അമ്മയുടെ നാല്പതാംതിരുനാള്‍ ആഘോഷിക്കാന്‍ കന്നി മാസത്തിലെ കാര്‍ത്തികനാളില്‍ (1993 ഒക്ടോബര്‍ 5 ചൊവ്വ) ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും അമൃതപുരിയിലെത്തിയ ഭക്തജനങ്ങള്‍ ആ പുണ്യദിനത്തില്‍ അമ്മയുടെ പാദപൂജ ചെയ്തു ധന്യരാകാന്‍ അഭിലഷിച്ചു.

പശ്ചിമമദ്ധ്യഭാരതത്തില്‍ കരാളനൃത്തമാടിയ ഭൂമികുലുക്കം സൃഷ്ടിച്ച ശോകാന്തരീക്ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും പാദപൂജയ്ക്കും അമ്മ അത്യധികം വിമുഖയായിരുന്നു. എങ്കിലും മക്കളുടെ ഹൃദയപൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ക്കു മുന്‍പില്‍ ഒടുവില്‍ അമ്മ വഴങ്ങി.

പ്രഭാതത്തില്‍ 8 മണിയോടെ അമ്മ, ആശ്രമത്തില്‍ പുതുതായി പണിത വിശാലമായ പന്തലിൻ്റെ തെക്കേ അറ്റത്തുള്ള വേദിയിലെത്തി. ഭക്തിനിര്‍ഭരമായ പാദപൂജാകര്‍മ്മത്തിനുശേഷം പന്തലില്‍ സ്ഥല സൗകര്യം മതിയാകാതെ വിഷമിച്ചു നില്ക്കുന്ന ഭക്തജനങ്ങളെ സാന്ത്വനിപ്പിച്ചുകൊണ്ടു് അമ്മ പറഞ്ഞു,

”മക്കള്‍ ഉള്ള സ്ഥലത്തൊക്കെ ഇരിക്കാന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും സൗകര്യമായ സ്ഥലമില്ലെന്നു് അമ്മയ്ക്കറിയാം. മക്കള്‍ അതോര്‍ത്തു വിഷമിക്കല്ലേ. ദൂരെനില്ക്കുന്ന മക്കളുടെ അടുത്തും അമ്മയുടെ മനസ്സുണ്ടു്. ചെറിയ തോതില്‍ മഴയുണ്ടു്. കുറച്ചുസമയം കഴിഞ്ഞു നമുക്കു ഹാളിലേക്കു പോകാം.” തുടര്‍ന്നു തൻ്റെ അമൃതവാണിയിലൂടെ അമ്മ മക്കളെ അനുഗ്രഹിച്ചു.

”മക്കളേ, അമ്മ ഇന്നീ പൂജ സ്വീകരിക്കുന്നതു് അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണു്. ഈ പൂജയുടെ ആവശ്യമില്ലെന്നു് അമ്മ നൂറു തവണ പറഞ്ഞിരുന്നു. അമ്മ നിങ്ങളെ സേവിക്കേണ്ടവളാണു്. അതിലാണു് അമ്മയ്ക്കു സന്തോഷം. പക്ഷേ, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രം അമ്മ ഇവിടെ ഇരിക്കുന്നു.

ഇപ്രാവശ്യം ജന്മദിനാഘോഷമൊന്നും വേണ്ടതില്ലെന്നു് അമ്മ അമേരിക്കയില്‍വച്ചുതന്നെ മക്കളോടു പറഞ്ഞിരുന്നു. എന്തോ ശോകം പോലെ അമ്മയുടെ മനസ്സില്‍ തോന്നി. ഇന്നത്തെ അവസ്ഥ മക്കള്‍ ഒന്നു് ഓര്‍ത്തുനോക്കൂ. ഒരു വശത്തു ചീഞ്ഞളിഞ്ഞ ശവങ്ങള്‍, ദുഃഖിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍. ജീവനോടെ ശേഷിച്ചവര്‍ക്കു വേണ്ട സുരക്ഷിതത്വം നല്കുവാനോ മരിച്ചവരെ ദഹിപ്പിക്കാനോ വേണ്ട സൗകര്യമില്ല. ആവശ്യത്തിന് ആളുകളില്ല.

ലാത്തൂർ (മഹാരാഷ്ട്ര) ഭൂകമ്പം സെപ്റ്റംബർ 30 -1993

അമ്മയ്ക്കു് അവിടേക്കു് ഓടിപ്പോകണമെന്നു് ആഗ്രഹമുണ്ടു്. കുറച്ചു കുഞ്ഞുങ്ങളോടു് അങ്ങോട്ടു പോകുവാനായി അമ്മ പറഞ്ഞു കഴിഞ്ഞു. അവിടെ ബന്ധുക്കളും സ്വത്തുക്കളും നഷ്ടമായി കഷ്ടപ്പെടുന്ന ആ മക്കളെക്കുറിച്ചൊന്നോര്‍ത്തു നോക്കൂ.
ഇതു് അവിടുത്തെ മാത്രം സ്ഥിതിയല്ല. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇതു് എല്ലാ രാജ്യത്തും നടക്കുന്നുണ്ടു്.

മരിച്ചവരെക്കുറിച്ചു് അമ്മ ചിന്തിക്കുന്നില്ല. അവര്‍ മരിച്ചുകഴിഞ്ഞു. എന്നാല്‍, വേദന തിന്നു ജീവിച്ചിരിക്കുന്ന ആയിരങ്ങളുണ്ടു്. അവരെക്കുറിച്ചാണു് അമ്മയ്ക്കു വിഷമം. അവരെയാണു നാം രക്ഷിക്കേണ്ടതു്. അവര്‍ക്കാണു നാം സുരക്ഷിതത്വം നല്‌കേണ്ടതു്. മക്കളുടെ ശ്രമം അതിനു വേണ്ടിയായിരിക്കണം.