ഐ.സി. ദെവേ

(ശാസ്ത്രജ്ഞന്‍, ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍)

ഒരു ദിവസം ഞാന്‍ എൻ്റെ ലാബില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഫോണ്‍ വന്നു. എൻ്റെ ഒരു സുഹൃത്താണു വിളിക്കുന്നതു്, ഡോ.പി.കെ. ഭട്ടാചാര്യ. മുംബൈയില്‍ ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന്‍ വിഭാഗത്തിൻ്റെ തലവനാണു് അദ്ദേഹം. ആയിടെ റഷ്യയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹത്തിനു് എന്നോടെന്തോ അത്യാവശ്യമായി പറയാനുണ്ടത്രേ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”സൈബീരിയയിലെ ആറ്റൊമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമൊത്തു ജോലി ചെയ്യാന്‍ എനിക്കു് അവസരം ലഭിച്ചിരുന്നു. അതു നല്ല ഒരു അനുഭവമായിരുന്നു. എന്നാല്‍ അവിടെ ഒരു ശാസ്ത്രജ്ഞനുണ്ടായ ഒരു അസാധാരണ അനുഭവത്തെക്കുറിച്ചു ഞാന്‍ നേരിട്ടു കേട്ടു. അതിനെക്കുറിച്ചു പറയാനാണു ഞാന്‍ താങ്കളെ വിളിച്ചതു്.

”ഞാന്‍ സൈബീരിയയില്‍ വിമാനമിറങ്ങിയപ്പോള്‍ ഡോ. മിഖായിലോവിച്ചു് എന്നു പേരുള്ള ഒരു ശാസ്ത്രജ്ഞനാണു് എന്നെ സ്വീകരിക്കാന്‍ വന്നതു്. അദ്ദേഹം എൻ്റെ അടുത്തു വന്നപ്പോള്‍ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തിൻ്റെ കോട്ടിൻ്റെ രണ്ടു പോക്കറ്റിലും അമ്മയുടെ ചിത്രങ്ങള്‍! സൈബീരിയയിലെ ഒരു ആറ്റൊമിക് ശാസ്ത്രജ്ഞൻ്റെ പോക്കറ്റില്‍ അമ്മയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണു് അദ്ഭുതപ്പെടാതിരിക്കുക? ഞാന്‍ ഉടനെ അദ്ദേഹത്തോടു ചോദിച്ചു, ‘ഇതു് അമ്മയുടെ ഫോട്ടോകളല്ലേ?” ”അതെ”, അദ്ദേഹം പറഞ്ഞു. ”എയര്‍പ്പോര്‍ട്ടില്‍ ഇമിഗ്രേഷൻ്റെ നടപടികളൊക്കെ കഴിഞ്ഞതിനുശേഷം ഞങ്ങള്‍ കാറില്‍ കയറിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, ”താങ്കള്‍ എപ്പോഴാണു് അമ്മയെ കണ്ടതു്?” അദ്ദേഹം അമ്മയെ കണ്ടിട്ടേയില്ല എന്നു പറഞ്ഞപ്പോള്‍ എൻ്റെ അദ്ഭുതം ഇരട്ടിയായി. ഞാന്‍ അദ്ദേഹത്തോടു പല ചോദ്യങ്ങളും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ കഥ ഇതായിരുന്നു:

‘പത്തു വര്‍ഷമായി ഞാനിവിടെ ആറ്റൊമിക് സയന്‍സില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കയാണു്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ എൻ്റെ ഒരു പ്രൊഫസറുടെ മകളെ വിവാഹം ചെയ്തു. ഞങ്ങള്‍ക്കിപ്പോള്‍ മൂന്നു വയസ്സായ ഒരു മകളുണ്ടു്. വിവാഹം കഴിഞ്ഞു് അധികം താമസിയാതെത്തന്നെ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം തുടങ്ങി. മകളുടെ ജനനത്തോടെ അതു വല്ലാതെ അധികമായി. എൻ്റെ ഭാര്യ ഒരു അഹങ്കാരിയായിരുന്നു. എന്നെ അവള്‍ക്കു് ഒരു വിലയും ഉണ്ടായിരുന്നില്ല. അവളുടെ അച്ഛന്‍ എൻ്റെ പ്രൊഫസറാണു് എന്നതു് അവള്‍ക്കു് ഒരിക്കലും മറക്കാന്‍ കഴിഞ്ഞില്ല. അവസാനം ഒരു ദിവസം ഞങ്ങളുടെ മകളെയും എടുത്തു് അവള്‍ അവളുടെ അച്ഛൻ്റെ വീട്ടിലേക്കു പോയി. രണ്ടര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഞാന്‍ വിവാഹമോചനത്തിനു തയ്യാറായിരുന്നില്ല. കാരണം, എനിക്കെൻ്റെ ഭാര്യയെയും മകളെയും അത്രയ്ക്കു് ഇഷ്ടമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റായതുകൊണ്ടു് എനിക്കു് ഈശ്വരനിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടു പ്രാര്‍ത്ഥിക്കാനും കഴിഞ്ഞില്ല.

