ചോദ്യം : അമ്മേ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമെന്താണു്?

അമ്മ : മക്കളേ, മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനല്ല. അവന്‍ പ്രകൃതിയുടെതന്നെ ഭാഗമാണു്. വാസ്തവത്തില്‍ നമ്മള്‍ പ്രകൃതിയെ രക്ഷിക്കുകയല്ല പ്രകൃതി നമ്മെ രക്ഷിക്കുകയാണു ചെയ്യുന്നതു്. ഭൂമിയില്‍ മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണു്. പ്രാണവായുവിന്റെ ശുദ്ധീകരണം നടക്കണമെങ്കില്‍ സസ്യലതാദികള്‍ വേണം. അന്തരീക്ഷശുദ്ധിയില്ലാതെ വരുമ്പോള്‍ നമ്മുടെ ആരോഗ്യം തകരുന്നു, ആയുസ്സു കുറയുന്നു, പലതരം രോഗങ്ങള്‍ക്കു് അടിമയാകുന്നു. പ്രകൃതിയിലെ ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കും. അതുപോലെത്തന്നെ മനുഷ്യന്റെ പ്രവൃത്തികളും ചിന്താതരംഗങ്ങളും പ്രകൃതിയിലും സമാനമായ പരിവര്‍ത്തനങ്ങളുണ്ടാക്കും. പ്രകൃതിയുടെ താളം തെറ്റിയാല്‍, മനുഷ്യജീവിതത്തിന്റെ താളലയവും നഷ്ടമാകും. അപ്രകാരം മറിച്ചും സംഭവിക്കും.