ആദ്യദർശനം

വാഷിങ്ടൺ ഡി.സി.ക്കടുത്തുള്ള ബാൾട്ടിമോർ എന്ന സ്ഥലത്തു താമസിക്കുമ്പോഴാണു ഞാൻ അമ്മയെക്കുറിച്ചു കേൾക്കുന്നതു്. അമ്മയെക്കുറിച്ചു് ആദ്യമായി എന്നോടു പറഞ്ഞയാളെ എനിക്കു പരിചയംപോലുമില്ല. എങ്കിലും അയാൾ എന്നോടു പറഞ്ഞു, ”ഭാരതത്തിൽ നിന്നൊരു മഹാത്മാവു വന്നിട്ടുണ്ടു്. ഞാൻ അവരെ കാണാൻ പോവുകയാണു്.”

”ഓഹോ”, ഞാൻ ചോദിച്ചു, ”എന്താണവരുടെ പേരു്?”

അദ്ദേഹം പറഞ്ഞ ആ പേരു് ഒട്ടും എനിക്കു മനസ്സിലായില്ല. എങ്കിലും എനിക്കാകെ മത്തുപിടിച്ചതുപോലെ. ഞാനാകെ വിറയ്ക്കാൻ തുടങ്ങി. വാക്കുകളൊന്നും പുറത്തു വരുന്നില്ല. എൻ്റെ ഭാവമാറ്റം കണ്ടിട്ടു് എന്നോടിതു പറഞ്ഞയാൾ ആകെ അദ്ഭുതപ്പെട്ടുപോയി. അദ്ദേഹമെനിക്കു് അമ്മയുടെ ന്യൂയോർക്കിലെ പ്രോഗ്രാംസ്ഥലത്തെ അഡ്രസ്സും ഫോൺനമ്പരും തന്നു. കൈകൾ വിറച്ചിരുന്നതുകൊണ്ടു് അതു് എഴുതിയെടുക്കാൻപോലും ഞാൻ വിഷമിച്ചു.

എൻ്റെ പരിചയക്കാരൻ പറഞ്ഞ സ്ത്രീയെ എന്തായാലും കണ്ടേ തീരൂ എന്നു ഞാൻ തീരുമാനിച്ചു. കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അവരുടെ പേരുപോലും എനിക്കു മനസ്സിലായിരുന്നില്ല. ‘ശ്രീ മാതാ അമൃതാനന്ദമയീ ദേവി’ എന്ന പേരു് അന്നും ഇന്നും എൻ്റെ നാവിനു വഴങ്ങാത്തതാണു്. എനിക്കു് ഒരറിവുമില്ലാത്ത ഏതോ ഒരു സ്ത്രീ. അവരെന്നെ എങ്ങനെ ഇത്ര പെട്ടെന്നു സ്വാധീനിച്ചു എന്നോർത്തു ഞാൻ അതിശയിച്ചു. എനിക്കു് എൻ്റെമേൽ ഒരു സ്വാധീനവുമില്ലാത്തപോലെ. എല്ലാം മറ്റാരോ എന്നെക്കൊണ്ടു ചെയ്യിക്കുകയാണു്.

ഞാൻ എൻ്റെ ഒരു സുഹൃത്തിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. പിറ്റേദിവസം വെളുപ്പിനു നാലു മണിയുടെ ഫ്ലൈറ്റിൽ എൻ്റെ കൂടെ ന്യൂയോർക്കിലേക്കു വരാമോ എന്നു ചോദിച്ചു. അടുത്ത അദ്ഭുതം! എന്തിനാണു് എന്നു പോലും ചോദിക്കാതെ അദ്ദേഹം കൂടെവരാമെന്നു സമ്മതിച്ചു. യാത്ര പകുതിയായപ്പോഴാണു് എൻ്റെ സുഹൃത്തു്, ന്യൂയോർക്കിൽ പോകുന്നതിൻ്റെ ഉദ്ദേശ്യം തിരക്കിയതു്. ഭാരതത്തിൽനിന്നു വരുന്ന ഒരു മഹാത്മാവിനെ കാണുകയാണു് എൻ്റെ ഉദ്ദേശ്യം എന്നു ഞാൻ പറഞ്ഞു.

