അമൃതപ്രിയ – 2012
വീണ്ടും കാണാന്‍
ആദ്യദര്‍ശനം അങ്ങനെ കഴിഞ്ഞു. ഞാന്‍ എൻ്റെ ലോകത്തിലേക്കു മടങ്ങി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ അമ്മയാകട്ടെ എൻ്റെ ഹൃദയത്തിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുവരാന്‍ തുടങ്ങി. അമ്മയെക്കുറിച്ചുള്ള സ്മരണകള്‍, അമ്മയെ കാണണമെന്ന ആഗ്രഹം, ഒന്നും എനിക്കു് അടക്കാന്‍ വയ്യാതെയായി.
ഒരു വര്‍ഷം അവധിയെടുത്തു് അമ്മയുടെ ആശ്രമത്തില്‍ പോയാലോ എന്നായി എൻ്റെ ചിന്ത. എനിക്കാണെങ്കില്‍ ഭാരതത്തില്‍ എവിടെയാണു് അമ്മയുടെ ആശ്രമം എന്നുപോലും അറിയില്ല. ഒറ്റയ്ക്കു്, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തു പോകാന്‍ ഭയവുമില്ലാതില്ല. അമ്മയുടെ ആശ്രമത്തില്‍ പോകണമെന്ന ചിന്ത മാറ്റിക്കളയാന്‍ ഞാന്‍ ശ്രമിച്ചു. എൻ്റെ രാജ്യം എനിക്കിഷ്ടമാണു്. അവിടത്തെ സാമ്പത്തികാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളുമെല്ലാം ഉപേക്ഷിക്കാന്‍ എനിക്കു കഴിയില്ല. എന്നാലും അമ്മയുടെ അടുത്തെത്തണമെന്ന ചിന്തകള്‍ എത്ര ശ്രമിച്ചിട്ടും എനിക്കടക്കാനായില്ല.
അവസാനം, അമ്മയെ ആദ്യമായി കണ്ടു്, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മയുടെ ആശ്രമത്തില്‍ ഒരു വര്‍ഷം താമസിക്കുന്നതിനുള്ള അനുവാദം ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 1990 ജൂണ്‍ മാസത്തിലെ ആ ദര്‍ശനം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ഒരു കുന്നിന്‍മുകളിലായിരുന്നു അമ്മയുടെ ദര്‍ശനവേദി. ധാരാളം വൃക്ഷങ്ങളും ഇളംകാറ്റും പൂക്കളുടെ സുഗന്ധവും എല്ലാംകൂടി മനംമയക്കുന്നതായിരുന്നു ആ അന്തരീക്ഷം. തൂവെള്ള സാരിയുമുടുത്തു വലിയ ഒരു വൃക്ഷത്തിൻ്റെ കീഴിലിരിക്കുന്ന അമ്മ പ്രേമവും ശാന്തിയും പ്രസരിപ്പിക്കുന്ന ഒരു ദേവതയെപ്പോലെ കാണപ്പെട്ടു. യേശുക്രിസ്തു ജീവിച്ചിരുന്നപ്പോഴും ഇങ്ങനെയായിരുന്നിരിക്കണം, ലോകത്തെ മുഴുവന്‍ തന്നിലേക്കടുപ്പിച്ചിരുന്നതു് എന്നു ഞാന്‍ ചിന്തിച്ചു.
യാത്ര തുടങ്ങുന്നു
അമ്മയുടെ ആശ്രമത്തിലേക്കു വരാനുള്ള അനുവാദം ചോദിച്ചപ്പോള്‍ അമ്മ ചിരിച്ചുകൊണ്ടു് എന്നെ നോക്കി. സന്തോഷത്തോടെ സമ്മതം മൂളി. അവിടെയാണു് എൻ്റെ യാത്ര തുടങ്ങിയതു്. 1990 സെപ്തംബറില്‍ ഞാന്‍ ജോലിയില്‍നിന്നു് ഒരു വര്‍ഷം അവധിയെടുക്കുന്നു, എൻ്റെ ഫ്ലാറ്റ് വാടകയ്ക്കു കൊടുത്തു ഭാരതത്തിലേക്കു പുറപ്പെട്ടു. നിസര്‍ഗ്ഗദത്ത് മഹാരാജിൻ്റെ പുസ്തകം എനിക്കു വായിക്കാന്‍ തന്നിരുന്ന വ്യക്തി അപ്പോഴേക്കും എൻ്റെ ആത്മസുഹൃത്തായി കഴിഞ്ഞിരുന്നു. അമ്മയുടെ അടുത്തേക്കു് എന്നെ യാത്രയാക്കാന്‍ അദ്ദേഹവും വന്നിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ ഭയംകൊണ്ടു ഞാന്‍ കരഞ്ഞുപോയി. അമ്മയുടെ ഫോട്ടോ മാറിലടക്കി ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ഇനി അമ്മയല്ലാതെ എനിക്കു മറ്റൊരാശ്രയമില്ല.
