേ, ജനങ്ങള്‍ പെരുകുന്നതിനനുസരിച്ചു മൂല്യങ്ങള്‍ വളരുകയല്ല, നശിക്കുകയാണു ചെയ്യുന്നതു്. ഇനിയുള്ള ഓരോ പാദവും വളരെ ശ്രദ്ധയോടെ വച്ചില്ല എങ്കില്‍ ഭാവി ഇരുളടഞ്ഞതാകും. അതിനാല്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളില്‍ കൂടുതലാകരുതു്.

കുട്ടികള്‍ ഇല്ലാത്തവര്‍, കൂടുതല്‍ കുട്ടികളുള്ള സാധുകുടുംബങ്ങളിലെ കുട്ടികളുടെ ചുമതല ഏറ്റെടുക്കണം. അവര്‍ക്കു നല്ല സംസ്‌കാരം പകരണം. അങ്ങനെ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടവിധം ശ്രദ്ധയോടെ ജീവിതം നയിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ധാര്‍മ്മികകാര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നതാണു ശരിയായ ആദ്ധ്യാത്മികത. അതിനുള്ള ഒരു മനസ്സിനെയാണു മക്കള്‍ വാര്‍ത്തെടുക്കേണ്ടതു്. അമ്മ കൂടുതല്‍ പറഞ്ഞു മക്കളെ ബുദ്ധിമുട്ടിക്കുന്നില്ല. മക്കളെല്ലാം കണ്ണടച്ചു ലോകശാന്തിക്കുവേണ്ടി ആദ്യം പ്രാര്‍ത്ഥിക്കുക. നിഷ്‌കാമമായ ഒരു മാതാവിൻ്റെ ഹൃദയം ഉണ്ടാകണേ എന്നു മനസ്സുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടു് അവിടുത്തെ പാദങ്ങളില്‍ രണ്ടിറ്റു കണ്ണുനീര്‍ അര്‍പ്പിക്കുക.

നിഷ്‌കളങ്കഭാവം ഉള്ളില്‍ നിറയ്ക്കാന്‍ ശ്രമിക്കണം. മൊട്ടായിരിക്കുമ്പോള്‍, പുഷ്പത്തിൻ്റെ ഭംഗിയോ, പരിമളമോ, അറിയാന്‍ പറ്റില്ല. വിടരുമ്പോഴേ അതാസ്വദിക്കാന്‍ കഴിയൂ. സുഗന്ധം നുകരാന്‍ സാധിക്കൂ. അതുപോലെ മക്കളുടെ ഹൃദയം വിടര്‍ത്തൂ. തീര്‍ത്തും നമുക്കവിടുത്തെ പുല്കാം. ഒരു കുട്ടി, കല്ലെടുത്തുവച്ചു സപ്രമഞ്ചം എന്നു കണ്ടു ഭാവന ചെയ്യുന്നതുപോലെ, ജഗദംബയെ ഉള്ളില്‍ കണ്ടു്, നിഷ്‌കളങ്കഹൃദയത്താല്‍ ഭാവന ചെയ്യൂ. എല്ലാം മറന്നു് അമ്മാ… അമ്മാ… എന്നു് കേണുകൊണ്ടു്, ‘നല്ല കര്‍മ്മം ചെയ്യിക്കണേ, കരുണയുള്ളവരാക്കണേ, ഹൃദയത്തെ വിശാലമാക്കണേ’ എന്നിങ്ങനെ മക്കള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കൂ… ?