കരിന്‍ സാന്‍ഡ്‌ബെര്‍ഗ്

1991-ല്‍ ഒരു ഭാരതയാത്ര കഴിഞ്ഞു സ്വീഡനിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ സുഹൃത്തു് എന്നെയും ഭര്‍ത്താവു ‘പെര്‍’നെയും അദ്ദേഹത്തിൻ്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ‘അമ്മ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ഗുരുവിനെ കണ്ടുപോലും! അവരെക്കുറിച്ചു പറയാനാണു് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതു്.

ഞാനും എൻ്റെ ഭര്‍ത്താവും ആത്മീയതയില്‍ താത്പര്യമുള്ളവരായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ധ്യാനിക്കാറുണ്ടായിരുന്നു. ബംഗാളിലുണ്ടായിരുന്ന ‘ആനന്ദമയി മാ’ എന്ന ഗുരുവിനോടു് എനിക്കു മാനസികമായി വളരെ അടുപ്പം തോന്നിയിരുന്നു. അവര്‍ ജീവിച്ചിരിപ്പില്ല എന്നതു് എനിക്കു വലിയ സങ്കടമായിരുന്നു. സത്യം പറഞ്ഞാല്‍ എനിക്കു തോന്നിയിരുന്നതു്, യഥാര്‍ത്ഥത്തിലുള്ള ഗുരുക്കന്മാരൊന്നും ഇന്നു ജീവിച്ചിരിപ്പില്ല എന്നാണു്. ‘ആനന്ദമയി മാ’ അല്ലാതെ മറ്റൊരു ഗുരുവിനെക്കുറിച്ചു കേള്‍ക്കാന്‍ എനിക്കു തീരെ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു് അന്നു ഞങ്ങളുടെ സുഹൃത്തു് അമ്മയെക്കുറിച്ചു് എന്താണു പറഞ്ഞതെന്നു് എനിക്കിപ്പോള്‍ ഒരു ഓര്‍മ്മയുമില്ല.

ഞങ്ങള്‍ തിരിച്ചു പുറപ്പെടുന്നതിനു യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം അമ്മയുടെ ഒരു ഫോട്ടോ ഞങ്ങള്‍ക്കു സമ്മാനിച്ചു. എനിക്കതും അത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും മര്യാദയോര്‍ത്തു ഞാനതു വാങ്ങി. അമ്മ ആ ആഗസ്റ്റില്‍ സ്റ്റോക്‌ഹോമില്‍ വരുന്നുണ്ടെന്നു് അദ്ദേഹം പറഞ്ഞപ്പോഴും അമ്മയെ കാണണമെന്നു് ഒരാഗ്രഹവും എനിക്കു തോന്നിയില്ല.

എങ്കിലും ആഗസ്റ്റ് അടുക്കുന്തോറും ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി, ‘ആനന്ദമയി മാ’യെപ്പോലെയുള്ള ഒരു സ്ത്രീയല്ലേ അമ്മയും? ഏതായാലും അമ്മയെ ഒന്നു കണ്ടുകളയാമെന്നു തീരുമാനിച്ചു ഞാനും എൻ്റെ ഭര്‍ത്താവും ജോലിയില്‍നിന്നു ലീവെടുത്തു. ഒരു ആര്‍ട്ട് ഗ്യാലറിയിലാണു ഞാന്‍ ജോലി ചെയ്തിരുന്നതു്. കുറച്ചു കാലമായി നെഞ്ചുവേദനയും ശ്വാസംമുട്ടുംകൊണ്ടു ഞാന്‍ കഷ്ടപ്പെടുകയായിരുന്നു. പലപ്പോഴും ജോലിക്കിടയില്‍ അനങ്ങാതെ നിന്നു ശ്വാസത്തില്‍ ശ്രദ്ധിച്ചാലേ എനിക്കു ശ്വസിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ജോലിയിലെ ആയാസംകൊണ്ടാണു് ഇങ്ങനെ സുഖമില്ലാതാകുന്നതെന്നു് എനിക്കറിയാമായിരുന്നു. അമ്മയെ കാണാന്‍ എന്ന പേരില്‍ കുറച്ചുനാള്‍ ജോലിയില്‍നിന്നു് ഒരു ഒഴിവുമാകുമല്ലോ എന്നാണു ഞാന്‍ ചിന്തിച്ചതു്.

