മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിക്കണം എന്നാണു് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനുവേണ്ടി അവര്‍ മക്കളെ നല്ല സ്‌കൂളില്‍ വിടുന്നു, നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നു, ശാസിക്കുന്നു, വേണ്ടി വന്നാല്‍ ശിക്ഷിക്കുന്നു. പണം ഒരു പ്രശ്‌നമാക്കാതെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മക്കള്‍ അച്ഛനമ്മമാരുടെ അഭിമാനമായി വളര്‍ന്നു വരും എന്നാണു് ഈ ‘ഇന്‍വെസ്റ്റ് മെൻ്റിൻ്റെ’ പിന്നിലെ വികാരം. സ്വാര്‍ത്ഥതയില്‍ അടിസ്ഥാന പ്പെടുത്തിയ ബന്ധങ്ങളാണു മിക്കതും എന്നതാണു സത്യം.

നല്ല നിലയില്‍ പഠിച്ചു വലിയ ശമ്പളവും ജോലിയുമൊക്കെ നേടിയാല്‍ മിഷന്‍ സക്‌സസ്! ആഗ്രഹപ്രകാരം ഉള്ള വിവാഹവുംകൂടി ആയാല്‍ ബഹു സന്തോഷം. ഇതൊക്കെ കൃത്യമായി നടന്നില്ലെങ്കില്‍ മക്കളുടെ കാര്യം കഷ്ടമാണു്. ഇതിലേറെ അപകടം, അയല്‍വാസിയാണു്. അയല്‍വാസിയുടെ മകൻ്റെ മാര്‍ക്കും റാങ്കും ചൂണ്ടിക്കാട്ടി സ്വന്തം മകനെ പ്രകോപിപ്പിക്കുന്ന താണു മിക്ക അച്ഛനമ്മമാരുടെയും പ്രധാന ഹോബി. സുഹൃദ്ബന്ധങ്ങള്‍ ക്കിടയില്‍ വാശിയും മാത്സര്യവും കുത്തി നിറയ്ക്കുന്നതില്‍ രക്ഷിതാക്കള്‍ക്കു് ഒരു പ്രത്യേക സന്തോഷംപോലെ. ഇത്തരം ലീലാവിലാസങ്ങള്‍ നമ്മുടെ നാട്ടിലേ നടക്കൂ!

പാശ്ചാത്യലോകത്തു്, പൊടിപ്പിള്ളാരുടെ അധികാരങ്ങളും അവകാശങ്ങളും എന്തൊക്കെയാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി നമ്മുടെ മക്കളോ? പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഡോക്ടറേറ്റ് വരെ അച്ഛനമ്മമാരുടെ ചെലവില്‍ കഴിക്കുന്നു. (പാശ്ചാത്യലോകത്തു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം അദ്ധ്വാനിച്ചു നേടണം എന്നാണു്. ചിറകു വിരിക്കാറാകുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഉദാത്തചിന്തകള്‍ ബാധിച്ചു് അക്ഷരാര്‍ത്ഥത്തില്‍ വീടുവിട്ട പോലെ ഇഷ്ടാനുസരണം ജീവിക്കുന്നു!

വേറെ ചില മക്കളുണ്ടു്: ഒരിക്കലും അച്ഛനമ്മമാരെ വിട്ടു പോകില്ല. സ്നേഹം മൂത്തിട്ടല്ല കേട്ടോ. അസുഖക്കാരിയും അവശയുമായ, പ്രായമായ പെറ്റമ്മയുടെ ചെലവില്‍ നിര്‍ലജ്ജം ജീവിക്കുന്ന പത്തുനാല്പതു വയസ്സായ തടിമാടന്മാര്‍ ഉള്ള നാടാണു് ഇതു്. മദ്യപിച്ചു സുഖിച്ചു ജീവിതം തള്ളിവിടുന്ന ഇത്തരം മഹാന്മാര്‍ നമ്മുടെ നാട്ടിലല്ലാതെ എവിടെ കാണും? ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ ജീവിതം തള്ളി നീക്കുന്നവര്‍. ഇത്തരക്കാരുടെ എണ്ണവും കൂടി വരുന്നുണ്ടു്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള, ഏറെക്കുറെ പ്രത്യക്ഷത്തില്‍ അറിയുന്നതുമായ പ്രശ്‌നങ്ങളെക്കാള്‍ ഇന്നു് ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണു് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ. ഇതിനെ ചിലര്‍ ജനറേഷന്‍ഗ്യാപ് എന്നു പറഞ്ഞു് ആശ്വസിക്കും. ഒരേപോലെ ചിന്തിക്കാനാവാത്തവിധം കാലം അവര്‍ക്കിടയില്‍ കിടങ്ങു തീര്‍ത്തിരിക്കുന്നു. പ്രായം രക്ഷിതാക്കളെയും മക്കളെയും ഏറെ അകറ്റിയിരിക്കുന്നു എന്നു സാരം. സ്വന്തം കുട്ടിക്കാലത്തു ചെയ്തതും പറഞ്ഞതും ഒക്കെ മക്കളിലൂടെ കാണുമ്പോള്‍ അവയുമായി പൊരുത്തപ്പെടാന്‍ കാലവും പ്രായവും അനുവദിക്കുന്നില്ല. അവര്‍ക്കൊരു ‘മീറ്റിങ് ഗ്രൗണ്ട്’ ഇല്ല.

