1992 മുതല്‍ അമ്മയും ആശ്രമവുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഭാഗ്യംകിട്ടിയവരാണു ഞങ്ങളുടെ കുടുംബക്കാര്‍. ഭൗതികമായും ആത്മീയമായും അമ്മയില്‍നിന്നും കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ അനവധിയാണു്. ഓരോ അനുഭവവും അമ്മയോടു്, ഈശ്വരനോടു കൂടുതല്‍ അടുക്കാന്‍ ഞങ്ങളെ സഹായിച്ചു.
ഇതില്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സംഭവം എനിക്കൊരിക്കലും മറക്കാനാവാത്തതാണു്. അന്നെനിക്കു് ഇരുപത്തിനാലു വയസ്സുണ്ടു്. ഞാന്‍ ഭര്‍ത്താവിൻ്റെ വീട്ടില്‍ താമസിക്കുന്ന സമയം. അവിടെ എല്ലാവര്‍ക്കും കണ്ണിനസുഖം വന്നു, ചെങ്കണ്ണു്. പെട്ടെന്നു പകരുന്ന അസുഖമാണല്ലോ അതു്. സ്വാഭാവികമായും എൻ്റെ എട്ടുമാസം പ്രായമായ മകനെയും പിന്നീടു് എന്നെയും അതു ബാധിച്ചു. കുറച്ചു ദിവസത്തേക്കു് ഒരു ശല്യം എന്നല്ലാതെ ആ അസുഖം ജീവിതത്തില്‍ ഇത്ര വലിയ പ്രശ്നമാകുമെന്നോ, അമ്മയുടെ അനുഗ്രഹം പ്രത്യക്ഷത്തില്‍ അനുഭവിക്കാന്‍ പിന്നീടതു വഴിയൊരുക്കുമെന്നോ അന്നു ഞാനോര്‍ത്തതേയില്ല.
കണ്ണിനസുഖം വന്നപ്പോള്‍ സാധാരണ എല്ലാവരും ചെയ്യുന്നതു പോലെ ഞാനും തൊട്ടടുത്തുള്ള ഡോക്ടറുടെ ഉപദേശം തേടി. അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശമനുസരിച്ചു മരുന്നൊഴിച്ചു. എങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എൻ്റെ അസുഖം ഭേദമാകുന്നുണ്ടായിരുന്നില്ല. വീട്ടില്‍ മറ്റുള്ളവരുടെയെല്ലാം അസുഖം മാറി. എനിക്കു മാത്രം ഒരു കുറവുമില്ലെന്നു മാത്രമല്ല, കണ്ണിൻ്റെ ചുമപ്പും വേദനയും ദിനംപ്രതി വര്‍ദ്ധിച്ചും വന്നു. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ കഴിഞ്ഞു. നാട്ടില്‍ വിദഗ്ദ്ധരായ പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടു. ഒരു ഫലവുമുണ്ടായില്ല.
തുടര്‍ന്നു ഞങ്ങള്‍ കോയമ്പത്തൂരിലെ അരവിന്ദു് ആശുപത്രിയില്‍ ചികിത്സതേടി. ആ ചികിത്സ മൂന്നുമാസം തുടര്‍ന്നു. ഒരു ഫലവുമുണ്ടായില്ല. പോരാത്തതിനു കണ്ണിൻ്റെ കാഴ്ചയും കുറഞ്ഞുവരാന്‍ തുടങ്ങി. വേദന കൂടുതല്‍ ശക്തമായി. കൂടെ നീറ്റലും. ശാരീരികവും മാനസികവും സാമ്പത്തികവുമായി ഞങ്ങള്‍ തകര്‍ന്ന സമയമായിരുന്നു അതു്. അമ്മയോടുള്ള ഭക്തിയും വിശ്വാസവും മാത്രമായിരുന്നു അന്നു ഞങ്ങളുടെ ആത്മബലം.
