അമ്മേ, ഞാന്‍ പാരാകെയെന്തിന്നു പാഴിലെന്‍
അച്ഛനെ തേടിയലഞ്ഞിടേണം

അച്ഛനായ് നിന്നെയവരോധിക്കട്ടെ ഞാന്‍
അന്തവുമാദിയുമറ്റ നിന്നെ

നിന്നില്‍ നിന്നുദ്ഭൂതമായ ലാവണ്യമീ
മന്നില്‍ അനുക്ഷണം വ്യാപിക്കുമ്പോള്‍

എങ്ങോട്ടു വീക്ഷിച്ചു നില്ക്കണം ഈ വിശ്വ-
മെങ്ങും നിറഞ്ഞ വിചിത്രതേ ഞാന്‍ 

ഒന്നിനുമില്ല സംതൃപ്തി നിന്നാകാര-
മന്യൂനമെന്നല്ലീ കേട്ടിരിപ്പൂ

കേട്ടതും കണ്ടതും കാണാതെ കണ്ടതും 
കേവലം നീ തന്നെയെങ്കില്‍ ഹാ! നീ

ഞാനെന്നു നണ്ണിയാല്‍ ഇല്ല ഞാന്‍ ഇല്ല നീ
വാനവും ഭൂമിയുമെങ്ങു പിന്നെ?

ഒന്നിലുണ്ടന്യസമസ്തവും ഈ ഞാനും 
എന്നല്ലീ വേദങ്ങള്‍ കോറിവച്ചു 

തായും തകപ്പനും തത്ത്വങ്ങള്‍ സര്‍വ്വവും 
മായയെന്നോര്‍ത്തു വിരമിക്കാം ഞാന്‍.

യൂസഫലി കേച്ചേരി