ഈ ഭൂമി ഈ രീതിയില്‍ നമ്മളെ വേദനിപ്പിക്കുവാന്‍ എന്താണു കാരണം? മക്കള്‍ ഒന്നു് ഓര്‍ക്കണം, ഈ പ്രകൃതി നമുക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നു. നദികള്‍, വൃക്ഷങ്ങള്‍, മൃഗങ്ങള്‍ ഇവയൊക്കെ നമുക്കുവേണ്ടി സഹിക്കുന്ന ത്യാഗം എത്രയാണു്. ഒരു വൃക്ഷത്തെ നോക്കുക. അതു ഫലം തരുന്നു, തണല്‍ തരുന്നു, കുളിര്‍മ്മ പകരുന്നു. വെട്ടിയാലും വെട്ടുന്നവനു തണല്‍ വിരിക്കുന്നു. ഈ ഒരു ഭാവമാണു വൃക്ഷത്തിനുള്ളതു്. ഇങ്ങനെ പ്രകൃതിയിലെ ഏതൊന്നെടുത്തു നോക്കിയാലും അവയെല്ലാം മനുഷ്യനുവേണ്ടി എന്തെന്തു ത്യാഗമാണു സഹിക്കുന്നതു്. പക്ഷേ, നമ്മള്‍ അവയ്ക്കുവേണ്ടി എന്തുചെയ്യുന്നു.

ഒരു വൃക്ഷം വെട്ടിയാല്‍ ഒരു തൈ വയ്ക്കണമെന്നു പറയും. പക്ഷേ, എത്രപേരു് അതനുസരിക്കുന്നു. അഥവാ, അതനുസരിച്ചാല്‍തന്നെ, ഈ ഒരു തൈകൊണ്ടു് എങ്ങനെ പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍ സാധിക്കും? വലിയ വൃക്ഷം പ്രകൃതിക്കു നല്കുന്ന ശക്തി ഒരു ചെറിയ തൈയ്ക്കു കൊടുക്കുവാന്‍ കഴിയില്ല. ഒരു മുതിര്‍ന്ന മനുഷ്യന്‍ ചെയ്തുകൊണ്ടിരുന്ന ജോലി, ഒരു കൊച്ചുകുട്ടിക്കു ചെയ്യുവാന്‍ പറ്റുമോ? അയാള്‍ ഒരു കുട്ട മണ്ണു ചുമന്നിടുമ്പോള്‍, ആ കുട്ടിക്കു് ഒരു സ്പൂണില്‍ അല്പം മണ്ണു കോരിയിടുവാന്‍ കഴിഞ്ഞേക്കും. അതുപോലെയുള്ള വ്യത്യാസമുണ്ടു്. ഒരു ഡ്രം വെള്ളം ശുദ്ധീകരിക്കാന്‍ പത്തു മില്ലി ഗ്രാം പൊടിയിടുന്നതിനു പകരം ഒരു മില്ലിഗ്രാം പൊടിയിട്ടാല്‍ പ്രയോജനമുണ്ടോ? ഇതുപോലെയാണു് ഇന്നത്തെ പ്രകൃതിസംരക്ഷണത്തിൻ്റെ അവസ്ഥ.

പ്രകൃതിയുടെ താളലയം നഷ്ടമായിക്കൊണ്ടിരിക്കുന്നു. കുളിര്‍മ്മ പകര്‍ന്നു നമ്മെ തലോടേണ്ട ചെറുതെന്നല്‍ വന്‍ചുഴലിയായി മാറിയിരിക്കുന്നു. ഇതുവരെ നമുക്കു താങ്ങായ ഭൂമി ഇന്നു നമ്മെ പാതാളത്തിലേക്കാഴ്ത്തിക്കൊണ്ടിരിക്കുകയാണു്. അതു പ്രകൃതിയുടെ കുറ്റമല്ല. നമ്മള്‍ ചെയ്ത അധര്‍മ്മത്തിൻ്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ശവപ്പെട്ടി വിറ്റു പണമുണ്ടാക്കി ജീവിക്കുന്നവന്‍, ഒടുവില്‍ ആ പെട്ടിക്കകത്തുതന്നെ ഒതുങ്ങുന്നതുപോലെയാണിതു്. നമ്മുടെ ശവക്കുഴി നമ്മള്‍തന്നെ തോണ്ടുകയാണു്. ഇപ്പോള്‍ എല്ലാവര്‍ക്കും ഭീതിയാണു്. ഉറങ്ങാന്‍ കിടന്നാല്‍, പിറ്റേന്നു ജീവനോടെ ഉണര്‍ന്നെഴുന്നേല്ക്കുവാന്‍ സാധിക്കുമോയെന്നു സംശയമാണു്.

