ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

പ്രകൃതിയെ ഈശ്വരാംശമായിക്കാണാനും സ്നേഹിക്കാനും ആരാധിക്കാനും അതുമായി ഐക്യത്തില്‍ വര്‍ത്തിക്കാനും നമുക്കു മാര്‍ഗ്ഗദീപം തെളിക്കുന്നതു മതമാണു്. താന്‍ പ്രകൃതിയുടെ അവിഭാജ്യഘടകമാണെന്ന എളിമ മനുഷ്യനില്‍ ഉളവാക്കാനും ഒപ്പം പ്രകൃതിയെ അതിക്രമിച്ചു് ആ പരമതത്ത്വം സാക്ഷാത്ക്കരിക്കാനുള്ള ശക്തി അവനില്‍ ഉണര്‍ത്താനും മതം സഹായിക്കുന്നു.

പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കുക

മതബോധത്തിലൂടെ മനുഷ്യനു കിട്ടിയ ഭയഭക്തി അവനും പ്രകൃതിക്കും നന്മയാണു ചെയ്തിട്ടുള്ളതു് അതിലൂടെ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും അവന്‍ പഠിച്ചു. ഒരു സ്ഥലത്തു് നിയമപാലനത്തിനു പൊലീസുണ്ടെങ്കില്‍ പൊലീസിനോടുള്ള പേടികൊണ്ടു് അവിടെ മോഷണം വളരെക്കുറയും. സുരക്ഷിതത്വ ബോധമുണ്ടാകും. അതുപോലെ ഈശ്വരനോടുള്ള ഭയഭക്തി സമൂഹത്തില്‍ ധര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും. ശരിയായ മതബോധമുള്‍ക്കൊള്ളുന്നതിലൂടെ, ആചാരമര്യാദകള്‍ പാലിക്കുന്നതിലൂടെ മനുഷ്യനു തെറ്റുകളില്‍നിന്നു് ഒഴിഞ്ഞുനില്ക്കാന്‍ കഴിയുന്നു.

മതം വെറും അന്ധവിശ്വാസമാണെന്നു പറഞ്ഞു ചിലര്‍ പുച്ഛിക്കുന്നതു കാണാം. എന്നാല്‍ ഇപ്പറയുന്നവരുടെ പ്രവൃത്തികളാണു പ്രകൃതിക്കു കൂടുതലും ദോഷമായിക്കാണാറുള്ളതു്. ഈ കപടബുദ്ധിജീവികളെക്കാള്‍ പ്രകൃതിയെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും മതബോധമുള്‍ക്കൊണ്ട സാധാരണക്കാരാണു്. മതത്തില്‍പ്പറയുന്ന ചിലകാര്യങ്ങള്‍ തെറ്റാണെന്നു ശാസ്ത്രമുദ്ധരിച്ചു ചിലര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നതു കാണാം. എന്നാല്‍, ഭൗതികശാസ്ത്രം ഇനിയും എത്രയോ കാര്യങ്ങള്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ എന്നതവര്‍ മറക്കുന്നു.

മതം വെറും അന്ധവിശ്വാസമാണെന്നു പറയുന്നവര്‍ അതിന്റെ ആചാരങ്ങളുടെ പിന്നിലുള്ള ശാസ്ത്രതത്ത്വം മനസ്സിലാക്കാന്‍ മിനക്കെടാറില്ല. മതത്തിലെ തത്ത്വങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗക്കാരെ മാത്രം ഉദ്ദേശിച്ചുള്ളവയല്ല. എല്ലാ തലത്തിലുള്ളവര്‍ക്കും വേണ്ടതു് അതിലുണ്ടു്. കൊച്ചുകുഞ്ഞിനുള്ളതുണ്ടു്, പത്തുവയസ്സുകാരനു വേണ്ടതുണ്ടു്, യുവാവിനു ചേര്‍ന്നതുണ്ടു്, നൂറുവയസ്സുള്ള വൃദ്ധനു് ആവശ്യമുള്ളതുണ്ടു്, ഭ്രാന്തന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ചേര്‍ന്നതുണ്ടു്. ഓരോരുത്തരുടെയും സ്വഭാവവും പ്രകൃതവും അനുസരിച്ചു് അതിനൊക്കെ യോജിച്ച രീതിയിലുള്ള തത്ത്വങ്ങളാണു മതത്തിലുള്ളതു്. (തുടരും …..)