ഇഗോർ സെഡ്‌നോവ് – റഷ്യ
ഞാനൊരു റഷ്യക്കാരനാണു്. സോവിയറ്റ് യൂണിയനിലെ ഈശ്വരവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലാണു ഞാൻ ജനിച്ചതു്. വീട്ടിലെ ഈ സാഹചര്യം കാരണം ചെറുപ്പം മുതലേ എനിക്കു് ഈശ്വരചിന്തയോ ഭക്തിയോ ഉണ്ടായിരുന്നില്ല. ഈശ്വരനിൽ വിശ്വസിക്കാത്ത ഞാൻ ആത്മീയതയിലും ഗുരുക്കന്മാരിലും വിശ്വസിച്ചിരുന്നില്ല എന്നതിനു് അദ്ഭുതത്തിനവകാശമില്ലല്ലോ. ഗുരുക്കന്മാർ എന്നു പറയുന്നവരൊക്കെ മടിയന്മാരും ദുർബ്ബലചിത്തരെ ചൂഷണം ചെയ്തു ജീവിക്കുന്നവരും ആണെന്നായിരുന്നു എൻ്റെ ധാരണ.
1993-ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കുറച്ചു കാലമായി എൽ.എസ്.ഡി. എന്ന മയക്കു മരുന്നിനു് അടിമയായിരുന്നു ഞാൻ. ഒരിക്കൽ ഞാൻ കഴിച്ച മയക്കു മരുന്നിൻ്റെ അളവു വളരെ കൂടി മരണത്തിൻ്റെ വക്കിലെത്തി. എന്നാൽ ഈശ്വരനിശ്ചയം മറ്റൊന്നായിരുന്നു. എനിക്കു പോകാനുള്ള സമയമായിരുന്നില്ല. ബോധം വന്നപ്പോൾ, ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ, ഞാൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. ഈ പ്രപഞ്ചത്തിൽ എല്ലാ കാര്യങ്ങൾക്കും കാരണമായ ഒരു ശക്തിയുണ്ടെന്നു് എനിക്കു ബോദ്ധ്യമായി. ആ ശക്തിയെ അറിയുവാനായി ശേഷിച്ച ജീവിതം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.
അടുത്ത വർഷം ഞാൻ അമേരിക്കയിലേക്കു പോയി. അവിടെ വച്ചാണു ഞാൻ യോഗാതത്ത്വശാസ്ത്രത്തിലേക്കു് ആകർഷിക്കപ്പെട്ടതു്. 1997 ഒക്ടോബറിൽ വെർജീനിയയിലെ ഒരു ആദ്ധ്യാത്മിക സംഘടനയിൽ ഞാൻ ചേർന്നു. ആ വർഷംതന്നെ ഡിസംബറിൽ എൻ്റെ ആത്മീയ സഹയാത്രികരോടൊപ്പം ഞാൻ ദക്ഷിണഭാരതത്തിലേക്കു വന്നു. അപ്പോൾ എൻ്റെ ആത്മീയവീക്ഷണം തികച്ചും ബൗദ്ധികമായിരുന്നു. അദ്വൈതസിദ്ധാന്തമാണു് ഏറ്റവും ഉയർന്നതെന്നും ഭക്തിയും പൂജയും ഭജന പാടുന്നതുമൊക്കെ വെറും ബാലിശമാണെന്നും ആണു ഞാൻ ധരിച്ചിരുന്നതു്.
