പി. വത്സല

മനുഷ്യകുലത്തിനു് ഒരു ആദിമാതാവുണ്ടായിരുന്നു. വ്യക്തിസത്തയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ‘അമ്മ’യെന്ന വികാരം, ആദിമാതാവില്‍നിന്നും കൊളുത്തിയെടുത്ത ഒരു പ്രകാശത്തരിയാണെന്നു ഞാന്‍ വിചാരിക്കുന്നു. ചില സ്ത്രീജന്മങ്ങള്‍ക്കു ജന്മനാതന്നെ ഈ വെളിച്ചം വീണുകിട്ടും. ഒരു പക്ഷേ, എല്ലാ സ്ത്രീകളുടെ ഉള്ളിലും ഈ തീത്തരി ജന്മനാ ഉണ്ടായിരിക്കും. ജീവിതക്ലേശങ്ങളുടെ സംഘര്‍ഷത്താല്‍ അതു് അണഞ്ഞും കരിഞ്ഞും പോവുകയാണു്. ലോകത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ആദിരോദനത്തിൻ്റെ മുഴക്കമുണ്ടാകും. കര്‍മ്മബാഹുല്യത്തില്‍ പെടുമ്പോള്‍ അതാരും കേള്‍ക്കുന്നില്ല; ശ്രദ്ധിക്കുന്നില്ല.

ചില പ്രതിസന്ധികളില്‍, വേര്‍പാടുകളില്‍, ദുരന്തസംഭവങ്ങളില്‍, നഷ്ടങ്ങളില്‍, വിരഹിയുടെ മനസ്സിലുണരുന്ന ദുഃഖചിന്ത എപ്പോഴും താന്‍ അനാഥനാണു്, അനാഥയാണു് എന്നതാണു്. അതില്‍ അദ്ഭുതമില്ല. ജീവിതത്തിൻ്റെ ചില ഘട്ടങ്ങളില്‍, സഹജീവികള്‍ക്കു സാന്ത്വനം നല്കാനായി ചില അമ്മമാര്‍ ഉദയം ചെയ്യുന്നു. തികച്ചും സാധാരണ മട്ടിലൊരു ജീവിതം നയിച്ച ഒരു ശിശു, ഒരു ബാലിക, ഒരു യുവതി, ഒരമ്മ വിവിധദശകളിലൂടെ കടന്നുവരുമ്പോള്‍ സാധാരണക്കാരില്‍നിന്നും തികച്ചും വ്യത്യസ്തയായി, സമകാല അനുഭവങ്ങളോടും സഹജീവികളുടെ വിലാപങ്ങളോടും തീര്‍ച്ചയായും പ്രതികരിക്കും. ഒരു കമ്പിയില്ലാകമ്പി വഴി, ഒരു അനുഭവത്തിരയില്‍ നിന്നും മറ്റൊരനുഭവത്തിരയിലേക്കു് അറിയാതെ, പറയാതെ, ഒരു അതീന്ദ്രിയാനുഭവം കടന്നു വരും. അമ്മയെന്ന വികാരം. തലോടാന്‍ മൃദുവും തണുപ്പുള്ളതുമായ വിരലുകള്‍, ഒരു സ്പര്‍ശനത്തിൻ്റെ മാന്ത്രികത, ഒരു ഗാനത്തിൻ്റെ സമാശ്വാസം, ഇതെല്ലാം സഹായത്തിനെത്തുമ്പോള്‍ ഏതു മനുഷ്യജീവിയും ആശ്വാസംകൊള്ളും. അനുഭവപരിണാമത്തിലൂടെ തൻ്റെതു മാത്രമല്ല ദുഃഖമെന്നറിയും. ഈ ലോകത്തില്‍ പിറന്നു വീണ ഓരോ ജീവാണുവും ഈ ദുഃഖം അനുഭവിക്കുന്നുണ്ടു്. ചിലര്‍ തിരിച്ചറിയുന്നില്ല; ചിലര്‍ തിരിച്ചറിയുന്നു.