1991 ആഗസ്റ്റ് 14. അന്നാണു് അമ്മ സ്റ്റോക്‌ഹോമില്‍ വരുന്നതു്. അന്നു് ഉണര്‍ന്നെണീറ്റപ്പോള്‍ത്തന്നെ എനിക്കു് എന്തുകൊണ്ടോ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. എൻ്റെ രണ്ടു സഹോദരിമാരോടും അവരുടെ ഭര്‍ത്താക്കന്മാരോടും അമ്മയെക്കുറിച്ചു ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കും ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. അമ്മയെക്കുറിച്ചു കേട്ടപ്പോള്‍ അവരും അമ്മയെ കാണാന്‍ ഞങ്ങളുടെ ഒപ്പം കൂടി. അങ്ങനെ അമ്മയെ കാണാന്‍ ഒരു താത്പര്യവുമില്ലാതിരുന്ന ഞാന്‍ എൻ്റെ ഭര്‍ത്താവിനെയും രണ്ടു സഹോദരിമാരെയും അവരുടെ ഭര്‍ത്താക്കന്മാരെയും കൂട്ടിയാണു് അമ്മയെ കാണാന്‍ പുറപ്പെട്ടതു്. ഞങ്ങള്‍ എത്തിയപ്പോഴേക്കും അമ്മയുടെ പ്രോഗ്രാം നടക്കുന്ന ഹാള്‍ നിറഞ്ഞിരുന്നു. പുറകില്‍ ഒഴിഞ്ഞു കിടന്നിരുന്ന സീറ്റുകളില്‍ ഞങ്ങള്‍ സ്ഥലം പിടിച്ചു.

പെട്ടെന്നു് എല്ലാവരും പാടുന്നതു കേട്ടാണു ഞാന്‍ തിരിഞ്ഞു നോക്കിയതു്. അമ്മ! എത്ര ചെറിയതാണു് അമ്മയുടെ രൂപം. ഒരു റോസാപ്പൂ മാല കഴുത്തിലണിഞ്ഞിട്ടുണ്ടു്. ആരോ അമ്മയുടെ മുന്നില്‍ ആരതി ഉഴിയുകയാണു്. കണ്ണടച്ചു നില്ക്കുന്ന അമ്മ ഈ ലോകത്തിലേ അല്ല എന്നു തോന്നി. ആരതി ഉഴിഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മ കണ്ണു തുറന്നു. എല്ലാവരെയും നോക്കി ചിരിച്ചു. വേഗത്തില്‍ മുന്നോട്ടു നടന്നു.

സ്റ്റേജില്‍ കയറിയ അമ്മ ആദ്യം എല്ലാവരെയും നോക്കി തൊഴുതു, താഴ്ന്നു നമസ്‌കരിച്ചു. അടുത്തതു പ്രഭാഷണമായിരുന്നു. ഒരു ആദ്ധ്യാത്മികജീവിതം നയിക്കേണ്ടതിൻ്റെ പ്രാധാന്യം അമ്മ ഊന്നിപ്പറഞ്ഞു. പിന്നെ അമ്മ ഭജന പാടി. എന്തൊരു ഹൃദയസ്പര്‍ശിയാണു് അമ്മയുടെ ആലാപനം! ഭജന കഴിഞ്ഞപ്പോഴേക്കും ദര്‍ശനം തുടങ്ങി. ഞാന്‍ ഭര്‍ത്താവിൻ്റെയും മൂത്ത സഹോദരിയുടെയും ഒപ്പം ദര്‍ശന ക്യൂവില്‍ സ്ഥലം പിടിച്ചു. സത്യം പറഞ്ഞാല്‍ അമ്മ എന്നെ ആലിംഗനം ചെയ്യുന്നതു് എല്ലാവരും കാണുന്നതില്‍ എനിക്കു ലജ്ജയുണ്ടായിരുന്നു. എന്നാല്‍ അമ്മയുടെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ എല്ലാം മറന്നുപോയി; ആ കണ്ണുകളിലേക്കു വെറുതെയൊന്നു നോക്കിയപ്പോള്‍ത്തന്നെ സന്തോഷംകൊണ്ടു ഞാന്‍ മതിമറന്നു.

പ്രോഗ്രാം കഴിയുന്നതുവരെ ഞങ്ങളവിടെ തങ്ങി. എല്ലാം കഴിഞ്ഞു രാത്രിതന്നെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. അമ്മയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. വലിയ ഉല്ലാസത്തോടെയാണു ഞങ്ങള്‍ വണ്ടിയോടിച്ചു തിരിച്ചുവന്നതു്. കാറില്‍വച്ചു ഞാന്‍ അദ്ഭുതത്തോടെ ഓര്‍ത്തു, തലവേദനയോ, ശ്വാസംമുട്ടലോ ഒന്നും എന്നെ ശല്യപ്പെടുത്തുന്നില്ല.