എൻ്റെ കൈയിലുള്ള പുസ്തകം തുറന്നു വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു സാധകന്‍ സ്വന്തം വീടു വിട്ടു ഗുരുവിൻ്റെ അടുത്തേക്കു പോകുന്ന ഭാഗമാണു ബുക്കു തുറന്നപ്പോള്‍ എനിക്കു കിട്ടിയതു്. അതു വായിച്ചപ്പോള്‍ എനിക്കു വളരെ ആശ്വാസം തോന്നി. എത്ര കാലം ആശ്രമത്തില്‍ കഴിയാന്‍ എനിക്കു സാധിക്കും എന്നറിയില്ലെങ്കിലും ഈ അനുഭവത്തിലൂടെ അനേകം പേര്‍ കടന്നു പോയിട്ടുണ്ടു് എന്ന വസ്തുത എനിക്കല്പം ആശ്വാസം നല്കി.
ഞാന്‍ അമ്മയുടെ അടുത്തെത്തുന്നതുവരെ എനിക്കു് ആവശ്യമുള്ളപ്പോഴൊക്കെ എന്നെ സഹായിക്കാന്‍ അമ്മ പ്രത്യേകം ആളുകളെ ഏര്‍പ്പെടുത്തിയിരുന്നോ? എൻ്റെ അനുഭവം കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നി. കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ‘ഇനിയെന്തു്’ എന്നു പരിഭ്രമിച്ചു നിന്ന എന്നെ പ്ലെയിനില്‍ വച്ചു പരിചയപ്പെട്ട ചിലര്‍ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടു പോയി. അടുത്ത ദിവസം വള്ളിക്കാവിലെ ബോട്ടുജെട്ടിവരെ അവരെന്നെ എത്തിച്ചു. ബോട്ടില്‍ വച്ചു മറ്റൊരു സ്ത്രീ എന്നെ ഏറ്റെടുത്തു. ബോട്ടുകാരനു പണം കൊടുത്തു് ആശ്രമത്തിലെത്തുന്നതു വരെ അവരെൻ്റെ കൂടെത്തന്നെ നിന്നു.
അങ്ങനെ അവസാനം ഞാന്‍ എൻ്റെ അമ്മയുടെ പുണ്യഭൂമിയില്‍ എത്തി. എത്ര വിശുദ്ധി നിറഞ്ഞതാണു് ആ സ്ഥലം എന്നു് എനിക്കു് അപ്പോഴറിയില്ലായിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോള്‍ മുതല്‍ എന്നില്‍ ആനന്ദം വന്നു നിറയുന്നതു ഞാനറിഞ്ഞു. എന്തൊരാശ്വാസം, ഞാന്‍ എൻ്റെ സ്വന്തം വീട്ടില്‍ എത്തിയിരിക്കുന്നു. ഒരു ബ്രഹ്മചാരിണി എന്നെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു് അമ്മ ദര്‍ശനം കൊടുക്കുന്ന കുടിലിലേക്കു കൊണ്ടുപോയി. അമ്മയുടെ പ്രേമവും കാരുണ്യവും തുളുമ്പുന്ന മുഖം കണ്ടപ്പോള്‍ എനിക്കു് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ‘അലച്ചിലെല്ലാം അവസാനിച്ചു. കഷ്ടപ്പാടുകളെല്ലാം തീര്‍ന്നു. അവസാനം സ്വന്തം വീട്ടിലെത്തി’ ഞാനെന്നോടുതന്നെ പറഞ്ഞു.
