ശ്രീകുമാരന്‍ തമ്പി
കാണാതെ കാണുന്നു
നമ്മള്‍ പരസ്പരം
അറിയുന്നു നീയെന്നു-
മെന്നാത്മനൊമ്പരം!
കാരുണ്യമാണു നിന്‍
മതമെന്ന ബോധത്തില്‍
ഞാനെൻ്റെയില്ലായ്മ
ആനന്ദമാക്കുന്നു!
കാവി വസ്ത്രത്താ-
ലുടല്‍ മറയ്ക്കാതെ ഞാന്‍
ആ മഹാസത്യത്തിന്‍
സാരാംശമറിയുന്നു…
കാണുന്നു നീ മാത്ര-
മെന്നെയീ യാത്രയില്‍
നയനങ്ങള്‍ തോല്ക്കുന്നു
നിൻ്റെയുള്‍ക്കാഴ്ചയില്‍!
ഉയിരിൻ്റെ ബന്ധനം
ഉടലറിയുന്നുവോ…?
കടലിൻ്റെ ഗര്‍ജ്ജനം
അഴല്‍തന്നെയല്ലയോ…!
അകലെയാണെങ്കിലും
ആലിംഗനത്തില്‍ ഞാന്‍
അരികിലില്ലെങ്കിലും
കാതില്‍ നിന്‍ തേന്‍മൊഴി!
പറയാതെയറിയുന്നു
നീയെന്‍ പ്രതീക്ഷകള്‍
ഒരു തെന്നലായ്‌വന്നു
തഴുകുന്നിതെന്നെ നീ.
ഉടലിൻ്റെ പരിരംഭണം
വേണ്ട, യീയിരുളില്‍
പ്രിയതമം നിന്‍ ചിരി-
യെന്‍ ലക്ഷ്യതാരകം!