ഇന്നു് നമുക്കു ബാഹ്യകാര്യങ്ങളിലാണു ശ്രദ്ധ കൂടുതലും. ആന്തരികദൃഷ്ടി ഇല്ലെന്നുതന്നെ പറയാം. പത്താംക്ലാസ്സുവരെ കുട്ടികൾക്കു കളികളിലാണു താത്പര്യം. ആ സമയം അച്ഛനമ്മമാരോടുള്ള ഭയം കൊണ്ടാണവർ പഠിക്കുന്നത്. പിന്നീടു് ലക്ഷ്യബോധം വരുമ്പോൾ റാങ്കു മേടിക്കണം, എഞ്ചിനീയറാകണം തുടങ്ങിയ ആഗ്രഹങ്ങൾ വരുമ്പോൾ ഒരു പ്രേരണയും കൂടാതെ അവർ പഠിക്കുന്നു.
ഇന്നു നമുക്കു ലക്ഷ്യമുണ്ടെങ്കിലും വാസനകളുടെ ആധിക്യം മൂലം മനസ്സു വഴുതിപ്പോകുന്നു. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ സദ്ഗുരുവില്ലാതെ പറ്റില്ല. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ ആരുടെയും ആവശ്യമില്ല. തന്നിൽത്തന്നെയുള്ള ഗുരു ഉണർന്നു കഴിഞ്ഞു.
കാണാതെ പഠിച്ച സ്തുതി കുറെ ദിവസം കഴിഞ്ഞു മറന്നാൽ ആരെങ്കിലും അതിൻ്റെ ആദ്യാക്ഷരം ഓർമ്മപ്പെടുത്തുമ്പോൾ എല്ലാം ഓർത്തുചൊല്ലുവാൻ സാധിക്കുന്നു. അതുപോലെതന്നെ എല്ലാ ജ്ഞാനവും നമ്മളിൽത്തന്നെ ഉണ്ടെങ്കിലും ഗുരു അതിനെക്കുറിച്ചു നമ്മളെ ഓർമ്മപ്പെടുത്തുന്നു. മറവിയിൽ ഇരിക്കുന്നതിനെ ഉണർത്തിത്തരുന്നു.
‘ഗുരു വേണ്ടാ’ എന്നു പറയുമ്പോൾത്തന്നെ അവിടെ ഗുരു വന്നു കഴിഞ്ഞു. അങ്ങനെ പറഞ്ഞു തരുവാൻ ഒരാളു വേണ്ടിവന്നില്ലേ? നമ്മുടെ അജ്ഞതയെ നീക്കിത്തരുന്നയാളാണു ഗുരു. വേണ്ടത്ര അന്തഃകരണശുദ്ധി ആയിട്ടില്ലെങ്കിൽ കുറേക്കാലം ഗുരുവിന്റെ ശിക്ഷണത്തിൽ കഴിയേണ്ടതും ആവശ്യമാണു്.
പാടാൻ കഴിവുണ്ടെങ്കിലും ഒരാളിൽനിന്നു സംഗീതം അഭ്യസിക്കുമ്പോഴാണു് ആ കഴിവു് ശരിയായ രീതിയിൽ പ്രകാശിപ്പിക്കുവാൻ കഴിയുന്നത്. സാധാരണ ഗുരുക്കന്മാർക്കു് ആദ്ധ്യാത്മികോപദേശങ്ങൾ നല്കാൻ മാത്രമേ കഴിയുകയുള്ളൂ. എന്നാൽ പരമതത്ത്വത്തെ സാക്ഷാത്കരിച്ച സദ്ഗുരുക്കന്മാർ ശിഷ്യരിലേക്കു തങ്ങളുടെ ആത്മീയശക്തികൂടി പകരുന്നു. ഇതുമൂലം ശിഷ്യനു വേഗം ലക്ഷ്യത്തിലെത്താൻ സാധിക്കുന്നു. ആമ ചിന്തകൊണ്ടു മുട്ട വിരിയിക്കുന്നതു പോലെ സദ്ഗുരുവിന്റെ ചിന്ത ശിഷ്യരിൽ ആത്മീയശക്തിയെ ഉണർത്തുന്നു.
സത്സംഗങ്ങൾക്കും ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾക്കും നമ്മുടെ മനസ്സിനെ നല്ല ചിന്തയിലേക്കു നയിക്കുവാൻ കഴിവുണ്ട്. എന്നാൽ വേണ്ട ക്രമം അനുസരിച്ചു മുന്നോട്ടുപോകുവാൻ അതുകൊണ്ടു മാത്രം സാധിക്കില്ല. സാധാരണ ഡോക്ടർമാർ രോഗിയെ പരിശോധിച്ചു് ഇന്ന മരുന്നു കഴിക്കണമെന്നു നിർദ്ദേശിക്കും. പക്ഷേ ഓപ്പറേഷൻ വേണമെങ്കിൽ സർജനെത്തന്നെ കാണണം. അതുപോലെ നമ്മുടെ മനസ്സിലെ മാലിന്യങ്ങളെക്കളഞ്ഞു്, മനസ്സിനെ ശുദ്ധമാക്കി ലക്ഷ്യത്തിലെത്തണമെന്നുണ്ടെങ്കിൽ ഗുരുവിനെ ആശ്രയിക്കുകതന്നെ വേണം.