ശബരിമല വിശ്വാസ സംരക്ഷണത്തിനായുള്ള അയ്യപ്പ ഭക്തസംഗമത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് അമ്മ നൽകിയ സന്ദേശം
20 ജനുവരി 2019

“…അയ്യപ്പശാസ്താവേ കീ ജയ്
ശരണമയ്യപ്പ സ്വാമിയേകീ ജയ്….”

“…ശിവനേ….ശിവനേ….ശിവനേ.. …..”

“പ്രേമ സ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവർക്കും നമഃസ്ക്കാരം. ക്ഷണിച്ച ആചാര്യന്മാർക്കും നമഃസ്ക്കാരം.”

“ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ ഏറ്റവും ദൗർഭാഗ്യകരമാണ്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്നത്തിനും കാരണം.

ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിയ്ക്കുന്നത് ശരിയല്ല. ക്ഷേത്ര ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ക്ഷേത്രത്തിലെ ദേവതയും സർവവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കണം. സർവ്വവ്യാപിയായ ഈശ്വരന് യാതൊരു പരിമിതികളും ഇല്ല. അവിടുത്തേക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എങ്ങും നിറഞ്ഞു നിൽക്കുന്ന അനന്തമായ ശക്തിയാണ്. എന്നാൽ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ ഇത് വ്യത്യാസമുണ്ട്.

സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. ടാങ്കിൽ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്സിജൻ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകൾ ഒന്നുമില്ല. അതുപോലെ നദിയിൽ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകളോ യമനിയമങ്ങളോ ഒന്നും ആവശ്യമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോൾ അതിൽ ക്ലോറിൻ ഇടണം, ഫിൽട്ടർ ചെയ്യണം. അതിൽ കുളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് നമ്മൾ വേറെ വെള്ളത്തിൽ കുളിക്കണം. വിയർപ്പെല്ലാം കളഞ്ഞ് ഒരു പ്രത്യേക വസ്ത്രം ധരിക്കണം. മാത്രമല്ല, സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ സോപ്പ് തേയ്ക്കാനും പാടില്ല. നദിയിലെ വെള്ളം തന്നെയാണ് സ്വിമ്മിംഗ് പൂളിലും ഉള്ളത്. സർവവ്യാപിയായ ഈശ്വരന്‍റെ ഒരു ഭാഗം തന്നെയാണ് ഇതും [ക്ഷേത്രവും] . പക്ഷേ അതിൽ ശുദ്ധാശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും ആവശ്യമാണ്.

നമ്മൾ ഏതു രീതിയിൽ ഭാവിക്കുന്നോ, അതുപോലെ ഫലവും കിട്ടും. ഒരു വിത്ത് നട്ടാൽ അതിന് വെള്ളവും വളവും കൊടുക്കുന്നത് കൊണ്ടാണ് പൂവും കായും ഫലങ്ങളും കിട്ടുന്നത്. ഓരോ ക്ഷേത്ര ദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം, നിവേദ്യങ്ങൾ സമർപ്പിക്കണം, ശുദ്ധാശുദ്ധങ്ങൾ നോക്കണം – അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണം. സർവവ്യാപിയായ ഈശ്വരന് ഇത്തരം പരിമിതികൾ ഇല്ല. ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം സങ്കൽപ്പമുണ്ട്. രൗദ്രഭാവത്തിലെ സങ്കൽപ്പം വേറെ, ശാന്തഭാവത്തിലെ സങ്കൽപ്പം വേറെ. ഓരോ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും ചില സങ്കല്പങ്ങളുണ്ട്. ഇന്ന പൂജ വേണം, ഇന്ന ആചാരങ്ങൾ വേണം, ഇന്നയിന്ന ശുദ്ധാശുദ്ധി വേണം. സഗുണാരാധനക്ക് ഈ രീതിയിലുള്ള പ്രാധാന്യങ്ങൾ ഉണ്ട്. പാരമ്പര്യമായുള്ള നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധത്തിൽ പാലിച്ചില്ലെങ്കിൽ അത് ക്ഷേത്രാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. ക്ഷേത്ര സങ്കല്പത്തിന്റെ കാര്യമാണ് പറയുന്നത്.

ക്ഷേത്രം മൈനറാണ് എന്നു പറയും [ഭരണഘടനാ പ്രകാരം] . കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയും പൂജാരിയും അതുപോലെതന്നെ വിശ്വാസികളും ആവശ്യമാണ്. വിശ്വാസമില്ലാത്തവർ അവിടെ പോയാൽ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും. അപ്പോൾ വിശ്വാസികളേയും കൂടി ആശ്രയിച്ചിരിക്കുകയാണ്.

