ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)
മിലിട്ടറിയിലും പൊലീസിലും ഓഫീസിലും ജോലിക്കുവേണ്ട യോഗ്യതകള്‍ വ്യത്യസ്തമാണു്. അതുപോലെ, വിഭിന്നതരക്കാര്‍ക്കു പറഞ്ഞുകൊടുത്തിട്ടുള്ള തത്ത്വങ്ങളാണു മതത്തിലുള്ളതു്. എല്ലാംകൂടി ഒരുമിച്ചുകിടക്കുമ്പോള്‍, ചിലതൊന്നും ചില സമയം നമുക്കു യോജിക്കാതെ വരും. എന്നാല്‍ ഓരോന്നും അതു് ഉദ്ദേശിച്ചിട്ടുള്ളവര്‍ക്കു വേണ്ടതാണു്. മതതത്ത്വങ്ങളെ സമീപിക്കുമ്പോള്‍ ഈ ഒരു വിശ്വാസം നമ്മിലുണ്ടായിരിക്കണം.
വിശ്വാസമില്ലാതെ ആര്‍ക്കെങ്കിലും ജീവിക്കുവാന്‍ പറ്റുമോ ? എത്രയോ പേരു് അപകടത്തിലും മറ്റുമായി മരിക്കുന്നു! സംസാരിച്ചു നില്ക്കുന്നതിനിടയില്‍ മരിച്ചുവീഴുന്നു! എന്നാലും ‘നമ്മള്‍ ഇപ്പോള്‍ മരിക്കില്ല’ എന്ന അന്ധമായ ഒരു വിശ്വാസമാണു നമുക്കുള്ളതു്! ഇതുപോലെ ഏതു പ്രവൃത്തിയിലും; എന്തിനു്! ഓരോ നിമിഷത്തിലും; നമ്മളെ മുന്നോട്ടു നയിക്കുന്നതു വിശ്വാസമാണു്. ഇവിടെ ബോംബു വീഴില്ല എന്ന വിശ്വാസത്താലാണു് ഇപ്പോള്‍ നമ്മള്‍ ഇവിടെയിരിക്കുന്നതു്. എത്രയോ അപകടങ്ങള്‍ ഉണ്ടായിരിക്കുന്നു, നേരില്‍ക്കണ്ടിരിക്കുന്നു! എന്നിട്ടും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതു്, നമ്മള്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെടില്ല എന്നാരു വിശ്വാസത്തിലാണു്.
ഈ കൊണ്ടുപോകുന്ന പയ്യന്‍ എൻ്റെ മകളെ, വേണ്ട വണ്ണം നോക്കി രക്ഷിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണു മകളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നതു്, കുടിക്കുന്ന വെള്ളത്തില്‍, വിഷമില്ല എന്ന വിശ്വാസമാണു് അതു കുടിക്കുവാന്‍ നമ്മളെ സഹായിക്കുന്നതു്. ഇങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിൻ്റെ ഏതു തലത്തിലും നമ്മളെ മുന്നോട്ടു നയിക്കുന്നതു വിശ്വാസമാണു്. ഏതും വിശ്വസിച്ചുകൊണ്ടു നോക്കിയാലേ, ആനന്ദം നുകരാന്‍ കഴിയൂ. ഇഷ്ടപ്പെട്ട പെണ്‍കുട്ടി നല്കുന്ന കയ്പും മധുരമായി ആസ്വദിക്കാന്‍ കഴിയും. അതേസമയം ഇഷ്ടമില്ലാത്ത വ്യക്തി തരുന്ന മധുരവും കയ്പ്പായിത്തോന്നും. ഏതിനെയും ഇഷ്ടപ്പെടുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തില്‍ ആനന്ദം നുകരാന്‍ നമുക്കു കഴിയൂ. അതിനു തടസ്സമായി നില്ക്കുന്നതു നമ്മിലെ സ്വാര്‍ത്ഥതയാണു്. അതിനെ ഉപേക്ഷിക്കാനാണു മതം പറയുന്നതു്.
