ഹരിപ്രിയ
(കര്‍ക്കടകമാസം രാമായണമാസം)
വേദവേദ്യനായ ഭഗവാന്‍ ‘ദാശരഥി ശ്രീരാമനായി’ അവതരിച്ചപ്പോള്‍ വേദം രാമായണകാവ്യമായി വാല്മീകിയുടെ മുഖത്തു നിന്നു നിര്‍ഗ്ഗളിച്ചു.സര്‍വ്വേശ്വരനെ മനസ്സിലാക്കിത്തരുന്ന കാര്യത്തില്‍ വേദം, ആചാര്യനെപ്പോലെ കത്തിക്കുന്നു. പുരാണം, സുഹൃത്തിനെപ്പോലെ കഥകള്‍ പറയുന്നു. കാവ്യം, കാമുകിയെപ്പോലെ കളഭാഷണം ചെയ്യുന്നു.
ഭാഷ ഏതായാലും പ്രതിപാദ്യവിഷയം ആത്മാവിനെക്കുറിച്ചുതന്നെ. സമസ്തലോകങ്ങളും ആത്മാവായ രാമങ്കല്‍ രമിക്കുന്നു. ശ്രീരാമനാകട്ടെ, നാടുപേക്ഷിച്ചു സുമുഖനായി കാടു കയറി തൻ്റെ സ്നേഹംകൊണ്ടു കാട്ടാളനെയും കഴുകനെയും മരഞ്ചാടികളെയും ഉദ്ധരിക്കുന്നു. മാമുനിമാര്‍ക്കുപോലും സതീധര്‍മ്മം അനുഷ്ഠിച്ചു സീതയാകാന്‍ മോഹം ഉളവാകുന്നു.
എങ്കിലും ഈ പൂര്‍ണ്ണാവതാര കാലത്തും കലിയുഗാവതാരംപോലെ സര്‍വ്വരെയും വാരിപ്പുണരുന്ന ഒരു വാത്സല്യപ്രവാഹം ഉണ്ടായിരുന്നില്ല. അപൂര്‍വ്വമായി പ്രകടമാവുന്ന ഈശ്വരാലിംഗനത്തെ കവികള്‍ വാനോളം പുകഴ്ത്തിപ്പാടിയിരുന്നു. തുഞ്ചൻ്റെ പൈങ്കിളി കൊഞ്ചുന്ന രാമായണത്തില്‍ ശ്രീരാമാലിംഗനം വര്‍ണ്ണിക്കുന്ന രണ്ടുമൂന്നു രംഗങ്ങള്‍ ഉണ്ടു്.
ആദ്യം ആ ഭാഗ്യം ലഭിച്ചതു നിഷാദനായ ഗുഹനാണു്. സീതാരാമലക്ഷ്മണന്മാരെ തോണിയിലേറ്റി ഗംഗ കടത്തിയ ഗുഹന്‍ ശ്രീരാമനോടു ശ്രീപാദം പിന്തുടരാന്‍ അനുവാദം ചോദിക്കുന്നു. ആ സമയം ഭക്തനില്‍ അതിയായ സന്തോഷം തോന്നിയ ശ്രീരാമചന്ദ്രന്‍, പതിനാലു വത്സരം കഴിഞ്ഞു താന്‍ വരുമെന്നു വാക്കു പറഞ്ഞു ഗാഢാലിംഗനം ചെയ്തു ഗുഹനെ യാത്രയാക്കുന്നു.
ഈ വിവരമെല്ലാം അറിഞ്ഞു ജ്യേഷ്ഠനെ തിരിച്ചു വിളിക്കാന്‍ പുറപ്പെട്ട ഭരതന്‍ ശൃംഗിവേര പുരത്തുവച്ചു തന്നെ പ്രണമിക്കുന്ന ഗുഹനെ പ്രശംസിക്കുന്നതു ശ്രദ്ധിക്കുക. ഗുഹനെ പുണര്‍ന്നു ഭരതന്‍ പറയുന്നു,
”ഉത്തമപൂരുഷോത്തംസരത്‌നം ഭവാന്‍
ആലിംഗനം ചെയ്തുവല്ലോ ഭവാനെ ലോ-
കാലംബനഭൂതനാകിയ രാഘവന്‍.
ലക്ഷ്മീഭഗവതീദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ
ധന്യനാകുന്നിതു നീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ!”
ലക്ഷ്മീഭഗവതിക്കു മാത്രം അര്‍ഹതപ്പെട്ട ആലിംഗനം! ദേവീഭാഗവതത്തില്‍ പരാശക്തി, പ്രേമാഭ്യര്‍ത്ഥന നടത്തുന്ന മഹിഷാസുരനോടു പറയുന്നു, ”പരമാത്മാവായ പരമപുരുഷനോടല്ലാതെ മറ്റാരോടും എനിക്കു പ്രേമമില്ല.”അങ്ങനെ ആത്മാരാമന്മാര്‍ ദ്വന്ദ്വാരാമന്മാരെ ഉദ്ധരിക്കാന്‍ ഇറങ്ങിവരുന്നു. ദുര്‍ല്ലഭമായ ദര്‍ശനാലിംഗനങ്ങള്‍ സുലഭമായി ലഭിക്കുന്നു.’സീതാലിംഗന നിര്‍വൃതരാമാ’ എന്നു രാമായണത്തിലുണ്ടെങ്കിലും ആദികവി അതൊന്നും ഫോട്ടോ എടുത്തിട്ടില്ല.