എന്നെ കണ്ടപ്പോള്‍ അമ്മ എന്നെ വാരിപ്പുണര്‍ന്നു. ഞാന്‍ അപ്പോഴും കരയുകയായിരുന്നു. എൻ്റെ കണ്ണുനീര്‍ തുടച്ചു്, എന്നെ വീണ്ടും വാരിപ്പുണര്‍ന്നതിനു ശേഷം അമ്മ എഴുന്നേറ്റു. ദര്‍ശനം തീര്‍ന്നു. ഞാനായിരുന്നു അവസാനത്തെയാള്‍. അമ്മ എനിക്കുവേണ്ടി കാത്തിരിക്കയായിരുന്നോ?ആശ്രമത്തിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോടു് ഒരു പുതിയ പേരു് ആവശ്യപ്പെട്ടു. അമ്മയുടെ മകളായി അമ്മ എനിക്കിപ്പോള്‍ ഒരു പുതിയ ജീവിതം തന്നിരിക്കയാണല്ലോ. അപ്പോള്‍ എനിക്കു് ഒരു പുതിയ പേരും അമ്മ തരേണ്ടതാണു് എന്നെനിക്കു തോന്നി. അമ്മയുടെ പേരിനോടു സാമ്യമുള്ള ഒരു പേരു വേണമെന്നായിരുന്നു എൻ്റെ ആഗ്രഹം. അമ്മയ്ക്കു് എന്നോടുള്ള
സ്നേഹവും ആ പേരില്‍ ഉണ്ടാകണം എന്നു ഞാനാഗ്രഹിച്ചു. അമ്മ എനിക്കൊരു പേരു തന്നു,
‘അമൃതപ്രിയ’. പേരിൻ്റെ അര്‍ത്ഥമറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ടെനിക്കു ശ്വാസം നിന്നുപോയി. എല്ലാമറിയുന്ന അമ്മ എൻ്റെ ഹൃദയം അറിഞ്ഞിരിക്കുന്നു. അമ്മയുടെ നാമവും അമ്മയുടെ സ്നേഹവും തുളുമ്പിനില്ക്കുന്ന പേരുതന്നെ എനിക്കു തന്നിരിക്കുന്നു. പുതിയ പേരു സ്വീകരിക്കുന്നതിനു മുന്‍പു് അമ്മയെ നമസ്‌കരിക്കാനായി ഞാന്‍ കുനിഞ്ഞപ്പോള്‍ പാദം തലയില്‍ വച്ചു് അമ്മ എന്നെ അനുഗ്രഹിച്ചു. ഗുരുവിൻ്റെ പാദതീര്‍ത്ഥത്തെക്കാള്‍ വലിയ ഒരു തീര്‍ത്ഥമില്ല എന്നാണല്ലോ ശാസ്ത്രങ്ങള്‍ പറയുന്നതു്. ഞാന്‍ ചോദിച്ചതിലും എത്രയോ കൂടുതല്‍ അമ്മ എനിക്കു തന്നു!
എൻ്റെ ഗതി തെളിയുന്നു
ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ ആശ്രമത്തില്‍ താമസിച്ചു. ആ ഒരു വര്‍ഷം സ്വര്‍ഗ്ഗത്തിലായിരുന്നു ഞാന്‍. ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നതു ശരിതന്നെ. ഇടയ്ക്കിടയ്ക്കു നിന്നുപോകുന്ന വെള്ളവും വൈദ്യുതിയും, മസാല നിറഞ്ഞ ഭക്ഷണവും എല്ലാം വിഷമംതന്നെയായിരുന്നു. എങ്കിലും പറഞ്ഞറിയിക്കാനാകാത്ത ഒരു ആനന്ദം എന്നിലെപ്പോഴും നിറഞ്ഞുനിന്നു. അമ്മയുടെ ഭജനയും അമ്മയുടെ ദേവീഭാവവും, അമ്മയ്ക്കുവേണ്ടിയുള്ള സേവനവും എല്ലാം എനിക്കു് ആനന്ദമായിരുന്നു. അമ്മ പലപ്പോഴും ഞങ്ങളുടെ കൂടെവന്നു സേവനം ചെയ്യുമായിരുന്നു. ആ ദിവസങ്ങളില്‍ അമ്മ ഞങ്ങളോടൊപ്പം ധ്യാനിക്കുകയും ചെയ്തിരുന്നു. മക്കളെ സന്തോഷിപ്പിക്കാനായി അമ്മ എന്തൊക്കെയാണു ചെയ്യാറുള്ളതു്!
പരീക്ഷണങ്ങള്‍ തരാനും അമ്മ മിടുക്കിയായിരുന്നു. ആശ്രമവാസം വെറും ഉത്സവം മാത്രമാകാന്‍ അമ്മ അനുവദിച്ചിരുന്നില്ല. പരീക്ഷണങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ആത്മീയമായി വളരാനും കൂടുതല്‍ ശക്തി നേടാനും പരീക്ഷണങ്ങള്‍ എന്നെ സഹായിച്ചു. മഹാഭാരതത്തില്‍ കൗരവരും പാണ്ഡവരും യുദ്ധം ചെയ്ത കുരുക്ഷേത്രംപോലെയാണു് ആശ്രമം എന്നാണു് അമ്മ പറയാറുള്ളതു്. നമ്മുടെ ദുര്‍വ്വാസനകള്‍ കൗരവരും സദ്‌വാസനകള്‍ പാണ്ഡവരുമാണു്. നൂറു കൗരവരെ എതിരിടാന്‍ അഞ്ചു പാണ്ഡവരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഭഗവാന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ടു പാണ്ഡവര്‍ക്കു വിജയം വരിക്കാന്‍ കഴിഞ്ഞല്ലോ.