ഒരു ദിവസം ഞാന്‍ ഒരു റഷ്യന്‍ മാഗസിനില്‍ ഒരു ലേഖനം വായിച്ചു. ഭാരതത്തിലെ ഒരു മഹാത്മാവിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അതു്. ‘ശ്രീ മാതാ അമൃതാനന്ദമയീദേവി’ എന്നാണവരുടെ പേരു്. ആ ലേഖനത്തിലെ ഒരു വാചകം എന്നെ വല്ലാതെ സ്വാധീനിച്ചു, എൻ്റെ ജീവിതംതന്നെ അതു മാറ്റിമറിച്ചു. ഇതായിരുന്നു ആ വാചകം: ‘അമ്മ എന്ന പേരില്‍ ലോകം മുഴുവനും അറിയപ്പെടുന്ന ഈ മഹാത്മാവിനു് ഒരു പ്രത്യേകതയുണ്ടു്. ആര്‍ക്കും അവരോടു നേരിട്ടു സംസാരിക്കാം. തന്നോടു് ആരു് എന്തു പറഞ്ഞാലും അമ്മ അതു ശ്രദ്ധയോടെ കേള്‍ക്കും. അമ്മയുടെ മുന്‍പിലിരുന്നു പറഞ്ഞാലും ആയിരക്കണക്കിനു മൈലുകള്‍ക്കകലെ ഇരുന്നു പറഞ്ഞാലും അമ്മ ശ്രദ്ധിക്കും; അമ്മയെ പരിചയമുള്ളവര്‍ പറഞ്ഞാലും ഇതുവരെ കാണാത്തവര്‍ പറഞ്ഞാലും അമ്മ ഒരുപോലെ കേള്‍ക്കും.’

ഞാന്‍ അമ്പരന്നു പോയി. സാധാരണ അവസ്ഥയില്‍ ഇങ്ങനെയെന്തെങ്കിലും വായിച്ചാല്‍ ഞാനതു ചിരിച്ചു തള്ളിയേനെ. എന്നാല്‍ അപ്പോള്‍ എൻ്റെ നിസ്സഹായത മൂലം ഞാനൊരു വിഷാദരോഗിയായി മാറിയിരുന്നു. എന്തുകൊണ്ടോ ആ വാക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞു. എനിക്കു വീണ്ടും ജീവിതത്തില്‍ പ്രതീക്ഷയുണ്ടായി. അങ്ങനെ ഞാന്‍ അമ്മയോടു സംസാരിക്കാന്‍ തുടങ്ങി. അമ്മ എൻ്റെ മുന്നിലിരിക്കുന്നു, ഞാന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കുന്നു എന്ന ഉറപ്പോടെ ഞാന്‍ ദിവസവും അമ്മയോടു സംസാരിച്ചു. അമ്മയോടു് എൻ്റെ ദുഃഖങ്ങള്‍ പറയുമ്പോഴൊക്കെ പലപ്പോഴും എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ടായിരുന്നു.

ദിവസങ്ങള്‍ പോകവെ അമ്മയുടെ സാന്നിദ്ധ്യം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. അമ്മ എൻ്റെ മുന്നിലിരുന്നു ഞാന്‍ പറയുന്നതൊക്കെ കാരുണ്യത്തോടെ കേള്‍ക്കുന്നു. പലപ്പോഴും ഞാന്‍ അമ്മയുടെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞിരുന്നു. അമ്മയെക്കുറിച്ചു ഞാന്‍ അറിഞ്ഞിട്ടു്, അമ്മയോടു സംസാരിക്കാന്‍ തുടങ്ങിയിട്ടു വെറും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഫലം കണ്ടു തുടങ്ങി. രണ്ടര വര്‍ഷത്തിനുശേഷം എൻ്റെ ഭാര്യ എന്നെ വിളിച്ചു. ചെയ്ത തെറ്റുകള്‍ക്കൊക്കെ മാപ്പു ചോദിച്ചു. തിരിച്ചു വന്നു് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടു് എന്നു പറഞ്ഞു. എൻ്റെ സന്തോഷത്തിനു് അതിരുണ്ടായിരുന്നില്ല. എനിക്കു് എൻ്റെ കുടുംബത്തെ തിരിച്ചുകിട്ടി. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായി.

