സൂസന്ന ഹില്‍2011

എനിക്കു യാത്ര ചെയ്യാന്‍ ഇഷ്ടമാണു്. പ്രത്യേകിച്ചു് ഏഷ്യന്‍ രാജ്യങ്ങളിലേക്കു്. അതിനു കാരണം അവിടത്തെ സംസ്‌കാരവും തത്ത്വശാസ്ത്രങ്ങളുമാണു്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടു്. ഒരു നേഴ്‌സായ ഞാന്‍ കുറെ നാള്‍ ജോലി ചെയ്തു പണം സമ്പാദിച്ചു മറ്റു രാജ്യങ്ങള്‍ കാണാന്‍ പോകും. 2001ല്‍ എനിക്കു രണ്ടു മാസം ലീവു കിട്ടി. അങ്ങനെയാണു ഭാരതത്തിലേക്കു് ഒരു ആത്മീയയാത്ര ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതു്. അതിനു മുന്‍പും ഞാന്‍ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ടു്. ആ രാജ്യവും അവിടത്തെ ജനങ്ങളും അവരുടെ സംസ്‌കാരവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ആദ്യത്തെ തവണ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ത്തന്നെ അവിടത്തെ പല ആശ്രമങ്ങളെക്കുറിച്ചും ഞാന്‍ കേട്ടിരുന്നു. എന്നാല്‍ ആത്മീയതയെക്കുറിച്ചു ഒന്നുമറിയാത്ത ഞാന്‍ അന്നു് ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്നില്ല. ഒരു ഗുരുവിനെ സ്വീകരിക്കുക, നമുക്കു യഥാര്‍ത്ഥത്തില്‍ വേണ്ടതു് എന്താണെന്നു് അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളൂ എന്നു തീരുമാനിച്ചു ഗുരുവിനു നമ്മളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുക, ഇതൊക്കെ വളരെ അബദ്ധമാണു് എന്നാണു് എനിക്കു തോന്നിയിരുന്നതു്. എന്നാല്‍, കാലം കഴിയുംതോറും ഞാന്‍ ഒരു കാര്യം മനസ്സിലാക്കി, ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആനന്ദം അനുഭവിച്ചിട്ടില്ല. മാത്രമല്ല, നിസ്സാരകാര്യങ്ങള്‍ മതി ഞാന്‍ നിരാശകൊണ്ടു തളര്‍ന്നു പോകാന്‍. എനിക്കു മനസ്സിനു ശാന്തിയും സമാധാനവും വേണം. അതു ഭാരതത്തിലെ ഏതെങ്കിലും ആശ്രമത്തില്‍നിന്നു ലഭിക്കുമെങ്കില്‍ അതിനുവേണ്ടി ഒന്നു ശ്രമിച്ചാലെന്താണെന്നു ഞാന്‍ ചിന്തിച്ചു. അതാണു 2001ലെ എൻ്റെ ആത്മീയയാത്രയുടെ തുടക്കം.

ഭാരതത്തിലെ ആശ്രമങ്ങളെക്കുറിച്ചു ബുക്കുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഞാന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആരോ എനിക്കയച്ചു തന്ന ഒരു ചെറിയ പുസ്തകത്തില്‍ കേരളത്തിലെ ഏതോ ഒരു അമ്മയുടെ ആശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. അതില്‍ അമ്മയുടെ ഒരു ചിത്രവുമുണ്ടായിരുന്നു. ആ ചിത്രത്തോടു് എനിക്കു വല്ലാത്ത ഒരു ആകര്‍ഷണം തോന്നി. അമ്മയെ കണ്ടാല്‍ കൊള്ളാമെന്നു് എനിക്കു തോന്നി. 2001 ജനുവരിയില്‍ പുതിയ അനുഭവങ്ങളും അറിവുകളും ഏറ്റുവാങ്ങാന്‍ തയ്യാറായി ഞാന്‍ ചെന്നൈയില്‍ വിമാനമിറങ്ങി.

ആദ്യം തമിഴ്‌നാട്ടിലെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കാമെന്നു ഞാന്‍ നിശ്ചയിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ തമിഴ്‌നാട്ടിലെ മൂന്നു് ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ചു ധാരാളം പേരുടെ ഉപദേശങ്ങളും ഞാന്‍ കേട്ടു. പക്ഷേ, ഞാന്‍ അന്വേഷിച്ചിരുന്നതെന്താണോ, അതു് എനിക്കു് എവിടെനിന്നും ലഭിച്ചില്ല. സത്യം പറഞ്ഞാല്‍, പറയുന്നവര്‍തന്നെ ഒരിക്കലും ആചരിക്കാത്ത, നമുക്കു് ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഉപദേശങ്ങള്‍ കേട്ടു് എനിക്കു മടുത്തു. ആത്മീയജീവിതം എനിക്കു പറ്റാത്തതാണെന്നു വീണ്ടും എനിക്കു തോന്നി.