മേഘത്തില്‍ ഉപ്പു വിതറി മഴ പെയ്യിക്കാമെന്നു് ഇന്നത്തെ ശാസ്ത്രം പറയുന്നു. എന്നാല്‍ അങ്ങനെ കിട്ടുന്ന മഴവെള്ളം തീര്‍ത്തും ശുദ്ധമാണെന്നു പറയാന്‍ പറ്റില്ല. എന്നാല്‍, ചില പ്രത്യേക സസ്യങ്ങളും മറ്റും വിധിപ്രകാരമുള്ള മന്ത്രജപത്തോടെ അഗ്നിയില്‍ ഹോമിക്കുമ്പോള്‍ പ്രകൃതിയില്‍ അതിനനുസരിച്ചു ഗുണകരമായ മാറ്റം വരുന്നു. ഹോമധൂമപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍ അതു മഴ പെയ്യിക്കാന്‍ സഹായകരമാകുന്നു. കൃത്രിമമായി പെയ്യിക്കുന്ന മഴവെള്ളത്തെ അപേക്ഷിച്ചു് ഇങ്ങനെ യാഗങ്ങളും ഹോമങ്ങളും കൊണ്ടുണ്ടാകുന്ന മഴവെള്ളം ശുദ്ധമാണെന്നു് അനുഭവസ്ഥര്‍ പറയുന്നു. പ്രകൃതിയുടെ നഷ്ടമായ താളലയം വീണ്ടെടുക്കുകയാണു ഹോമയജ്ഞാദികര്‍മ്മങ്ങളിലൂടെ ചെയ്യുന്നതു്. പച്ച മരുന്നുകള്‍ ശരീരത്തിൻ്റെ രോഗം മാറ്റുന്നതുപോലെ, ധൂപ, ദീപ, നൈവേദ്യങ്ങളും ഹോമങ്ങളും മറ്റും അന്തരീക്ഷശുദ്ധി വരുത്തുന്നു.
അണുനശീകരണത്തിനു് ലോഷനും വെള്ളം ശുദ്ധിയാക്കാന്‍ ക്ലോറിനുമൊക്കെ ഉപയോഗിക്കുമ്പോഴുള്ള അന്തരീക്ഷമലിനീകരണം ഇതുകൊണ്ടു് ഉണ്ടാകുന്നില്ല. മറിച്ചു്; നസ്യം ചെയ്യുമ്പോള്‍ കഫം നീങ്ങി ശ്വാസകോശശുദ്ധി കൈവരുന്നതുപോലെ; അത്തി, ഇത്തി, അരയാല്‍, ദര്‍ഭപ്പുല്ല് തുടങ്ങിയവ കത്തിച്ചുണ്ടാകുന്ന ഹോമധൂമം അന്തരീക്ഷത്തിലെ മാലിന്യങ്ങളെ അകറ്റുന്നു. ഗ്രഹണസമയത്തു നേരിട്ടു സൂര്യനെ നോക്കുന്നതു കണ്ണിനു കേടാണെന്നു് ഇന്നു ശാസ്ത്രം പറയുന്നു. ആ സമയത്തു ചാണകവെള്ളത്തിലൂടെ മാത്രമേ സൂര്യൻ്റെ പ്രതിബിംബം നോക്കാന്‍ പാടുള്ളൂ എന്ന മതാചാരം പാലിക്കുന്നതിലൂടെ ഈ ശാസ്രേ്താപദേശത്തിൻ്റെ പ്രയോജനംതന്നെയാണു നമുക്കു കിട്ടുന്നതു്.
പ്രകൃതിയോടും സമൂഹത്തോടും സ്നേഹത്തിലും സഹകരണത്തിലും കഴിയാനാണു മതം അനുശാസിക്കുന്നതു്. പ്രകൃതിയോടു മുഴുവനുമുള്ള തൻ്റെ കടപ്പാടിനെക്കുറിച്ചു മനസ്സിലാക്കുന്നതിലൂടെ മനുഷ്യനിലെ അഹന്ത അകലുന്നു. തന്നെത്തന്നെ പ്രകൃതിയുടെ ഭാഗമായിക്കാണുന്നതിലൂടെ എല്ലാം ഒരാത്മാവാണെന്നു് അവനു ബോധിക്കുന്നു. വാസ്തവത്തില്‍ മതം എന്നാല്‍ നൂറുശതമാനവും പ്രകൃതിസംരക്ഷണമാണു്. അതില്‍ ക്കൂടിയേ നമുക്കു ജീവിതമുള്ളൂ.