ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച)
ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ അമ്മ നിന്ദിക്കുന്നില്ല. അവ ആവശ്യംതന്നെ. പക്ഷേ, മനുഷ്യന്‍ മനസ്സിന്റെ വിദ്യ കൂടി പഠിക്കണം. ഇന്നതിനു് എങ്ങും മാര്‍ഗ്ഗമില്ല. എവിടെയും മനുഷ്യനിലെ മൃഗീയവാസനകളെ വളര്‍ത്താനുള്ള സാഹചര്യങ്ങളേയുള്ളൂ. ഓരോ ദിവസത്തെയും പത്രവാര്‍ത്തകള്‍ നോക്കിയാല്‍ കുറ്റകൃത്യങ്ങള്‍ എത്ര പെരുകിയിട്ടുണ്ടെന്നു കാണുവാന്‍ കഴിയും. മനസ്സിനെ ഈ താണപടിയില്‍നിന്നു് ഉദ്ധരിക്കുവാനുള്ള ക്രിയകളാണു ധ്യാനജപാദികള്‍. പക്ഷേ, അതിനാര്‍ക്കും സമയമില്ല. ഇരുപത്തിനാലുമണിക്കൂറില്‍ ഒരു മണിക്കൂറെങ്കിലും സാധനയ്ക്കു നീക്കിവയ്ക്കുവാന്‍ എത്ര പേര്‍ക്കു കഴിയുന്നുണ്ടു്?
വിമാനം കണ്ടുപിടിച്ചതുകൊണ്ടു 100 മണിക്കൂര്‍ വേണ്ട യാത്രയ്ക്കു് ഒരു മണിക്കൂര്‍ മതി. എന്നാല്‍ ഇതു കൊണ്ടു ജീവിതത്തിനു തിരക്കു കുറഞ്ഞോ? ഇല്ല. കൂടിയിട്ടേയുള്ളൂ. അപ്പോള്‍ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടാന്‍ അറിയാത്ത മനസ്സിനു് എത്ര വലിയ നേട്ടമുണ്ടായാലും എന്തു കാര്യം? എന്തിലും അസംതൃപ്തി മാത്രം. മനസ്സിന്റെ ശാന്തി ഇതിനെയൊന്നുമല്ല ആശ്രയിച്ചിരിക്കുന്നതു്. സമാധാനം വേണോ, മനസ്സിന്റെ വിദ്യ നേടണം. ഭൗതികമായി എന്തൊക്കെ നേടിയാലും ശാന്തിയില്ലെങ്കില്‍ എന്തു വിശേഷം? ഏറ്റവും അധികം സ്നേഹിക്കുന്ന ഭാര്യ അടുത്തിരുന്നാലും കലി ! ഏറ്റവും സ്വാദേറിയ ഭക്ഷണത്തിലും അരുചി ! എല്ലാറ്റിനെയും ഹൃദയം തുറന്നു സ്നേഹിക്കുവാനും
പ്രകൃതിയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും നാം തയ്യാറാകണം. ഒരുമണിക്കൂര്‍ സാധനയ്ക്കു പറ്റില്ലെങ്കില്‍ നിഷ്‌കാമകര്‍മ്മത്തിനു വേണ്ടിയെങ്കിലും അല്പസമയം നീക്കിവയ്ക്കണം. ബാക്കിസമയം ഉണ്ണാനും ഉറങ്ങാനും വിനോദത്തിനും ആയിക്കൊള്ളട്ടെ. ജീവിതത്തില്‍ വിലയുള്ള ‘ഒന്നു്’ എന്നു പറയുന്നതു് ഇതൊന്നു മാത്രമാണു് ജപം, ധ്യാനം, നിഷ്‌കാമസേവനം. ബാക്കിയെല്ലാം വെറും പൂജ്യങ്ങള്‍ ! ഒന്നുണ്ടെങ്കിലല്ലേ പൂജ്യത്തിനു വിലയുള്ളൂ!
സകലരും അഹങ്കാരത്തിനു് അടിമയാകാന്‍ പോകും. എന്നാല്‍ ഈശ്വരനു് അടിമയാകാന്‍ പ്രയാസമാണു്. അഹങ്കാരത്തിനു് അടിമയായാല്‍ അശാന്തി. ഈശ്വരനു് അടിമയായാല്‍ ശാന്തി. ഇതു നമ്മള്‍ ഓര്‍ക്കണം. ഈശ്വരനോടുള്ള ഭയഭക്തി ഒരിക്കലും ദുര്‍ബ്ബലതയല്ല. നമ്മളില്‍ ശാശ്വതമായതെന്തോ, അതിനോടുള്ള പ്രേമമാണു യഥാര്‍ത്ഥ ഭക്തി. അല്ലാതെ ക്ഷേത്രത്തിനു മുന്നില്‍ നിന്നു് അയലത്തു വീട്ടിലുള്ളവരോടുള്ള അസൂയയും കുശുമ്പും എണ്ണിപ്പറഞ്ഞു പ്രാര്‍ത്ഥിക്കുന്നതു് ഒരിക്കലും ഭക്തിയാകുന്നില്ല. ‘സര്‍വ്വര്‍ക്കും നല്ല മനസ്സു് നല്കണേ, ശാന്തിയും സമാധാനവുമേകണേ’ എന്നു പ്രാര്‍ത്ഥിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി. അതാണു യഥാര്‍ത്ഥ ഈശ്വരതത്ത്വം. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നവനിലും ശാന്തി നിറയുകയാണു്. മറിച്ചു്; ദ്രോഹമനസ്സു് വച്ചു കൊണ്ടിരിക്കുന്നവന്‍ സ്വയം നാശത്തിലേക്കു വീഴുകയാണു ചെയ്യുന്നതു്.