കിഷ്‌കിന്ധാധിപനായിരുന്ന വാനരരാജന്‍ സുഗ്രീവന്‍ ശ്രീരാമൻ്റെ പാദം പ്രണമിച്ചു ഭക്തിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു രംഗം പിന്നീടു കാണാം. ബാലിവധത്തിനു ശ്രീരാമനുമായി സഖ്യം ചെയ്ത തനിക്കു്, ‘മണ്ണിനായി ഊഴി കുഴിച്ചപ്പോള്‍ നിധി കിട്ടിയ’ ഭാഗ്യമാണു ലഭിച്ചതെന്നു സുഗ്രീവന്‍. ഇനി ശത്രുജയവും വേണ്ട. ദാരാസുഖവും വേണ്ട. നാമസങ്കീര്‍ത്തനപ്രിയനായി, അച്യുതക്ഷേത്രങ്ങള്‍ തോറും സഞ്ചരിച്ചു് അര്‍ച്ചനം, വന്ദനം, ദാസ്യം… ഇങ്ങനെ ജീവിക്കാന്‍ പ്രാര്‍ത്ഥിച്ച സുഗ്രീവനും ലഭിച്ചു ഒരു ആലിംഗനം.
ഒരു രാജ്യത്തെ പ്രജകളെ മുഴുവന്‍ രാമദാസരാക്കാന്‍ കഴിവുള്ള ഈ വീരനു ഭക്തിമാര്‍ഗ്ഗം തത്കാലം വേണ്ടെന്നായിരുന്നു രാമൻ്റെ ഇച്ഛ.”അംഗസംഗംകൊണ്ടു കല്മഷം വേരറ്റമംഗലാത്മാവായ സുഗ്രീവനെത്തദാമായയാ തത്ര മോഹിപ്പിച്ചതന്നേരം കാര്യസിദ്ധിക്കു കരുണാജലനിധി.” അവതാരപുരുഷൻ്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്നവര്‍ ധന്യര്‍! ബാലിയെപ്പോലെ ലീല തുടങ്ങുമ്പോള്‍ത്തന്നെ ഹതരാകേണ്ടി വന്നാലുള്ള അവസ്ഥയോ? ഊറ്റം വെടിയുക. സീറോ ആയാലല്ലേ ഹീറോ ആവാന്‍ പറ്റൂ.
പക്ഷേ, ഹനുമാനു ലഭിച്ച ആലിംഗനം ഇവയെക്കാളൊക്കെ മികച്ച അര്‍ഹത തെളിയിച്ചവനുള്ളതായിരുന്നു. ”കണ്ടൂ സീതയെ. ലങ്ക ചുട്ടു പൊട്ടിച്ചു. രാവണപുത്രനെ വധിച്ചു. ചൂഡാരത്‌നവും അടയാളവാക്കും ലഭിച്ചിട്ടുണ്ടു്. അവിടുത്തെ കൃപയാല്‍ എല്ലാം സാധിച്ചു. ഈ ദാസനെ പാലിച്ചാലും.” എന്നും പറഞ്ഞു ഹനുമാന്‍ സമുദ്രലംഘനം മുതലുള്ള ചരിത്രമെല്ലാം വിവരിച്ചു വന്ദിക്കുമ്പോള്‍ ശ്രീരാമന്‍ പ്രീതനായി പറയുന്നു, ”നീ സദയം ചെയ്ത ഈ ഉപകാരത്തിനു സര്‍വ്വസ്വവും ഞാന്‍ നിനക്കു തന്നിരിക്കുന്നു. പ്രണയപൂര്‍വ്വം ചെയ്ത ഈ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനില്ല! നാം തമ്മില്‍ ഒന്നാവുകയല്ലാതെ!”പുനരപി രമാവരന്‍ മാരുതപുത്രനെപ്പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍. ഉരസി മുഹുരപി മുഹുരണച്ചു പുല്കീടിനാന്‍ഓര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം!”
ആ ഭാഗ്യം വളര്‍ന്നു. ഇന്നു മായാസാഗരം തരണം ചെയ്യാന്‍ ഹനുമത്സ്മരണകൊണ്ടു സാധിക്കുന്നു. നേര്‍വഴി കാട്ടിക്കൊണ്ടെന്നും നമ്മോടൊത്തു വസിക്കുന്ന അമ്മ, വിശ്വത്തെ മുഴുവന്‍ മാറില്‍ ചേര്‍ത്തു പുണര്‍ന്നു്, ‘ജഗത്തു് ഈശ്വരനാല്‍ പൊതിയപ്പെട്ടിരിക്കുന്നു’ എന്ന ഉപനിഷദ്വാക്യം നമുക്കു പ്രത്യക്ഷമാക്കിത്തരുന്നു! ശ്രീരാമാലിംഗനം സ്മരിച്ചു കവികള്‍ സമാധിസ്ഥരാകുന്നു! അമ്മയുടെ ആലിംഗനം നമുക്കു ആത്മസൗഖ്യം പ്രദാനം ചെയ്യുന്നു. അമ്മ, ഋഷിമാര്‍ ലോകത്തിനു നല്കിയ അനശ്വരസമ്പത്തായ സനാതനധര്‍മ്മതത്ത്വങ്ങളെ വിലമതിക്കുന്നു. ജീവിക്കുവാന്‍ വായുവും വെള്ളവും ആവശ്യമായതുപോലെ ശാന്തി അന്വേഷിക്കുന്ന ആര്‍ക്കും രാമായണത്തെ ഒഴിവാക്കാനാവില്ല!
ജയ് ശ്രീരാം!