പത്രലേ: എല്ലാം നമ്മളിൽത്തന്നെയുണ്ടെന്നല്ലേ ശാസ്ത്രങ്ങൾ പറയുന്നത്. പിന്നെ ഈ സാധനയുടെ ആവശ്യമെന്താണ്.

അമ്മ: നമ്മളിൽ എല്ലാമുണ്ടെങ്കിലും അതിനെ അനുഭവതലത്തിൽ കൊണ്ടുവരാതെ യാതൊരു പ്രയോജനവുമില്ല. അതിനു സാധന കൂടാതെ പറ്റില്ല. തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങൾ പറഞ്ഞിരുന്ന ഋഷിമാർ ആ തലത്തിൽ എത്തിയവരായിരുന്നു.

അവരുടെ സ്വഭാവരീതി നമ്മുടേതിൽനിന്നു് എത്രയോ ഭിന്നമായിരുന്നു. അവർ സകലജീവരാശികളെയും ഒരുപോലെ കണ്ടു് സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. അവർക്കു പ്രപഞ്ചത്തിൽ യാതൊന്നും അന്യമായിരുന്നില്ല. അവർക്കു് ഈശ്വരീയഗുണങ്ങളാണു് ഉണ്ടായിരുന്നതെങ്കിൽ, നമുക്കു് ഈച്ചയുടെ ഗുണമാണുള്ളതു്. ഈച്ചയുടെ വാസം മലത്തിലും അഴുക്കിലുമാണു്.

അതുപോലെ നമ്മുടെ മനസ്സിനു് ഇന്നു തെറ്റും കുറവും കാണാനേ കഴിവുള്ളൂ. അതു മാറണം. സർവ്വതിലും നന്മ കാണാൻ സാധിക്കണം. സാധനയിലൂടെയും മനനത്തിലൂടെയും തത്ത്വം ഗ്രഹിക്കാത്തിടത്തോളം കാലം, എന്നിൽ എല്ലാം ഉണ്ടെന്നു പറഞ്ഞതുകൊണ്ടു് യാതൊരു പ്രയോജനവുമില്ല.

നാല്പതും അമ്പതും വർഷം ശാസ്ത്രവും സൂത്രവും എല്ലാം പഠിച്ചവർ ഇവിടെ വരാറുണ്ട്. അവരു പറയുന്നതും ഒരു മനഃസമാധാനവുമില്ലെന്നാണ്. കത്തുന്ന വിളക്കിൻ്റെ പടംവരച്ചു രാത്രി ഭിത്തിയിൽ തൂക്കിയതുകൊണ്ടു വെളിച്ചം കിട്ടില്ല.

എന്തെങ്കിലും കാണണമെന്നുണ്ടെങ്കിൽ ശരിയായ ലൈറ്റു തെളിക്കുകതന്നെ വേണം. പഠിച്ചതുകൊണ്ടോ പ്രസംഗിച്ചതുകൊണ്ടോ മാത്രമായില്ല. അനുഭവം വേണമെങ്കിൽ സാധനചെയ്തു ‘യഥാർത്ഥ ഞാനി’നെ കണ്ടെത്തണം. അതിനു ഗുരുവിൻ്റെ സഹായം ആവശ്യമാണു്.

പത്രലേ: ആ സഹായമാണോ അമ്മ ചെയ്യുന്നത്?
അമ്മ: അമ്മ സ്വയം ഒന്നും ചെയ്യുന്നില്ല. എല്ലാം പരമാത്മാവു ചെയ്യിക്കുന്നു. പക്ഷേ ഇന്നിവർക്കു് അമ്മ ആവശ്യമാണ്. സാധകനു ഗുരു ആവശ്യമാണു് എന്തുകൊണ്ടാണെന്നോ? ഇന്നു നമുക്കു ദുർബ്ബലമായ മനസ്സാണുള്ളത്.

കൊച്ചുകുട്ടികൾ തീ കണ്ടാൽ കൈയുടനെ അതിൽ കൊണ്ടുവയ്ക്കും. അപ്പോൾ അമ്മ പറഞ്ഞുകൊടുക്കും, ”മോനേ, അതിൽ തൊടല്ലേ കൈപൊള്ളും.” കുട്ടിയെ പിന്തിരിപ്പിക്കുവാൻ അത്രയും പറയേണ്ട ആവശ്യം വന്നില്ലേ. ഇത്രയേ അമ്മയും പറയുന്നുള്ളു. ഒരു പരിധിവരെ നമ്മളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഒരാളാവശ്യമാണ്.