ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………)

ഇന്നു്, പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി എത്ര കാര്യങ്ങള്‍ ശാസ്ത്രം പറഞ്ഞുതന്നാലും അവയിലൊന്നെങ്കിലും നടപ്പിലാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ? ഉള്ള കാവും വനവും വെട്ടിവെളുപ്പിക്കുകയല്ലേ നാം ചെയ്യുന്നതു്? പകരം വയ്ക്കുന്നതോ, വ്യവസായത്തിനു യോജിച്ച, ലാഭമുണ്ടാക്കാന്‍ പറ്റിയ ചില മരങ്ങളും. അവ വളരണമെങ്കില്‍ കൃത്രിമവളവും കീടനാശിനികളും ഒക്കെവേണം. നാട്ടുമരങ്ങളുടെ കീടപ്രതിരോധശക്തി അവയ്ക്കില്ല. സന്ധ്യയ്ക്കു് ഈശ്വരപൂജയെ ഓര്‍മ്മിപ്പിക്കുന്ന നറുമണം പരത്തുന്ന പിച്ചിയുടെയും ഗന്ധരാജന്റെയും മുല്ലയുടെയും സ്ഥാനത്തു് ഇന്നു വീട്ടുമുറ്റങ്ങള്‍ അലങ്കരിക്കുന്നതു കള്ളിമുള്‍ച്ചെടികളാണു്. മനുഷ്യമനസ്സിനു വന്ന പരിവര്‍ത്തനംതന്നെയാണു വളര്‍ത്തുചെടികളില്‍ വന്ന ഈ മാറ്റം പരോക്ഷമായി സൂചിപ്പിക്കുന്നതു്.

തീര്‍ത്ഥജലം

തുളസിയിലയും കൂവളത്തിലയും തെച്ചിപ്പൂവും കറുകയും മറ്റും ഇട്ട തീര്‍ത്ഥജലം രാവിലെ പ്രസാദമായിക്കഴിച്ചിരുന്ന നമ്മുടെ പൂര്‍വ്വികര്‍ക്കു മറ്റൊരു ടോണിക്കിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഇവയുടെയെല്ലാം ഔഷധമൂല്യം ഗവേഷണങ്ങള്‍ നടത്തി ഇന്നു തെളിയിച്ചിട്ടുണ്ടെങ്കിലും പണ്ടുള്ളവര്‍ നിത്യജീവിതത്തില്‍ നല്കിയിരുന്ന സ്ഥാനം ഇന്നാരെങ്കിലും അവയ്ക്കു കൊടുക്കുന്നുണ്ടോ? ഏതൊരു വീട്ടിലും അതിഥി ചെന്നാല്‍ ആദ്യം കൊടുക്കുക സംഭാരമോ, ഇളനീരോ ആയിരു ന്നു. ഇന്നാകട്ടെ; കാപ്പിയോ ചായയോ കൃത്രിമപാനീയങ്ങളോ ആണു്. അല്പകാലം
മുന്‍പുവരെ നാരങ്ങാവെള്ളം കിട്ടാത്ത മുറുക്കാന്‍കടകള്‍
ഇല്ലായിരുന്നു. ഇന്നു് അതിനു പകരം പല നിറങ്ങളിലും രുചികളിലുമുള്ള ശീതളപാനീയങ്ങള്‍ വാങ്ങാന്‍ കിട്ടും. പത്തിരട്ടി വിലകൊടുത്തു വിഷാംശമാണെന്നറിഞ്ഞുകൊണ്ടു് അതു വാങ്ങിക്കഴിക്കാന്‍ നമുക്കു മടിയില്ല താനും. തെങ്ങിന്റെയും നാരകത്തിന്റെയും സ്ഥാനത്തു് ഇന്നു റബ്ബറും മറ്റുമാണു കൃഷി ചെയ്യുന്നതു്. എന്തു കൊണ്ടു്? ലാഭേച്ഛകൊണ്ടാണോ, പ്രകൃതിസ്നേഹം കൊണ്ടാണോ?

ഇക്കഴിഞ്ഞ തലമുറയില്‍പ്പെട്ടവര്‍പോലും ഭയഭക്തി കൊണ്ടു മുതിര്‍ന്നവരുടെ മുന്‍പില്‍ പുക വലിച്ചിരുന്നില്ല. ഇന്നു പുകവലിയുടെ ദോഷത്തെപ്പറ്റി അറിയാത്തവരില്ല. അതു് അരുതെന്നു പറയുന്ന ഡോക്ടറുടെ ചുണ്ടിലും ഉണ്ടായിരിക്കും കത്തുന്ന ഒരു സിഗരറ്റ്. നിയമം പറയുന്നതനുസരിച്ചു് സിഗരറ്റ്പാക്കറ്റിന്റെ പുറത്തുതന്നെ ‘ഇതു് ആരോഗ്യത്തിനു ഹാനികരം’ എന്നെഴുതിവച്ചതിനെ ആരെങ്കിലും മാനിക്കുന്നുണ്ടോ? പുകവലിക്കുന്നവര്‍ സ്വയം വരുത്തുന്നതിലുമധികം ദോഷങ്ങള്‍ ചുറ്റുമുള്ളവര്‍ക്കു വരുത്തിവയ്ക്കുന്നുവെന്നാണു ശാസ്ത്രം പറയുന്നതു്. ഇവിടെ ഭയഭക്തിയോടെയുള്ള ആചാരമാണോ വെറും ബുദ്ധിപരമായ അറിവാണോ മനുഷ്യനെ നേര്‍വഴിക്കു നയിക്കാന്‍ സഹായിച്ചതും പ്രകൃതിക്കു ഗുണകരമായിത്തീര്‍ന്നതും? അറിവു് ആവശ്യമില്ലെന്നല്ല; അറിവിനെപ്പോലെതന്നെ ആചാരവും ആചരണവും വേണമെന്നു മാത്രം. നമുക്കു ബുദ്ധിയുണ്ടു്. പക്ഷേ വിവേക ബുദ്ധിയില്ല. അവിടെയാണു ഭയഭക്തിയുടെ സ്ഥാനം. അറിവു ബുദ്ധിയിലൊതുങ്ങിയാല്‍ മാത്രം പോരാ; ഹൃദയത്തില്‍ നിറയണം, ജീവിതത്തില്‍ പകരണം. അതിനു മതം ആവശ്യമാണു്.