”നീ എന്തു വിഡ്‌ഢിയാണു്. അവർ വലിയ വർത്തമാനമൊക്കെ പറഞ്ഞു പണം തട്ടിക്കുന്നവരായിരിക്കും” അദ്ദേഹം പറഞ്ഞു.

കാണാൻ പോകുന്ന സ്ത്രീയെക്കുറിച്ചു് ഒന്നുമറിയില്ലെങ്കിലും, അവർ പണം പിടുങ്ങുന്നവരല്ലെന്നു ഞാനദ്ദേഹത്തോടു തീർത്തു പറഞ്ഞു.

അവരുടെ പ്രോഗ്രാം മാൻഹാട്ടണിലെ ഒരു പള്ളിയിലാണു സംഘടിപ്പിച്ചിരുന്നതു്. ഞങ്ങൾ നേരത്തെ അവിടെയെത്തി. വെള്ള വസ്ത്രമണിഞ്ഞ ധാരാളം ആളുകൾ അവിടെ പല ജോലികളിൽ വ്യാപൃതരായിരുന്നു. തുറന്നുകിടക്കുന്ന ജനലിലൂടെ ഇളംകാറ്റു വീശിക്കൊണ്ടിരുന്നു. വേദിയുടെ നടുവിലായിട്ടു നല്ലവണ്ണം അലങ്കരിച്ച ഒരു കസേരയുണ്ടായിരുന്നു.

സത്യം പറഞ്ഞാൽ ആ അന്തരീക്ഷം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ‘അവരൊരു മഹാത്മാവാണെന്നാണു ഞാൻ കരുതിയതു്. പിന്നെ എന്തിനാണു് ഇത്രയധികം ഒരുക്കങ്ങൾ? ആളുകളെ പറ്റിക്കാൻ ഏറ്റവും എളുപ്പം ആദ്ധ്യാത്മികതയാണല്ലോ’ ഞാൻ ചിന്തിച്ചു.

വേദിക്കു മുൻപിലായി തറയിൽ ഞങ്ങളിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും കൂടി എഴുന്നേറ്റുനിന്നു് എന്തോ മന്ത്രം ചൊല്ലാൻ തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. ആളുകൾ ആരെയോ പ്രതീക്ഷിച്ചു വാതിലിലേക്കു് ഉറ്റുനോക്കിക്കൊണ്ടിരിക്കയാണു്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആ ഭാരതീയവനിതയെത്തി. വെളുത്ത വസ്ത്രവും തിളങ്ങുന്ന മൂക്കുത്തിയും മുഖത്തു നിറച്ചു ചിരിയുമായി ധൃതിയിൽ നടന്നുവന്നു് അവർ ആ കസേരയിലിരുന്നു. പിന്നെ ഞാൻ നോക്കുമ്പോൾ അവർ മുന്നിലെത്തുന്ന ഓരോരുത്തരെയായി ആലിംഗനം ചെയ്തു സ്വീകരിക്കുകയാണു്. ഒന്നോ രണ്ടോ നിമിഷം, ചിലരോടൊക്കെ സംസാരിക്കുന്നുമുണ്ടു്. ഞങ്ങൾ മുന്നിൽത്തന്നെ ഇരുന്നതുകൊണ്ടു് എളുപ്പം അവരുടെ അടുത്തെത്തി. അമ്മ എന്നെ മാറോടു ചേർത്തു കെട്ടിപ്പിടിച്ചു, ചെവിയിൽ എന്തോക്കെയോ മന്ത്രിച്ചു. എനിക്കൊന്നും മനസ്സിലായില്ല.

എനിക്കു നിരാശയായിപ്പോയി. വലിയ പ്രതീക്ഷയിലാണു ഞാൻ വന്നതു്. എന്നാൽ അമ്മയെ കണ്ടപ്പോഴും ദർശനത്തിനു ശേഷവും എനിക്കു് ഒരു പ്രത്യേകതയും തോന്നിയില്ല.

