കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണു്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഥ കേള്‍ക്കാന്‍ താത്പര്യമാണു്. അറിയേണ്ട കാര്യങ്ങള്‍ കഥയുടെ രൂപത്തില്‍ കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പതിയും. അതുകൊണ്ടു കുട്ടികള്‍ക്കു കാതലുള്ള കഥകള്‍ വായിച്ചു കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടു്. കഥ വായിച്ചു കേള്‍ക്കുന്നതുകൊണ്ടു രണ്ടുണ്ടു ഗുണം. കേള്‍ക്കുന്നയാള്‍ക്കു വായനയില്‍ താത്പര്യം ജനിക്കും. അതു് എന്തെങ്കിലും കഥയുള്ള കഥയാണെങ്കില്‍ ഹൃദയ വികാസവുമുണ്ടാകും. മാത്രമല്ല, വായിക്കുന്നയാളിനും അതു മനനത്തിനുള്ള ഒരു കാരണമാകും.
അങ്ങനെയൊരിക്കല്‍, ഈ പറഞ്ഞ ഗുണങ്ങളൊക്കെയുള്ള ഒരു കഥ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോഴാണു കുഞ്ഞുതാരകത്തിൻ്റെ കഥ എൻ്റെ ശ്രദ്ധയില്‍പ്പെട്ടതു്. ഏതോ കുട്ടികളുടെ മാസികയില്‍ വന്ന ഒരു കഥയാണു്. അത്ര അറിയപ്പെടുന്ന എഴുത്തുകാരൻ്റെയൊന്നുമല്ല. എങ്കിലും ആ കഥ എൻ്റെ മനസ്സില്‍ പതിഞ്ഞു. നമ്മള്‍, അമ്മയുടെ മക്കള്‍ക്കു് ഏതു് അമ്മയുടെയും കുഞ്ഞിൻ്റെയും കഥ കേട്ടാലും മനസ്സില്‍ വരുന്ന ചിത്രങ്ങള്‍ ഒന്നുതന്നെയായിരിക്കുമല്ലോ.
കഥ ഇതാണു്… ഒരു കുഞ്ഞു താരകം. അമ്മ പറഞ്ഞതു് അനുസരിക്കാതെ ആകാശമുറ്റത്തു കളിക്കാനിറങ്ങി. കാലു തെറ്റി ഒറ്റ വീഴ്ച. വന്നുപതിച്ചതു് ഇങ്ങു താഴെ ഭൂമിയിലും. അമ്മ പറയുന്നതു് അനുസരിക്കാതെയിരിക്കുന്ന മക്കള്‍ക്കൊക്കെ പറ്റുന്ന അബദ്ധമാണിതു്. എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം എന്നു നമ്മുടെ അമ്മയും പറയാറുണ്ടല്ലോ. എത്ര ഉയരത്തിലെത്തിയ ആളാണെങ്കിലും, പതനം വന്നാല്‍പിന്നെ എത്രത്തോളം അധഃപതിക്കും എന്നു പറയാന്‍ പറ്റില്ല.
താഴത്തു വീണ താരകക്കുഞ്ഞിനു സങ്കടം സഹിക്കാനായില്ല. അമ്മ പറഞ്ഞതു് അനുസരിക്കാത്തതിൻ്റെ ഭവിഷ്യത്തു മനസ്സിലായതു് അമ്മ നഷ്ടപ്പെട്ടപ്പോഴാണു്. കുഞ്ഞു മുകളിലേക്കു നോക്കി, അമ്മയെ കാണാന്‍. ആകാശത്തു കോടാനുകോടി നക്ഷത്രങ്ങള്‍. അതില്‍ തൻ്റെ അമ്മ ഏതാണു്? തിരഞ്ഞുതിരഞ്ഞു കണ്ണു കഴച്ചു. ഭയമായിത്തുടങ്ങി. വിങ്ങിപ്പൊട്ടിക്കൊണ്ടു് അല്പനേരം കുനിഞ്ഞിരുന്നു. കുറച്ചു സമയം അങ്ങനെ ഇരുന്നിരിക്കണം. വീണ്ടും മുകളിലേക്കു നോക്കിയപ്പോള്‍ നക്ഷത്രങ്ങളെയൊന്നും കാണാനില്ല.