ഭാരതത്തിലെത്തിയ ഞങ്ങൾ കോവളം ബീച്ചിൽ രണ്ടു ദിവസം വിശ്രമിച്ചു. മൂന്നാംദിവസം വൈകുന്നേരം ഒരു ബസ്സിൽ കയറി ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥലത്തേക്കു തിരിച്ചു. ഇരുട്ടുപിടിച്ച ഒരു ദിവസമായിരുന്നു അതു്. നാട്ടിൻപ്രദേശത്തു കൂടിയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നതു്. ഒട്ടും പരിചയമില്ലാത്ത സ്ഥലവും കാഴ്ചകളും എന്നെ അല്പം ഉത്കണ്ഠപ്പെടുത്തിയിരുന്നു. പെട്ടെന്നു ഞങ്ങളുടെ ടൂർ ലീഡർ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. അവിടെ അടുത്തു് ഒരു ആശ്രമമുണ്ടെന്നും അവിടെ കയറി കണ്ടിട്ടു് അടുത്ത ലക്ഷ്യത്തിലേക്കു പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇതു് ‘അമ്മ’ എന്നു പറഞ്ഞ ഏതോ ഒരു മഹാത്മാവിൻ്റെ ആശ്രമമാണത്രേ! അമ്മയെക്കുറിച്ചു ഞാൻ അതിനു മുൻപു കേട്ടിട്ടില്ല. ബസ്സിൽ നിന്നിറങ്ങി ഒരു വള്ളത്തിൽ കായൽ കടന്നാണു ഞങ്ങൾ അമ്മയുടെ ആശ്രമത്തിൽ എത്തിയതു്.
നാല്പത്തഞ്ചു മിനിട്ടാണു് ആശ്രമസന്ദർശനത്തിനു ലഭിച്ചതു്. ആ സമയം ഹാളിലിരുന്നു ഭജന കേൾക്കുകയോ ആശ്രമം ചുറ്റിനടന്നു കാണുകയോ ചെയ്യാമെന്നു ടൂർ ലീഡർ പറഞ്ഞു. ചിലരെല്ലാം ഭജന നടക്കുന്ന ഹാളിലേക്കു പോകുന്നതു കണ്ടപ്പോൾ ഞാനും അവരോടൊപ്പം കൂടി. ഹാൾ നിറഞ്ഞിരുന്നു. ആ തിരക്കിൽ കുറച്ചു സ്ഥലം കണ്ടുപിടിച്ചു ഞാൻ അവിടെ ഇരുന്നു. ഹാളിൽ ധാരാളം വിദേശീയരുണ്ടായിരുന്നതു് എന്നെ അദ്ഭുതപ്പെടുത്തി. മിക്കവരും വെള്ള വസ്ത്രം ധരിച്ചിരുന്നു. സ്റ്റേജിനും വളരെ ദൂരെയാണു ഞാൻ ഇരുന്നിരുന്നതു്. കാവിയുടുത്ത കുറച്ചു സന്ന്യാസിമാരുടെയിടയിൽ വെള്ളവസ്ത്രം ധരിച്ച, ഇരുണ്ട നിറമുള്ള ഒരു സ്ത്രീ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. അവർ പാടുന്ന ഭജന ഹാളിലുള്ള എല്ലാവരും ഏറ്റുപാടുന്നു. അവരായിരിക്കണം അമ്മ എന്നു ഞാൻ ഊഹിച്ചു.
കുറച്ചു സമയമേ ആശ്രമത്തിൽ കിട്ടുകയുള്ളു എന്നുള്ളതു കൊണ്ടു്, ഞാൻ മറ്റൊന്നും അധികം ശ്രദ്ധിക്കാതെ ഭജനയിൽ മനസ്സു് കേന്ദ്രീകരിക്കാൻ ശ്രമിച്ചു. ഈ ലോകത്തെയും തന്നെത്തന്നെയും മറന്നു ഭജന പാടുന്ന അമ്മയുടെ സ്വരം വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്ത ഒരു അനുഭൂതി എന്നിലുണർത്തി. ഭജന പാടുന്നതിനിടയിൽ അമ്മ ഈശ്വരനാമം ഉച്ചത്തിൽ വിളിക്കുകയും ഭക്തിയോടെ കൈകൾ ഉയർത്തി കേഴുകയും ചെയ്തിരുന്നു. സാധാരണ ആളുകളുടെ കണ്ണുകൾക്കു കാണാൻ പറ്റാത്ത ഒരു ഈശ്വരസാന്നിദ്ധ്യവുമായി അവർക്കു നേരിട്ടു സംവേദിക്കാനാവുന്നുണ്ടെന്നു് എനിക്കു തോന്നി.
