മനുഷ്യാവകാശത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഫ്രഞ്ച് സിനിമാസംഘടനയാണു്, ‘സിനിമാ വെരീറ്റെ’ . 2007 ഒക്ടോബറിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ പാരീസിൽ വച്ചു് ഒരു ചലച്ചിത്രോത്സവം നടക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു് ‘പാലസ് ഡെ ല ബാസ്റ്റിലെ’ ആർട്ട് തീയേറ്ററിൽവച്ചു ‘സിനിമാ വെരീറ്റെ’ ആദ്യമായി ഏർപ്പെടുത്തിയ, സമാധാനത്തിനുള്ള അവാർഡുദാനച്ചടങ്ങും നടന്നു. ഈ അവാർഡു നല്കാൻ അവർ തെരഞ്ഞെടുത്തതു് അമ്മയെ ആണു്.
പ്രശസ്ത ഫ്രഞ്ച് സിനിമാ സംവിധായകനായ യാൻ കോനൻ 2005ൽ അമ്മയെക്കുറിച്ചു ‘ദർശൻ, ദി എംബ്രേസ്’ എന്നൊരു ചിത്രം നിർമ്മിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ‘കാനി’ൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ‘ദർശൻ, ദി എംബ്രേസി’ ലുടെ സിനിമാ വെരീറ്റയുടെ ഭാരവാഹികൾ അമ്മയെക്കുറിച്ചും ആഗോളതലത്തിൽ അമ്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരുന്നു. അതിൻ്റെ വെളിച്ചത്തിലാണു ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള അവാർഡു് അമ്മയ്ക്കു നല്കാൻ സംഘടന തീരുമാനിച്ചതു്.
നോബൽ സമ്മാനാർഹയായ ജോഡി വില്യംസ്, പ്രശസ്ത ഹോളിവുഡ് സിനിമാതാരം മിസ്സ് ഷരോൺ സ്റ്റോൺ, സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകയായ അഡ്വ: ബിയാങ്ക ജാഗർ എന്നിവർ അവാർഡുദാനച്ചടങ്ങിൽ പങ്കെടുത്തു. മിസ്സ് ഷാരോൺ സ്റ്റോണും യാൻ കോനനും സദസ്സിനു് അമ്മയെ പരിചയപ്പെടുത്തി. ആമുഖപ്രസംഗവും സ്വാഗതവും കഴിഞ്ഞു് ഷരോൺ സ്റ്റോൺ അമ്മയ്ക്കു് അവാർഡു സമർപ്പിച്ചു.
അടുത്തതായി അമ്മയുടെ മുഖ്യപ്രഭാഷണമായിരുന്നു. ലോകത്തു വർദ്ധിച്ചുവരുന്ന മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ ദുരന്തങ്ങളെക്കുറിച്ചും അതിൽനിന്നു മോചനം നേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുമാണു് അമ്മ സംസാരിച്ചതു്. കാരുണ്യമാണു സമാധാനത്തിലേക്കുള്ള ഏക മാർഗ്ഗം എന്നതായിരുന്നു അമ്മയുടെ പ്രഭാഷണത്തിൻ്റെ പ്രധാനസന്ദേശം.
ഇന്നു ലോകത്തു നിലനില്ക്കുന്ന സംഘർഷങ്ങളെക്കുറിച്ചു വളരെ തുറന്ന അഭിപ്രായത്തോടെയാണു് അമ്മ പ്രഭാഷണം ആരംഭിച്ചതു്. ”ലോകാരംഭം മുതൽ സംഘർഷവുമുണ്ടു്. അതു പൂർണ്ണമായും തുടച്ചുനീക്കാൻ പ്രയാസമാണെന്നു പറയുന്നതിൽ മനോവിഷമം ഉണ്ടു്. എങ്കിലും അതല്ലേ സത്യം? എന്നാൽ ഇന്നു മനുഷ്യൻ്റെ അത്യാഗ്രഹവും വെറുപ്പും വിദ്വേഷവും കൊണ്ടു ക്ഷണിച്ചുവരുത്തുന്ന സംഘർഷങ്ങളും ദുരിതങ്ങളുമാണു കൂടുതൽ. ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പുകയും അവരെ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖഭാരങ്ങൾ കുറയ്ക്കുകയും വേണം. ഭരണാധികാരികളും നേതാക്കന്മാരും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം.” അമ്മ അഭിപ്രായപ്പെട്ടു.
