21 ജൂൺ 2020, അമൃതപുരി ആശ്രമം
അന്താരാഷ്ട്ര യോഗദിനത്തിൽ അമ്മ നൽകിയ സന്ദേശത്തിൽ നിന്ന്
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഈ ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങും യോഗയ്ക്കു ലഭിച്ച അംഗീകാരവും പ്രചാരവും അമ്പരപ്പിക്കുന്നതാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ വികാസത്തിനും യോഗ ഏറ്റവും നല്ലതാണെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു. ആയുര്‍വേദത്തെപ്പോലെ യോഗയും പുരാതന ഭാരതത്തിലെ ഋഷീമാരില്‍ നിന്ന് ലോകത്തിനു ലഭിച്ച അമൂല്യ വരദാനമാണ്.
യോഗ എന്ന വാക്കിനര്‍ത്ഥം യോജിപ്പിക്കല്‍ അല്ലെങ്കില്‍ കൂടിച്ചേരല്‍ എന്നാണ്. ശരീരത്തെയും പ്രാണനെയും മനസ്സിനെയും ആത്മചൈതന്യത്തെയുമെല്ലാം വേണ്ടവണ്ണം സംയോജിപ്പിക്കല്‍ ആണ് യോഗ. ശരീരത്തെ നിയന്ത്രിച്ചാല്‍ പ്രാണനെ നിയന്ത്രിക്കാന്‍ കഴിയും. പ്രാണനെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും. മനസ്സിനെ നിയന്ത്രിച്ചാല്‍ ആത്മസാക്ഷാത്ക്കാരത്തിലേക്ക് ഉയരാം.
ഇതുപോലെയാണ് യോഗയുടെ രീതി. സ്തൂലമായതിനെ ഉപയോഗിച്ച് അല്പം കൂടി സൂക്ഷ്മമായതിനെ നിയന്ത്രിക്കുന്നു. പിന്നെ അതിനെ ഉപയോഗിച്ച് അതിലും സൂക്ഷ്മമായതിനെ നിയന്ത്രിക്കുന്നു. അങ്ങിനെ കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമായതിനെ സ്വാധീനമാക്കുന്നു. ശരീരമനോബുദ്ധികളെ ഈവിധം ജയിച്ച് യോഗയിലൂടെ പൂര്‍ണതനേടാന്‍ കഴിയുമെന്ന് ഋഷിമാര്‍ നമ്മെ പഠിപ്പിക്കുന്നു. പൂര്‍ണ്ണത നേടാന്‍ കഴിഞ്ഞില്ല എങ്കില്‍പ്പോലും നിത്യജീവിതത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് അതു വളരെ സഹായിക്കുന്നു എന്നതാണ്. എല്ലാ അവയവങ്ങളുടെയും ഗ്രന്ഥികളുടെയും നാഡികളുടെയും ശുദ്ധീകരണത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും യോഗ ഉപകരിക്കുന്നു.
ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തം പൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണു യോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനസ്സിന്റെ പ്രസന്നതയും വളര്‍ത്താന്‍ യോഗ പ്രയോജനപ്പെടുന്നു. ജീവിതശൈലീരോഗങ്ങളും മാനസിക രോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെ പ്രസക്തി അനുദിനം വളരുകയാണ്. ഇന്ന് ആധുനിക മരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ ജീവിതശൈലി കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ആരോഗ്യമെന്നാല്‍ രോഗമില്ലാതിരിക്കുക എന്നതു മാത്രമല്ല, ദീര്‍ഘനേരം ക്ഷീണമില്ലാതെ ജോലി ചെയ്യാനുള്ള ശേഷി, മനസ്സിന്റെ ശാന്തി, തെളിഞ്ഞ ഓര്‍മ്മ, തെളിവുള്ള ബുദ്ധി ഇതൊക്കെയാണ് ആരോഗ്യത്തിന്റെ ലക്ഷണം. ഇവയ്‌ക്കെല്ലാം ഉപകരിക്കുന്ന ഒരു പ്രായോഗിക പദ്ധതിയാണ് യോഗ.
സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേകതയെന്തെന്ന്
പലരും ചോദിക്കാറുണ്ട്. ഏതു രീരിയിലുള്ള വ്യായാമവും ശരീരത്തിനും മനസ്സിനും
നിരവധി പ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്ന പ്രയോജനം സാധാരണ വ്യായാമങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്.
സാധാരണ വ്യായാമമുറകള്‍ വേഗതയേറിയ ചലനങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യോഗ എല്ലാ അവയവങ്ങള്‍ക്കും വിശ്രാന്തി നല്‍കുന്നു. ഒപ്പം പ്രാണശക്തി ശരിയായ ദിശയില്‍ തിരിച്ചുവിടുന്നു. ആന്തരികഗ്രന്ഥികള്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്കും രോഗശമനത്തിനും അത് വഴിതെളിയ്ക്കുന്നു. നാഡികള്‍ ശുദ്ധമാകുന്നു. മനോബലവും, മനസ്സിന്റെ ഏകാഗ്രതയും വര്‍ദ്ധിക്കുന്നു. പേശികള്‍ അയവുള്ളതും കരുത്തുറ്റതുമാകുന്നു. സാധാരണ വ്യായാമങ്ങളേക്കാള്‍ വിഷാദരോഗം കുറയ്ക്കാനും മനസ്സിന്റെ പ്രസന്നത നിലനിര്‍ത്താനും യോഗ സഹായിക്കുന്നു.
ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ ആരോഗ്യവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ശരീരം അനങ്ങുന്നതിനനുസരിച്ചു ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കും. എന്നാല്‍ മനസ്സ് അനങ്ങാതിരിക്കുന്നതിന് അനുസരിച്ചാണ് മനസ്സിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നത്. ആധുനിക സമൂഹത്തില്‍ ശരീരംകൊണ്ടു ചെയ്യേണ്ട ജോലികള്‍ കുറഞ്ഞു വരുകയും മനസ്സിലെ ചിന്തകളും വിഷമങ്ങളും കൂടി വരുകയും ചെയ്യുന്നു. ഇത്തരം ജീവിത രീതി ശരീരത്തിനും മനസ്സിനും ഒരുപോലെ ദോഷകരമാണ്.
ശരീരത്തിന്റെയും മനസ്സിന്റെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ശാസ്ത്രീയമായ മുറകളാണ് യോഗയിലുള്ളത്. സൂര്യനമസ്‌കാരം, ആസനം, പ്രാണായാമം, ധ്യാനം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. പ്രാണായാമവും ആസനങ്ങളും പ്രാണശക്തിയുടെ ശരിയായ ക്രമീകരണത്തിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നു.അതോടൊപ്പം വിശ്രാന്തിക്കുവേണ്ടിയുള്ള യോഗമുറകളും ധ്യാനവും ചിന്തകളെ കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ഉപകരിക്കുന്നു. മനസ്സിലെ ചിന്തകളുടെ ബഹളം കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണ് ധ്യാനം. അനേകം ധ്യാനരീതികളുണ്ട്. അവരവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
കൊറോണ രോഗം മനുഷ്യരാശിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യോഗയുടെ പ്രസക്തി വളരെ വലുതാണ്. കാരണം മനുഷ്യന്റെ പ്രതിരോധശക്തി കുറയുമ്പോഴാണ് വൈറസിന് ഇരയാകുന്നത്. യോഗയാവട്ടെ നമ്മുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ്. അത് അഭ്യസിക്കാന്‍ ഒരു ഉപകരണത്തിന്റെയും ആവശ്യമില്ല.
വീട്ടില്‍ ഒരാളെങ്കിലും യോഗ പഠിച്ചാല്‍ അയാള്‍ക്ക് വീട്ടിലുള്ള മറ്റെല്ലാവരെയും പഠിപ്പിക്കാന്‍ കഴിയും. ഒരു കുടുംബത്തില്‍ എല്ലാവരും യോഗചെയ്യുകയാണെങ്കില്‍ മൊത്തം കുടുംബത്തിന്റെ ആരോഗ്യം മെച്ചപ്പെടും.രോഗ ചികില്‍സയ്ക്കുള്ള ചെലവ് നല്ലവണ്ണം കുറയ്ക്കാന്‍ അതു സഹായിക്കും. മാത്രമല്ല മനസ്സിനെ ശാന്തമാക്കാനും ചിന്താശക്തിയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താനും യോഗ ഫലപ്രഥമാണ്. വീട്ടില്‍ എല്ലാവരും യോഗയും ധ്യാനവും അനുഷ്ഠിക്കുകയാണെങ്കില്‍ വീട്ടിലെ അന്തരീക്ഷം തന്നെ മാറും. കലഹങ്ങള്‍ കുറയും. സ്‌േനഹവും സഹകരണവും വളരും.
ഒരു ഗ്രാമത്തിലെ എല്ലാ കുടുംബത്തിലും യോഗ കടന്നുചെന്നാല്‍ ആ മുഴുവന്‍ ഗ്രാമത്തിന്റെയും ആരോഗ്യനിലവാരം ഉയരും. ജീവിത നിലവാരവും ഉയരും. നമുക്ക് ഇനി ചെയ്യാനുള്ളത് ഇനിയും കൂടുതല്‍ ജനങ്ങളിലേക്കും കുടുംബങ്ങളിലേക്കും യോഗ എത്തിക്കുക എന്നുള്ളതാണ്. അതിന് നമുക്ക് ഒന്നിച്ചു ശ്രമിക്കാം.
ഒരു കാര്യം കൂടി പറയാനുണ്ട്. യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേയ്ക്കുള്ള വ്യായമമുറ മാത്രമല്ല, അത് ധാര്‍മ്മിക മൂല്യങ്ങള്‍ക്കുകൂടി സ്ഥാനമുള്ള സമഗ്ര സാധനയാണ്. ലോകജീവിതത്തിന്റെ വിജയത്തിനുംആത്മീയ ഉന്നതിയ്ക്കും ഒരുപോലെ സഹായകമാണ് യോഗ. ഏത് ആദ്ധ്യാത്മികമാര്‍ഗ്ഗമായാലും
അവയ്‌ക്കെല്ലാം യോഗ സഹായകമാണ്. ഏതുദേശത്തായാലും മനുഷ്യപ്രകൃതിയ്ക്ക്
കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ ജാതിമത വ്യത്യാസമില്ലാതെ ഏവര്‍ക്കും യോഗ സ്വീകരിക്കാവുന്നതാണ്.
പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാര്‍ മനുഷ്യരാശിയ്ക്ക് നല്കിയ ഈ അമൂല്യസമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയട്ടെ.