ദർശനത്തിനുശേഷം ഞാനവിടെ തിരക്കിനിടയിൽ നിന്നു. പെട്ടെന്നു് അമ്മയെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എൻ്റെയുള്ളിൽ ഒരു ദിവ്യ സംഗീതം കേൾക്കാൻ തുടങ്ങി. ഭൂമിയിലൊന്നും ഇതുവരെ ഞാൻ കേൾക്കാത്ത സംഗീതം. ഞാൻ ചുറ്റും നോക്കി. കാവിവസ്ത്രമണിഞ്ഞ കുറച്ചു സന്ന്യാസിമാർ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. എന്നാൽ അവർ പാടുന്ന സംഗീതമല്ല ഞാൻ കേൾക്കുന്നതു്. ആ നാദം പുറത്തുനിന്നല്ല വരുന്നതു്. എൻ്റെയുള്ളിലാണു് ആ ദിവ്യസംഗീതം മുഴങ്ങുന്നതു്. എന്തൊരു അനുഭൂതിയാണിതു്! എന്തൊരാനന്ദം!

സമയം പോയിക്കൊണ്ടിരുന്നു. എല്ലാവരെയും കണ്ടുകഴിഞ്ഞപ്പോൾ അമ്മ എഴുന്നേറ്റു. വന്ന പോലെത്തന്നെ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ടു തിരിച്ചു പോകുകയും ചെയ്തു. ഞങ്ങളും തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു. ഒരു സ്ത്രീ എൻ്റെ അടുത്തേക്കു വന്നു. ”നിങ്ങൾ ബാൾട്ടിമോറിൽനിന്നാണു വരുന്നതു് അല്ലേ?” അവർ ചോദിച്ചു. ഞാൻ അദ്ഭുതപ്പെട്ടു, അവർ എങ്ങനെയാണതറിഞ്ഞതു്! എനിക്കു് ഉത്തരം പറയാൻ കഴിഞ്ഞില്ല, അതിനു മുൻപു്, ബാൾട്ടിമോറിലുള്ള അവരുടെ വസതിയിൽ എല്ലാ ശനിയാഴ്ചയും സത്സംഗം നടത്തുന്നുണ്ടെന്നും അതിനു വരണമെന്നും അവർ എന്നോടു പറഞ്ഞു. അവരുടെ വീടിൻ്റെ അഡ്ഡ്രസ്സും തന്നു.

അവസാനം ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. ഞാൻ എൻ്റെ കൈയും കാലും ഇളക്കുകയും സ്വയം പിച്ചി നോക്കുകയും ചെയ്യുന്നതു കണ്ടു് എൻ്റെ സുഹൃത്തു് അദ്ഭുതപ്പെട്ടു. ”എന്താണീ കാണിക്കുന്നതു്?” അദ്ദേഹം ചോദിച്ചു. ”എനിക്കെന്താണു സംഭവിച്ചതെന്നു നോക്കുകയാണു്” ഞാൻ പറഞ്ഞു. ”എനിക്കു ശരീരമില്ലാത്തതുപോലെ തോന്നുന്നു. ഞാൻ വായുവിൽ ഒഴുകിനടക്കുന്നതു പോലെ. എന്നാലും എനിക്കെന്നെ കാണാം, തൊടാം. ഇതു വളരെ വിചിത്രമായിരിക്കുന്നു.”

എന്നാൽ എൻ്റെ സുഹൃത്തിനു് അമ്മയുടെ ദർശനത്തിനുശേഷവും പ്രത്യേകിച്ചു് ഒന്നും തോന്നിയില്ല. അമ്മയുമായുള്ള എൻ്റെ ആദ്യദർശനം അങ്ങനെയായിരുന്നു.