”യുദ്ധത്തിൻ്റെ പേരിൽ മനുഷ്യൻ കാണിക്കുന്ന ക്രൂരതയും ദുഷ്ടതയും അവസാനിപ്പിക്കണം.” അമ്മ തുടർന്നു, ”യുദ്ധം പ്രാകൃതമനസ്സിൻ്റെ ഉത്പന്നമാണു്. അതകറ്റി, അവിടെ കാരുണ്യത്തിൻ്റെ സൗന്ദര്യം തുളുമ്പുന്ന പുതുനാമ്പുകളും കുസുമങ്ങളും ഫലങ്ങളും ഉണ്ടാകാൻ നാം അനുവദിക്കണം. ക്രമേണ, മനുഷ്യൻ്റെയും പ്രകൃതിയുടെയും ശാപമായ, ‘യുദ്ധവാസന’ എന്ന ഉള്ളിലെ ‘ഭീകരനെ’ നശിപ്പിക്കാൻ കഴിയും. എങ്കിൽ, സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു പുതുയുഗത്തിലേക്കു കടക്കാൻ നമുക്കു കഴിയും.”
ആധുനികശാസ്ത്രവും മതവും ഒരു ബന്ധവുമില്ലാതെ നിലകൊള്ളുന്ന രണ്ടു കാര്യങ്ങളാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തെ അമ്മ അപലപിച്ചു, ”മതവും ശാസ്ത്രവും കൈകോർത്തു പിടിച്ചു പോകേണ്ടതാണു്. ശാസ്ത്രമില്ലാത്ത മതവും മതമില്ലാത്ത ശാസ്ത്രവും അപൂർണ്ണമാണു്. എന്നാൽ സമൂഹം നമ്മെ മതവിശ്വാസികളായും ശാസ്ത്രവിശ്വാസികളായും വർഗ്ഗ വിവേചനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു”. സത്യത്തിൽ, ശാസ്ത്രവും മതവും നടത്തുന്ന ശ്രമങ്ങൾ സമാനമാണു് എന്നു് അമ്മ പറഞ്ഞു. ഒന്നു്, ബാഹ്യമായ ഗവേഷണശാലയിൽ നടത്തുന്ന പരീക്ഷണവും മറ്റൊന്നു് അവനവൻ്റെ മനസ്സിൽ നടത്തുന്ന പരീക്ഷണവുമാണു്.
”ഈ ദൃശ്യപ്രപഞ്ചത്തിൻ്റെ സ്വഭാവം എന്താണു്? ഇതെങ്ങനെയാണിത്ര താളാത്മകമായി പ്രവർത്തിക്കുന്നതു്? ഇതു് എവിടെനിന്നുണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരുന്നു? ഞാൻ ആരാണു്? ഇത്തരം ചോദ്യങ്ങളാണു് ഋഷികൾ ചോദിച്ചതും ഉത്തരം കണ്ടെത്തിയതും. ഇതു കേവലം മതവിശ്വാസികളുടെ ബുദ്ധിയിൽ ഉദിച്ച ചോദ്യങ്ങളോ അന്വേഷണമോ ആണോ? അമ്മ ചോദിച്ചു. ”യഥാർത്ഥത്തിൽ ഋഷികൾ ശാസ്ത്രജ്ഞന്മാരും മതവിശ്വാസികളും ആയിരുന്നു.” അമ്മ പറഞ്ഞു.
”ചരിത്രത്തിൻ്റെ ഇന്നലെകൾ നമുക്കു പാഠമാകണം. പക്ഷേ, അവിടെ ജീവിക്കരുതു്.” അമ്മ പറഞ്ഞു. ”ശാസ്ത്രത്തിൻ്റെയും ആത്മീയതയുടെയും സങ്കലനം, ഭൂതകാലത്തിൻ്റെ ഇരുണ്ട ഇടനാഴികളിൽനിന്നു ശാന്തിയുടെയും സന്തുലനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രകാശത്തിലേക്കു വരാൻ നമ്മെ സഹായിക്കും.”
ഇന്നു നിലനില്ക്കുന്ന മതസംഘർഷങ്ങളെക്കുറിച്ചും അമ്മ തൻ്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ”ആത്മീയതയും മതതത്ത്വങ്ങളും മനുഷ്യമനസ്സിനു വെളിച്ചം പകർന്നു് അകത്തും പുറത്തും ശാന്തിയും സന്തോഷവും നിറയ്ക്കാനുള്ളതുമാണു്. എന്നാൽ, മനുഷ്യൻ്റെ ഇടുങ്ങിയ ചിന്താഗതിയും അജ്ഞാനവും മതതത്ത്വങ്ങളെ സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയാണിന്നു്. ഹൃദയങ്ങൾ തുറക്കാനുള്ള താക്കോലാണു് ആത്മീയത. എന്നാൽ, വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യൻ അതുപയോഗിച്ചു മനസ്സുകൾ അടച്ചുപൂട്ടുന്ന കാഴ്ചയാണു നാമിന്നു കാണുന്നതു്.”
