വൈരാഗ്യനിഷ്ഠനും രാഗിയും ഞാനല്ല
ഭോഗിയും ത്യാഗിയുമല്ല
അജ്ഞാനി ഞാനല്ല, ജ്ഞാനിയും ഞാനല്ല
ഞാനാരു്? ഞാനാരുമല്ല!

കൈകാര്യകര്‍ത്തൃത്വമുള്ളവന്‍ ഞാനല്ല
കൈവല്യകാംക്ഷിയുമല്ല
മണ്ണിലും ഞാനില്ല, വിണ്ണിലും ഞാനില്ല
ഞാനെങ്ങു്? ഞാനെങ്ങുമല്ല!

വേറൊന്നു കാണുമ്പോള്‍ വേറൊന്നു കേള്‍ക്കുമ്പോള്‍
വേറൊരാളാകുന്നു ഞാനും
കാണ്മവന്‍ ഞാനല്ല, കേള്‍പ്പവന്‍ ഞാനല്ല
കാഴ്ചയ,ല്ലാലാപമല്ല!

ഇല്ലായിരുന്നു പിന്നുണ്ടായതല്ല ഞാന്‍,
ഇല്ലായ്മയില്ലാത്തൊരുണ്മ!
കല്ലായിരുന്നതും പുല്ലായിരുന്നതും
എല്ലാമനാദി ചൈതന്യം!

ബദ്ധനല്ല ഞാന്‍ മുക്തനല്ല ഞാന്‍
സിദ്ധന,ല്ല,ല്ല സാധകന്‍,
ലക്ഷ്യമല്ല ഞാന്‍ മാര്‍ഗ്ഗമല്ല ഞാന്‍,
സച്ചിദാനന്ദ ചേതന!

ഭാവിയല്ല ഞാന്‍ ഭൂതമല്ല ഞാന്‍,
കാലനിഷ്പന്ദ ചേതന!
ആരുമല്ല ഞാന്‍ ഏതുമല്ല ഞാന്‍
കേവലാനന്ദ ചേതന!

സ്വാമി തുരീയാമൃതാനന്ദ പുരി