മക്കളേ, ആദ്യം നമ്മള്‍ സംരക്ഷിക്കേണ്ടതു പ്രകൃതിയെയാണു്. എങ്കിലേ നമുക്കു നിലനില്പുള്ളൂ. പണത്തിനുവേണ്ടി, സ്വാര്‍ത്ഥതയ്ക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതു നമ്മള്‍ ഉപേക്ഷിക്കണം. അതോടൊപ്പം എല്ലാ മക്കളും അവരവരുടെ വീടുകളില്‍ കുറച്ചു സ്ഥലത്തെങ്കിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. വൃക്ഷങ്ങളെ പൂജിക്കണമെന്നു് ഋഷീശ്വരന്മാര്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യമാണതിലൂടെ അവര്‍ പഠിപ്പിച്ചതു്. പൂജയ്ക്കുവേണ്ടി ചെടികള്‍ വീട്ടുമുറ്റത്തു നട്ടുവളര്‍ത്തി, അതിലെ പുഷ്പങ്ങളിറുത്തു ദേവനു് അര്‍ച്ചിക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതും മറ്റും അന്തരീക്ഷശുദ്ധിക്കു നല്ലതാണു്.

ഇന്നു് അന്തരീക്ഷത്തിലുള്ളതു പുഷ്പങ്ങളുടെ മണമോ, എണ്ണയില്‍ കത്തുന്ന തിരിയുടെ ഗന്ധമോ അല്ല, ഫാക്ടറിയില്‍നിന്നുള്ള വിഷപ്പുകയുടെ ഗന്ധമാണ്. അന്തരീക്ഷം മലിനപ്പെട്ടു കഴിഞ്ഞു. പണ്ടു മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് ആയിരുന്നുവെങ്കില്‍ ഇന്നതു് എണ്‍പതും അറുപതും ആയിച്ചുരുങ്ങി. പുതിയ പുതിയ അസുഖങ്ങളായി. എല്ലാത്തിനും ‘വൈറസു്’ എന്നു പറയുന്നതല്ലാതെ, അസുഖങ്ങളുടെ യഥാര്‍ത്ഥ കാരണം ആര്‍ക്കുമറിയില്ല. അന്തരീക്ഷം മലിനമാകുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നശിക്കുന്നു. ആയുസ്സു് കുറയുന്നു. ഈ സ്ഥിതിയിലാണു് ഇന്നു നമ്മുടെ മുന്നോട്ടുള്ള പോക്കു്.

ഭൂമിയില്‍ സ്വര്‍ഗ്ഗം പടുത്തുയര്‍ത്താനാണു ശ്രമം. പക്ഷേ, ഫലത്തില്‍ ഇവിടം നരകമായി മാറിയിരിക്കുന്നു. മധുരം കഴിക്കുവാന്‍ ആഗ്രഹമുണ്ടു്, പക്ഷേ, സാധിക്കുന്നില്ല, അസുഖം. ഡാന്‍സുകാണാന്‍ പോകണമെന്നുണ്ടു്. പക്ഷേ, ഉറക്കൊഴിക്കാന്‍ പാടില്ല, അസുഖം. ഇങ്ങനെ ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ മനുഷ്യനു് അവൻ്റെ ആഗ്രഹത്തിനൊത്തു നീങ്ങാന്‍ പറ്റുന്നില്ല. സ്വയം സൃഷ്ടിച്ച കുരുക്കഴിക്കാനാകാതെ അവന്‍ കുഴയുകയാണു്. ഇതിൻ്റെ അവസാനമെന്തെന്നോ, പരിഹാരമെന്തെന്നോ ആരും ആലോചിക്കുന്നില്ല. ആലോചിച്ചാല്‍തന്നെ പ്രവൃത്തിയില്‍ കൊണ്ടുവരുന്നില്ല.

ചെടികള്‍ നട്ടുവളര്‍ത്തി പുഷ്പങ്ങളിറുത്തു ദേവനര്‍ച്ചിക്കുമ്പോള്‍ പ്രകൃതിശുദ്ധിയും ഹൃദയശുദ്ധിയുമായി. ഒരു ഭക്തന്‍ ചെടിക്കു വെള്ളമൊഴിക്കുന്നതും അതിലെ പുഷ്പങ്ങള്‍ ഇറുക്കുന്നതും മാലകൊരുക്കുന്നതും ദേവനര്‍ച്ചിക്കുന്നതും എല്ലാം മന്ത്രജപത്തോടെയായിരിക്കും. ആ മന്ത്രജപം അവനിലെ ചിന്തകളെ കുറയ്ക്കുന്നു. അതിലൂടെ മനസ്സു് ശുദ്ധമാകുന്നു. എന്നാല്‍ ഇന്നുള്ളവര്‍ ഇതിനെയൊക്കെ അന്ധവിശ്വാസം എന്നുപറഞ്ഞു തള്ളുകയാണു്. മനുഷ്യനാല്‍ നിര്‍മ്മിതമായ നശ്വരമായ കമ്പ്യൂട്ടറിനെയും ടി.വി.യെയുമൊക്കെയാണു നമുക്കിപ്പോള്‍ വിശ്വാസം. ജ്ഞാനികളായ ഋഷീശ്വരന്മാരുടെ വാക്കുകളെ വിശ്വസിക്കുവാന്‍ വയ്യ. കമ്പ്യൂട്ടറിനോ കാറിനോ കേടു സംഭവിച്ചാല്‍, അവ ശരിയാക്കുന്നതിനുവേണ്ടി ക്ഷമയോടെ എത്രനേരം വേണമെങ്കിലും അദ്ധ്വാനിക്കും, നമ്മള്‍ കാത്തിരിക്കും. പക്ഷേ, മനസ്സിൻ്റെ അപശ്രുതി നീക്കാന്‍ നമ്മള്‍ എന്തുചെയ്യുന്നു.