ചോദ്യം : ആദ്ധ്യാത്മികസാധനയ്ക്കും പ്രകൃതി സംരക്ഷണത്തിനും തമ്മിലുള്ള സമാനതകള്‍ എന്തൊക്കെയാണു്?
അമ്മ : ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വ്വതിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ നമ്മളെ സംബന്ധിച്ചു പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധനം തന്നെയാണു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്‌കാരമാണു് ഇവിടെയുള്ളതു്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു എല്ലാറ്റിനെയും ഈശ്വരനായിട്ടു പൂജിക്കാനാണു മതം പറയുന്നതു്.
ഈ ബോധം പ്രകൃതിയെ സ്നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നാമാരും അറിഞ്ഞുകൊണ്ടു കൈയും കാലും കുത്തിമുറിക്കാറില്ല. തനിക്കു വേദനിക്കും എന്നറിയാം. ഇതുപോലെ എല്ലാ ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു കാണുമ്പോള്‍ മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായിത്തോന്നും. അവയെ രക്ഷിക്കുവാനുള്ള മനസ്സും വരും. ആവശ്യമില്ലാതെ ഒരു ജീവിയെപ്പോലും ഉപദ്രവിക്കില്ല. ഒരു പൂവിനു പത്തു ദിവസം ചെടിയില്‍ നില്ക്കാന്‍ കഴിയുമെങ്കില്‍ പത്താം ദിവസം മാത്രമേ അതു നുള്ളുകയുള്ളൂ.
പണ്ടുള്ള വീടുകളിലെല്ലാം പൂജാമുറിയുണ്ടാകും. ഒറ്റമുറിയിലുള്ള കുടിലില്‍ കഴിയുന്നവരുംകൂടി ഒരു മൂലയില്‍ ഭഗവാൻ്റെ ചിത്രംവച്ചു വിളക്കു കത്തിക്കും. നിത്യപൂജയ്ക്കുവേണ്ടി വളപ്പില്‍ ചെടികള്‍ വച്ചുപിടിപ്പിക്കും. അവയെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷിക്കും. സ്വയം നട്ടു വളര്‍ത്തിയ ചെടികളിലെ പൂക്കള്‍കൊണ്ടു ഭഗവാനു് അര്‍ച്ചന നടത്തുമ്പോള്‍ ഭക്തിഭാവം പുഷ്ടിപ്പെടുന്നു. ഏകാഗ്രതയോടെ ചെയ്യുന്ന അര്‍ച്ചനയുടെ ഫലമായി ചിന്തകളുടെ എണ്ണം കുറയുന്നു. അതു് അന്തഃകരണശുദ്ധിക്കു കാരണമാകുന്നു. മാത്രമല്ല, ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ അത്രയും സമയം ലൗകികകാര്യങ്ങളില്‍ മുഴുകിയാല്‍ മനസ്സിൻ്റെ ആധി കൂടുകയേയുള്ളൂ. ചിന്തകള്‍ കൂടുമ്പോള്‍ മനസ്സിനു സംഘര്‍ഷം കൂടും. അതു പ്രഷറിനും മറ്റു് അസുഖങ്ങള്‍ക്കും കാരണമാകും. ഒരു സാധനം വാങ്ങാതെ കടയില്‍ത്തന്നെയിരുന്നാല്‍ അതിൻ്റെ ഗ്യാരണ്ടി നഷ്ടമാകില്ല. ഉപയോഗിക്കുമ്പോള്‍ മുതലാണു ഗ്യാരണ്ടിയുടെ കാലാവധി കണക്കാക്കുന്നതു്. അതുപോലെ ചിന്തകളില്ലാത്ത മനസ്സിൻ്റെ ശക്തി നഷ്ടമാകുന്നില്ല.
പണ്ടു്, കാവുകളില്‍ ഉത്സവത്തിനു കീര്‍ത്തനങ്ങള്‍ പാടുന്നതു് ആചാരത്തിൻ്റെ ഭാഗമായിരുന്നു. കുടുംബത്തില്‍ പാടാനറിയാവുന്നവര്‍ ഇല്ലെങ്കില്‍ നല്ല പാട്ടുകാരെ കൊണ്ടുവന്നു പാടിക്കും. ഭക്തിയും ജ്ഞാനവും വഴിഞ്ഞൊഴുകുന്ന കീര്‍ത്തനങ്ങള്‍, അറിയാതെതന്നെ കേള്‍ക്കുന്നവരില്‍ ഒരു ആദ്ധ്യാത്മികസംസ്‌കാരം സൃഷ്ടിക്കും. ഇതു വൃക്ഷലതാദികള്‍ക്കും പുഷ്ടി നല്കും. ശാസ്ത്രം പറയുന്നു; സംഗീതം ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു എന്നു്, ചെടികളെ സ്നേഹിച്ചാല്‍ അവയില്‍നിന്നും കൂടുതല്‍ വിളവുകള്‍ കിട്ടുമെന്നു്. നമ്മുടെ ഋഷീശ്വരന്മാര്‍ എത്രയോ കാലം മുന്‍പുതന്നെ ഇതൊക്കെ കണ്ടറിയുക മാത്രമല്ല; ജനജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
പ്രകൃതിയിലേക്കു നോക്കുമ്പോള്‍ നമ്മുടെ കഴിവിൻ്റെ പരിമിതികള്‍ നമുക്കു ബോദ്ധ്യമാകും. അതു് ഈശ്വരനോടു ഭക്തി വളര്‍ത്താനും സമര്‍പ്പണം ഉണ്ടാവാനും സഹായിക്കും. വാസ്തവത്തില്‍ പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി കാണാന്‍ കഴിയുന്ന ഈശ്വരരൂപമാണു പ്രകൃതി. അതിനെ സ്നേഹിക്കുന്നതിലൂടെ, സേവിക്കുന്നതിലൂടെ നാം ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു്. തേങ്ങയെ തെങ്ങാക്കുന്നതുപോലെ, വിത്തിനെ വൃക്ഷമാക്കുന്നപോലെ, ജീവനു പരമാത്മതലത്തിലേക്കെത്താനുള്ള സാഹചര്യം ഒരുക്കിത്തരുന്നതു പ്രകൃതിയാണു്.