ഒരു ദിവസം പതിവു ചികിത്സയ്ക്കായി എത്തിയ ഞങ്ങളോടു് അരവിന്ദു് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു, ”കണ്ണിൻ്റെ കൃഷ്ണമണിയില്‍ ഒരു വൈറസ് ബാധിച്ചിട്ടുണ്ടു്. ഇതിനുള്ള ചികിത്സ അലോപ്പതിയിലില്ല.” കാഴ്ചതന്നെ നഷ്ടപ്പെട്ടുതുടങ്ങിയ എനിക്കു് ഇതിലും വലിയ ഒരു ആഘാതം ഉണ്ടാകാനില്ലല്ലോ.അലോപ്പതിയില്‍ ചികിത്സയില്ലെന്നറിഞ്ഞതോടെ ഞങ്ങള്‍ ആയുര്‍വ്വേദത്തിലേക്കു തിരിഞ്ഞു. തുടര്‍ന്നു് എട്ടുമാസത്തോളം ആയുര്‍വ്വേദ ചികിത്സയിലായിരുന്നു ഞാന്‍.
ചികിത്സതുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അമ്മയുടെ ദര്‍ശനത്തിനായി വള്ളിക്കാവില്‍ പോയി. അപ്പോഴും എൻ്റെ അസുഖത്തെക്കുറിച്ചു ഭര്‍ത്താവു് അമ്മയോടു സംസാരിച്ചില്ല. ഭൗതികമായ ഒരു കാര്യവും അമ്മയോടു ചോദിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അമ്മയുടെ ആദ്യകാലഭക്തനായ അദ്ദേഹം. അതുകൊണ്ടു ഞാന്‍തന്നെ അസുഖത്തിൻ്റെ വിവരങ്ങള്‍ അമ്മയോടു പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ അമ്മ പറഞ്ഞു, ”മോളേ, മോളു മധുരയില്‍ പോയി ചികിത്സിക്കു്.” എൻ്റെ കഷ്ടകാലം കൊണ്ടും അറിവില്ലായ്മകൊണ്ടും അമ്മയുടെ വാക്കുകള്‍ ഉടന്‍ അനുസരിക്കാന്‍ ഞങ്ങള്‍ക്കു തോന്നി യില്ല.
ഏതായാലും ആയുര്‍വ്വേദ ചികിത്സ തുടങ്ങി. അതിൻ്റെ ഫലം എന്താണെന്നു നോക്കാമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പോരാത്തതിനു് അലോപ്പതിയില്‍ ചികിത്സയൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞിട്ടുമുണ്ടല്ലോ. ത്രികാലജ്ഞാനിയായ അമ്മയ്ക്കു ഡോക്ടര്‍മാര്‍ പറയുന്നതിനുമപ്പുറം കാണാന്‍ കഴിയുമെന്നും, അമ്മയോടു നിര്‍ദ്ദേശം ചോദിച്ചാല്‍ പിന്നെ അമ്മ പറയുന്നതു് അനുസരിക്കുകയാണു വേണ്ടതെന്നും അപ്പോള്‍ ചിന്തിച്ചില്ല.
ആയുര്‍വ്വേദചികിത്സയുടെ തുടക്കത്തില്‍ രോഗം ഭേദമാകുന്നതായാണു അനുഭവപ്പെട്ടതു്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ രോഗം തിരിച്ചുവന്നു. അപ്പോള്‍ ആയുര്‍വ്വേദമുപേക്ഷിച്ചു വീണ്ടും അലോപ്പതി ചികിത്സ തുടങ്ങി. കുറെനാള്‍ കഴിഞ്ഞു് ഒരു പ്രയോജനവുമില്ലെന്നു കണ്ടപ്പോള്‍ ഹോമിയോ ചികിത്സയും ചെയ്തുനോക്കി. രക്ഷതേടി പ്രഗല്ഭര്‍ എന്നു പേരുകേട്ട പല ഡോക്ടര്‍മാരെയും ഞങ്ങള്‍ കണ്ടു. എല്ലാവര്‍ക്കും ഒരേ അഭി പ്രായമായിരുന്നു, കണ്ണിൻ്റെ കാഴ്ചശക്തി പൂര്‍ണ്ണമായി തിരിച്ചു കിട്ടില്ല.