അമ്മയുടെ പ്രോഗ്രാം ഒട്ടും നഷ്ടപ്പെടുത്തരുതെന്നോര്‍ത്തു്, അടുത്ത ദിവസം രാവിലെത്തന്നെ ഞങ്ങള്‍ വീണ്ടും ഹാളിലെത്തി. അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാമെന്നു് അപ്പോഴാണു ഞാന്‍ മനസ്സിലാക്കിയതു്. എൻ്റെ ജോലി സ്ഥലത്തെ പ്രശ്‌നത്തെക്കുറിച്ചു് അമ്മയോടു ചോദിക്കാമെന്നു ഞാന്‍ തീരുമാനിച്ചു. എൻ്റെ അഭിപ്രായത്തില്‍ എൻ്റെ ബോസ് ഒരു ദുഷ്ട സ്ത്രീയായിരുന്നു. അവരുടെ കീഴില്‍ ജോലി ചെയ്യുന്നതു് എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു.

ഞാന്‍ ദര്‍ശനലൈനില്‍ നിന്നു. അമ്മയുടെ മുന്നിലെത്തിയപ്പോള്‍ അമ്മയോടു് എന്നെ സഹായിക്കണമെന്നു് അപേക്ഷിച്ചു. ”അമ്മേ, എൻ്റെ ബോസ് ഒരു ചീത്ത സ്ത്രീയാണു്, എനിക്കു് അവരുടെ കീഴില്‍ ജോലിചെയ്യാന്‍ തീരെ ഇഷ്ടമല്ല” ഞാന്‍ പറഞ്ഞു. പക്ഷേ, ഞാന്‍ പ്രതീക്ഷിച്ച ഉത്തരമല്ല അമ്മയില്‍നിന്നു കിട്ടിയതു്. അമ്മ പറഞ്ഞു, ”മോളേ, നമ്മുടെ മനോഭാവം ശരിയായിരിക്കണം, നമ്മള്‍ ക്ഷമയോടെയിരിക്കണം. ആരോടും വിദ്വേഷമോ, അസൂയയോ പാടില്ല. നമ്മള്‍ മാറിയാല്‍ മറ്റുള്ളവരും മാറും. നല്ലതോ, ചീത്തയോ എന്തുമുണ്ടാകട്ടെ, എല്ലാത്തിനും ഈശ്വരനോടു നന്ദിയുണ്ടായിരിക്കണം. അമ്മ മോള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.”

ഇത്രയും പറഞ്ഞുകൊണ്ടു് അമ്മ ഞാന്‍ കൊടുത്ത വെള്ളി ബ്രേസ്‌ലറ്റ് അനുഗ്രഹിച്ചു് എൻ്റെ കൈയിലണിയിച്ചു തന്നു. ദര്‍ശനത്തിനുശേഷം അമ്മ ”രാമാ രാമാ രാം സീതാ രാം രാം രാം” എന്ന ഭജന പാടി കൈമണിയും കൊട്ടി എല്ലാവരുടെയും ഇടയില്‍ നൃത്തം ചെയ്തു. എല്ലാവരും അമ്മയെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അന്നു വൈകുന്നേരം ഞാന്‍ വീണ്ടും ദര്‍ശനത്തിനു പോയി. അമ്മയുടെ മടിയില്‍ കിടന്നപ്പോള്‍ എനിക്കു മനസ്സിലായി: ഇതാണു് എൻ്റെ ഗുരു, എന്നെ നേര്‍വഴിക്കു നയിക്കുന്നവള്‍, എന്നെ എപ്പോഴും കാത്തു രക്ഷിക്കുന്നവള്‍, എൻ്റെ എല്ലാ കര്‍മ്മങ്ങളും ഏറ്റെടുക്കാന്‍ കെല്പുള്ളവള്‍. ആ രണ്ടു ദിവസത്തിനുള്ളില്‍ അമ്മയെ അകമഴിഞ്ഞു സ്നേഹിക്കാനും അമ്മയില്‍ ശരണാഗതി അടയാനും എനിക്കു കഴിഞ്ഞു.

