1985 ജൂൺ 12 ബുധൻ

അമ്മ കളരിമണ്ഡപത്തിലെത്തി. മൂന്നുനാലു ബ്രഹ്മചാരികളും, ആദ്യമായി ആശ്രമത്തിലെത്തിയ ചില ഗൃഹസ്ഥഭക്തരും കൂടെയുണ്ട്. അമ്മ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരനോടു നിർമ്മലമായ ഭക്തി ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റിയാണു സംഭാഷണം.

അമ്മ പറഞ്ഞു: ‘എനിക്കു് എൻ്റെ അമ്മയെ സ്നേഹിക്കുവാനുള്ള ഹൃദയം മാത്രം മതി, ദേവീ, നീ എനിക്കു ദർശനം തന്നില്ലെങ്കിലും വേണ്ട, എല്ലാവരെയും സ്നേഹിക്കുന്ന നിൻ്റെ ഹൃദയം എനിക്കു താ. നീ എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ട. നിന്നോടെനിക്കു സ്നേഹമുണ്ടായിരിക്കണം.’ എന്നാണമ്മ പ്രാർത്ഥിച്ചിരുന്നത്.

ഈശ്വരനോടു് ഉൾപ്രേമം വന്നവൻ പനി വന്നവനെപ്പോലെയാണ്. അവനു് ഒന്നിലും രുചി തോന്നാറില്ല. ഉപ്പും പുളിയുമൊന്നും ഇഷ്ടമാകാറില്ല. മധുരംപോലും കയ്പ്പുള്ളതായിത്തോന്നും. ആഹാരകാര്യങ്ങളിലൊന്നും താത്പര്യമുണ്ടാകില്ല.

എന്നാൽ ഒരു സാധകനു തുടക്കത്തിൽ ഈ പ്രേമം കിട്ടാൻ പ്രയാസമാണ്. അതിനാൽ ആദ്യം ഓരോ കാര്യത്തിലും നിയന്ത്രണം വച്ചു ശ്രദ്ധയോടെ നീങ്ങണം. പ്രത്യേകിച്ച് ആഹാരകാര്യത്തിൽ. മനസ്സു്, ബാഹ്യവസ്തുക്കളിലേക്കു പോയാൽ അതിനെ വീണ്ടും വീണ്ടും ഈശ്വരസ്മരണയിൽത്തന്നെ കൊണ്ടു വരണം. ഒരു നിമിഷം പോലും വെറുതെ കളയാൻ പാടില്ല.

ഒരു ഭക്തൻ: അമ്മേ, ഞാൻ ഒരു സമയവും പാഴാക്കാറില്ല. ഒന്നുകിൽ അമ്മയുടെ അടുത്തുവരും. അല്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രത്തിൽ പോകും. ഇതൊക്കെയല്ലേ എന്നെക്കൊണ്ടു ചെയ്യാനാവൂ?

അമ്മ: മോനേ, ഇവിടെ വരുന്നതും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും എല്ലാം നല്ലതുതന്നെ. എന്നാൽ അതെല്ലാം നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻവേണ്ടിയായിരിക്കണം. മനഃശുദ്ധി നേടാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം വ്യർത്ഥംതന്നെ. നമ്മുടെ ചിന്തകളും പ്രവൃത്തികളും ശുദ്ധമാകാതെ സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ട.

മഹാത്മാക്കളുടെ സന്നിധിയിലും തീർത്ഥസ്ഥാനങ്ങളിലും പോകുമ്പോൾ നമ്മൾ ആ സ്മരണയോടെ, ആ സമർപ്പണത്തോടെ പോകണം. എന്നാൽ ഇന്നു മിക്കവരും യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ലോഡ്ജിൽ മുറി ബുക്കു ചെയ്യും. വീട്ടിൽനിന്നു തിരിക്കുമ്പോഴേ വീട്ടുകാര്യവും നാട്ടുകാര്യവും പറയാൻ തുടങ്ങും. തിരിച്ചെത്തിയാലും അതിന് അനന്തമില്ല. ഇതിനിടയിൽ ഈശ്വരനെപ്പറ്റി ചിന്തിക്കുന്ന കാര്യം മാത്രം മറക്കും.

എത്ര മഹാത്മാക്കളെ ദർശിച്ചാലും ക്ഷേത്രത്തിൽപ്പോയാലും എത്ര വഴിപാടു നടത്തിയാലും എത്ര കാണിക്കയിട്ടാലും സ്വയം സാധന ചെയ്താലേ ഫലമുള്ളൂ. ഹൃദയം ഈശ്വരൻ്റെ ലോകത്തിലേക്കു ട്യൂൺ ചെയ്യണം. തിരുപ്പതിയിലോ കാശിയിലോ പോയതുകൊണ്ടു മാത്രം മുക്തി കിട്ടില്ല. അവിടെച്ചെന്നു കുളിച്ചു, ക്ഷേത്രത്തിൽ വലത്തിട്ടു എന്നതുകൊണ്ടു മാത്രം ആദ്ധ്യാത്മികവും ഭൗതികവുമായ നേട്ടമുണ്ടാകണമെന്നില്ല. തിരുപ്പതിയിൽ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നുവെങ്കിൽ അവിടെ ബിസിനസ്സു് ചെയ്യുന്നവർക്ക് ഒക്കെ മുക്തി കിട്ടണ്ടേ?