ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?
അമ്മ : പൂജയും ഹോമവും തത്ത്വമറിഞ്ഞു ചെയ്താല്‍ വളരെ നല്ലതാണു്. ഹോമാഗ്നിയില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുമ്പോള്‍ ഇഷ്ടവസ്തുക്കളോടുള്ള മമതയാണു നമ്മള്‍ അഗ്നിക്കര്‍പ്പിക്കുന്നതെന്ന ഭാവന വേണം. പൂജാവേളയില്‍ ചന്ദനത്തിരി കത്തിക്കുമ്പോള്‍ ഇപ്രകാരം സ്വയം എരിഞ്ഞു ലോകത്തിനു സുഗന്ധം പരത്തുന്നതാകണം തൻ്റെ ജീവിതവുമെന്നു സങ്കല്പിക്കണം. ആരതിക്കു കര്‍പ്പൂരമുഴിയുമ്പോള്‍ തൻ്റെ അഹങ്കാരമാണു തരിപോലും ബാക്കിയാകാതെ പൂര്‍ണ്ണമായും ജ്ഞാനാഗ്നിയില്‍ കത്തിയമരുന്നതെന്നു ഭാവന വേണം. മന്ത്രോച്ചാരണവും ഹോമധൂമവും അവനവൻ്റെ മനഃശുദ്ധിക്കൊപ്പം അന്തരീക്ഷ ശുദ്ധിക്കും സഹായിക്കുന്നു.
ഓരോ വസ്തുവിനെയും ദേവതാരൂപങ്ങളായി സങ്കല്പിച്ചിരുന്നതു കാരണം എന്തെടുക്കുമ്പോഴും ശ്രദ്ധയും ഭക്തിയുമുണ്ടാകും. കത്തിച്ചുവച്ച നിലവിളക്കിനുമുന്‍പില്‍ ആരും അറിയാതെ കൈകൂപ്പിപ്പോകുന്നതു്, അവിടെ ഈശ്വരസാന്നിദ്ധ്യമുണ്ടെന്ന വിശ്വാസം പരമ്പരാഗതമായി ലഭ്യമായിട്ടുള്ളതുകൊണ്ടാണു്.
അതുപോലെതന്നെ ഉപവാസവും മറ്റു വ്രതങ്ങളും മനഃസംയമനത്തിനും ആരോഗ്യത്തിനും ഏറ്റവും സഹായിക്കുന്നവയാണു്. മിക്ക വ്രതാനുഷ്ഠാനങ്ങളും വാവുദിവസവുമായി ബന്ധപ്പെട്ടതാണെന്നു കാണാം. ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങള്‍ മനസ്സിനെ ബാധിക്കുന്നതായി ശാസ്ത്രം ഇപ്പോള്‍ സമ്മതിക്കുന്നുണ്ടു്. വാവുദിവസങ്ങളില്‍ മാനസികരോഗമുള്ളവര്‍ക്കു് അസുഖം വര്‍ദ്ധിക്കും; കോപം കൂടും; വികാരവിചാരങ്ങള്‍ ഏറും. തത്സമയം പ്രാര്‍ത്ഥനയിലൂടെയും മറ്റും മനസ്സിനെ ഏകാഗ്രപ്പെടുത്തിയാല്‍, ഭക്ഷണം കുറയ്ക്കുകയും അതു പഴവര്‍ഗ്ഗങ്ങളാക്കുകയും ചെയ്താല്‍ മനസ്സിൻ്റെ ചഞ്ചലത കുറയും; ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങള്‍ ഒരു സമൂഹം മുഴുവന്‍ ആചരിക്കുമ്പോള്‍ അതു പ്രകൃതിയിലും അനുകൂലതരംഗം സൃഷ്ടിക്കും. കാലാകാലങ്ങളില്‍ വേണ്ടത്ര മഴയും വെയിലും ലഭിക്കും. ഇതാണു യജ്ഞംകൊണ്ടു് ദേവതകള്‍ പ്രസാദിച്ചിട്ടു യഥാകാലം മഴ പെയ്യിക്കുന്നുവെന്നു പറയുന്നതിൻ്റെ പിന്നിലെ തത്ത്വം.
പിതൃയജ്ഞമെന്നാല്‍ തര്‍പ്പണാദികര്‍മ്മങ്ങള്‍ മാത്രമല്ല; മാതാപിതാക്കളോടും പ്രായംചെന്നവരോടും നമുക്കുള്ള ആദരവും സ്നേഹവും അവരെ സേവിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നതാണു ശരിയായ പിതൃയജ്ഞം. പ്രായമായി അവശരായിക്കിടക്കുന്നവരെ നാം വേണ്ടവണ്ണം ശുശ്രൂഷിച്ചില്ലെങ്കില്‍ അവരുടെ മനസ്സിൻ്റെ ശാപം അന്തരീക്ഷത്തില്‍ തങ്ങിനില്ക്കും. പ്രകൃതിയില്‍ രേഖപ്പെടുത്തിയ അവരുടെ ഉള്ളിൻ്റെ ഉള്ളിലെ ദീനവിലാപം എന്നെങ്കിലും നമുക്കുതന്നെ തിരിച്ചടിയാവുകയും ചെയ്യും. മാതാപിതാക്കളെ ആത്മാര്‍ത്ഥമായി ശുശ്രൂഷിക്കുന്ന ഒരുവന്‍ വേറെ ഈശ്വരപൂജ ചെയ്യേണ്ട ആവശ്യം തന്നെയില്ലെന്നാണു പറയുന്നതു്.