ബാൾട്ടിമോറിൽ

അടുത്തയാഴ്ച ബാൾട്ടിമോറിലുള്ള അമ്മയുടെ ഭക്തയുടെ വീട്ടിൽ ഞാൻ സത്സംഗത്തിനു പോയി. അവിടെ ഒരു മേശപ്പുറത്തു് അമ്മയുടെ കുറച്ചു ഫോട്ടോകളും ആശ്രമത്തിലെ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. താത്പര്യമുള്ളവർക്കു് അതു വിലകൊടുത്തു വാങ്ങിക്കാം. ന്യൂയോർക്കിൽ അമ്മയുടെ പ്രോഗ്രാമിനു പോയപ്പോൾ അവിടത്തെ സ്റ്റോറിൽ അമ്മയുടെ അതിമനോഹരമായ ഒരു ഫോട്ടോ ഞാൻ കണ്ടിരുന്നു. അതു വാങ്ങാനായി ചോദിച്ചപ്പോൾ അതൊരു പഴയ ഫോട്ടോയാണെന്നും ഇപ്പോൾ ആ ഫോട്ടോ പ്രിൻ്റ് ചെയ്യാത്തതുകൊണ്ടു് ഒരു കോപ്പിയെയുള്ളുവെന്നും അതു കൊണ്ടു് അതു വില്പനയ്ക്കില്ലെന്നും അവർ പറഞ്ഞു. എനിക്കിഷ്ടപ്പെട്ട ആ ഫോട്ടോ ഇവിടെയുണ്ടാകണേ എന്നാശിച്ചു ഞാനവിടെയൊക്കെ തിരഞ്ഞുനോക്കി. എന്നാൽ അതവിടെയില്ലായിരുന്നു. എനിക്കു വലിയ നിരാശ തോന്നി. സത്സംഗത്തിനു മുൻപു കൈയും മുഖവും കഴുകാനായി ഞാൻ ബാത്ത്‌റൂമിലേക്കു പോയി.

ബാത്ത്‌റൂമിൽ പോയി അല്പനിമിഷത്തിനകം ഞാൻ വീണ്ടും മേശയ്ക്കരികിലെത്തിയപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ അതുവരെ അന്വേഷിച്ചിരുന്ന ഫോട്ടോ ആ മേശമേൽ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളുടെയും മേലെ കിടക്കുന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. അല്പം മുൻപു തിരഞ്ഞപ്പോൾ ആ ഫോട്ടോ അവിടെയുണ്ടായിരുന്നില്ല എന്നെനിക്ക് ഉറപ്പാണു്. ആ മുറിയിൽ മറ്റു കുറച്ചുപേർ കൂടി ഉണ്ടായിരുന്നു. ഞാൻ ബാത്ത്‌റൂമിൽ പോയ സമയത്തു്, ‘ആരെങ്കിലും മേശയ്ക്കരികിൽ വന്നു ഫോട്ടോ എടുക്കുകയോ തിരയുകയോ ചെയ്തിരുന്നോ’ എന്നു ഞാൻ അവരോടൊക്കെ ചോദിച്ചു. അവരാരും മേശയുടെ അടുത്തുപോലും ചെന്നിട്ടില്ലെന്നു തീർത്തു പറഞ്ഞു. വാസ്തവത്തിൽ ഈ പ്രത്യേക ഫോട്ടോ ഞാൻ തിരയുന്നതു് അവർ അറിഞ്ഞിട്ടു പോലുമില്ല. പിന്നെ അതുവരെ അവിടെ ഇല്ലാതിരുന്ന ഫോട്ടോ പെട്ടെന്നു് അവിടെയെങ്ങനെ വന്നു? എൻ്റെ ഇത്ര നിസ്സാരമായ ആഗ്രഹംപോലും അമ്മ അറിയുന്നുവെന്നോ? അതു സാധിപ്പിച്ചു തരുന്നുവെന്നോ?