സൂര്യനുദിച്ചു തുടങ്ങിയിരിക്കുന്നുവല്ലോ. അമ്മ എവിടെപ്പോയൊളിച്ചു? അതിനു വേവലാതിയായി. ചുറ്റും നോക്കി. പരിചയമില്ലാത്ത സ്ഥലം. ഭയംകൊണ്ടു ശബ്ദംപോലും പുറത്തു വരുന്നില്ല. ഏങ്ങലടിച്ചു്, പേടിച്ചു വിറച്ചു കുഞ്ഞൊരു ചെടിയുടെ കീഴില്‍ കൂനിക്കൂടിയിരുന്നു. അതൊരു അവധിക്കാലമായിരുന്നു. കളിക്കാനായി കുട്ടികള്‍ പുറത്തു വന്നപ്പോഴാണു തനിയെയിരുന്നു വിതുമ്പുന്ന നക്ഷത്ര കുഞ്ഞിനെ കണ്ടതു്. അമ്മയെ പിരിഞ്ഞതുകൊണ്ടുള്ള ദുഃഖവും ഭയവുമാണു് എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കും വിഷമമായി.
എങ്ങനെയെങ്കിലും കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കാനുള്ള ശ്രമമായി. എല്ലാവരും കൂടി പ്രയത്‌നിച്ചു് ഉയരത്തില്‍ പറക്കുന്ന ഒരു പട്ടം ഉണ്ടാക്കി. അതിൻ്റെ മുകളിലിരുത്തി അവര്‍ നക്ഷത്ര കുഞ്ഞിനെ ആകാശത്തിലേക്കു പറത്തി. എന്തുകാര്യം! എത്ര ഉയരത്തില്‍ പറത്തിയിട്ടും അമ്മയെ കാണാന്‍പോലും പറ്റുന്നില്ല എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കു ശ്രമം അവസാനിപ്പിക്കേണ്ടിവന്നു. തങ്ങളുടെ പ്രയത്‌നംകൊണ്ടു പ്രയോജനമൊന്നുമില്ല എന്നു മനസ്സിലായപ്പോള്‍ അവര്‍ മറ്റേതെങ്കിലും മാര്‍ഗ്ഗം തേടാന്‍ തീരുമാനിച്ചു.
ഏറെ അറിവുള്ളവളാണല്ലോ തങ്ങളെ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപിക എന്നു് അപ്പോഴാണു കുട്ടികളോര്‍ത്തതു്. സൗരയൂഥത്തെക്കുറിച്ചും നക്ഷത്രമണ്ഡലങ്ങളെക്കുറിച്ചുമൊക്കെ അവര്‍ക്കെല്ലാമറിയാം. താരകക്കുഞ്ഞുമായി അവര്‍ അദ്ധ്യാപികയുടെ വീട്ടിലെത്തി. അദ്ധ്യാപികയും സഹായിക്കാന്‍ തയ്യാറായി. ”നിൻ്റെ അമ്മ ഏതു ഗാലക്‌സിയില്‍ പെട്ടതാണു്? എത്ര പ്രകാശവര്‍ഷം ദൂരെയാണു്?” അദ്ധ്യാപിക പതിവു പോലെ ചോദ്യങ്ങള്‍ തുടങ്ങി.
കുഞ്ഞിനുണ്ടോ അമ്മയെപ്പറ്റി എന്തെങ്കിലും ജ്ഞാനം? എത്രയൊക്കെ ശ്രമിച്ചിട്ടും, ഏതൊക്കെ പുസ്തകം പരിശോധിച്ചിട്ടും അമ്മനക്ഷത്രം ഏതു ഗാലക്‌സിയില്‍ പെട്ടതാണെന്നോ, എത്ര പ്രകാശവര്‍ഷം ദൂരത്തിലാണെന്നോ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അദ്ധ്യാപികയുടെ അറിവുകൊണ്ടും പ്രയോജനമൊന്നുമില്ല എന്നു മനസ്സിലായിട്ടും കുട്ടികള്‍ പക്ഷേ, തോല്ക്കാന്‍ തയ്യാറായില്ല.