ഈ അനുഭവത്തിനുശേഷം എനിക്കു് അമ്മയെ നേരിട്ടു കാണണമെന്നു വലിയ ആഗ്രഹമായി. പക്ഷേ, എങ്ങനെയാണതു സാധിക്കുക? ഞാന്‍ ആ റഷ്യന്‍ മാഗസിന്‍കാരോടുതന്നെ അന്വേഷിച്ചു. അങ്ങനെ എനിക്കു മോസ്കോവിലുള്ള ശ്രീ മാതാ അമൃതാനന്ദമയീ സേവാസമിതിയുടെ അഡ്രസ്സു് കിട്ടി. ഞാന്‍ അവരുമായി ബന്ധപ്പെട്ടു. അവര്‍ എനിക്കു് അമ്മയെപ്പറ്റിയുള്ള വിവരങ്ങളും അമ്മയുടെ ഫോട്ടോകളും അയച്ചുതന്നു. അമ്മമൂലമാണു് എനിക്കു് എൻ്റെ ഭാര്യയെയും മകളെയും തിരിച്ചുകിട്ടിയതു്. അതുകൊണ്ടു ഞാന്‍ എപ്പോഴും അമ്മയുടെ ഫോട്ടോ എൻ്റെ ഹൃദയത്തിനടുത്തു് സൂക്ഷിക്കാന്‍ തുടങ്ങി. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല, ഉറങ്ങുമ്പോഴും അമ്മയുടെ ഫോട്ടോ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്നു.’

ആശ്ചര്യത്തോടെയാണു ഞാന്‍ ഈ കഥ കേട്ടതു്. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണു് അമ്മ എന്നൊക്കെ നമ്മള്‍ പറയാറുണ്ടു്. എന്നാലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ കേള്‍ക്കുമ്പോഴാണു് അതു നമുക്കു ബോദ്ധ്യമാകുക. എല്ലാവരുടെയും ഹൃദയത്തില്‍ അമ്മയുടെ സാന്നിദ്ധ്യമുണ്ടു്. അതുകൊണ്ടു് ഈ ലോകത്തിലെ ഏതു കോണിലിരുന്നു് ആരു വിളിച്ചാലും അമ്മ വിളികേള്‍ക്കും. ജാതിയോ മതമോ ഭാഷയോ രാജ്യമോ ദൂരമോപോലും അമ്മയുടെ കൃപ ലഭിക്കുന്നതിനു തടസ്സമാകുന്നില്ല. എനിക്കു് ഈ കഥ കേള്‍ക്കാന്‍ കഴിഞ്ഞതുപോലും അമ്മയുടെ കൃപകൊണ്ടാണെന്നു് എനിക്കു തോന്നി. അതും ഡോ. ഭട്ടാചാര്യയെപ്പോലെ വലിയ ഒരു ശാസ്ത്രജ്ഞനില്‍നിന്നു്.

ഈ സംഭവത്തിനുശേഷം, ഒരിക്കല്‍ അമ്മയുടെ ദില്ലി പരിപാടിയില്‍ അമ്മയെക്കുറിച്ചു സംസാരിക്കാന്‍ എനിക്കു് അവസരം കിട്ടി. അന്നു ഞാന്‍ ഡോ. മിഖയിലോവിച്ചിൻ്റെ അനുഭവം വിവരിച്ചു. പിറ്റേദിവസം അമ്മയുടെ പ്രോഗ്രാം നടന്നതു ശങ്കര്‍മഠത്തിലായിരുന്നു. അവിടെ അമ്മ ദര്‍ശനം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു അപരിചിതന്‍ എൻ്റെ അടുത്തുവന്നു. തൊണ്ട ഇടറിക്കൊണ്ടു്, വികാരവിവശനായി സംസാരിക്കാന്‍ തുടങ്ങി, ”ഇന്നലെ നിങ്ങള്‍ പറഞ്ഞ റഷ്യന്‍ ശാസ്ത്രജ്ഞൻ്റെ അനുഭവം ഞാന്‍ കേട്ടിരുന്നു. ഇന്നു് എനിക്കും അദ്ഭുതകരമായ ഒരു അനുഭവം ഉണ്ടായി.” ”എന്താണുണ്ടായതു്? എന്നോടു പറയാമോ?” അമ്മയുടെ കഥ കേള്‍ക്കാന്‍ എനിക്കും തിടുക്കമായി.

