ദുഃഖം നമ്മുടെ സൃഷ്ടി

മക്കളേ, ചിലര്‍ ചോദിക്കാറുണ്ടു്, ഈശ്വരനെന്താ പക്ഷഭേദമുണ്ടോ എന്നു്. ചിലര്‍ നല്ല ആരോഗ്യവാന്മാര്‍ ചിലര്‍ രോഗികള്‍, ചിലര്‍ ദരിദ്രര്‍, ചിലര്‍ ധനികര്‍. മക്കളേ, കുറ്റം ഈശ്വരൻ്റെതല്ല. നമ്മുടെതുതന്നെ. നമുക്കറിയാം, പണ്ടൊക്കെ തക്കാളിക്കു് എത്ര വലിപ്പമുണ്ടായിരുന്നു എന്നു്. വളരെ ചെറുതായിരുന്നു. എന്നാല്‍ ഇന്നാകട്ടെ അതിൻ്റെ ഇരട്ടിയിലുമധികം വലിപ്പമായി. കാരണം ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍തന്നെ. ശാസ്ത്രംകൊണ്ടു പല ഗുണങ്ങളും ഉണ്ടെന്നകാര്യം അമ്മ തള്ളിക്കളയുന്നില്ല. പക്ഷേ, തക്കാളിയുടെ വലിപ്പം ഇങ്ങനെ പത്തിരട്ടിയായപ്പോള്‍, അതിൻ്റെ ഗുണം കുറഞ്ഞു.

അമ്മമാര്‍ക്കറിയാം ഇഡ്ഡലി മാവില്‍ സോഡാപ്പൊടി ചേര്‍ത്താല്‍ ഇഡ്ഡലിക്കു വലിപ്പം കൂടും. പക്ഷേ, സാധാരണ ഇഡ്ഡലിയുടെ ഗുണവും രുചിയും കാണുകയില്ല. ഇതുപോലെ, തക്കാളിക്കു വലിപ്പം കൂട്ടുവാന്‍ കൃത്രിമവളങ്ങളും മറ്റും ചേര്‍ക്കുന്നതിൻ്റെ ഫലമായി വിഷാംശം നമ്മുടെ ശരീരത്തില്‍ കടക്കുന്നു. നമ്മുടെ സെല്ലുകള്‍ നശിക്കുന്നു. ഇങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ജന്മനാ രോഗികളായിത്തീരുന്നു. നമ്മള്‍ ചെയ്ത തെറ്റിൻ്റെ ഫലം നമ്മള്‍തന്നെ അനുഭവിക്കുന്നു. അല്ലാതെ ഈശ്വരനെ കുറ്റം പറഞ്ഞിട്ടു പ്രയോജനമില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ശുദ്ധമായാല്‍, ഫലവും ഉത്തമമായിരിക്കും. നമ്മുടെ പൂര്‍വ്വകര്‍മ്മത്തിൻ്റെ ഫലംതന്നെയാണു് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നതു്.


ഒരിക്കല്‍ ഒരാള്‍ രണ്ടു കല്ലുകള്‍ രണ്ടാളുകളെ വിളിച്ചേല്പിച്ചു. ഒരുവന്‍ നല്ല ആരോഗ്യവാന്‍. മറ്റവന്‍ മെലിഞ്ഞു ദുര്‍ബ്ബലന്‍. കുറച്ചു ദിവസം കഴിഞ്ഞു രണ്ടുപേരോടും അവര്‍ക്കു നല്കിയിരുന്ന കല്ലുകള്‍ പൊട്ടിക്കുവാന്‍ പറഞ്ഞു. അവര്‍ കല്ലു തല്ലിപ്പൊട്ടിക്കുകയാണു്. ആരോഗ്യവാന്‍ പത്തുപ്രാവശ്യം അടിച്ചിട്ടും ആ കല്ലു പൊട്ടിയില്ല. എന്നാല്‍ ആരോഗ്യം കുറഞ്ഞവന്‍ രണ്ടു പ്രാവശ്യം അടിച്ചപ്പോഴേക്കും കല്ലു രണ്ടു കഷ്ണമായി. ആരോഗ്യവാന്‍ ചോദിച്ചു, ”നിങ്ങള്‍ രണ്ടു പ്രാവശ്യം അടിച്ചപ്പോഴേക്കും പൊട്ടിയല്ലോ? ഇതെങ്ങനെ സാധിച്ചു?” രണ്ടാമന്‍ പറഞ്ഞു, ”അതു ഞാന്‍ നേരത്തെ അടിച്ചുവച്ചിരുന്നതാണു്.”