സമയം പോയതറിഞ്ഞില്ല. കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റു പുറത്തുപോകുന്നതു കണ്ടപ്പോഴാണു് അവിടെ നിന്നു യാത്രതിരിക്കാനുള്ള സമയമായി എന്നെനിക്കു് ഓർമ്മ വന്നതു്. എന്നാൽ ആ അന്തരീക്ഷത്തിൽനിന്നു വിട്ടുപോകാനും തോന്നുന്നില്ല. അവസാനം നിവൃത്തിയില്ലാതെ, ദുഃഖത്തോടെ ഞാൻ ആശ്രമം വിട്ടിറങ്ങി. ഇങ്ങനെയാണു ഞാൻ അമ്മയെ ആദ്യമായി കാണുന്നതു്.
രണ്ടു വർഷം കടന്നുപോയി. രണ്ടായിരാം ആണ്ടു് ജനുവരിയിൽ ഞാൻ വീണ്ടും ഭാരതത്തിലേക്കു വന്നു. അമേരിക്കയിൽ ഞങ്ങളുടെ ആദ്ധ്യാത്മികസംഘടനയിൽ ‘ഉമ’ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. എനിക്കു സ്വന്തം അമ്മയെപ്പോലെ ആയിരുന്നു അവർ. അവരും ഞാനും കൂടി ആ തവണയും കോവളം ബീച്ചിൽ പോയി. ഞാൻ ഭാരതത്തിലേക്കു വരുന്നുണ്ടെന്നറിഞ്ഞപ്പോൾ, റഷ്യയിലെ എൻ്റെ രണ്ടു സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും ഞങ്ങളുടെ ഒപ്പം കൂടിയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങളിൽ താത്പര്യമുള്ള അവരോടു് ആദ്യമായി ഭാരതം സന്ദർശിച്ചപ്പോഴുള്ള എൻ്റെ അനുഭവം ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണു് അവരും ഭാരതം സന്ദർശിക്കാൻ തീരുമാനിച്ചതു്.
അപ്പോഴും ഈശ്വരനെ ബുദ്ധികൊണ്ടു് അറിയാനാണു ഞാൻ ശ്രമിച്ചിരുന്നതു്. ഭക്തിമാർഗ്ഗം തരംതാണതാണെന്നും വിചാരമാർഗ്ഗമോ ജ്ഞാനമാർഗ്ഗമോ ആണു് എന്നെപ്പോലെയുള്ള ബുദ്ധിജീവികൾക്കു യോജിച്ചതു് എന്നുമായിരുന്നു എൻ്റെ വിശ്വാസം. റഷ്യയിൽനിന്നുള്ള എൻ്റെ സുഹൃത്തുക്കൾ, ലിസയും ആൻഡ്രിയും എന്നെപ്പോലെത്തന്നെയായിരുന്നു. അദ്വൈതം മാത്രം ഉപദേശിക്കുന്ന ഗുരുക്കന്മാരെയും, അവർ ഉറപ്പുതരുന്ന ഇൻസ്റ്റൻ്റ് സാക്ഷാത്കാരത്തെയുമാണു ഞങ്ങളെല്ലാം തേടിയിരുന്നതു്. ഭക്തിമാർഗ്ഗം മോശം; കർമ്മയോഗം, സേവനം എല്ലാം അതിലേറെ മോശം എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതുകൊണ്ടു തന്നെ അമ്മയെപ്പോലൊരു ഗുരുവിനെയല്ല ഞങ്ങൾ തേടിയിരുന്നതു്. എങ്കിലും അമ്മയുടെ ആശ്രമം കോവളത്തിന് അടുത്തായിരുന്നതുകൊണ്ടു്, ആദ്യം അങ്ങോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.
