ചന്ദ്രൻ പെരുമുടിയൂർ
പത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ പരസ്യപ്പേജുകൾ കൈയടക്കുന്ന സ്ഥിരക്കാരുണ്ടു്. ഇത്തരക്കാർക്കു് ഒരു പത്രവും നിഷിദ്ധവുമല്ല. പുരോഗമനമെന്നും വാർത്തയുടെ സത്യസന്ധമായ തീച്ചൂളയെന്നും സ്വയം വീമ്പിളക്കുന്ന പത്രങ്ങൾപോലും നിലനില്പിൻ്റെ തത്ത്വശാസ്ത്രം പറഞ്ഞു് ഈ പരസ്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നു.
നീറുന്ന പ്രശ്‌നങ്ങൾക്കു പൂജാകർമ്മങ്ങൾകൊണ്ടു് ഉത്തമ പരിഹാരം നല്കുന്നവരാണു് ഒരു കൂട്ടർ. ഉഗ്രദേവതയുടെ അനുഗ്രഹത്താൽ സർവ്വദോഷപരിഹാരം വാഗ്ദാനം ചെയ്യുന്നു മറ്റൊരു കൂട്ടർ. ചിലർ കൈവിഷദോഷം അകറ്റുന്നു. സർവ്വമതസ്ഥർക്കും ബന്ധപ്പെടാം എന്ന ഒരു വിശാലതകൂടി ചിലർ പ്രകടിപ്പിക്കുന്നുണ്ടു്.
ചിലരുടെ ഏലസ്സുകൾക്കു് അദ്ഭുത ശക്തിയാണത്രേ – അതു ധരിക്കുന്നവർക്കു വളരെയധികം ആകർഷണശക്തി ഉണ്ടാകുമത്രേ. ഇവരുടെ ആജ്ഞാശക്തിക്കു മുൻപിൽ എന്തും അടങ്ങിനില്ക്കുമത്രേ! മാന്ത്രിക ഏലസ്സുകൾക്കു ചിലർ അതിമനോഹരമായ പേരുകളും നല്കിയിരിക്കുന്നു. കാര്യസാദ്ധ്യതയ്ക്കുശേഷം മാത്രം ദക്ഷിണ മതിയെന്നു ചില ഉദാരമതികൾ – ഫലം കിട്ടി ഉറപ്പുവരുത്തിയതിനുശേഷം മാത്രം!
ജ്യോതിഷത്തിനെത്തന്നെ വിവിധപേരുകളിൽ വിളിക്കപ്പെടാനാണു ചിലർക്കു താത്പര്യം. നാഡീജ്യോതിഷം, വെറ്റിലജ്യോതിഷം, പെൻഡുലജ്യോതിഷം, ചൈനീസ്, അറബിജ്യോതിഷം എന്നിങ്ങനെ. ഇവർ എല്ലാറ്റിനും പരിഹാരം നല്കുന്നവരാണു്. ശത്രുദോഷം, വിവാഹം, ഉദ്യോഗം, സ്നേഹം, വശ്യം, സാമ്പത്തികത്തകർച്ചകൾ, കുടുംബദാമ്പത്യകലഹങ്ങൾ, വസ്തുവില്പന, വിദേശയാത്ര, മദ്യപാന മയക്കുമരുന്നു മോചനം, ധനാകർഷണം തുടങ്ങി എന്തിനും വെറും പരിഹാരമല്ല; ശാശ്വത പരിഹാരമാണു് ഇക്കൂട്ടർ വാഗ്ദാനം നല്കുന്നതു്!
നമുക്കു് അദ്ഭുതം തോന്നുന്ന കാര്യം, ഈ പരസ്യങ്ങളൊക്കെ കണ്ടുതുടങ്ങിയിട്ടു വർഷങ്ങളായി എന്നുള്ളതാണു്. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ പുരോഗതി അവകാശപ്പെടുന്ന സംസ്ഥാനത്തു് ഇപ്പോഴും ഇവർക്കു് ഇരകളുണ്ടാകുന്നു എന്നുള്ളതു് അപ്രസക്തമായ കാര്യമല്ല. ദുർബ്ബല മനസ്സുകൾ മാത്രമാണു് ഇക്കൂട്ടരെ തേടിയെത്തുന്നതു് എന്നു ധരിക്കുന്നതും വിഢ്ഢിത്തമാണു്. എല്ലാ ജാതിമതസ്ഥരും ദരിദ്രരും സമ്പന്നരും ഒരുപോലെ ഇവിടങ്ങളിൽ അഭയം തേടുന്നവരാണു്. നടത്തിപ്പുകാരും അതുപോലെ വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണു്.
