ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?

അമ്മ : അതിഥിയെ ഈശ്വരനായിക്കരുതി ആദരിക്കാനാണു നമ്മുടെ സംസ്‌കാരം അനുശാസിക്കുന്നതു്. കുടുംബാംഗങ്ങളോടുള്ള സ്നേഹം മമതയില്‍നിന്ന് ഉണ്ടാകുന്നതാണു്. നമ്മളെ വിശാലഹൃദയരാക്കാനതു് ഉപകരിക്കില്ല. എന്നാല്‍, അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില്‍ നിന്നു് ഉടലെടുക്കുന്നതാണു്. ലോകത്തെ ഒറ്റ കുടുംബമായിക്കണ്ടു സ്നേഹിക്കാനതു നമ്മെ പ്രാപ്തരാക്കുന്നു.

വൃക്ഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും ദേവവാഹനങ്ങളുടെയും സ്ഥാനമാണു നമ്മള്‍ നല്കിയിരുന്നതു്. വളര്‍ത്തുമൃഗങ്ങളെ ഊട്ടിക്കഴിഞ്ഞിട്ടേ, തുളസിക്കോ, ആലിനോ, കൂവളത്തിനോ വെള്ളമൊഴിച്ചു കഴിഞ്ഞിട്ടേ പണ്ടു വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. പൂജാപുഷ്പങ്ങള്‍ക്കായി ഒരു പൂച്ചെടി നടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂ വിടരുന്നതു കാണുമ്പോള്‍, പൂവിറുത്തു മാല കൊരുക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സു് ആ കര്‍മ്മത്തിലല്ല; ഈശ്വരനിലാണു നില്ക്കുന്നതു്.

നമ്മള്‍ സുഹൃത്തിനു കത്തെഴുതുവാന്‍ തീരുമാനിച്ചു. പേപ്പറെടുക്കുമ്പോഴും പേനയെടുക്കുമ്പോഴും മഷിയെടുക്കുമ്പോഴും എല്ലാം ‘ഇന്നയാളിനു് എഴുത്തെഴുതുവാന്‍’ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണു്. പേനയും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കളാണെങ്കിലും അവയില്‍ക്കൂടിയെല്ലാം ഏകത്വത്തെ – സുഹൃത്തിനെയാണു ദര്‍ശിക്കുന്നതു്. അതുപോലെ, ഏതു പ്രവൃത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഈശ്വരനുവേണ്ടി എന്ന ബോധത്തോടെ ഏതു കര്‍മ്മവും ചെയ്യുക. ഇതുമൂലം നാനാത്വമായ കര്‍മ്മങ്ങളില്‍ക്കൂടിയും വിഷയങ്ങളില്‍ക്കൂടിയും ഏകത്വത്തെയാണു സാക്ഷാത്ക്കരിക്കുന്നതു്. അദ്വൈതം പലരും പറഞ്ഞുനടക്കാറുണ്ടു്. ആരും അനുഷ്ഠിച്ചു കാണുന്നില്ല. എന്നാല്‍ ശരിയായ ഭക്തന്‍ ഭൂതയജ്ഞത്തിലൂടെ സര്‍വ്വചരാചരങ്ങളിലും ഏകമായ ആ സത്യത്തെ ദര്‍ശിക്കുകയാണു ചെയ്യുന്നതു്. താനറിയാതെ അയാള്‍ അദ്വൈതതത്ത്വത്തില്‍ ജീവിക്കുകയാണു ചെയ്യുന്നതു്.