ഇനി ആശ്രമങ്ങളൊന്നും എനിക്കു വേണ്ട. കുറച്ചുനാള്‍ വിശ്രമിക്കാന്‍ ശാന്തിയും സമാധാനവുമുള്ള ഒരു സ്ഥലം, അതുമതി എനിക്കു്, ഞാന്‍ തീരുമാനിച്ചു. ഇനി എവിടെ പോകണം എന്നു തീരുമാനിക്കാന്‍ വേണ്ടി ഭൂപടം എടുക്കാനായി ഞാന്‍ ബാഗില്‍ കൈയിട്ടു. കൈയില്‍ തടഞ്ഞതു് അമ്മയുടെ ചിരിക്കുന്ന മുഖമുള്ള ആ ചെറിയ പുസ്തകം. ആശ്രമങ്ങളൊന്നും ഇനി വേണ്ട എന്നു് ഉറപ്പിച്ചു് ആ പുസ്തകം ഞാന്‍ തിരിച്ചു ബാഗിലിട്ടു. ഭൂപടമെടുത്തു സ്ഥലങ്ങള്‍ നോക്കാന്‍ തുടങ്ങി. തമിഴ്‌നാടിനോടു് അടുത്താണല്ലോ കേരളം കിടക്കുന്നതു് എന്നു ഞാന്‍ അപ്പോഴാണു ശ്രദ്ധിച്ചതു്. പക്ഷേ, മുന്‍പു വന്ന അനുഭവം വച്ചു നോക്കുമ്പോള്‍ ഭാരതത്തില്‍ സ്ഥലങ്ങള്‍ അടുത്താണു് എന്നതുകൊണ്ടുമാത്രം എത്തിപ്പെടാന്‍ എളുപ്പമാകണമെന്നില്ല എന്നെനിക്കു് അറിയാമായിരുന്നു. ട്രെയിനില്‍ റിസര്‍വേഷന്‍ എടുക്കാന്‍ മാത്രം വളരെ സമയം പോകും. യാത്രയാകട്ടെ അതിലേറെ സമയമെടുക്കും. കേരളത്തിലേക്കു പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച വൈകിട്ടു ഞാന്‍ പുറപ്പെട്ടു. കേരളത്തിലേക്കു്! ഇനി ഒരു ആശ്രമത്തിലേക്കുമില്ല എന്നു തീരുമാനിച്ചുറപ്പിച്ച ഞാന്‍ പിറ്റേദിവസം സായാഹ്നമായപ്പോള്‍ അമ്മയുടെ ആശ്രമത്തിലെത്തി. എങ്ങനെ ഞാനവിടെ എത്തിപ്പെട്ടു എന്നെനിക്കിപ്പോഴും അറിയില്ല. എങ്കിലും ഒറ്റനോട്ടത്തില്‍ മനോഹരമായ ആ ആശ്രമപരിസരം എനിക്കു വളരെ ഇഷ്ടപ്പെട്ടു. കടലിനും കായലിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ആ ആശ്രമത്തില്‍ അന്നു കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ. പരിസരം വളരെ ശാന്തം, ഗംഭീരം. പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നു. ദൂരെയെവിടെയോ ഒരു ആന ചിന്നം വിളിക്കുന്ന സ്വരം.

ആശ്രമത്തില്‍ താമസത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായതിനുശേഷം ഞാന്‍ അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. അടുത്ത ദിവസം ആദ്യമായി ഞാന്‍ അമ്മയെ കണ്ടു. അതു ധ്യാനത്തിൻ്റെ ദിവസമായിരുന്നു. എല്ലാവരും ആശ്രമത്തിൻ്റെ ഹാളില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ അമ്മ വന്നു. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടു കാത്തുനില്ക്കുന്നവരോടൊക്കെ സംസാരിച്ചുകൊണ്ടു വരുന്ന അമ്മയെ കണ്ടപ്പോള്‍ വലിയ ഒരു ആശ്രമത്തിലെ അധിപയാണു് ഈ വരുന്നതെന്നു വിശ്വസിക്കാന്‍ എനിക്കല്പം പ്രയാസം തോന്നി. എത്ര സാധാരണക്കാരിയെപ്പോലെയാണു് അമ്മ പെരുമാറുന്നതു്! ഹാളില്‍ ഒരുക്കിവച്ചിരിക്കുന്ന പീഠത്തില്‍ അമ്മ ഇരുന്നതിനുശേഷം കുറച്ചു സമയം കൂടി എല്ലാവരും അമ്മയ്ക്കു ചുറ്റുമിരുന്നു ധ്യാനിച്ചു.