പോകുന്ന വഴിയിൽ ടാക്‌സിയിലിരുന്നു് ‘From Here To Nirvana: A Yoga Journal Guide To Spiritual India’ എന്ന ബുക്കിൽ അമ്മയെക്കുറിച്ചെഴുതിയിരുന്നതു ഞാൻ വായിച്ചു. അമ്മയുടെ ജീവിതത്തിലെ പല സംഭവങ്ങളും അതിൽ പ്രതിപാദിച്ചിരുന്നു. അതെൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അമ്മ തന്നെ കാണാൻ വരുന്ന എല്ലാവരെയും നേരിട്ടു കാണുമെന്നും ആലിംഗനം ചെയ്തു സ്വീകരിക്കുമെന്നും അറിഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. അമ്മയുടെ ആശ്രമം മുൻപൊരിക്കൽ സന്ദർശിച്ചിരുന്നുവെങ്കിലും ഇതെനിക്കൊരു പുതിയ അറിവായിരുന്നു. എന്നാൽ ലിസയും ആൻഡ്രിയും തങ്ങൾ സന്ദർശിക്കാൻ പോകുന്ന ആശ്രമത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒന്നും അറിയാൻ താത്പര്യപ്പെടാതെ സാധാരണ ടൂറിസ്റ്റുകളെപ്പോലെ തമാശ പറയുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.
ആശ്രമത്തിലെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. അന്നു് അമ്മയെ കാണാൻ സാധിക്കുമോ എന്നു ഞാൻ സംശയിച്ചു. എന്നാൽ എത്ര വൈകിയാലും വരുന്നവരെ മുഴുവൻ അന്നുതന്നെ കണ്ടിട്ടേ അമ്മ ദർശനഹാളിൽനിന്നും എഴുന്നേറ്റു പോവുകയുള്ളൂ എന്നു് അപ്പോൾ എനിക്കറിയില്ലായിരുന്നു. അന്നു തന്നെ ദർശനം കിട്ടിയാൽ ഉടൻ മടങ്ങാമെന്നും ഇല്ലെങ്കിൽ അന്നവിടെ താമസിക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു. വള്ളിക്കാവിലെത്തിയ ഞങ്ങൾ കടത്തു കടന്നു് ആശ്രമത്തിലേക്കു നടന്നു. ആൻഡ്രിയും ലിസയും അപ്പോഴും തമാശകൾ പറയുകയും ചിരിക്കുകയുമായിരുന്നു. ഒരു ആശ്രമത്തിലെ വിശുദ്ധിയും അന്തസ്സും അവർ മനസ്സിലാക്കാത്തതിൽ എനിക്കു് അരിശം തോന്നി. ഞങ്ങൾ ഹാളിലേക്കു ചെല്ലുമ്പോൾ അമ്മ ദർശനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഉമയും ലിസയും സ്ത്രീകളുടെ ക്യൂവിലും ആൻഡ്രിയും ഞാനും പുരുഷന്മാരുടെ ക്യൂവിലും സ്ഥലംപിടിച്ചു. ആളുകൾ ഹാളിൽ തിങ്ങി നിറഞ്ഞിരുന്നു.