വൈദ്യശാസ്ത്രവും ഡോക്ടര്‍മാരും കൈയൊഴിഞ്ഞപ്പോള്‍ അമ്മയ്ക്കു മാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നു ഞങ്ങള്‍ക്കുറപ്പായി. അമ്മയുടെ ദക്ഷിണഭാരതപര്യടനം നടക്കുന്ന സമയമായിരുന്നു അതു്. സ്വാമി അമൃതകൃപാനന്ദപുരിയുടെ നിര്‍ദ്ദേശപ്രകാരം അമ്മ വള്ളിക്കാവില്‍ തിരിച്ചെത്താന്‍ കാത്തുനില്ക്കാതെ ഞങ്ങള്‍ മൈസൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തിലേക്കു പോയി. ദര്‍ശനവേളയില്‍ സ്വാമിതന്നെ എൻ്റെ കാഴ്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചു് അമ്മയോടു പറഞ്ഞു.
അമ്മ ഉത്കണ്ഠയോടെ എൻ്റെ മുഖത്തേക്കു നോക്കി. ”അമ്മയ്ക്കറിയാമല്ലോ മോനേ. മോളോടു മധുരയില്‍ പോയി ചികിത്സിക്കാന്‍ അമ്മ പറഞ്ഞതാണല്ലോ. മോളു പോയില്ലേ?” എട്ടുമാസങ്ങള്‍ക്കു മുന്‍പാണു് അമ്മയോടു ഞാന്‍ രോഗവിവരം പറഞ്ഞതും ചികിത്സയ്ക്കായി അമ്മയെനിക്കു വ്യക്തമായ നിര്‍ദ്ദേശം നല്കിയതും. അതുകഴിഞ്ഞു് എത്രയോ ലക്ഷംപേരെ അമ്മ കണ്ടുകഴിഞ്ഞു. എത്രയോപേരുടെ പ്രശ്‌നങ്ങള്‍ തീര്‍ത്തുകൊടുത്തു.
അന്നു്, ബ്രഹ്മസ്ഥാന ഉത്സവസമയത്തു പതിനായിരക്കണക്കിനു ജനങ്ങള്‍ക്കു ദര്‍ശനം കൊടുക്കുന്നതിനിടയിലാണു ഞാന്‍ അമ്മയുടെ മുന്നിലെത്തിയതു്. അപ്പോഴും അമ്മ എൻ്റെ രോഗ വിവരം ഓര്‍ക്കുന്നു. ‘മോളു് അമ്മ പറഞ്ഞതനുസരിച്ചില്ലേ’ എന്നു് ആകാംക്ഷയോടെ തിരക്കുന്നു. എനിക്കു് ഉത്തരമൊന്നും പറയാന്‍ കഴിഞ്ഞില്ല. കുറ്റബോധവും ദുഃഖവും കൊണ്ടു കരച്ചിലടക്കാന്‍ കഴിയാതെ ഞാനമ്മയുടെ മടിയിലേക്കു വീണു. അമ്മ പറഞ്ഞതനുസരിച്ചില്ലെന്ന വിഷമത്തോടെ എൻ്റെ ഭര്‍ത്താവും അടുത്തുനിന്നിരുന്നു. ”മക്കളേ, വിഷമിക്കല്ലേ,” അമ്മ ആശ്വസിപ്പിച്ചു. ”മധുരയില്‍പോയിത്തന്നെ ചികിത്സിക്കു്” ഇതും പറഞ്ഞു് അമ്മയെൻ്റെ തോളില്‍ പിടിച്ചുയര്‍ത്തി.
