ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ?
അമ്മ : ഏതൊരു ദേശത്തും ഏതൊരു കാലത്തും ഏതൊരു ജനതയ്ക്കും പരസ്പരം സ്നേഹമായും ഐക്യമായും പ്രകൃതിനിയമങ്ങളനുസരിച്ചു ജീവിക്കുവാന്‍ പഠി പ്പിക്കുന്ന തത്ത്വമാണു യജ്ഞത്തിന്റെതു്. നാം പ്രകൃതിയില്‍നിന്നെടുക്കുന്നതിന്റെ ഒരംശം മടക്കിനല്കാന്‍ ബാദ്ധ്യസ്ഥരാണെന്ന ആശയത്തില്‍നിന്നാണു പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തതു്. ഋഷിയജ്ഞം (ആദ്ധ്യാ ത്മിക ശാസ്ത്രപഠനം) ദേവയജ്ഞം (പൂജ, ഹോമം ഇത്യാദി ആരാധനാകര്‍മ്മങ്ങള്‍) നൃയജ്ഞം (അതിഥി സത്കാരം) പിതൃയജ്ഞം (മാതാപിതാക്കളുടെ സംരക്ഷണം) ഭൂതയജ്ഞം (പക്ഷിമൃഗാദികളുടെ പരിപാലനം) ഇവയാണു ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിച്ചിരിക്കേണ്ട പഞ്ചയജ്ഞങ്ങള്‍.
ശരിയായ ജീവിതം എങ്ങനെ നയിക്കണമെന്നും ലോകത്തിന്റെ സ്വഭാവമെന്തെന്നും പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ അവയെ അതിജീവിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കുന്നവയാണു് ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങള്‍. കൃഷിശാസ്ത്രം പഠിച്ചവന്‍ ചെടിക്കു രോഗം ബാധിക്കുംമുന്‍പു വേണ്ട പരിഹാരം ചെയ്തിരിക്കും. ഏതു ചെടിക്കു് ഏതു മണ്ണാണു യോജിച്ചതു്, എന്തു വളമാണു വേണ്ടതു് എന്നെല്ലാം അയാള്‍ക്കറിയാം. ഇതൊന്നും അറിയാതെ കൃഷി ചെയ്യാനിറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോയെന്നു വരാം. ഇതുപോലെ ജീവിതമെന്തെന്നു ശരിയായി മനസ്സിലാക്കാന്‍ സദ്ഗ്രന്ഥപാരായണം നമുക്കു സഹായകമാണു്. അമിട്ടുപൊട്ടുന്ന ശബ്ദം അറിയാതെ കേട്ടാല്‍ നമ്മള്‍ ഞെട്ടിവിറച്ചെന്നു വരും. എന്നാല്‍ അറിഞ്ഞു കൊണ്ടു കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവുകയില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരകളുടെ അടിയേറ്റു തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആനന്ദ പൂര്‍വ്വം നീന്തി ഉല്ലസിക്കുന്നു. ഇതാണു ശാസ്ത്ര പഠനം കൊണ്ടുള്ള പ്രയോജനം.
ശരിയായി പ്രവര്‍ത്തിപ്പിക്കാനറിയാതെ ഒരു യന്ത്രം ഉപയോഗിച്ചാല്‍ അതു കേടാകും. ആപ്തകാമന്മാരായ നമ്മുടെ ഋഷീശ്വരന്മാര്‍ ഉപദേശിച്ച ജീവിതത്തിന്റെ തത്ത്വശാസ്ത്രമാണു് ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്കു പകര്‍ന്നുതരുന്നതു്. അവ ദിവസേന പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ ഋഷികളോടുള്ള നമ്മുടെ കടം വീട്ടുകയാണു നാം ചെയ്യുന്നതു്. പഠിച്ചതുകൊണ്ടുമാത്രമായില്ല; ആ അറിവു പ്രയോഗത്തില്‍ കൊണ്ടുവരുകയും വേണം. പാചകഗ്രന്ഥം വായിച്ചു് ആര്‍ക്കെങ്കിലും വിശപ്പുമാറ്റാന്‍ പറ്റുമോ? ഋഷിപ്രോക്തങ്ങളായ ആദ്ധ്യാത്മികതത്ത്വങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ പഠിപ്പിക്കുന്നതാണു ദേവയജ്ഞം.
പൂജ, ജപം, ധ്യാനം, വ്രതാനുഷ്ഠാനങ്ങള്‍ എല്ലാം ദേവയജ്ഞത്തില്‍പ്പെടും. ഇതു കൊണ്ടൊക്കെ മനസ്സിന്റെ ഏകാഗ്രതയും ബുദ്ധികൂര്‍മ്മതയും ചിത്തപ്രസാദവും സത്ത്വശുദ്ധിയും കൈവരിക്കുക എന്നതാണു ലക്ഷ്യം. മന്ത്രജപത്തിലൂടെ മനസ്സില്‍ അന്യചിന്തകള്‍ കടന്നുവരുന്നതു തടയുവാന്‍ കഴിയും. ധ്യാനത്തിലൂടെ ബുദ്ധിക്കു തെളിച്ചവും സൂക്ഷ്മതയും ലഭിക്കുകയും മനസ്സിന്റെ വിക്ഷേപമടങ്ങുകയും ശാന്തിയും സമാധാനവുമുണ്ടാകുകയും ചെയ്യുന്നു.