ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു.

ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്‌ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. ഇങ്ങനെ എത്രയോ സ്ത്രീകളെ അമ്മയ്ക്കറിയാം.

ഭര്‍ത്താവു് ഒരു നയാപൈസ വീട്ടുചിലവിനു കൊടുക്കില്ല. ഭാര്യ രാപ്പകല്‍ കഷ്ടപ്പെട്ടു വീടും കുട്ടികളെയും നോക്കും. ഇതിനൊക്കെ പ്രതിഫലമായി അവര്‍ക്കു കിട്ടുന്നതു രാത്രി കുടിച്ചിട്ടു വരുന്ന ഭര്‍ത്താവിൻ്റെ കൈയില്‍നിന്നും പൊതിരെ തല്ലാണു്. ഇങ്ങനെ കഷ്ടപ്പാടും കണ്ണുനീരുമായി കഴിയുന്ന എത്രയോ കുടുംബങ്ങളാണു് ഇന്നു നമുക്കു ചുറ്റുമുള്ളതു്.

അതല്ലെങ്കില്‍ സംശയത്തിൻ്റെ പേരില്‍ അവരെ ഇറക്കി വിടുന്നു. രാത്രി കുട്ടികളെയുംകൊണ്ടു് എവിടെ ചെല്ലാനാണു്. സന്ധ്യയായാല്‍ സ്ത്രീകള്‍ക്കു് ഒറ്റയ്ക്കു റോഡില്‍പ്പോലും നടക്കാന്‍ വയ്യാത്ത സ്ഥിതിയാണു് ഇന്നീ നാട്ടിലുള്ളതു്. ഒന്നുകില്‍ അതിൻ്റെ ജഡം പിറ്റേദിവസം വഴിയരികില്‍ കാണാം. അല്ലെങ്കില്‍ അതിൻ്റെ ഭാവി നശിപ്പിച്ചിരിക്കും. ഇന്നത്തെ സ്ഥിതി അത്രമാത്രം അധഃപതിച്ചിരിക്കുന്നു.

ഇവിടെയിരിക്കുന്ന ആണ്‍മക്കള്‍ വിഷമിക്കരുതു്. അവരുടെ പെണ്‍മക്കള്‍ക്കുകൂടിവേണ്ടി പറയുകയാണു്. ചില പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടു്, അച്ഛനമ്മമാര്‍ പേര്‍ഷ്യാക്കാരൻ്റെ കൂടെ കല്യാണം കഴിപ്പിച്ചയയ്ക്കും. അതിനിടെ ആരെങ്കിലും ഒരു കള്ളക്കത്തു് അയച്ചു കഴിഞ്ഞാല്‍ ആ കുട്ടി ഉപേക്ഷിക്കപ്പെട്ടു. അടുത്ത ദിവസം സ്വന്തം വീട്ടില്‍പോയി നിന്നാല്‍ മതി. അവര്‍ അനാഥരെപ്പോലെ ആകുകയാണു്. കാര്യമറിയാത്ത നാട്ടുകാരുടെ കണ്ണില്‍ കുറ്റക്കാരി. അവരുടെ കുട്ടികളുടെ ഭാവി എന്താണു്?

മക്കളേ, ആരിതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നു. ആരുടെയോ വാക്കുകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതു കാരണം, ഒരു കുടുംബമാണു തകരുന്നതു്. ഒരു കുട്ടിക്കു ജീവിതാന്ത്യംവരെയും തോരാത്ത കണ്ണുനീരു്. ഇങ്ങനെ നിരാലംബരാകുന്ന സ്ത്രീകള്‍ക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചു് അമ്മ ചിന്തിക്കുകയാണു്.

കുറെ തൻ്റേടവും ക്ഷമയുമുള്ള അമ്മമാര്‍ ത്യാഗപൂര്‍വ്വം ഇതിനുവേണ്ടി ഇറങ്ങിത്തിരിക്കണം. എങ്കില്‍ ആയിരക്കണക്കിനു കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിയും. ഇതിൻ്റെ പേരില്‍ അമ്മയ്ക്കു് കുറെക്കൂടി അപവാദം കേള്‍ക്കേണ്ടി വന്നേക്കാം. അതുപോട്ടെ, അതിലമ്മയ്ക്കു വിഷമമില്ല. അമ്മയുടെ ജീവിതത്തിൻ്റെ ആഹാരമായി അമ്മ അതു സ്വീകരിച്ചിരിക്കുന്നു.

അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരാളുടെ വീട്ടില്‍നിന്നും ചില സാധനങ്ങള്‍ മോഷണം പോയി. അയാള്‍ക്കു് ഒരടുത്ത സുഹൃത്തും ഉണ്ടു്. അയാള്‍ ചിന്തിക്കുകയാണു് എൻ്റെ സാധനങ്ങള്‍ എടുത്തതു് എൻ്റെ കൂട്ടുകാരന്‍തന്നെയായിരിക്കണം. ഈയിടെയായി അവനു് എന്നെ കാണുമ്പോള്‍ ഒരു പരുങ്ങല്‍പോലെ. ആ നോട്ടം കണ്ടാല്‍ മതി അവനാണെടുത്തതെന്നു് ആരും പറയും. അവൻ്റെ നടത്തം കണ്ടില്ലേ, ഒരു കള്ളൻ്റെ എല്ലാ ലക്ഷണവും ഉണ്ടു്.

എൻ്റെ സാധനങ്ങള്‍ മോഷ്ടിച്ചതു് അവന്‍തന്നെ. ഒടുവില്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരനായി കരുതപ്പെട്ടവന്‍, അയാളുടെ ദൃഷ്ടിയില്‍ പെരുംകള്ളനായി. തൻ്റെ പ്രേമസ്വരൂപനായ കൂട്ടുകാരനെ മറന്നു. ഇപ്പോള്‍ അയാള്‍ ശത്രുവായ കള്ളന്‍മാത്രം. എല്ലാം തൻ്റെതന്നെ മനസ്സിൻ്റെ സൃഷ്ടി. ഇതുപോലെയാണു സംശയങ്ങള്‍. സംശയം വന്നാല്‍ പിന്നെ വ്യക്തി പാടെ മാറുകയാണു്.

വെറും സംശയം കാരണം, ബന്ധം വേര്‍പ്പെടുത്താന്‍ തുനിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ മിക്കവരും തുറന്നു സംസാരിച്ചാല്‍, കാര്യമൊന്നുമില്ലെന്നു കാണാന്‍ കഴിയും. പ്രശ്‌നം ഉള്ളി പൊളിച്ചതു പോലെയാകും. ഇങ്ങനെയുള്ള എത്രയോ കുടുംബങ്ങളെ വീണ്ടും ഐക്യതയിലെത്തിക്കുവാന്‍ ഭഗവത്കൃപയാല്‍ അമ്മ നിമിത്തമായിട്ടുണ്ടു്. അതുകാരണം എത്രയോ കുട്ടികളുടെ ഭാവി സുരക്ഷിതമായി.