ഞാൻ മാറാൻ തുടങ്ങുന്നു

അമ്മയെ കാണുന്ന സമയത്തു് ഏതാണ്ടു പത്തോളം ഹോട്ടലുകൾക്കും ആശുപത്രികൾക്കും ജീവനക്കാരെ നല്കുന്ന ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ടായിരുന്നു ഞാൻ. ജോലിയിലെ ടെൻഷൻ കാരണം വളരെ ചെറിയ കാര്യത്തിനുപോലും ഞാൻ വല്ലാതെ ക്ഷോഭിക്കുമായിരുന്നു. അമ്മയെ ആദ്യമായി കണ്ടു് ഒരാഴ്ചയ്ക്കു ശേഷം എനിക്കു വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. സാധാരണയായുള്ള എൻ്റെ അവസ്ഥയ്ക്കു കോപംകൊണ്ടു പൊട്ടിത്തെറിക്കേണ്ട ധാരാളം അവസരങ്ങൾ ആ സമയത്തുണ്ടായി. എന്നാൽ ഞാൻ വളരെ ശാന്തമായും സൗമ്യമായും എല്ലാവരോടും സംസാരിച്ചു. എന്നെ പരസ്യമായി കുറ്റപ്പെടുത്തുന്നവരോടുപോലും എനിക്കു ദേഷ്യം തോന്നിയില്ല. ഞാൻ എന്നെത്തന്നെ ശ്രദ്ധിക്കുന്നതായും സാക്ഷിഭാവത്തോടെ എല്ലാം നേരിടുന്നതായും എനിക്കു് അനുഭവപ്പെട്ടു. എന്താണു് എൻ്റെ ഈ മാറ്റത്തിനു കാരണമെന്നു് ആർക്കും മനസ്സിലായില്ല. എന്നാൽ എൻ്റെ മാറ്റത്തിനു് ആരാണു കാരണക്കാരിയെന്നു് എനിക്കു മനസ്സിലായി.

ആശ്രമത്തിലേക്കു്

കാലിഫോർണിയയിലുള്ള അമ്മയുടെ ആശ്രമത്തിലെ അന്തേവാസി ആകണമെന്ന ആഗ്രഹം സാവധാനം എൻ്റെയുള്ളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. അറിഞ്ഞവരൊക്കെ സംശയം പ്രകടിപ്പിച്ചു, നിരുത്സാഹപ്പെടുത്തി. ഇത്ര വലിയ ജോലി ഉപേക്ഷിക്കുകയോ! വലിയ വീടു്, അവിടത്തെ എൻ്റെ വിലപിടിപ്പുള്ള ശില്പങ്ങളുടെയും പെയ്ന്‍റിങുകളുടെയും ശേഖരം അതെല്ലാം എന്തുചെയ്യും? സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചോദിച്ചുകൊണ്ടിരുന്നു. കഴിഞ്ഞില്ല, എൻ്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾ, മൂന്നു പട്ടികളും ആറു പൂച്ചകളും! അവയെ ഉപേക്ഷിക്കാൻ എനിക്കു കഴിയുമെന്നു് ആരും കരുതിയില്ല.

എന്നാൽ എല്ലാം ഉപേക്ഷിക്കാൻ എനിക്കു കഴിഞ്ഞു. വലിയ ജോലിയും മനോഹരമായ വീടും അതിലെ വിലപിടിപ്പുള്ള വസ്തുക്കളും ഞാൻ ത്യജിച്ചു എന്നു് എല്ലാവരും പറഞ്ഞു. എന്നാൽ അമൂല്യമായ രത്‌നങ്ങൾ കിട്ടാൻ വേണ്ടി കൈയിൽ ഇറുക്കിവച്ചിരുന്ന വെള്ളാരംകല്ലുകളാണു് ഉപേക്ഷിച്ചതെന്നു ഞാൻ മാത്രം അറിഞ്ഞു.

എല്ലാം ഉപേക്ഷിച്ചു ഭാരം കുറഞ്ഞ മനസ്സുമായി ഒരു പഴയ കാറിൽ ഞാൻ പുറപ്പെട്ടു. അപ്പോഴും ആദ്യമായി അമ്മയെ കാണാൻ പോയപ്പോൾ ഞാൻ കൂട്ടിനു വിളിച്ച ആ സുഹൃത്തുമുണ്ടായിരുന്നു കൂടെ. മേരീലാൻഡിൽനിന്നു ഞങ്ങൾ രണ്ടുപേരും കാലിഫോർണിയയിലെ ആശ്രമത്തിലെത്തി. അമ്മ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. എൻ്റെ സുഹൃത്തു് എൻ്റെ കൈപിടിച്ചു് അമ്മയെ ഏല്പിച്ചു. ”അവസാനം മോളു് വന്നോ” എന്നു ചോദിച്ചു് അമ്മ എന്നെ വാരിപ്പുണർന്നു, മാറോടു ചേർത്തു. അങ്ങനെ ഞാൻ എൻ്റെ യഥാർത്ഥ വസതിയിലെത്തി.