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പേ പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് ഇത്തരം വ്രത സമ്പ്രദായങ്ങൾ നിലവിൽ വന്നതെന്നാണ് വിശ്വാസം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യമാണ് -തീർച്ചയായും. പക്ഷേ ക്ഷേത്രത്തെതന്നെ മറന്നുകൊണ്ടുള്ള മാറ്റം കൊണ്ടുവന്നാൽ അതിലൂടെ നമ്മുടെ മൂല്യങ്ങൾ തന്നെയാണ് നഷ്ടപ്പെട്ടുപോകുന്നത്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതാക്കാൻ ഇടയാക്കരുത്.

ശങ്കരാചാര്യർ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണ ഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെയാണ്. അവരൊക്കെ തിരിച്ചുവന്ന് ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. അതിനകത്തെല്ലാം ഓരോ ആചാരാനുഷ്ഠാനങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട്. ഈ ക്ഷേത്രത്തിൽ എന്നെ ക്ഷണിച്ചു കൊണ്ടുപോയിട്ടുണ്ട്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ട്. പ്രദക്ഷിണം വയ്‌ക്കുന്പോൾ ഇന്ന സ്ഥലത്ത് പ്രദക്ഷിണം വയ്ക്കരുത് തിരിച്ചു വരണം എന്ന് പറയും. എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം അമ്മയും അനുഷ്ഠിക്കാറുണ്ട്.

അമ്മ പ്രതിഷ്ഠ നടത്തിയപ്പോഴും -ഈ വിഷയത്തിലെ അന്നത്തെ ആചാര്യന്മാരെയും മാധവ് ജി തുടങ്ങിയ മറ്റെല്ലാ തന്ത്രിമാരെയും വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് പ്രതിഷ്‌ഠ നടത്തിയത്. അമ്മ സന്യാസം കൊടുത്തപ്പോഴും സന്യാസി പരമ്പരകളെ ക്ഷണിച്ചു വരുത്തി, അവരുടെ വഴിയെ ആണ് കൊടുത്തത്. ആചാരങ്ങളൊന്നും ഞാൻ ലംഘിച്ചതൊന്നുമില്ല. ക്ഷേത്രങ്ങൾ നമ്മുടെ സംസ്കാരത്തിന്‍റെ തൂണുകളാണ്. അവ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ അത് നൂലുപൊട്ടിയ പട്ടം പോലെയായിത്തീരും.

നമുക്കറിയാം പണ്ട് വിദേശത്തൊക്കെ പോകുമ്പോൾ പ്ലെയിനിന്‍റെ ഇന്നഭാഗത്തിരുന്ന് സിഗരറ്റ് വലിക്കാം എന്ന് പറയുമായിരുന്നു, ഇപ്പോഴത് പറ്റില്ല. ഇന്ന സ്റ്റേഷനിൽ ഇന്നയിടത്തേ സിഗരറ്റ് വലിക്കാവൂ.

മണ്ണാറശാലയിൽ അമ്മയാണ് പൂജിക്കുന്നത്. സ്ത്രീകൾക്കുമാത്രമുള്ള കോളേജുകളുണ്ട്, സ്കൂളുകളുണ്ട്, ആൺപിള്ളേർക്കുള്ള സ്കൂളുകളുണ്ട്. അതിനെ ലിംഗവ്യത്യാസം എന്ന് പറയാൻ നമുക്ക് പറ്റുകയില്ല. ഇത്ര വയസ്സുവരെയും കയറാം എന്നുള്ളതുകൊണ്ട് സ്ത്രീകളെ ശബരിമലയിൽ തള്ളിയിട്ടില്ല എന്നതാണ് സത്യം.

ഒരു കൊച്ചുകുട്ടിയോട് കള്ളം പറഞ്ഞാൽ കണ്ണുപൊട്ടും, മൂക്കു നീണ്ടു വരും എന്നൊക്കെ പറയും. അങ്ങനെയാണെങ്കിൽ നമ്മുടെയെല്ലാം മൂക്ക് നീണ്ടതാവുമായിരുന്നു, കണ്ണ് പൊട്ടുമായിരുന്നു. പക്ഷേ ആ സമയത്ത്, വിവേകമില്ലാത്ത സമയത്ത് ആ വാക്ക് ഉപകരിച്ചു. അത് പ്രായോഗിക യുക്തിയാണ്.

