ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച)
ശാസ്ത്രം വികസിച്ചെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി വിവേകപൂര്‍വ്വം കണ്ടു പ്രവര്‍ത്തിക്കുവാന്‍ സ്വാര്‍ത്ഥത മൂലം മനുഷ്യന്‍ മുതിരുന്നില്ല.
കൃഷിക്കു കൃത്രിമവളങ്ങള്‍ നല്കാനുള്ള കാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയാണു്; സസ്യങ്ങളോടുള്ള സ്നേഹമല്ല. ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതിനൊരു പരിധിയുണ്ടു്. അതിലധികം കാറ്റു നിറച്ചാല്‍ ബലൂണ്‍ പൊട്ടും. അതുപോലെ ഒരു വിത്തിനു നല്കാവുന്ന വിളവിനൊരു പരിധിയുണ്ടു്. അതു കണക്കാക്കാതെ കൃത്രിമവളങ്ങളും മറ്റും ചേര്‍ത്തു് ഉത്പാദനം വര്‍ദ്ധിപ്പിച്ചാല്‍ വിത്തിന്റെ ശക്തിയും ഗുണവും കുറയും. അതു കഴിക്കുന്ന മനുഷ്യന്റെ സെല്ലുകളെയും ദോഷകരമായി ബാധിക്കും. പണ്ടു്, കൃഷിക്കു വെള്ളവും വളവും മാത്രം മതി. ഇന്നതല്ല, മരുന്നടിച്ചു കൊടുക്കണം. ചെടിക്കുതന്നെ പ്രതിരോധശക്തി നഷ്ടമായി. രോഗങ്ങളെ ചെറുത്തുനില്ക്കാനുള്ള അവയുടെ ശക്തി നശിപ്പിക്കപ്പെടുകയാണു ചെയ്യുന്നതു്.
എല്ലാറ്റിനെയും ആദരവോടെ സ്നേഹിക്കാനാണു മതം പറയുന്നതു്. സയന്‍സ്, ഇരട്ടിയിരട്ടി ഉണ്ടാക്കാന്‍ കണ്ടുപിടിച്ചു. എന്നാല്‍ ഗുണമത്രയില്ല. ഇഡ്ഡലിയില്‍ ഈസ്റ്റ് ചേര്‍ത്തു ഇരട്ടി വലുപ്പമാക്കുമ്പോള്‍ ഇഡ്ഡലി യുടെ ഗുണം കുറയുന്നതല്ലേയുള്ളൂ?
കോഴിക്കു ഹോര്‍മോണ്‍ കുത്തിവച്ചു നല്ല വലുപ്പമുള്ള മുട്ട ഉത്പാദിപ്പിക്കും. ഇരുട്ടുള്ള കൂട്ടിലടച്ചു ദിവസം രണ്ടു മുട്ട ഇടുവിക്കും. അതുകൊണ്ടെന്താ? കോഴിയുടെ ആയുസ്സു പകുതിയാകും. മുട്ടയ്ക്കാകട്ടെ നാടന്‍മുട്ടയുടെയത്ര ഗുണമുണ്ടാവുകയുമില്ല. ലാഭമോഹം കാരണം ജനങ്ങള്‍ക്കുള്ള നന്മയെപ്പറ്റി ചിന്തിക്കുന്നില്ല. ഒന്നിനോടും കാരുണ്യം ഉണ്ടാകുന്നില്ല. ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ട എന്നല്ല, എന്നാല്‍ എല്ലാറ്റിനും ഒരു ക്രമമുണ്ടു്. ധനമോഹത്താല്‍ ആ പരിധി ലംഘിക്കുന്നതു പ്രകൃതിയെ നശിപ്പിക്കുന്നതിനു തുല്യമാണു്. പറന്നുനടക്കുന്ന കിളികളെ നമ്മുടെ വിനോദത്തിനു കൂട്ടിലിട്ടു് അടയ്ക്കുന്നതു പോലെയാണു പ്രകൃതിയെ നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതു്. പ്രകൃതിയെ ജയിലിലടച്ചതിനു തുല്യമാണിതു്. പ്രകൃതിയുടെ ആ വിമ്മിഷ്ടം മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകും. മനുഷ്യനു ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത ഘട്ടത്തില്‍ പ്രകൃതിക്കു നേരെ മഴു ഉയര്‍ത്തിയാല്‍ മനസ്സിലാക്കാം. എന്നാല്‍ ഇതങ്ങനെയല്ല. അതിമോഹംകൊണ്ടു കാട്ടുന്ന അതിക്രമങ്ങള്‍ പ്രകൃതി എങ്ങനെ ക്ഷമിക്കും?
സയന്‍സിന്റെ കണ്ടുപിടിത്തങ്ങളെ വാനോളം സ്തുതിക്കുകയോ അദ്ധ്യാത്മികതയെ കണ്ണടച്ചു പുച്ഛിക്കുകയോ ചെയ്യുന്ന മക്കള്‍ ഒന്നോര്‍ക്കണം; ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്കൊണ്ടുണ്ടായ ദുരന്തം മതതത്ത്വങ്ങള്‍ കൊണ്ടുണ്ടായിട്ടില്ല. വെടിമരുന്നു മുതല്‍ അണു ബോംബുവരെയുള്ള യുദ്ധോപകരണങ്ങള്‍ എത്ര വലിയ വിനാശമാണു വരുത്തിവച്ചിട്ടുള്ളതു്? ഇന്നു് ഓരോ രാജ്യത്തിന്റെയും കൈയിലുള്ള ആറ്റംബോംബുകളെക്കുറിച്ചു ചിന്തിച്ചാല്‍ സ്വൈര്യമായി കിടന്നുറങ്ങുവാന്‍ പറ്റുമോ? മതങ്ങള്‍ തമ്മില്‍ കലഹിച്ചിട്ടില്ലേ എന്നു ചോദിക്കാം. അവിടെയും കുറ്റം തത്ത്വത്തിന്റെതല്ല. അതിനെ സ്വാര്‍ത്ഥലാഭത്തിനായി വളച്ചൊടിക്കുന്ന മനുഷ്യന്റെതാണു്. രാഷ്ട്രത്തലവന്മാര്‍ പരസ്പരം യുദ്ധം ചെയ്തതുപോലെ, സദ്ഗുരുക്കന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ടോ?
(തുടരും …….)