ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്?
മനുഷ്യനിലെ നിഷ്‌കളങ്കതയാണു പ്രകൃതിയുമായി അവനെ ബന്ധിക്കുന്ന ഘടകം. മഴവില്ലു കാണുമ്പോള്‍, കടല്‍ത്തിര കാണുമ്പോള്‍, ഒരു കൊച്ചുകുഞ്ഞിനുണ്ടാകുന്ന ആഹ്ലാദം നമുക്കു തോന്നുന്നുണ്ടോ? സ്വാര്‍ത്ഥത വളരുമ്പോള്‍, കുരുട്ടുബുദ്ധി ഏറുമ്പോള്‍ നമ്മിലെ നിഷ്‌കളങ്കത നഷ്ടമാകുന്നു. അപ്പോള്‍ മനുഷ്യന്‍ പ്രകൃതിയില്‍നിന്നു് ഒറ്റപ്പെടുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആരംഭിക്കുന്നു. പ്രകൃതിക്കു ഭീഷണിയാകുന്നതുവഴി തന്റെതന്നെ അന്ത്യത്തിനു കാരണമാവുകയാണു ചെയ്യുന്നതെന്നു് അവന്‍ അറിയുന്നില്ല.
മനുഷ്യനിലെ ശൈശവനിഷ്‌കളങ്കത നിലനിര്‍ത്താന്‍ ഏറ്റവും സഹായകമാണു് ഈശ്വരവിശ്വാസം. ഭക്തിവിശ്വാസമുള്ള ഒരു വ്യക്തി പ്രകൃതിയിലെ ഓരോ വസ്തുവിലും പക്ഷിമൃഗാദികളിലും തന്റെ ഇഷ്ടമൂര്‍ത്തിയെയാണു ദര്‍ശിക്കുന്നതു്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ഇതവനെ പ്രാപ്തനാക്കുന്നു. ശരിയായ ഈശ്വരവിശ്വാസിയില്‍നിന്നു സര്‍വ്വചരാചരങ്ങളിലേക്കും ഒഴുകിയെത്തുന്ന സ്നേഹം പ്രകൃതിയുടെ ഉള്ളു കുളിര്‍പ്പിക്കുന്നു. അതാണു ശരിയായ പ്രകൃതിസംരക്ഷണം. ഇന്നു മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥത കാരണം പ്രകൃതിയെ തന്നില്‍നിന്നു ഭിന്നമായിക്കാണുന്നു. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാനെത്തുന്നതു രണ്ടും എന്റെതുതന്നെ എന്ന ബോധം കൊണ്ടാണു്. സ്വന്തം കൈയോടു കാട്ടുന്ന വാത്സല്യം മറ്റൊരാളുടെ കൈ മുറിഞ്ഞാലുണ്ടാകുന്നില്ല. അതു് എന്റെതല്ലെന്ന ചിന്തയാണതിനു കാരണം. ഇന്നു പ്രകൃതിയെ അവന്റെ സ്വാര്‍ത്ഥത നിറവേറ്റാനുള്ള ഒരുപകരണമായിട്ടാണു മനുഷ്യന്‍ കാണുന്നതു്.
ശാസ്ത്രം വികസിക്കുന്തോറും, കാര്യങ്ങള്‍ ബുദ്ധിപരമായിമാത്രം മനസ്സി ലാക്കാന്‍ ശ്രമിക്കുന്തോറും മനുഷ്യനിലെ വിശാലത നഷ്ടമാകുന്നതായാണു കണ്ടുവരുന്നതു്. പത്തു തക്കാളി ലഭിക്കുന്ന ചെടിയില്‍നിന്നു നൂറു തക്കാളി ഉത്പാദിപ്പിക്കാന്‍ അവന്‍ പഠിച്ചു. അതിന്റെ വലുപ്പം ഇരട്ടിയാക്കാനും അവനു കഴിഞ്ഞു. ഉത്പാദനം കൂടിയപ്പോള്‍ ദാരിദ്ര്യം കുറഞ്ഞെന്നതു ശരിതന്നെ. പക്ഷേ ഒന്നോര്‍ക്കണം; ഒരിടത്തു പട്ടിണിമരണം ഇല്ലാതായെങ്കില്‍ മറു വശത്തു പുതിയ രോഗങ്ങള്‍ കാരണം നൂറുകണക്കിനാളുകള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണു്. വയറുനിറച്ചതോടൊപ്പം ശരീരത്തിന്റെ സ്വാഭാവികരോഗ പ്രതിരോധശക്തി നഷ്ടമാകുകയും ചെയ്തു. കൃത്രിമ വളങ്ങളും കീടനാശിനികളും ആഹാരത്തിലൂടെ ചെല്ലുന്നതു മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ഈ രാസവസ്തുക്കള്‍ ശരീരത്തിലെ സെല്ലുകള്‍ നശിപ്പിക്കുന്നു. അവനെ രോഗങ്ങള്‍ക്കടിമയാക്കുന്നു. വിത്തിന്റെ വിളവു ക്രമാതീതമായി വര്‍ദ്ധിച്ചതോടൊപ്പം ആസ്പത്രികളുടെ എണ്ണവും കൂടി.
(തുടരും …….)