ചോദ്യം : ജീവജാലങ്ങളുടെ വംശനാശം തടയാന്‍ സാമൂഹ്യതലത്തിലെന്തു ചെയ്യാന്‍ കഴിയും ?

അമ്മ : നിയമം കൊണ്ടുവരുന്നതു പ്രയോജനമാകും. പക്ഷേ, അതു കൃത്യമായി പാലിക്കുവാനും പാലിപ്പിക്കുവാനും ആളുണ്ടാകണം. ഇന്നു് നിയമംകൊണ്ടു വരുന്നവര്‍തന്നെ അതു് ആദ്യം തെറ്റിക്കുന്നു. അതു കൊണ്ടു്, പുതിയൊരു സംസ്‌കാരം വളരുന്ന തലമുറയ്ക്കു പകര്‍ന്നുകൊടുക്കുകയാണു ശാശ്വതമായ പരിഹാരം. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ. ഓരോ വ്യക്തിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും നിഷ്‌കാമപ്രേമം ഉണര്‍ന്നൊഴുകുമ്പോള്‍പ്പിന്നെ പ്രകൃതിസംരക്ഷണത്തിനു മറ്റൊരു നിയമംതന്നെ ആവശ്യമില്ലാതെയാകും.

മറ്റൊന്നു്, ഓരോ ഗ്രാമത്തിലും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രയോജനം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സൊസൈറ്റികള്‍ രൂപവത്ക്കരിക്കണം. ഇതിനു ബുദ്ധി മാത്രം പോരാ, ഹൃദയംകൂടി പകരണം. എങ്കിലേ പ്രയോജനമുള്ളൂ. അതിനു മതാചാരങ്ങളുടെ പിന്‍ബലം സഹായകമായിരിക്കും. വര്‍ഷത്തില്‍ പ്രത്യേകദിവസം ഓരോ വീട്ടുകാരും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ അലങ്കരിച്ചാരാധിക്കുന്നതും ഒരിക്കല്‍ മതാചാരത്തിൻ്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ സഹകരണം കൂടാതെ ഗവണ്മെന്റു മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അതുണ്ടാകണമെങ്കില്‍ ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റായിരിക്കണം. രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം അധികാരവും ധനസമ്പാദനവുമാകാതെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശ്രേയസ്സായിരിക്കണം. അവരിലും ധര്‍മ്മബോധമുണര്‍ത്താന്‍ ഈശ്വരവിശ്വാസംകൊണ്ടേ കഴിയൂ. ഭരണാധികാരികള്‍ക്കാണു് ഇന്നു് ആത്മവിദ്യ ഏറ്റവും അത്യാവശ്യമായിരിക്കുന്നതു്.