അടുത്തതായി അവര്‍ സമീപിച്ചതു് ഒരു ജ്യോതിശാസ്ത്രജ്ഞനെ ആണു്. ശാസ്ത്രജ്ഞനാകുമ്പോള്‍ ബുദ്ധിയുപയോഗിച്ചു് ഏതു പ്രശ്നത്തിനും പരിഹാരം കാണുമല്ലോ. താരകക്കുഞ്ഞിൻ്റെ ദുഃഖം കണ്ടപ്പോള്‍ ശാസ്ത്രജ്ഞൻ്റെയും മനസ്സലിഞ്ഞു. വലിയൊരു ബഹിരാകാശ പേടകത്തില്‍ കയറ്റി കുഞ്ഞിനെ ബഹിരാകാശത്തിലേക്കയച്ചു. പാവം ശാസ്ത്രജ്ഞന്‍! മനുഷ്യൻ്റെ ബുദ്ധിക്കെത്താവുന്നതിലും എത്ര മേലെയാണു അമ്മ നക്ഷത്രം എന്നു് അദ്ദേഹത്തിനും ഊഹിക്കാന്‍ കഴിഞ്ഞില്ല. ബഹിരാകാശ പേടകം തിരിച്ചുവന്നപ്പോള്‍ കൂടെ നക്ഷത്രക്കുരുന്നും വീണ്ടും ഭൂമിയിലെത്തി.
അപ്പോഴേക്കും വൈകുന്നേരമായിരുന്നു. കുട്ടികള്‍ക്കു വീട്ടില്‍ പോകാനുള്ള സമയമായി. എല്ലാവര്‍ക്കും പകലന്തിയാകുമ്പോള്‍ സ്വന്തം അമ്മയുടെ അടുത്തുതന്നെ എത്തണമല്ലോ. വിഷമത്തോടെ ആണെങ്കിലും അവര്‍ താരകക്കുഞ്ഞിനോടു യാത്ര പറഞ്ഞു. കുഞ്ഞു വീണ്ടും വഴിയില്‍ തനിച്ചായി. ഒറ്റയ്ക്കായപ്പോള്‍ പിന്നേയും ഭയമായി, ദുഃഖമായി. നിസ്സഹായതയോടെ തേങ്ങിക്കൊണ്ടു് അടുത്തു കണ്ട ഒരു വീട്ടിലേക്കു കയറി. കണ്ണീരൊഴുക്കിക്കൊണ്ടു് അവിടത്തെ പൂന്തോട്ടത്തിലിരുന്നു. അപ്പോള്‍ ആരോ പുറത്തു തട്ടുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ തന്നെപ്പോലെ മറ്റൊരു കുഞ്ഞു്. ഇതു പക്ഷേ, മനുഷ്യക്കുഞ്ഞാണു്. വീട്ടില്‍നിന്നു് അമ്മയുടെ കണ്ണുവെട്ടിച്ചു മുട്ടിലിഴഞ്ഞു പുറത്തു വന്നിരിക്കയാണു്.
കുഞ്ഞുതാരകത്തിൻ്റെ കണ്ണീരു കണ്ടപ്പോള്‍ മനുഷ്യക്കുഞ്ഞും കാരണം തിരക്കി. അമ്മയെ പിരിയേണ്ടിവന്നതും, ദിവസം മുഴുവന്‍ അമ്മയുടെ അടുത്തൊന്‍ ശ്രമിച്ചു പരാജയപ്പെട്ടതും ഏങ്ങലടിച്ചു കൊണ്ടു നക്ഷത്രക്കുഞ്ഞു പറഞ്ഞുതീര്‍ത്തു. ”ഈ മുതിര്‍ന്നവര്‍ക്കു് ഒന്നുമറിയില്ല,” എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ മനുഷ്യക്കുഞ്ഞു പറഞ്ഞു. ”നമുക്കു് അമ്മയുടെ അടുത്തെത്താന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍ നിമിഷനേരംകൊണ്ടു് അമ്മയെ നമ്മുടെ അടുത്തു് എത്തിക്കാന്‍ പറ്റും. ആ വിദ്യ ഞാന്‍ കാണിച്ചു തരാം” പറഞ്ഞു തീര്‍ന്നതും, കുഞ്ഞു മുഖമുയര്‍ത്തി കണ്ണുകളിറുക്കിയടച്ചു ചുണ്ടുപിളര്‍ത്തി ഒറ്റ കരച്ചില്‍ ”ങ്ഹേ….”.
