ഒരു ഭക്തന്‍: ഭാര്യയും കുട്ടികളും ഒന്നും വേണ്ടെന്നാണോ അമ്മ
പറയുന്നത് ?
അമ്മ: അവരൊന്നും വേണ്ടെന്നല്ല അമ്മ പറയുന്നത്. മൃഗതുല്യരായി ജീവിതം നയിച്ചു് ആയുസ്സുകളയാതെ സമാധാനമായി ജീവിക്കുവാന്‍ പഠിക്കുക, ഇതാണമ്മ പറയുന്നത്. സുഖം തേടിപ്പോകാതെ
ജീവിതത്തിൻ്റെ ലക്ഷ്യമറിഞ്ഞു ജീവിക്കുക. ലളിതജീവിതം നയിക്കുക. തനിക്കു് ആവശ്യമുള്ളതു കഴിച്ചു് ശേഷിക്കുന്നതു് ധര്‍മ്മം ചെയ്യുക.
ആരെയും ദ്രോഹിക്കാതെ ജീവിക്കുക. ഇതു മറ്റുള്ളവരെയും പഠിപ്പിക്കുക. ലോകത്തിനു് ഇങ്ങനെയുള്ള നല്ല സംസ്‌കാരമാണു നാം നല്‌കേണ്ടത്. സ്വയം നല്ലൊരു മനസ്സിനെ ഉണ്ടാക്കിയെടുക്കുക. അതുവഴി മറ്റുള്ളവരെയും നന്നാക്കുക. ഇതാണു നമുക്കാവശ്യം. അങ്ങനെയായാല്‍ ബാഹ്യസുഖങ്ങള്‍ കുറഞ്ഞാലും ഉള്ളിലെപ്പോഴും ശാന്തിയും സംതൃപ്തിയും നിറയുന്നതു നമുക്കനുഭവിക്കാന്‍ കഴിയും.
ഉപകാരം ചെയ്യാന്‍കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുകയെന്നതു് ഒരു വലിയ സേവനംതന്നെ. എന്നാല്‍ അതുകൊണ്ടു മാത്രമായില്ല. മറ്റുള്ളവര്‍ക്കു് ഉപകാരപ്രദമായ എന്തെങ്കിലും ജോലികള്‍ കണ്ടെത്തിച്ചെയ്യാന്‍ ശ്രമിക്കണം.
എല്ലാം ആവശ്യത്തിനുമാത്രമേ ആകാവൂ. അനാവശ്യമായി ഒന്നുംപാടില്ല. ആഹാരവും ചിന്തയും ഉറക്കവും സംസാരവുമെല്ലാം ആവശ്യത്തിനുമാത്രം. ഇങ്ങനെ നിഷ്ഠയോടുകൂടി ജീവിച്ചാല്‍ മനസ്സില്‍ സച്ചിന്തകള്‍ മാത്രമായിരിക്കും ഉണ്ടാവുക. അങ്ങനെയുള്ളവര്‍ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നില്ല. മറിച്ചു് പവിത്രമാക്കുകയാണു ചെയ്യുന്നതു്. അവരെക്കണ്ടാണു നാം മാതൃകയാവേണ്ടത്.”
വ്യക്തിയുടെയും സമൂഹത്തിൻ്റെയും ശ്രേയസ്സിനായിക്കൊണ്ടുള്ള
അമ്മയുടെ ഉപദേശങ്ങള്‍ ദര്‍ശനത്തിനെത്തിയവരുടെയെല്ലാം മനസ്സിനെ അഗാധമായി സ്പര്‍ശിച്ചുവെന്നു് അവരുടെ മുഖഭാവങ്ങള്‍ വിളിച്ചറിയിച്ചു. മാതൃഭക്തരായ തങ്ങളുടെ ശിഷ്ടജീവിതം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചു് അമ്മ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതുപോലെ തോന്നി. മാതൃസന്നിധിയില്‍ അമൂല്യമായ കുറെനിമിഷങ്ങള്‍ ചെലവിടാന്‍ കഴിഞ്ഞതിലുള്ള ധന്യതയോടെ അവര്‍ അമ്മയെ നമസ്‌കരിച്ചെഴുന്നേറ്റു.