ദര്‍ശനത്തിനുശേഷം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. എനിക്കമ്മയെ കണ്ടുകൊണ്ടിരിക്കണം. അമ്മയെ വിട്ടു പോരുവാന്‍ കഴിയുന്നില്ല. അമ്മ വളരെ പ്രധാനപ്പെട്ടതെന്തോ ചെയ്യുകയോ പറയുകയോ ചെയ്യുമെന്നെനിക്കു തോന്നി. അതുകൊണ്ടു് അമ്മയില്‍നിന്നും ദൃഷ്ടിമാറ്റാതെ ഞാന്‍ അമ്മയെത്തന്നെ നോക്കിയിരുന്നു. പെട്ടെന്നു് അമ്മ തിരിഞ്ഞു് എൻ്റെ കണ്ണിലേക്കു നോക്കി. അമ്മയുടെ കണ്ണില്‍നിന്നു് ഒരു പ്രകാശരശ്മി വന്നു് എൻ്റെ കണ്ണുകളില്‍ പതിച്ചുവോ? എൻ്റെ ശരീരത്തിലെ ഓരോ സെല്ലിലും അമ്മയുടെ പ്രേമവും പ്രകാശവും വന്നു നിറയുന്നതായി എനിക്കു തോന്നി.

അന്നത്തെ പ്രോഗ്രാം കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ ഞാന്‍ പോകാനെഴുന്നേറ്റു. വീട്ടിലെത്തിയപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചതു്, എൻ്റെ ശ്വാസംമുട്ടും നെഞ്ചുവേദനയുമെല്ലാം പാടെ മാറിയിരിക്കുന്നു. മനസ്സിനു നല്ല ശാന്തി. ഉള്‍ത്തടം അമ്മയുടെ പ്രേമംകൊണ്ടു നിറഞ്ഞിരിക്കുന്നു.

അമ്മയുടെ പ്രോഗ്രാമിൻ്റെ അവസാനദിനമായ മൂന്നാമത്തെ ദിവസം. അന്നും ഞങ്ങള്‍ നേരത്തെ ഹാളിലെത്തി. അമ്മയുടെ സാന്നിദ്ധ്യത്തില്‍ എല്ലാവരും ധ്യാനിച്ചു. അമ്മ കൂടെയുണ്ടെങ്കില്‍ ധ്യാനിക്കാനെളുപ്പമാണു്. മനസ്സു് തിരയടങ്ങിയ കടല്‍ പോലെ എളുപ്പം ശാന്തമാകും. ഞാന്‍ വളരെ സമയം ധ്യാനിച്ചിരുന്നു. അമ്മ പിന്നെ പതിവുപോലെ ഞങ്ങളുടെ കൂടെ നൃത്തം വച്ചു. ഞാന്‍ ഈശ്വരൻ്റെ കൂടെ നൃത്തം ചെയ്യുന്നുവല്ലോ എന്നാണു ഞാന്‍ ചിന്തിച്ചതു്.

അന്നു വൈകുന്നേരം അമ്മ തിരിച്ചു പോകാനായി ഹാളില്‍ നിന്നു് ഇറങ്ങിയപ്പോഴാണു് അമ്മ പോവുകയാണല്ലോ എന്നു ഞാനോര്‍ത്തതു്. ഭ്രാന്തു പിടിച്ചവളെപ്പോലെ ഞാന്‍ അമ്മയുടെ പുറകെ ഓടി. അമ്മയില്ലാതെ എങ്ങനെ ജീവിക്കും എന്നാണു ഞാന്‍ ഓര്‍ത്തതു്. അമ്മ കാറില്‍ കയറി കഴിഞ്ഞിരുന്നു. കാറിലെ ജനലിൻ്റെ ചില്ലുകള്‍ താഴ്ത്തി അമ്മ കൈ പുറത്തേക്കിട്ടു, എൻ്റെ കൈയില്‍ മൃദുവായി ഒന്നു തലോടി, കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചു, സാവധാനം ദൂരെ മറഞ്ഞുപോയി.

എൻ്റെ ജീവൻ്റെ ഗതിതന്നെ മാറ്റിമറിച്ച മൂന്നു ദിവസങ്ങള്‍. ആ ദിവസങ്ങളെക്കുറിച്ചുള്ള സ്മരണ മായാതിരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഉടന്‍ത്തന്നെ ഞാനൊരു നോട്ടുബുക്കു വാങ്ങി എൻ്റെ അനുഭവങ്ങളൊക്കെ അതില്‍ കുറിച്ചിട്ടു. ഇതും എനിക്കു പുതിയതായിരുന്നു. ഇതിനു മുന്‍പു് ഒരിക്കലും ഞാന്‍ ഡയറി എഴുതി സൂക്ഷിച്ചിട്ടില്ല.