മനുഷ്യനും പ്രകൃതിയും തമ്മിൽ വർദ്ധിച്ചു വരുന്ന അസന്തുലനവും അതിൻ്റെ പ്രത്യാഘാതങ്ങളായി വരുന്ന ഭൂകമ്പം, സുനാമികൾ, ആഗോള താപനം, കാലാവസ്ഥാമാറ്റം, വരൾച്ച എന്നിവയെക്കുറിച്ചും അമ്മ ആശങ്കാകുലയായി. ”പഴയകാലങ്ങളിൽ പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രത്യേക ആവശ്യമൊന്നുമുണ്ടായിരുന്നില്ല. കാരണം, പ്രകൃതി സംരക്ഷണം ഈശ്വരാരാധനയുടെയും ജീവിതത്തിൻ്റെയും ഒരു ഭാഗംതന്നെയായിരുന്നു. ഈശ്വരനെ സ്മരിക്കുന്നതിലുപരി ജനങ്ങൾ പ്രകൃതിയെയും സമൂഹത്തെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു.
സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെത്തന്നെയായിരുന്നു കണ്ടതു്. ഈശ്വരൻ്റെ സാകാരരൂപമായി പ്രകൃതിയെ കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തു. നമുക്കു് ഈ മനോഭാവത്തെ വീണ്ടും ഉണർത്താം. ഇന്നത്തെ ലോകത്തു മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണി മൂന്നാം ലോകമഹായുദ്ധമല്ല, പ്രകൃതിയുടെ അസന്തുലനവും പ്രകൃതിയിൽ നിന്നു മനുഷ്യൻ വേറിട്ടു പോകുന്നതുമാണു്. പ്രകൃതിയെ പരിപാലിച്ചു സംരക്ഷിക്കുന്നതു് ഓരോ വ്യക്തിയും ഒരു വ്രതമായി, തപസ്യയായി കാണണം.”
മനുഷ്യരാശിയും പ്രകൃതിയുമായുള്ള നഷ്ടപ്പെട്ട സന്തുലനം പുനരുദ്ധാരണം ചെയ്യുന്നതിനു ധാരാളം നിർദ്ദേശങ്ങൾ അമ്മ നല്കുകയുണ്ടായി. ഫാക്ടറികളിൽ മലിനീകരണം തടയുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കാർപൂളിങ് പ്രോത്സാഹിപ്പിക്കുക. ചെറിയ ദൂരങ്ങൾ കാൽനടയായിട്ടോ സൈക്കിളിലോ പോകാൻ തയ്യാറാവുക. ഗൃഹങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുക. ഓരോ വ്യക്തിയും കുറഞ്ഞതു് ഒരു വൃക്ഷത്തൈയെങ്കിലും ഒരു മാസത്തിൽ നട്ടുപിടിപ്പിക്കുക.
”പ്രകൃതിയാണു് നമ്മുടെ ആദ്യത്തെ അമ്മ.” അമ്മ പറഞ്ഞു. ”പെറ്റമ്മ ഏതാനും വർഷങ്ങൾ മാത്രമേ നമ്മെ മടിയിലിരുത്തുകയുള്ളൂ. എന്നാൽ ജീവിതകാലം മുഴുവൻ നമ്മെ മടിയിൽ കിടത്തി നമ്മെ പരിപാലിക്കുന്നവളാണു പ്രകൃതിമാതാവു്. ജന്മം നല്കിയ അമ്മയോടുള്ള കടപ്പാടുപോലെതന്നെ പ്രകൃതിയോടും നമുക്കു് ആദരവും കടപ്പാടും ഉണ്ടാകണം. ഇതു നമ്മൾ ഒരിക്കലും മറക്കരുതു്. പ്രകൃതിയെ മറന്നാൽ മനുഷ്യൻ്റെ നിലനില്പുതന്നെ അപകടത്തിലാകും.”
കാരുണ്യമാണു് എല്ലാ സംഘർഷങ്ങളും അവസാനിക്കാനുള്ള ഏക പോംവഴി എന്നു പ്രഭാഷണത്തിൽ ഉടനീളം അമ്മ ഓർമ്മിപ്പിക്കുകയുണ്ടായി. ”കാരുണ്യം എല്ലാവരിലുമുണ്ടു്. എന്നാൽ അതിനു പ്രകാശിക്കാൻ നമ്മുടെ മനസ്സിൻ്റെ അനുവാദവും അനുഗ്രഹവും വേണം.” വേദനിക്കുന്നവരോടും ദുരിതം അനുഭവിക്കുന്നവരോടും കാരുണ്യം കാട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതെന്നു് അമ്മ സദസ്സിനോടു അപേക്ഷിച്ചു. ”കാരുണ്യത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ എല്ലാവരിലും നിറയട്ടെ. അതു നമ്മെപ്പൊതിയുന്ന അന്ധകാരത്തെ ഇല്ലാതാക്കട്ടെ…” എന്ന സമർപ്പണത്തോടെ അമ്മ തൻ്റെ പ്രഭാഷണം അവസാനിപ്പിച്ചു.