തൻ്റെ കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടതും, ചെയ്തിരുന്ന ജോലിയെല്ലാം ഉപേക്ഷിച്ചു പരിഭ്രമിച്ചുകൊണ്ടു് ഒരു സ്ത്രീ അകത്തുനിന്നു് ഓടി വന്നു, കുഞ്ഞിനെയെടുത്തു മാറോടണച്ചു, പുറത്തുതട്ടി സമാധാനിപ്പിച്ചുകൊണ്ടു തൊട്ടപ്പുറത്തിരുന്ന താരകക്കുഞ്ഞിനെ ഒന്നു നോക്കുകപോലും ചെയ്യാതെ തിരിഞ്ഞു വീട്ടിലേക്കു നടന്നു. പോകുന്ന പോക്കില്‍ ശിശു അമ്മയുടെ മാറിലിരുന്നു വിജയകരമായി ചിരിച്ചുകൊണ്ടു തോളിനു മുകളിലൂടെ താരക കുഞ്ഞിനെ നോക്കി, അമ്മയെ അടുത്തെത്തിക്കുന്ന സൂത്രം മനസ്സിലായില്ലേ എന്ന മട്ടില്‍.
സമയം കളഞ്ഞില്ല. താരകക്കുഞ്ഞും കണ്ണുകളിറുക്കിയടച്ചു മുഖമുയര്‍ത്തി അലറിപ്പൊളിച്ചു് ഒറ്റ കരച്ചില്‍ ”അമ്മേ…..”. അടുത്ത നിമിഷം മിന്നല്‍പിണര്‍പോലെ ഒരു പ്രകാശം ഭൂമിയിലേക്കു വന്നു, കുഞ്ഞുതാരകത്തെ വാരിയെടുത്തു, ആകാശത്തേക്കു പോയി. അമ്മ നഷ്ടപ്പെട്ട നിസ്സഹായനായ കൊച്ചുകുഞ്ഞു നിഷ്‌കളങ്കമായ ഒറ്റ വിളികൊണ്ടു് അമ്മയെ അടുത്തെത്തിച്ച കഥവായിച്ചു തീരുമ്പോഴേക്കും എൻ്റെ കണ്ണുകള്‍ നിറയാനും ശബ്ദമിടറാനും തുടങ്ങിയിരുന്നു. ഇല്ലാത്ത ചുമ ചുമച്ചും കര്‍ച്ചീഫുകൊണ്ടു മുഖം തുടച്ചും ഞാന്‍ ഒരുവിധം കഥ തീര്‍ത്തു.
അമ്മ എത്ര ദൂരെയാണെന്നു തോന്നിയാലും നിമിഷനേരംകൊണ്ടു് അടുത്തെത്തിക്കാനുള്ള വിദ്യ കുഞ്ഞുതാരകം എളുപ്പം പഠിച്ചപോലെ എനിക്കും പഠിക്കാന്‍ കഴിഞ്ഞെങ്കില്‍! പുസ്തകമടച്ചു തിരിഞ്ഞുനടക്കുമ്പോള്‍ എൻ്റെ മനസ്സു് മുഴുവന്‍ അമ്മയോടുള്ള നിശ്ശബ്ദപ്രാര്‍ത്ഥനയായിരുന്നു. ജഗദീശ്വരിയായ എൻ്റെ അമ്മേ! മനുഷ്യൻ്റെ പ്രയത്‌നംകൊണ്ടോ, അറിവുകൊണ്ടോ ബുദ്ധികൊണ്ടോ എത്തിപ്പിടിക്കാന്‍ പറ്റാത്തവളേ, എൻ്റെതു് എന്നു ഞാന്‍ കരുതുന്നതൊക്കെയുപേക്ഷിച്ചു രണ്ടു കൈയും നീട്ടി ‘അമ്മേ’ എന്നു വിളിച്ചു കരയാനുള്ള ശക്തിയും നിഷ്‌കളങ്കതയും ഒരിക്കലെങ്കിലും എനിക്കു തരേണമേ!
പത്മജ ഗോപകുമാര്‍