വാക്കുകള്‍കൊണ്ടു വിവരിക്കാനാവാത്ത അനുഭവമാണു പിന്നീടുണ്ടായതു്. അമ്മ എൻ്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. പുഞ്ചിരിയോടെ, കണ്ണുകളെടുക്കാതെ അല്പസമയം അമ്മയങ്ങനെ നോക്കിക്കൊണ്ടിരുന്നു. കണ്ണില്‍ നിന്നു് എന്തോ അടര്‍ന്നു പോകുന്നതുപോലെ എനിക്കുതോന്നി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ല. ”മോളു വിഷമിക്കല്ലേ” എന്നമ്മ പറഞ്ഞതു സ്വപ്നത്തിലെന്നപോലെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എനിക്കു് ഒന്നും തിരിച്ചുപറയാന്‍ കഴിഞ്ഞില്ല. ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ തിരക്കില്‍നിന്നിറങ്ങി. അപ്പോഴും മിണ്ടാനാകാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അമ്മയെന്താണു പറഞ്ഞിരുന്നതെന്നു ചുറ്റുമുള്ളവര്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ എനിക്കു ശക്തിയുണ്ടായിരുന്നില്ല.
എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാന്‍ എനിക്കു പെട്ടെന്നു കഴിഞ്ഞില്ല. ”എന്താണിങ്ങനെ നോക്കുന്നതു്?” എന്ന ചോദ്യം കേട്ടപ്പോഴാണു ഞാനതറിഞ്ഞതു്. എൻ്റെ കാഴ്ചശക്തി തിരിച്ചുകിട്ടിയിരിക്കുന്നു! എൻ്റെ കണ്ണിനിപ്പോള്‍ ഒരസുഖവുമില്ല! മാസങ്ങളായി ഞാനനുഭവിച്ചിരുന്ന വേദന, നീറ്റല്‍, കാഴ്ചക്കുറവു് എല്ലാം ഒരു നോട്ടംകൊണ്ടു് അമ്മ മാറ്റിയിരിക്കുന്നു! അനുഭവിക്കുന്ന എനിക്കുപോലും അതു് അവിശ്വസനീയമായി തോന്നി. വളരെ സമയം കഴിഞ്ഞാണു് എനിക്കിതിനെക്കുറിച്ചു മറ്റുള്ളവരോടു പറയാന്‍ കഴിഞ്ഞതു്.
അസുഖം അമ്മ പൂര്‍ണ്ണമായി മാറ്റിത്തന്നുവെങ്കിലും മധുരയ്ക്കു പോകണമെന്ന അമ്മയുടെ വാക്കുകള്‍ ഇനിയും അനുസരിക്കാതിരിക്കരുതെന്നു കരുതി ഞങ്ങള്‍ അവിടെപ്പോയി ഒരു നേത്രരോഗവിദഗ്ദ്ധനെ കണ്ടു. വിശദമായ പരിശോധനകള്‍ നടത്തി. എൻ്റെ കണ്ണിനു് ഒരസുഖവുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല, ഇത്രയും ആരോഗ്യമുള്ള കൃഷ്ണമണി അവര്‍ കണ്ടിട്ടില്ലപോലും.
ജീവിതത്തില്‍ ഭൗതികമായതിനുവേണ്ടി ഒന്നും ആഗ്രഹിക്കാതെ ആത്മീയകാര്യങ്ങള്‍ക്കു മാത്രമെ അമ്മയെ ആശ്രയിക്കുകയുള്ളൂവെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നിട്ടോ, അമ്മയുടെ ഒരു ചെറിയ നിര്‍ദ്ദേശം പോലും കേട്ടമാത്രയില്‍ അനുസരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. അതു് ആത്മപരിശോധനയ്ക്കുള്ള ഒരവസരമായി. ജാഗ്രതയോടെ ഇരിക്കണമെന്നു് അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടു്. എങ്കിലും അമ്മയ്ക്കറിയാം അമ്മയുടെ മക്കള്‍ പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങളാണെന്നു്. ഞങ്ങളും ആശ്വസിക്കുകയാണു്, വഴിയില്‍ വീണുപോകാതെ കൈപിടിച്ചു നയിക്കാന്‍ അമ്മയുണ്ടല്ലോ കൂടെ.
ഉഷാ സഹദേവന്‍