സ്വാമി തുരീയാമൃതാനന്ദ പുരി

സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,
അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!
സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,
തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…!

ജ്ഞാനികളും മേധാശാലികളും, ധ്യാന
യോഗികളും ഭാവഗ്രാഹികളും,
ജീവൻ്റെ നാരായവേരായ നിന്‍ കഴല്‍
വേദമൂലസ്ഥാനമെന്നു കാണ്മൂ!

ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴും
ഊഷ്മളസ്നേഹം ചുരത്തുമമ്മേ,
ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീ
ദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…!

കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,
കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!
പാവനഗംഗപോല്‍ കാരുണ്യധാരയായ്
താണൊഴുകേണമേ താപഹൃത്തില്‍!