പിന്നെ നടന്നതു വാക്കുകൾ കൊണ്ടു വിവരിക്കാൻ വിഷമമാണു്. അമ്മയുടെ അടുത്തേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ ഒരു തേങ്ങൽ കേട്ടു ഞാൻ തിരിഞ്ഞു നോക്കി. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു മനുഷ്യനു് ഇത്ര കുറച്ചു സമയംകൊണ്ടു് ഇങ്ങനെ മാറാൻ കഴിയുമോ? അല്പം മുൻപുവരെ തമാശ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്നിരുന്ന ആൻഡ്രി എന്ന ചെറുപ്പക്കാരൻ ഇപ്പോഴിതാ നിഷ്‌കളങ്കനായ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നു. പഴയ ആൻഡ്രി എങ്ങോ പോയി മറഞ്ഞു. ഇതു് ഇപ്പോഴെൻ്റെ സുഹൃത്തല്ല; അമ്മയുടെ അടുത്തെത്താൻ വെമ്പുന്ന ഒരു കൊച്ചുകുഞ്ഞാണു്. ആൻഡ്രിയുടെ ഈ മാറ്റം കണ്ടപ്പോൾ ഞാനും പരവശനായിപ്പോയി. ക്യൂ പതുക്കെ നീങ്ങിയപ്പോഴൊക്കെ ഞാൻ അമ്മയെ ശ്രദ്ധിക്കുകയായിരുന്നു. രണ്ടു വർഷം മുൻപു് അമ്മയെ ആദ്യമായി കണ്ട രംഗം എൻ്റെ ഓർമ്മയിൽ വന്നു. എൻ്റെ ഊഴമായപ്പോൾ അമ്മ എന്നെയും മാറോടു ചേർത്തു ചെവിയിലെന്തോ മന്ത്രിച്ചു. എനിക്കു വലിയ ശാന്തി അനുഭവപ്പെട്ടു.
ദർശനത്തിനുശേഷം അമ്മയുടെ അടുത്തു കുറച്ചു സമയം ഞാനിരുന്നു. അമ്മയെ കാണുമ്പോൾ മക്കളുടെ മുഖത്താണോ മക്കളെ കാണുമ്പോൾ അമ്മയുടെ മുഖത്താണോ കൂടുതൽ സന്തോഷം? അമ്മയുടെ ഇരുണ്ട ശരീരത്തിലെ ഓരോ രോമകൂപങ്ങൾക്കിടയിലൂടെയും സ്നേഹം വഴിഞ്ഞൊഴുകുന്നതായി എനിക്കു തോന്നി. കാർഡ്രൈവർ ഞങ്ങളുടെ പെട്ടികളുമായി കായലിനക്കരെ കാത്തുനില്ക്കുകയാണെന്നു പെട്ടെന്നാണു് എനിക്കോർമ്മ വന്നതു്. ഞങ്ങൾ പുറത്തിറങ്ങി. എന്നാൽ ആൻഡ്രി ആശ്രമം വിട്ടു വരാൻ തയ്യാറല്ലായിരുന്നു. അവസാനം എന്തുംവരട്ടെ എന്നു തീരുമാനിച്ചു ഞങ്ങൾ അന്നവിടെ താമസിക്കുവാൻ നിശ്ചയിച്ചു. ഭജന കേട്ടും അമ്മയെ കൊതിതീരെ നോക്കിനിന്നും ആശ്രമത്തിൽ ചുറ്റിനടന്നും ഞങ്ങൾ ആ രാത്രി ഉറങ്ങാതെ കഴിച്ചു കൂട്ടി.
അമ്മയുടെ ദർശനം കിട്ടിയതിനുശേഷം കുറെ നാളുകളോളം എൻ്റെ മനസ്സിൽ അമ്മയെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും ഇല്ലാതെയായി. ആ വർഷംതന്നെ അമ്മ അമേരിക്കയിൽ വന്നപ്പോൾ അമ്മയെ വീണ്ടും ദർശിക്കുവാനും അമ്മയുടെ അടുത്തു കൂടുതൽ സമയം ചെലവഴിക്കാനും എനിക്കു കഴിഞ്ഞു. അമ്മയാണു ഞാൻ തേടിക്കൊണ്ടിരുന്ന ഗുരു എന്നു് എനിക്കുറപ്പായി. എൻ്റെ ആത്മീയപുരോഗതിയെപ്പറ്റിയുള്ള ആശങ്കയൊക്കെ മാഞ്ഞു. പുറമെ കാണുന്ന അമ്മ എൻ്റെ ആത്മസാരം തന്നെയാണു് എന്നുറപ്പായാൽ പിന്നെ എന്തിനാണു് ആശങ്ക? എൻ്റെ അമ്മയുടെ ദിവ്യപ്രേമം അനുഭവിക്കുവാൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും കഴിയുമാറാകട്ടെ! എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ! ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.