ആഗോള ആദ്ധ്യാത്മിക വനിതാസമ്മേളനം: 2002 ആഗോളസമാധാനത്തിനുവേണ്ടി 2002 ഒക്ടോബര്‍ ആറുതൊട്ടു ഒന്‍പതുവരെ ജനീവയില്‍വച്ചു് ഒരപൂര്‍വ്വസമ്മേളനം നടന്നു. ലോകമെമ്പാടുമുള്ള ആദ്ധ്യാത്മികപ്രസ്ഥാനങ്ങളിലെ വനിതാസാന്നിധ്യംകൊണ്ടാണു് ഇതപൂര്‍വ്വമായതു്. സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്‍പു നടന്ന ചോദ്യോത്തരവേളകള്‍ അമ്മയുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു.

അമേരിക്കയിലെ ഡോക്യുമെന്‍ഡറി നിര്‍മ്മാണകമ്പനിയായ റൂഡര്‍ ഫിന്‍ ഗ്രൂപ്പു് അമ്മയുടെ മുന്‍പില്‍ ചില ചോദ്യശരങ്ങള്‍ തൊടുത്തുവിട്ടു.

ചോദ്യം: എന്താണു ലോകസമാധാനത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം? അമ്മ പറഞ്ഞു, ”അതു വളരെ ലളിതമാണല്ലോ! മാറ്റം അവനവനില്‍ നിന്നു് ആദ്യം തുടങ്ങുക. അപ്പോള്‍ ലോകം തനിയെ മാറും. സമാധാനം കൈവരും.” എല്ലാ യുദ്ധങ്ങളും മനുഷ്യമനസ്സിലാണു തുടങ്ങുന്നതെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അമ്മയുടെ ഉത്തരം. പിന്നെയും ചോദ്യങ്ങള്‍ തുടര്‍ന്നു.

മാതൃത്വത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു് അമ്മ കൊടുത്ത മറുപടി വളരെ പ്രസക്തവും പ്രധാനവുമാണു്. മാതൃത്വം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വേണ്ട ഗുണമാണെന്നു് അമ്മ പറഞ്ഞു. കാരണം, മാതൃത്വം സ്വന്തം കുഞ്ഞിനോടു മാത്രമുള്ള സ്നേഹമല്ല. അതു മറ്റു കുഞ്ഞുങ്ങളോടും ജന്തുക്കളോടും മൃഗങ്ങളോടും മാത്രമല്ല, കല്ലിനോടും പുല്ലിനോടും പാറയോടും പുഴയോടുമൊക്കെ തോന്നേണ്ടതാണു്. ജഗന്മാതാവെന്നു് അമ്മ സ്വയം വെളിപ്പെടുത്തുന്ന അപൂര്‍വ്വം ഉത്തരങ്ങളില്‍ ഒന്നാണു മുകളില്‍ കൊടുത്തതു്.

ഗാന്ധി കിങ് അവാര്‍ഡ്

ഈ ജഗന്മാതൃത്വത്തിൻ്റെ പരമോന്നത അംഗീകാരമെന്ന നിലയിലായിരിക്കണം, ഒക്ടോബര്‍ ഏഴാം തീയതി രാവിലെ 11:30നു് പ്രസംഗ പീഠത്തിനു മുന്‍വശം വന്നു് ആഗോളസമാധാന ദൗത്യ സംഘടനയുടെ കണ്‍വീനറായ മിസ്സ് ഡീനാ മെറിയം ഒരു വലിയ പ്രഖ്യാപനം നടത്തി.

‘ഈ സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണു് അടുത്തു നടക്കാന്‍ പോകുന്നതു്. ഈ വര്‍ഷത്തെ, അക്രമരാഹിത്യത്തിനും സമാധാനത്തിനുമുള്ള ഗാന്ധി കിങ് അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ ഞാന്‍ ബഹുമാനപുരസ്സരം മാതാ അമൃതാനന്ദമയീ ദേവിയെ സ്റ്റേജിലേക്കു ക്ഷണിക്കുന്നു.’

ഇതു കേട്ടതും സദസ്യര്‍ ഒന്നടങ്കം എഴുന്നേറ്റുനിന്നു കൈയടിച്ചു് അമ്മയെ വേദിയിലേക്കു സ്വാഗതം ചെയ്തു. കോഫി അന്നനും നെല്‍സണ്‍മണ്ടേലയ്ക്കുമൊക്കെയാണു് ഈ പുരസ്‌കാരം നേരത്തെ ലഭിച്ചിരിക്കുന്നതു്. (…തുടരും)

ഡോ : ടി.വി മുരളീ വല്ലഭൻ