സ്വാമി തുരീയാമൃതാനന്ദ പുരി

ഓര്‍മ്മയില്‍നിന്നൂര്‍ന്നുവീണൊരു
കാവ്യശീലില്‍ ഞാന്‍… എൻ്റെ
ജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു…!
കാത്തുനില്പില്ലാരുമെന്നുടെ
യാനപാത്രത്തെ… എൻ്റെ
തോണിയില്‍ ഞാന്‍ മാത്രമായി യാത്ര ചെയ്യുന്നു…!

ആത്മനൊമ്പരമാരറിവൂ
നീയൊരാളെന്യേ… സ്നേഹോ-
ദാരശീലേ! നീലവാനംപോലെനിന്നുള്ളം!
മാനസപ്പൊന്‍തേരില്‍ ഞാനൊ-
ന്നാനയിച്ചോട്ടെ… അമ്മേ
നേരമിന്നും ഏറെയായ് നീ ആഗമിക്കില്ലേ…?

ഉള്ളിലാര്‍ദ്രതയുള്ളനീയെ-
ന്നുള്ളുകാണില്ലേ… കണ്ടാല്‍
ഉള്ളമീവിധമെന്തിനമ്മേ,വെന്തുനീറുന്നു…?
എള്ളിലെണ്ണകണക്കു നീയെ-
ന്നുള്ളിലുണ്ടേലും… ഉള്ളാല്‍
കണ്ടറിഞ്ഞല്ലാതെയെങ്ങനെയുള്ളമാറുന്നു…?

ചാരിടാറില്ലെന്മനസ്സിന്‍
ജാലകങ്ങള്‍ ഞാന്‍… പ്രേമോ-
ദാരഗാനാലാപമായ് നീ ആഗമിക്കില്ലേ…?
മാന്തളിര്‍ തൊത്തിൻ്റെ മാര്‍ദ്ദവ-
മുള്ളൊരെന്നുള്ളം… നിൻ്റെ
കാലടിപ്പൊന്‍ താമരത്തേന്‍ പൂവു തേടുന്നു…!