ഇന്നു്…

ഞാൻ ആശ്രമത്തിലെത്തിയിട്ടു് ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. സമയം എത്ര പെട്ടെന്നാണു പോകുന്നതു്! ഇവിടെ ആശ്രമത്തിലെ ജീവിതം വളരെ തിരക്കേറിയതാണു്. എന്നാൽ എത്ര തിരക്കിനിടയിലും എൻ്റെ ഉൾത്തടം തിരയൊടുങ്ങിയ സമുദ്രംപോലെ ശാന്തവും ഗംഭീരവുമാണു്. ആശ്രമത്തിൽ എത്തിയതിനു ശേഷം ഞാൻ ഒരു ഹോംനേഴ്‌സ് ആകാനുള്ള പരിശീലനം നേടി. ഇപ്പോൾ ഞാനൊരു മുഴുവൻ സമയ ഹോംനേഴ്‌സാണു്. എല്ലാവരെയും അമ്മയായി കണ്ടു ശ്രുശ്രൂഷിക്കാൻ ഇതിലും നല്ല ഒരു അവസരം കിട്ടാനില്ല. എപ്പോഴും വഴികാട്ടിയായും വേണ്ട അവസരങ്ങളിൽ ശാസിച്ചും മനഃസാക്ഷിയായി അമ്മ എപ്പോഴുമെൻ്റെ കൂടെയുള്ളതു് ഞാനറിയുന്നുണ്ടു്.

1994ൽ അമ്മയെ കണ്ടതിനു ശേഷം എനിക്കുണ്ടായ മാറ്റമോർത്തു ഞാൻതന്നെ അദ്ഭുതപ്പെടാറുണ്ടു്. അമ്മയുടെ ഒരു ദർശനം കഴിയുമ്പോഴേക്കും എല്ലാവർക്കും ഭൗതികസുഖങ്ങളൊക്കെ ഉപേക്ഷിച്ചു് ആശ്രമത്തിൽ നില്ക്കാൻ തോന്നേണ്ട കാര്യമൊന്നുമില്ല. അമ്മ അതു് ഉദ്ദേശിച്ചിട്ടുമില്ല. എനിക്കു് ഇതാണു വേണ്ടതു് എന്നതുകൊണ്ടാണു് ഇങ്ങനെ സംഭവിച്ചതു്. ഇന്നു് ഇങ്ങനെയല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു്, അമ്മയോടൊപ്പമല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു് എനിക്കു സങ്കല്പിക്കാനാവില്ല. അമ്മയെ കാണുന്നതിനു മുൻപു്, അമ്മയില്ലാതെ, എങ്ങനെ ജീവിച്ചു എന്നു ഞാൻ അദ്ഭുതപ്പെടാറുണ്ടു്. പക്ഷേ, അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ടായിരുന്നില്ല എന്നു് ആരാണു പറഞ്ഞതു്? ഞാൻ ജീവിതത്തിൽ പിച്ച നടന്നിരുന്നപ്പോഴും കാലിടറി വീണപ്പോഴുമൊക്കെ ഞാനറിയാതെ അമ്മ എൻ്റെ കൂടെ ഒത്തുനടന്നിരുന്നു. സമയം വന്നപ്പോൾ അമ്മ ഒന്നു കുനിഞ്ഞു, എന്നെ വാരിയെടുത്തു, ഭദ്രമായി മടിയിലിരുത്തി. എൻ്റെ അമ്മ!

ഹർഷ കാർലേ – (വിവ: പത്മജ ഗോപകുമാർ)