”ഇന്നു് അമ്മ എന്നെ ആലിംഗനം ചെയ്തപ്പോള്‍ എൻ്റെ കണ്ണില്‍നിന്നും കണ്ണീരൊഴുകാന്‍ തുടങ്ങി. ‘മോനെന്തിനാണു കരയുന്നതു്?’ എന്നു് അമ്മ ചോദിച്ചപ്പോള്‍ എനിക്കു് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കണ്ണുനീര്‍ നില്ക്കുന്നുമില്ല. ദുഃഖം കൊണ്ടല്ല ഞാന്‍ കരഞ്ഞിരുന്നതു്, ആശ്വാസവും സന്തോഷവുംകൊണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ കടുത്ത വിഷാദരോഗത്തിനു് അടിമയായിരുന്നു. ഈ മാനസികരോഗത്തിനു് അടിമയാകുന്നവര്‍ക്കു ജീവിക്കാനുള്ള താത്പര്യംപോലും ഇല്ലാതാകും. ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാകും. ഇന്നലെ ഡോ. മിഖയിലോവിച്ചിൻ്റെ അനുഭവം കേട്ടപ്പോള്‍ ഞാനും എൻ്റെ ഹൃദയത്തിലുള്ള അമ്മയോടു് എൻ്റെ ദുഃഖം പറയാന്‍ തുടങ്ങി. ഇന്നുതന്നെ എനിക്കു് അമ്മയെ കാണാന്‍ അവസരം ലഭിച്ചു. മാത്രമല്ല, അമ്മ എന്നെ മാറോടു ചേര്‍ത്തപ്പോള്‍ത്തന്നെ എൻ്റെ അസുഖവും മാറി. എന്തൊരനുഗ്രഹം!” എന്നോടിതു പറയുമ്പോള്‍ പോലും അദ്ദേഹത്തിൻ്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഞാന്‍ എൻ്റെ സംശയം മറച്ചുവച്ചില്ല. ”നിങ്ങളുടെ അസുഖം മുഴുവനായി മാറി എന്നു് എങ്ങനെ ഉറപ്പിക്കാം. അതു നിങ്ങളുടെ തോന്നലായിക്കൂടേ? ഒരു സൈക്കിയാട്രിസ്റ്റിനല്ലേ അതു് ആധികാരികമായി പറയാന്‍ കഴിയുകയുള്ളൂ?”അദ്ദേഹത്തിൻ്റെ മറുപടി കേട്ടപ്പോള്‍ എനിക്കു കൂടുതല്‍ അദ്ഭുതമായി. ”എൻ്റെ അസുഖം പൂര്‍ണ്ണമായി മാറി എന്നു് എനിക്കു് ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം, ഞാന്‍ ഒരു സൈക്കിയാട്രിസ്റ്റാണു്. പതിനഞ്ചു വര്‍ഷം ഞാന്‍ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്തു. കഴിഞ്ഞ കുറച്ചു വര്‍ഷമായി ദില്ലിയില്‍ ജോലി ചെയ്യുന്നു.”

”താങ്കളുടെ അനുഭവം ഞാന്‍ മറ്റുള്ളവരോടു പറഞ്ഞോട്ടേ?” ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ”തീര്‍ച്ചയായും പറഞ്ഞോളൂ. എൻ്റെ പേരും പറഞ്ഞോളു ഡോ. വിമല്‍ ക്ഷേത്രപാല്‍, എം.ഡി. (സൈക്കിയാട്രി)” തൊണ്ട ഇടറിയതുകൊണ്ടു് അദ്ദേഹം ഒന്നു നിര്‍ത്തി. എന്നിട്ടു വീണ്ടും പറഞ്ഞു. ”അമ്മയാണു യഥാര്‍ത്ഥ സൈക്കിയാട്രിസ്റ്റ്”.