ഒരു കുഞ്ഞ് ആനയുടെ പടം വരച്ച്, അച്ഛാ ഞാൻ ആനയുടെ പടം വരച്ചെന്നു പറയുന്നു. അച്ഛൻ നോക്കിയപ്പോൾ അഞ്ചാറ് കുത്തും വരയുമേ ഉള്ളൂ. ഇത് ആനയുടെ പടമൊന്നുമല്ലടാ, അഞ്ചാറ് കുത്തും വരയുമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ കൊച്ച് വിളിവയ്ക്കാൻ (കരയാൻ) തുടങ്ങി. എന്തൊക്കെ പറഞ്ഞിട്ടും കരച്ചിൽ നിന്നില്ല. ഓരോന്ന് എടുത്ത് എറിയാനും തുടങ്ങി. അവസാനം അച്ഛൻ പറഞ്ഞ്നു, മോനെ -മോനെ അച്ചൻ്റെ കണ്ണിന് കാഴ്ച കുറവായതുകൊണ്ടാ മനസ്സിലാക്കാതിരുന്നത്. കണ്ണട വച്ചപ്പോഴാണ് ശരിക്ക് മനസ്സിലാക്കിയത് – അച്ഛൻ്റെ മോൻ നല്ലവണ്ണം ആനയുടെ പടം വരച്ചിട്ടുണ്ട്. : ഇത് ഹൃദയത്തിൻ്റെ ഭാഷയാണ്. നമ്മൾ ആ തലത്തിലേക്ക് ഇറങ്ങി ചെല്ലണം.

ക്ഷേത്രങ്ങൾ ‘സ്റ്റെയർകേസു’ പോലാണ്. മുകളിൽ കയറിയെത്തുമ്പോൾ – മുകളിൽ വാർത്തിരിക്കുന്നതും തന്നെ, സ്റ്റെയർകേസും ഒന്നുകൊണ്ടുതന്നെയാണെന്ന് മനസ്സിലാവും. എല്ലാം വാർത്തിരിക്കുന്നത് സിമൻ്റും മെറ്റലും ചരലും ഒക്കെ കൊണ്ടുതന്നെയാണെന്ന് മനസ്സിലാക്കികഴിഞ്ഞാലും സ്റ്റെയർകേസ് തള്ളിക്കളയാൻ നമുക്കാകില്ല. കയറിയെത്താൻ എപ്പോഴും അതു വേണം. എല്ലാം ഈശ്വരനാണ് എന്ന് അറിഞ്ഞാലും മററുള്ളവർക്ക് കൂടി വരണം എന്ന് വിചാരിച്ച് എല്ലാത്തിലും ഈശ്വരനെ തന്നെ കാണും. അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണ്ടെന്ന് വച്ചാൽ സംസ്കാരം നഷ്ടമാകും.

ശബരിമല സീസൺ സമയത്ത് പതിനഞ്ച് വർഷമായിട്ട് അമ്മ റിസർച് പോലെ നടത്തി. വിവിധ ആശുപത്രികളിൽ ചെന്ന് ഒരു ഗവേഷണം നടത്തിയത്തിൽ എല്ലാ സീസൺ സമയത്തും മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. കാരണമെന്താണ്? ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. എത്രയോ കുടുംബങ്ങളിൽ മാനസികമായും ശാരീരികമായും ഒരു താളലയം കൊണ്ടു വരുന്നതാണ് ക്ഷേത്രങ്ങൾ. അതുകൊണ്ട് ഈ സംസ്ക്കാരത്തെ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. സംസ്കാരത്തിന്‍റെ കെട്ടും കുറ്റിയും (അടിസ്ഥാനം)അതിലാണ്.

അർജുനൻ കൃഷ്ണനോട് യുദ്ധമുറ ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്‍റെ മറുപടി. കാരണം അധികാരി ഭേദമനുസരിച്ച് പറഞ്ഞു കൊടുക്കണം. എനിയ്ക്ക് പറയാനുള്ളത് ഭക്തരായ തന്ത്രിയും പൂജാരികളും ഭക്തരായ നിങ്ങളെപോലുള്ള എല്ലാവരും കൂടിയാണ്, വിചാരിച്ച് കൂടിയാലോചിക്കേണ്ടത്, തീരുമാനിക്കേണ്ടത് എന്നാണ്. പയ്യെ തിന്നാൽ പനയും തിന്നാം – സാവധാനം ഒന്നിച്ച് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം.
മറ്റൊന്നും പറയാനില്ല. കൂടുതൽ സംസാരിക്കാനും വന്നതല്ല. മററുള്ള കാര്യങ്ങളെല്ലാം മക്കളെല്ലാം പറഞ്ഞുകഴിഞ്ഞു.
നമഃശ്ശിവായ”