ധ്യാനത്തിനുശേഷം അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമായിരുന്നു. ആര്‍ക്കു് എന്തു ചോദ്യങ്ങള്‍ വേണമെങ്കിലും അമ്മയോടു ചോദിക്കാം. ഇതൊരു ആശ്രമമല്ല, ഒരു വീടുപോലെയാണു് എനിക്കു തോന്നിയതു്, ഒരു വലിയ കുടുംബം. എല്ലാവരുടെയും കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കുന്നു. ചോദ്യോത്തരവേളയ്ക്കു ശേഷം എല്ലാവര്‍ക്കും അമ്മ ഭക്ഷണം നല്കി. അപ്പോഴും അമ്മ ഓരോരുത്തരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശേഷങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കിയും തമാശ പറഞ്ഞും എല്ലാവരെയും അമ്മ തൃപ്തരാക്കി. എത്ര സാധാരണക്കാരിയെപ്പോലെയാണു് അമ്മ പെരുമാറുന്നതു്!

അടുത്ത ദിവസം, ബുധനാഴ്ച. അന്നാണു് എനിക്കു് ആദ്യമായി അമ്മയുടെ ദര്‍ശനം കിട്ടുന്നതു്. അമ്മയുടെ ആദ്യത്തെ ആലിംഗനം. അതു വിവരിക്കാന്‍ എനിക്കു വാക്കുകളില്ല. ആലിംഗനം പെട്ടെന്നു കഴിഞ്ഞു. ഞാനാണെങ്കില്‍ എങ്ങനെ പെരുമാറണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അമ്മയുടെ കരവലയങ്ങളില്‍ അമര്‍ന്ന ആ കുറച്ചു സമയം ഞാന്‍ അനുഭവിച്ച സുരക്ഷിതത്വവും ഭദ്രതയും… എങ്ങനെയാണതു വാക്കുകള്‍ കൊണ്ടു വിവരിക്കുന്നതു്? എന്തിനെയാണു ഞാന്‍ ഭയപ്പെട്ടിരുന്നതു്? എന്തിനാണു ഞാന്‍ ദുഃഖിച്ചിരുന്നതു്? കണ്ണിലെ കൃഷ്ണമണികളടയ്ക്കാതെ എന്നെ കാത്തുകൊണ്ടു് എപ്പോഴും ഒരമ്മയുണ്ടായിരുന്നുവല്ലോ. എത്രയോ കാലമായി ഞാന്‍ വരുമെന്നും പ്രതീക്ഷിച്ചു് അമ്മ കാത്തിരിക്കുകയായിരുന്നുവല്ലോ. എന്നെ ആലിംഗനം ചെയ്യുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം, അമ്മ അനുഭവിക്കുന്ന ആനന്ദത്തിൻ്റെ എത്രയോ ചെറിയ ഒരു അംശമാണു്!

ദര്‍ശനത്തിനുശേഷം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. വരുന്നവരെയൊക്കെ ഒരേപോലെ സ്നേഹത്തോടെ അമ്മ സ്വീകരിക്കുന്നു. ഈ ദിവ്യമായ സ്നേഹം ഏറ്റുവാങ്ങാന്‍ എനിക്കെന്താണു് അര്‍ഹത എന്നോര്‍ത്തു് എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കുറെ സമയം ഞാന്‍ അമ്മയുടെ അടുത്തിരുന്നു. അവസാനം കണ്ണീരിലൂടെ മനസ്സിലെ മാലിന്യങ്ങള്‍ കുറെയെല്ലാം ഒഴുകിപ്പോയി ഹൃദയത്തിലെ ഭാരമെല്ലാം കുറഞ്ഞു എന്നു തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഇതിനു മുന്‍പു് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ശാന്തിയും സമാധാനവും ഹൃദയത്തില്‍ ഞാനറിഞ്ഞു.