അമ്മയെക്കുറിച്ചുള്ള സ്മരണ അടുത്ത ദിവസങ്ങളില്‍ എന്നെ വല്ലാതെ അലട്ടി. പ്രോഗ്രാം സ്ഥലത്തുനിന്നു ഞാന്‍ കുറച്ചു പുസ്തകങ്ങളും ടേപ്പുകളും വാങ്ങിയിട്ടുണ്ടായിരുന്നു. ഞാന്‍ എന്നും അതില്‍നിന്നും ഒരു പുസ്തകം എടുത്തു കുറച്ചു വായിക്കും; എന്നിട്ടു കണ്ണടച്ചു് അമ്മയുടെ സ്മരണയില്‍ മുഴുകും. അടുത്ത വര്‍ഷം അമ്മയെ കാണുന്നതുവരെ തീര്‍ന്നുപോകരുതെന്നു കരുതി, പുസ്തകം ഞാന്‍ കുറച്ചേ വായിച്ചിരുന്നുള്ളൂ. അമ്മയുടെ ഭജനകള്‍ എന്നും ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. അടുത്ത ഒരു വര്‍ഷം അതു മാത്രമായിരുന്നു എനിക്കൊരാശ്വാസം.

എൻ്റെ ഭര്‍ത്താവിനും അമ്മയെ കാണാതെയുള്ള നഷ്ടബോധമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ വിഷമിച്ചതുപോലെ അദ്ദേഹം വിഷമിച്ചില്ല. എൻ്റെ സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും അമ്മയെ ഇഷ്ടമായി. എന്നാല്‍ അവരുടെ ഭക്തി സാവധാനമാണു വളര്‍ന്നതു്. അമ്മയെ ഗുരുവായി കാണാനും അമ്മയില്‍ എല്ലാം സമര്‍പ്പിക്കുവാനും അവര്‍ക്കു സമയമെടുത്തു. എന്നാല്‍ ഇന്നു് അവരും അമ്മയെ കാണാനുള്ള ഒരു അവസരവും പാഴാക്കാറില്ല.

ഗുരുവായി ആത്മീയപുരോഗതിയില്‍ അമ്മ എങ്ങനെയാണു് എന്നെ സഹായിച്ചതു് എന്നോര്‍ക്കുമ്പോള്‍ എനിക്കു് അദ്ഭുതമാണു്. ലോകം മുഴുവന്‍ അമ്മ സഞ്ചരിക്കുന്നു, കോടിക്കണക്കിനു് ആളുകളെ കാണുന്നു, ലക്ഷക്കണക്കിനു് ആളുകള്‍ക്കു മന്ത്രം കൊടുക്കുന്നു; ഇവരെയെല്ലാം അമ്മ ഹൃദയത്തിലെടുത്തിരിക്കുന്നു. എന്നിട്ടും അവരിലൊരാളായ എൻ്റെ മനസ്സിലെ ഓരോ ചിന്തകളും അമ്മ അറിയുന്നു, ഉള്ളിലേക്കു തിരിയാന്‍ എന്നെ സഹായിക്കുന്നു. എൻ്റെ ചിന്തകളെയും കര്‍മ്മങ്ങളെയും കുറിച്ചു് എന്നെ ബോധവതിയാക്കുന്നു.

അമ്മ സ്വീഡനില്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ അമ്മയെ കാണാന്‍ പോകാറുണ്ടു്. അതു മതിയാകാതെ നാലു പ്രാവശ്യം ഞങ്ങള്‍ ഭാരതത്തിലേക്കു പോയി, അമ്മയുടെ ആശ്രമത്തില്‍ കുറച്ചു ദിവസങ്ങള്‍ താമസിച്ചു. അമ്മയുടെ ആശ്രമത്തില്‍ താമസിക്കുക എന്നു വച്ചാല്‍ സ്വന്തം വീട്ടില്‍ താമസിക്കുന്നതുപോലെയാണു ഞങ്ങള്‍ക്കു്. സ്ഥിരമായി അമ്മയുടെ കൂടെ ആശ്രമത്തില്‍ താമസിക്കാന്‍ പറ്റണേ എന്നാണു ഞങ്ങളിപ്പോള്‍ അമ്മയോടു പ്രാര്‍ത്ഥിക്കുന്നതു്.