ഇതുപോലെ ഇന്നു ചിലര്‍ക്കു ജീവിതം ബുദ്ധിമുട്ടായിട്ടും ചിലര്‍ക്കു് എളുപ്പുമായിട്ടും അനുഭവപ്പെടുന്നുവെങ്കില്‍ അതു് അവരവര്‍ നേരത്തെ ചെയ്ത കര്‍മ്മങ്ങളുടെ ബാക്കിയാണു്; ഫലമാണു്. നമ്മുടെ ഇന്നത്തെ ഉയര്‍ച്ച ഇന്നലെ ചെയ്ത സത്കര്‍മ്മങ്ങളുടെ ഫലമാണു്. അതു നാളെയും നിലനില്ക്കണമെങ്കില്‍, ഇന്നു നമ്മള്‍ നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തയ്യാറാകണം. അല്ലെങ്കില്‍ നാളെ നമ്മള്‍ ദുഃഖമനുഭവിക്കേണ്ടിവരും. ഇന്നു കഷ്ടപ്പെടുന്നവരോടു നമ്മള്‍ കരുണ കാട്ടിയാല്‍ നാളെ നമുക്കു കഷ്ടപ്പെടാതെ കഴിയാം. കുഴിയില്‍ കിടക്കുന്നവനെ കരയ്ക്കു കയറുവാന്‍ സഹായിക്കുന്നതിലൂടെ നാളത്തെ നമ്മുടെ വീഴ്ച ഒഴിവാക്കാം.

മക്കളേ, പ്രാരബ്ധം എന്തെന്നു ബുദ്ധികൊണ്ടും യുക്തികൊണ്ടും മനസ്സിലാക്കുവാന്‍ പ്രയാസമാണു്. അനുഭവത്തില്‍കൂടിയേ അറിയുവാന്‍ കഴിയൂ. ചില പ്രത്യേക ദശാസന്ധികളുണ്ടു്. ഈ സമയത്തുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ പലവിധമാണു്. തീരാരോഗങ്ങള്‍, അപകടങ്ങള്‍, അപമൃത്യു, കലഹങ്ങള്‍, ധനനഷ്ടം ഇവയൊക്കെ ഈ സമയങ്ങളില്‍ ഉണ്ടാകാം. പ്രാരബ്ധത്തെ പഴിപറഞ്ഞിരുന്നിട്ടു കാര്യമില്ല. പ്രയത്‌നവും സമര്‍പ്പണവുംകൊണ്ടു് അതിനെ അതിജീവിക്കാം. തീര്‍ച്ചയായും ധ്യാനജപാദികളിലൂടെ പ്രാരബ്ധത്തിനു വ്യത്യാസം വരുത്തുവാന്‍ സാധിക്കും.

തൊണ്ണൂറു ശതമാനവും മാറ്റാം. നൂറെന്നു് അമ്മ പറയുന്നില്ല. കാരണം, അതു പ്രകൃതിയുടെ സ്വഭാവമാണു്. മഹാത്മാക്കള്‍ക്കുപോലും ഇതു ബാധകമാണു്. എന്നാല്‍ മഹാത്മാക്കള്‍ക്കു് ഒന്നിനോടും ബന്ധമില്ലാത്തതിനാല്‍ ഉള്ളിലവരെ ഒന്നും ബാധിക്കുന്നില്ല എന്നൊരു കാര്യമുണ്ടു്. ഈ പ്രാരബ്ധദുഃഖങ്ങള്‍ ഒരുവിധത്തില്‍ ഈശ്വരൻ്റെ അനുഗ്രഹമാണു്. കാരണം, ഈശ്വരനെ ഓര്‍ക്കാന്‍ അതു സഹായിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഈശ്വരനെ വിളിക്കാത്തവര്‍, ഈ സമയങ്ങളില്‍ ഈശ്വരനെ വിളിക്കുന്നതു കാണാം. ധര്‍മ്മമാര്‍ഗ്ഗത്തിലേക്കു തിരിയുന്നതു കാണാം. ആദ്ധ്യാത്മികപാതയില്‍ നീങ്ങുന്നതിലൂടെ ഈ പ്രാരബ്ധത്തിന്റെ കഷ്ടതകളില്‍നിന്നും വളരെയേറെ മോചനം നേടുവാനും കഴിയുന്നു.