നീറുന്ന ഇത്തരം കുടുംബ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഒന്നടങ്കം അലോസരം ഉണ്ടാക്കുന്നുണ്ടു്. ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി പുതിയ ഒരു ഒറ്റമൂലി ഇറങ്ങിയിട്ടുണ്ടു്, കൗണ്‍സലിങു്. അതോടെ എല്ലാ പ്രശ്‌നങ്ങളും ആവിയായി പോകുമത്രെ! എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ മനുഷ്യൻ്റെ ആകെത്തുകയില്‍ നിന്നു് വേറിട്ടു കാണാന്‍ കഴിയില്ല എന്നതാണു സത്യം.

ഓരോരോ പ്രശ്‌നത്തിനും പ്രത്യേകം പ്രത്യേകം ചികിത്സയും ഉപദേശവും മരുന്നും ഒന്നും ഇല്ല. മനസ്സു് എന്നതു വളരെ ഏറെ സങ്കീര്‍ണ്ണമാണു്. മനുഷ്യ മനസ്സു് സ്വിച്ചിട്ടാല്‍ കത്തുന്ന ബള്‍ബുപോലെയല്ല.ഒരു വ്യക്തി ആകെത്തുക ആയി ആര്‍ജ്ജിക്കുന്ന അടിസ്ഥാന പരമായ മൂല്യങ്ങള്‍ തന്നെയാണു് അവനെ കുടുംബത്തിലും സമൂഹത്തിലും ജീവിക്കാന്‍ പ്രാപ്തനാക്കുന്നതു്.

ആത്മീയമായ അവബോധമുള്ള വ്യക്തിയും അയാളുടെ കുടുംബവും സച്ചിന്തകളും സത്സംഗവുംകൊണ്ടു് ഉളവാകുന്ന സ്വാഭാവികമായ ഒരു താളം കൈവരിച്ചിരിക്കും. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നല്ല. അസ്വാരസ്യങ്ങള്‍ പ്പോലും സ്വാഭാവികവും സ്വയം അലിഞ്ഞു് ഇല്ലാതാകുന്നവയുമായിരിക്കും. അടിസ്ഥാനപരമായ നന്മ എന്ന മൂല്യം ആത്മീയപാതയില്‍ ചരിക്കുന്ന ഒരുവനു് ഉണ്ടാവും.

ഈ നന്മ പോലും ആപേക്ഷികമാണു്. എന്നിരുന്നാല്‍ത്തന്നെയും സഹവര്‍ ത്തിത്വത്തിൻ്റെയും സമഭാവത്തിൻ്റെയും ഒരു താളം കാണും. അതാണു ജീവിതതാളം എന്നു പറയുന്നതു്. അമിതമായ ആഗ്രഹങ്ങളും ഈര്‍ഷ്യയും മാത്സര്യവും ഒക്കെ ഈ താളത്തെ തെറ്റിക്കുന്നവയാണു്. അമ്മ പറയാറുള്ള ആത്മീയതകൊണ്ടു് ‘എയര്‍ കണ്ടീഷന്‍’ ചെയ്ത മനസ്സുള്ളവര്‍ക്കു് ഈ താളം അധികമൊന്നും തെറ്റാറില്ല.

എത്ര കാറ്റടിച്ചാലും ശക്തമായ നങ്കൂരം ഉണ്ടെങ്കില്‍ കപ്പല്‍ ഒഴുക്കില്‍ നഷ്ടപ്പെടില്ല എന്നപോലെ. പുറം കടലിലെ കാഴ്ചകള്‍ കണ്ടു്, അതില്‍ ഭ്രമിച്ചു് എങ്ങോട്ടെങ്കിലും ഒഴുകിപ്പോകും എന്നു തോന്നുമ്പോള്‍ കടലിൻ്റെ മാറിലേക്കു് ഉറപ്പിച്ചു നിര്‍ത്തുന്നതു ഗുരുവെന്ന നങ്കൂരമാണു്. ചിലര്‍ മക്കള്‍ക്കു വാരിക്കോരി സ്നേഹം നല്കും. മൂല്യങ്ങളില്ലാത്ത സ്നേഹം മാത്രം നല്കിയിട്ടു് എല്ലാം ആയെന്നു കരുതും. എന്നാല്‍, ലൗകികമായ സ്നേഹവും സ്വാര്‍ത്ഥതയുടെ ഒരു പരിച്ഛേദംതന്നെയാണു്.