അടുത്തകാലത്തു വന്ന വാർത്ത, ഇത്തരം അന്ധവിശ്വാസങ്ങളുടെ വൈപുല്യവും കാഠിന്യവും ദ്യോതിപ്പിക്കുന്നു ‘പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ച അച്ഛനെതിരെ കേസു്’ എന്നാണു വാർത്ത. ഏഴുദിവസം പ്രായമുള്ള സ്വന്തം മകനെ അച്ഛൻ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചു. (കംസൻ്റെ പുനർജ്ജന്മമോ?) ഈ ശ്രമത്തിനു് അമ്മയുടെ ഒത്താശയും ഉണ്ടായിരുന്നു. (പൂതനയും?)
എന്നാൽ കണ്ടുനിന്ന ആളിൻ്റെ ഇടപെടൽ മൂലം കുഞ്ഞിൻ്റെ ജീവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അച്ഛനമ്മമാർക്കെതിരെ കൊലപാതകശ്രമത്തിനു പോലീസു് കേസ്സെടുക്കുകയും ചെയ്തു. കുട്ടിയുടെ ജന്മനക്ഷത്ര പ്രകാരം അച്ഛനമ്മമാർക്കു ജീവഹാനി സംഭവിക്കുമെന്നു് ഏതോ ജ്യോത്സ്യൻ ഇവരോടു പറഞ്ഞിരുന്നുവത്രേ. ഇതേത്തുടർന്നാണു കുട്ടിയെ ഇല്ലാതാക്കാൻ ശ്രമം നടത്തിയതു്.
ജ്യോത്സ്യൻ്റെ പ്രവചനം അറിഞ്ഞതു മുതൽ കുട്ടിയെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു. കുട്ടിക്കു മുലപ്പാലോ ഭക്ഷണമോ നല്കിയിരുന്നില്ല. എന്നാൽ ഭർത്താവിൻ്റെ കുടുംബവീട്ടിലുള്ള വൃദ്ധദമ്പതികൾക്കു കുട്ടിയെ ജീവനായിരുന്നു. അവർ കുട്ടിയെ സ്നേഹത്തോടെ പരിചരിച്ചിരുന്നു. അതിനാലാണു രാത്രിയിൽ അവരറിയാതെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതു്.
സമൂഹത്തിൻ്റെ ഏതു തട്ടിലുള്ളവരായാലുംശരി ഇത്തരം ദുർന്നടപടികളിൽ പെട്ടുപോവുക സ്വാഭാവികമാണു്. അതില്ലാതിരിക്കണമെങ്കിൽ ഒരു സദ്ഗുരുവിൽ വിശ്വാസമർപ്പിക്കണം. അമ്മയുടെ മക്കളായ നമുക്കു് ഇത്തരം അന്ധവിശ്വാസങ്ങളിൽ ഉൾപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാകണം. അമ്മ ഒരിക്കലും ആരോടും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാറില്ല. സ്നേഹത്തിലൂന്നിയ വിശ്വാസത്തിനു് എങ്ങനെ അധർമ്മം പ്രവർത്തിക്കാനാകും?
ഇത്തരം സംഗതികൾ ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരും ആദ്ധ്യാത്മികതയുടെ അന്തഃസത്തയുടെ ചെറുകണിക പോലും അറിയാത്തവരാണു്. ഇവിടെ ജ്യോതിഷത്തെയും വിശ്വാസത്തെയും തള്ളിപ്പറയുകയല്ല ചെയ്യുന്നതു്. അമ്മതന്നെ ഗ്രഹദോഷങ്ങളെയും ദശാസന്ധികളെയും കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ടു്; പരിഹാരമാർഗ്ഗമായി ബ്രഹ്‌മസ്ഥാനക്ഷേത്രത്തിലെ ആത്മപൂജയും നിർദ്ദേശിച്ചിട്ടുണ്ടു്.
