എവിടെപ്പോയാലും ഈശ്വരൻ്റെ നാമം ഒരിക്കലും കൈവിടരുത്. മെറ്റലിൽ അഴുക്കില്ലെങ്കിലേ കോൺക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമാക്കിയാലേ ഈശ്വരനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയൂ. മനസ്സിനെ ശുദ്ധീകരിക്കുവാൻ നാമജപംപോലെ മറ്റൊന്നില്ല.

ടീവികേന്ദ്രത്തിൽനിന്നും പരിപാടികൾ അയച്ചാലും ഇവിടെ ടെലിവിഷൻ ഓൺ ചെയ്താലല്ലേ പരിപാടികൾ കാണാൻ കഴിയൂ. അതു ചെയ്യാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു് എന്തു പ്രയോജനം? ഈശ്വരൻ്റെ കൃപ സദാ നമ്മളിലേക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കിൽ അവിടുത്തെ ലോകവുമായി നമ്മൾ ട്യൂൺ ചെയ്യണം.

സൂര്യൻ പ്രകാശം ചൊരിയുന്നുണ്ട്. വാതിലുകളെല്ലാം അടച്ചു മുറിക്കുള്ളിലിരുന്നിട്ടു സൂര്യൻ വെളിച്ചം തരുന്നില്ലെന്നു പറഞ്ഞു പരാതിപ്പെട്ടിട്ടു് എന്തു കാര്യം! നമ്മുടെ ഹൃദയത്തിൻ്റെ വാതിലുകൾ തുറന്നാൽ മതി. സദാ ചൊരിയുന്ന അവിടുത്തെ കൃപയ്ക്കു് പാത്രമാകുവാൻ നമുക്കു കഴിയും.

മഴ പെയ്യുമ്പോൾ എത്രയോ വെള്ളം മണ്ണിൽവീണു ചെളിയായി മറ്റുള്ളവർക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. മണലിൽ വീഴുന്ന വെള്ളം അവിടെ നഷ്ടമാകുന്നു. എന്നാൽ കടലിലെ ചിപ്പി, അതിനു കിട്ടുന്നതു് ഒരു തുള്ളി വെള്ളമാണെങ്കിൽക്കൂടി, കാത്തിരുന്നു കിട്ടിയ ആ ഒരു തുള്ളി വെള്ളത്തെ വിലമതിക്കാനാകാത്ത മുത്താക്കിമാറ്റുന്നു.

അവിടുന്നു കൃപ സദാ വർഷിക്കുന്നു. പക്ഷേ, പ്രയോജനം, നമ്മൾ അതു് എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ്. മക്കളേ, ഈശ്വരൻ്റെ ലോകവുമായി ട്യൂൺ ചെയ്യാത്തിടത്തോളം കാലം നമ്മളിലുള്ളതു് അറിവില്ലായ്മയുടെ അപശ്രുതിയാണു്. ഈശ്വരൻ്റെ ശ്രുതിയല്ല. അതിൻ്റെ കുറവുകൾ നാം സഹിക്കുക തന്നെ വേണം. ആരെയും പഴി പറഞ്ഞിട്ടു കാര്യമില്ല.

ഒരു ബസ്സ്‌ സ്റ്റോപ്പിൽ എത്ര സമയം വേണമെങ്കിലും ബസ്സു കാത്തു നില്ക്കാൻ നാം തയ്യാറാണ്. കോടതിത്തിണ്ണയിൽ ദിവസം മുഴുവൻ ചെലവാക്കുവാൻ നമുക്കു മടിയില്ല. എന്നാൽ ഒരു മഹാത്മാവിനെ ദർശിക്കാൻച്ചെന്നാൽ അല്ലെങ്കിൽ ക്ഷേത്രത്തിൽപ്പോയാൽ നാം ക്ഷമ കാട്ടാറില്ല. ഇവിടെ വന്നാലും ക്ഷേത്രത്തിൽ പോയാലും ഭക്തിയോടെ, കുറെസമയം ഈശ്വരസ്മരണയിൽ ചെലവഴിക്കണം. ഈശ്വരനാമം ജപിക്കണം, ധ്യാനിക്കണം. അല്ലെങ്കിൽ നിഷ്‌കാമം ആയി നല്ല കർമ്മൾ ചെയ്യണം. എങ്കിലേ ഫലപ്രാപ്തി ഉണ്ടാകൂ.