സത്യം, ധര്‍മ്മം, നീതി, ദയ, കരുണ, കടമ ഇവയൊന്നും ഇല്ലാതെ അന്ധമായ ‘സ്നേഹം’ നല്കി മക്കളെ വഷളാക്കിയ കേസുകള്‍ അനവധി. സ്നേഹം മാത്രം നല്കി വളര്‍ത്തിയ മക്കള്‍ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോള്‍ നമ്മുക്കു വ്യക്തമായും അറിയാന്‍ സാധിക്കും ആ സ്നേഹം ഊട്ടി വളര്‍ത്തിയതു സ്വാര്‍ത്ഥതയെയാണു് എന്നു്. ആത്മീയതയില്‍ നങ്കൂരമിട്ട സ്നേഹമാണു കുട്ടികള്‍ക്കു നല്‌കേണ്ടതു് എന്നു സാരം. മക്കള്‍ നന്നായി വരണമെങ്കില്‍ രക്ഷിതാക്കള്‍ നല്ലവരായിരിക്കണം. അവര്‍ ചൊല്ലി വളര്‍ത്തുമ്പോലെയാണല്ലോ മക്കള്‍ വളരുന്നതു്.

വളര്‍ത്തുദോഷം എന്നതു് ഒരു മഹാദോഷംതന്നെയാണു്. വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ കാട്ടുന്ന നന്ദികേടും ക്രൂരതയും ഒക്കെ ഒരളവുവരെ രക്ഷിതാക്കള്‍ പണ്ടെങ്ങോ പഠിപ്പിച്ചതുതന്നെയായിരിക്കും! പൊതുവെ ക്രൂരതയും സ്വാര്‍ത്ഥതയും ആക്രാന്തവും മുഖമുദ്രയായിട്ടുള്ള ഒരുവന്‍ മക്കളിലേക്കും അതുതന്നെ പകര്‍ന്നു നല്കാന്‍ ശ്രമിക്കും. അറിഞ്ഞോ അറിയാതെയോ അതു സംഭവിക്കുകതന്നെ ചെയ്യും. രക്ഷിതാക്കള്‍ നന്നായില്ലെങ്കില്‍ മക്കള്‍ നന്നാവാന്‍ ബുദ്ധിമുട്ടാണു്. നല്ല രക്ഷിതാക്കള്‍ ആകണമെങ്കില്‍ അവര്‍ ആദ്യം നല്ല മനുഷ്യരാവണം. നേരത്തെ പറഞ്ഞപോലെ, രക്ഷിതാവിൻ്റെ റോള്‍ നിറവേറ്റാന്‍ മാത്രമായി നന്മയുടെ മൂടുപടം കിട്ടില്ല.

അമ്മയുടെ മക്കള്‍ അവരുടെ മക്കളെ വളര്‍ത്തുമ്പോള്‍ സ്നേഹത്തിൻ്റെ ഒരു നങ്കൂരം അവരിലൂടെ ഉറപ്പിക്കപ്പെടുകയാണു്. അമ്മയില്‍നിന്നു വഴിഞ്ഞൊഴുകുന്ന ആ പ്രേമം മക്കളിലേക്കു ധര്‍മ്മബോധം ഉണര്‍ത്തിയാണു് എത്തുന്നതു്. കര്‍മ്മധീരന്മാരെയാണു് അമ്മ സൃഷ്ടിക്കുന്നതു്. കഴിഞ്ഞ അന്‍പത്തിയൊന്‍പതു വര്‍ഷമായി ഈ ഭൂമിയില്‍ അമ്മയുടെ സാന്നിദ്ധ്യം നമ്മള്‍ അറിയുന്നു. ഗുരുവായും അമ്മയായും ദൈവമായും ഭക്തരുടെ ഹൃദയത്തിലേക്കു് ഇറങ്ങിച്ചെല്ലുന്ന ബന്ധം.

ആ ബന്ധത്തിലൂടെ കാരുണ്യവും സ്നേഹവും ഉണര്‍ത്തി ഓരോ വ്യക്തിയെയും അവൻ്റെ ജന്മവാസനകള്‍ക്കനുസൃതമായി ഏറ്റവും ‘നല്ല’ ഒരുവനായി മാറ്റുന്ന കാഴ്ച നമുക്കു കാണാന്‍ സാധിക്കും. പോത്തുപോലെ വലിയ മക്കളുള്ള അച്ഛനമ്മമാര്‍പോലും അമ്മയുടെ മുന്‍പില്‍ പിഞ്ചു കുഞ്ഞുങ്ങളാവുമ്പോള്‍ അവരിലെ ബാല്യവും നിഷ്‌കളങ്കതയും മടങ്ങിവരികയായി. അവരുടെ മക്കളും തഥൈവ. പേരക്കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും അതേ സമഭാവത്തില്‍ ഒരുമിച്ചു് ആറാടി നില്ക്കുകയായി. ദര്‍ശനസമയത്തു് ഏറ്റവും കൗതുകമുളവാക്കുന്ന ദൃശ്യം! എല്ലാവരും കൊച്ചു കുഞ്ഞുങ്ങളായാല്‍ പിന്നെ എന്തു ജനറേഷന്‍ ഗ്യാപ്?

പ്രശാന്ത് IAS