അങ്ങനെ സഹജീവികളുടെ രോദനം, തൻ്റെതന്നെ ഉണ്മയുടെ ഭാഗമായി ചില അപൂര്‍വ്വം വ്യക്തികള്‍ക്കു്, വിശിഷ്യ, സ്ത്രീകള്‍ക്കു്, അനുഭവപ്പെടാം. അതാണു് അമ്മ; അമ്മയെന്ന വികാരം. ഈ വികാരം പൂര്‍ണ്ണമായും മൗലികമാണു്. അതിനു പരബന്ധം ഉണ്ടാവുമെങ്കിലും അതൊരു വിലങ്ങല്ല. മുലപ്പാലിൻ്റെ പരിശുദ്ധിയുള്ള ഒരു വികാരമാണതു്. അമ്മയായ അമൃതാനന്ദമയീദേവി അത്തരം ഒരു അനുഭവത്തിനുടമയാണു്. അതുകൊണ്ടാണു്, വര്‍ഗ്ഗ, മത, ജാതി, ദേശ, ലിംഗ ഭേദമില്ലാതെ അമ്മ ആളുകളെ ആശ്വസിപ്പിച്ചും പിന്നെയും ആകര്‍ഷിച്ചുംകൊണ്ടിരിക്കുന്നതു്. മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന നിസ്സഹായതയെ സഹ്യമാക്കിത്തീര്‍ക്കുന്നതു് ഇത്തരം മഹദ്‌വ്യക്തികളുടെ സാന്നിദ്ധ്യമാണു്. അവര്‍ ആരുടെ ആത്മാവിനെയും തൻ്റെ അല്ലെങ്കില്‍ തങ്ങളുടെ മനഃശക്തിയുടെ ആധിപത്യത്തിന്‍കീഴിലാക്കുന്നില്ല. അതിനൊരിക്കലും ആഗ്രഹിക്കുന്നുമില്ല. ക്ലേശഭരിതമായ ജീവിതത്തെ എങ്ങനെയെല്ലാം തരണം ചെയ്യാം എന്നു വഴികാട്ടുക മാത്രമാണു ചെയ്യുന്നതു്.

അമ്മ എപ്പോഴും സഞ്ചരിക്കുന്നതെന്തിനു്? അഥവാ ചില മനുഷ്യര്‍ സഞ്ചാരത്തില്‍ ആനന്ദം കണ്ടെത്തുന്നതെന്തുകൊണ്ടു് എന്നു ഞാനാലോചിക്കുന്നു. സഞ്ചാരം മനുഷ്യാത്മാവിനെ, സമഷ്ടിജീവിതത്തിൻ്റെ ഒടുങ്ങാത്ത താളത്തില്‍ വിലയിപ്പിക്കുന്നു. ആരാധകരുടെ കണ്ണീരും പുഞ്ചിരിയും ആദരവും വിമര്‍ശനവുമെല്ലാം ഉള്‍ക്കൊള്ളാന്‍ ഒരമ്മയ്ക്കു കഴിയുന്നതു്, എല്ലാം തിരിച്ചറിയുവാനുള്ള കഴിവിനാലാണു്. നിരക്ഷരനായ ഒരു ഗ്രാമീണനു ചിലപ്പോള്‍ യുക്തിയും വികാരവും സമന്വയിപ്പിച്ചു തൻ്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പറ്റും. തൻ്റെ വര്‍ഗ്ഗത്തിൻ്റെ, സമൂഹത്തിൻ്റെ, ദേശത്തിൻ്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റും. കനിവുള്ളേടം തിരിച്ചറിയാനാകും. ഭൂമിയുടെ ഗര്‍ഭത്തില്‍ കുടിവെള്ളം എവിടെയിരിക്കുന്നു എന്നു ചിലപ്പോള്‍ ഔപചാരികവിദ്യ നേടിയ ശാസ്ത്രകാരനും, ജന്മവാസന നിലനിര്‍ത്തുന്ന ഒരു ‘ജ്ഞാനി’ക്കും ഒരുപോലെ കഴിയുന്നു.

ഇന്നു സ്നേഹം വറ്റിയ, വാടിപ്പോയ ചെടിയായി ജീവിതം മാറുന്നു. അമ്മയുണ്ടെങ്കിലും കുട്ടികള്‍ അനാഥത്വം അനുഭവിക്കുന്നു, നാഥനുണ്ടെങ്കിലും കുടുംബം അരക്ഷിതാവസ്ഥയിലാണു്. ഈ അവസ്ഥ ജീവിതത്തിൻ്റെ താളംതെറ്റിപ്പിക്കുന്നു. ഇതെല്ലാം മനസ്സിലാക്കുന്ന ഒരമ്മയുടെ സാന്നിദ്ധ്യമാണു് അമൃതാനന്ദമയീ ദേവി. അമ്മയുടെ പിറന്നാളുകള്‍, മറ്റുള്ളവര്‍ക്കു് ആനന്ദകരമായി അനുഭവിക്കാന്‍ കഴിയുമെങ്കില്‍, നന്മ, അത്രയെങ്കിലും അവശേഷിച്ചിരിക്കുന്നു എന്നു സമൂഹത്തിനു് ആശ്വസിക്കാം. അമ്മയ്ക്കു സര്‍വ്വവിധ മംഗളങ്ങളും ഭവിക്കട്ടെ!