മക്കളെല്ലാം എപ്പോഴും സന്തോഷമായിരിക്കണമെന്നാണു് അമ്മയുടെ ആഗ്രഹം. നമ്മുടെ സന്തോഷത്തിനു തടസ്സം സൃഷ്ടിക്കുന്നതു നമ്മള്‍തന്നെയാണു് എന്നാണു് അമ്മ പറയാറുള്ളതു്. നമ്മുടെ ശത്രുവും മിത്രവുമൊക്കെ നാം തന്നെയാണെന്നു് അമ്മയുടെ അനുഗ്രഹംകൊണ്ടു് നമുക്കു ക്രമേണ ബോദ്ധ്യമാകും. നമ്മെ കൈ പിടിച്ചു നയിക്കാന്‍ ഗുരുവിനെ അനുവദിച്ചാല്‍ തടസ്സങ്ങളൊക്കെ മാറിക്കിട്ടുകയും ചെയ്യും. നല്ലൊരു യോദ്ധാവിനെപ്പോലെയായിരിക്കണം ഒരു സാധകന്‍. എപ്പോഴും ജാഗ്രതയോടെയിരിക്കണം. അതേ സമയം സ്വസ്ഥതയും വേണം.
ആത്മീയമായി പുരോഗതി നേടാന്‍ നിരന്തരമായ അഭ്യാസം ആവശ്യമാണു്. എന്നാല്‍ സ്വന്തം പുരോഗതിയെക്കുറിച്ചു് ഉത്കണ്ഠപ്പെടുന്നതും നല്ലതല്ല. ഒരു നല്ല യോദ്ധാവു തൻ്റെ വില്ലു് എപ്പോഴും കുലച്ചു വയ്ക്കാറില്ല. എപ്പോഴും ഞാണ്‍ മുറുക്കിക്കെട്ടിയിരുന്നാല്‍ വില്ലു് ഉപയോഗശൂന്യമാകും. അതുപോലെ, എപ്പോഴും ടെന്‍ഷന്‍ അനുഭവിക്കുന്ന മനസ്സും സാധനയ്ക്കു കൊള്ളാതെയാകും. അതുകൊണ്ടാണു് അമ്മ എപ്പോഴും തമാശ പറഞ്ഞും ചിരിപ്പിച്ചും മക്കളെ ഉല്ലാസഭരിതരാക്കാന്‍ ശ്രമിക്കുന്നതു്.
ആശ്രമത്തിലെ ഒരുവര്‍ഷം പെട്ടെന്നു കടന്നുപോയി. പുതിയ വിസയ്ക്കുവേണ്ടി ഞാന്‍ ഫ്രാന്‍സിലേക്കു തിരിച്ചു പോയി. എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ ഒരു മാസം വേണ്ടിവന്നു. ഭൗതിക സുഖങ്ങള്‍ നിറഞ്ഞ എൻ്റെ പഴയ ലോകത്തു് എനിക്കപ്പോള്‍ ഒരു സുഖവും അനുഭവപ്പെട്ടില്ല. അമ്മയുടെ കൂടെയുള്ള ജീവിതത്തിലെ ആനന്ദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനു പകരമായി ഒന്നുമില്ല എന്നെനിക്കു ബോദ്ധ്യമായി.
അമ്മയുടെ പുണ്യഭൂമിയില്‍
അമൃതപുരിയിലേക്കു തിരിച്ചു വന്നപ്പോള്‍ ആശ്രമത്തില്‍ സ്ഥിരമായി താമസിക്കാന്‍ അനുവദിക്കണമെന്നു ഞാന്‍ അമ്മയോടു് അപേക്ഷിച്ചു. അമ്മ സന്തോഷത്തോടെ സമ്മതം നല്കി. അമ്മയോടൊത്തുള്ള ജീവിതം എത്ര വലിയ അനുഗ്രഹമാണു്. അമ്മയുടെ സാന്നിദ്ധ്യത്തില്‍ എത്രയെത്ര ദിവ്യമായ അനുഭവങ്ങളാണു് എനിക്കുണ്ടായിട്ടുള്ളതു്! വളരെയേറെ പരീക്ഷണങ്ങളും എനിക്കു നേരിടേണ്ടിവന്നു. എല്ലാം എനിക്കാവശ്യമായിരുന്നു. ഏതു വിപരീത സാഹചര്യങ്ങളെയും നേരിടാന്‍ അമ്മ എനിക്കു ശക്തി തന്നു. മനസ്സു് ശക്തമാകുംതോറും ശാന്തവും ധ്യാനാത്മകവുമാകുന്നതു ഞാനറിഞ്ഞു. ഇനിയും എനിക്കേറെ പഠിക്കാനുണ്ടു്. അതാണു് എൻ്റെ ജീവിതത്തിൻ്റെ ഉദ്ദേശ്യം എന്നാണല്ലോ അമ്മ എന്നെ പഠിപ്പിച്ചതു്.