അമ്മ സേവനത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു് എന്തിനാണു്? തപസ്സും സാധനയുമല്ലേ പ്രധാനം എന്നു പലരും ചോദിക്കാറുണ്ടു്. മക്കളേ, തപസ്സും സാധനയും വേണ്ടെന്നു് അമ്മ ഒരിക്കലും പറയുന്നില്ല.

തപസ്സു് ആവശ്യംതന്നെ. സാധാരണക്കാരന്‍ ഒരു ഇലക്ട്രിക്ക്‌ പോസ്റ്റാണെങ്കില്‍ തപസ്വി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പോലെയാണു്. അത്രയും കൂടുതല്‍ പേര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനു വേണ്ടത്ര ശക്തി തപസ്സിലൂടെ നേടാന്‍ കഴിയും. എന്നാല്‍ പത്തറുപതു വയസ്സായി, ശക്തിയും ആരോഗ്യവും നശിക്കുമ്പോള്‍ ആരംഭിക്കേണ്ട കാര്യമല്ല അതു്. നല്ല ആരോഗ്യവും ഉന്മേഷവും ഉള്ളപ്പോള്‍തന്നെ വേണം, തപസ്സു ശീലിക്കാന്‍.

തപസ്സു ചെയ്യാന്‍ നാടും വീടും ഉപേക്ഷിച്ചു ഹിമാലയത്തിലേക്കു പോകേണ്ട ആവശ്യവുമില്ല. അതു് ഇവിടെ സമൂഹത്തില്‍ ഇരുന്നുകൊണ്ടുതന്നെ അഭ്യസിക്കണം. എന്നാല്‍ തപസ്സിലൂടെ നേടുന്ന ആ ശക്തികൂടി ലോകത്തിനു സമര്‍പ്പിക്കുന്നവനെ മാത്രമേ യഥാര്‍ത്ഥ ആദ്ധ്യാത്മികജീവി എന്നുപറയാന്‍ പറ്റൂ. സ്വയം പുകഞ്ഞു മറ്റുള്ളവര്‍ക്കു പരിമളം നല്കുന്ന ഒരു ചന്ദനത്തിരി ആയിത്തീരാനാണു് ആദ്ധ്യാത്മികത ഉപദേശിക്കുന്നതു്.

മറിച്ചു്, സ്വത്തും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു് ഏതെങ്കിലും ഗുഹയില്‍ പോയിരുന്നു തപസ്സു് ചെയ്യുന്നവന്‍ കൊടുംകാട്ടിനുള്ളിലെ തടാകം പോലെയാണു്. അതിലെ വെള്ളം ആര്‍ക്കും പ്രയോജനപ്പെടുന്നില്ല. അതില്‍ വിരിയുന്ന താമരയുടെ സൗന്ദര്യവും സൗരഭ്യവുംകൊണ്ടു് എന്തു പ്രയോജനം?

പണ്ടുള്ളവര്‍ ധ്യാനത്തിനായി ഹിമാലയത്തില്‍ പോയിരുന്നു എന്നതു ശരിതന്നെ. പക്ഷേ, അവര്‍ ത്യാഗപൂര്‍ണ്ണമായ ഗൃഹസ്ഥാശ്രമം കഴിഞ്ഞു പക്വതയും മനഃശുദ്ധിയും നേടി, സ്വത്തെല്ലാം ഉപേക്ഷിച്ച ശേഷമാണു് അങ്ങനെ ചെയ്തതു്. അന്നത്തെ അന്തരീക്ഷം തപസ്സിനു് അനുകൂലമായിരുന്നു. അന്നത്തെ ജനങ്ങള്‍ ധര്‍മ്മ ബോധം ഉള്‍ക്കൊണ്ടവരായിരുന്നു. ഭരണാധികാരികള്‍ സത്യസന്ധരായിരുന്നു.

ഗൃഹസ്ഥാശ്രമികള്‍ ഈശ്വരസാക്ഷാത്കാരം ലക്ഷ്യമാക്കിയാണു ജീവിച്ചതു്. എന്നാല്‍ ഇക്കാലത്തു് ജനങ്ങള്‍ സ്വാര്‍ത്ഥമതികളാണു്. ഇന്നു ഗൃഹസ്ഥരേയുള്ളൂ, ഗൃഹസ്ഥാശ്രമികളില്ല. നിഷ്‌കാമസേവനം എന്തെന്നുതന്നെ അവര്‍ക്കറിയില്ല. അതിനാല്‍ ഇക്കാലത്തു സാധനയും തപസ്സുമുള്ള ആദ്ധ്യാത്മികജീവികള്‍ വേണം നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃക ലോകത്തിനു കാട്ടുവാന്‍.

യഥാര്‍ത്ഥത്തില്‍ അവര്‍ക്കു മാത്രമേ തീര്‍ത്തും നിഷ്‌കാമമായി ലോകത്തെ സേവിക്കുവാന്‍ കഴിയുകയുള്ളൂ. നിഷ്‌കാമമായ സേവനം ആത്മസാക്ഷാത്കാരത്തിനുള്ള ഒരു സാധനതന്നെ. യഥാര്‍ത്ഥ ഈശ്വരപൂജയാണതു്. നമ്മളിലെ സ്വാര്‍ത്ഥതയെ ലോകത്തിനു സമര്‍പ്പിക്കുന്നതിലൂടെ ആത്മാവിലേക്കുള്ള പാതയാണു തെളിയുന്നതു്.