എന്നാൽ, അമ്മ പ്രാണപ്രതിഷ്ഠ നടത്തിയ ബ്രഹ്‌മസ്ഥാനക്ഷേത്രങ്ങളിൽ ഒന്നിൽപ്പോലും വഴിപാടുകളുടെ ലിസ്റ്റിൽ ശത്രുസംഹാര പൂജ കാണില്ല. വ്യക്തിപരമായി ആരും പരസ്പരം ശത്രുക്കളല്ലെന്നു് അമ്മ ഓർമ്മിപ്പിക്കുന്നു; തെളിയിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരിലും നന്മ കാണുവാനാണു് അമ്മ ഉപദേശിക്കുന്നതു്. മാത്രവുമല്ല, ഇന്നത്തെ ശത്രു നാളത്തെ മിത്രമായി മാറുകയും ചെയ്‌തേക്കാം.
എന്നാൽ നാം ഉന്മൂലനം ചെയ്യേണ്ടതു നമ്മുടെതന്നെ ഉള്ളിലുള്ള ശത്രുക്കളെയാണു്. ദേഷ്യം, അസൂയ, വെറുപ്പു് തുടങ്ങിയ കുടിലചിന്തകളാകുന്ന ശത്രുക്കളെ തുരത്തുവാനായി ധ്യാനം, ജപം, അർച്ചന തുടങ്ങിയവ അനുഷ്ഠിക്കാൻ അമ്മ നിർദ്ദേശിക്കുന്നു. ഭാരതീയ ശാസ്ത്രങ്ങളൊന്നും തന്നെ പ്രമാദിത്വം ആരോപിക്കാവുന്നവയല്ല. ശാസ്ത്രങ്ങൾക്കല്ല തെറ്റുസംഭവിക്കുന്നതു്. അതിനെ ലൗകികാസക്തിക്കുവേണ്ടി, പ്രത്യേകിച്ചും പണത്തിനുവേണ്ടി, ദുർവ്വിനിയോഗം ചെയ്യുന്നിടത്താണു് അധർമ്മമുണ്ടാകുന്നതു്.
ഇതിനെയാണു് അമ്മയുടെ മക്കളായ നമ്മൾ, അമ്മ പകർന്നുതരുന്ന വിവേചനാധികാരം ഉപയോഗിച്ചു തിരിച്ചറിയേണ്ടതു്. കള്ളനാണയങ്ങൾക്കു പ്രചരിക്കുവാനുള്ള വളക്കൂറുള്ള മണ്ണല്ല നമ്മളെന്നു സമൂഹത്തിനു മുൻപിൽ തെളിയിക്കേണ്ട ബാദ്ധ്യത നമുക്കോരോരുത്തർക്കും ഉണ്ടു്. നമ്മളെ നേർവഴിക്കു നയിക്കുവാനും ശാന്തിയും സന്തോഷവും നല്കുവാനും വേണ്ടിയാണു് ഈശ്വരൻ അമ്മയായി നമുക്കിടയിൽ അവതരിച്ചിരിക്കുന്നതു്.
ഈ വിശ്വാസം നാൾക്കുനാൾ ദൃഢമാക്കിയാൽ അമ്മതന്നെ ദുർഘടങ്ങളിൽ നിന്നും നമ്മളെ അകറ്റിനിർത്തും. അമ്മ സംരക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ഇനിയും ഒരു കപടജ്യോതിഷവും മാന്ത്രികവും ഏലസ്സും നമുക്കാവശ്യമില്ല. അമ്മയാകുന്ന മന്ത്രം, അർച്ചനയാകുന്ന ഏലസ്സു്, ധ്യാനമാകുന്ന ജ്യോതിഷം എല്ലാം നമുക്കു നല്ലതേ വരുത്തൂ. നമ്മുടെയെല്ലാം ഉള്ളം തെളിയുവാനും നേർപാതയിലൂടെ സഞ്ചരിക്കുവാനും അമ്മ നമ്മളെ അനുഗ്രഹിക്കട്ടെ.