ആശ്രമത്തില്‍ ഒരു ദിവസം താമസിക്കാനേ ഞാനാദ്യം തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ ലോകത്തില്‍ ഇനി ഒന്നും കാണാനും അറിയാനുമില്ല എന്നു തീരുമാനിച്ചു ഞാന്‍ മറ്റെങ്ങും പോകാതെ അടുത്ത രണ്ടാഴ്ച കൂടി അമ്മയുടെ ആശ്രമത്തില്‍ ചെലവഴിച്ചു. അമ്മ ഉത്തരഭാരതയാത്രയ്ക്കു പോയില്ലായിരുന്നെങ്കില്‍ കുറെ നാള്‍ കൂടി ഞാന്‍ ആശ്രമത്തില്‍ താമസിച്ചേനെ. എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത കാലമാണു് അമ്മയുടെ കൂടെ ജീവിച്ച ആ രണ്ടാഴ്ചക്കാലം. ഇപ്പോഴും കണ്ണടച്ചാല്‍ ആ രംഗങ്ങള്‍ മനസ്സില്‍ തെളിയും. അമ്മയുമൊത്തുള്ള ധ്യാനവും വൈകുന്നേരത്തെ അമ്മയുടെ ഭജനയും ആശ്രമത്തിലെ ആനയായ രാമനു് അമ്മ തീറ്റ കൊടുക്കുന്നതും…

അമ്മ യാത്രയായതിനുശേഷം ആശ്രമത്തില്‍ താമസിക്കാന്‍ എനിക്കു മനസ്സു് വന്നില്ല. ഗോവയിലുള്ള കുറച്ചു സുഹൃത്തുക്കളെ കണ്ടതിനുശേഷം ഞാന്‍ തിരിച്ചു പോന്നു. അമ്മയുടെ ആശ്രമത്തില്‍ പോയതിനുശേഷം ജീവിതത്തില്‍ ഇതുവരെ മറ്റൊരു ആശ്രമത്തിലും ഞാന്‍ പോയിട്ടില്ല. അതിൻ്റെ ആവശ്യം എനിക്കു തോന്നിയിട്ടില്ല. മാത്രമല്ല, അമ്മയുടെ ആശ്രമത്തില്‍നിന്നു വന്നതിനുശേഷം അമ്മയെയും ഞാനിതുവരെ പിന്നെ കണ്ടിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. എനിക്കു പിന്നെ അതിനു് അവസരം കിട്ടിയിട്ടില്ല. അമ്മ സാധാരണ സന്ദര്‍ശിക്കാറുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വളരെ ദൂരെയാണു ലിത്വാനിയ. അതുകൊണ്ടു് അമ്മയെ എത്രയും വേഗം കാണാനായി മറ്റു രാജ്യങ്ങളൊന്നും സന്ദര്‍ശിക്കാതെ ഭാരതത്തിലേക്കു പോകാനുള്ള പണം സമ്പാദിക്കാനുള്ള ശ്രമത്തിലാണു ഞാനിപ്പോള്‍. അമ്മയെ നേരിട്ടു കാണുന്നതുവരെ എൻ്റെ അമ്മയെ ഹൃദയത്തില്‍ കാണാന്‍ കഴിയണേ എന്നാണു് എൻ്റെ പ്രാര്‍ത്ഥന.

ഇപ്പോഴും ഞാന്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കു ദുഃഖിക്കാറുണ്ടു്. എന്നാല്‍ എൻ്റെ ദുഃഖങ്ങള്‍ക്കൊക്കെ ഉത്തരവാദി ഞാനാണെന്നു് ഇപ്പോഴെനിക്കറിയാം. ആരെയും കുറ്റപ്പെടുത്താതെ ഞാന്‍ സ്വയം മാറാന്‍ ശ്രമിക്കും. ദുഃഖങ്ങള്‍ അമ്മയോടു മാത്രം പറയും. ഹൃദയത്തില്‍ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അമ്മയുടെ സ്നേഹവും കാരുണ്യവും ഉള്ളില്‍ വന്നു നിറയും. മനസ്സു് ശാന്തമാകും. ഒരു നിധി കൊണ്ടുനടക്കുന്നതുപോലെയാണു ഞാന്‍ അമ്മയെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതു്. അമ്മയുടെ സ്നേഹം എന്നെ മറ്റൊരാളാക്കി മാറ്റി. ഈശ്വരൻ്റെ പരമപ്രേമത്തിനു് അര്‍ഹയാണു ഞാനും എന്നറിഞ്ഞതു മുതല്‍ ലോകത്തിലുള്ളവര്‍ക്കു മുഴുവന്‍ സ്നേഹം വാരിക്കോരി കൊടുക്കാന്‍ തയ്യാറായിരിക്കുകയാണു ഞാനിപ്പോള്‍.