ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)
ഒരുവന്റെ ചീത്ത പ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ചു് അവനെ നമ്മള്‍ തള്ളിയാല്‍, ആ സാധുവിന്റെ ഭാവി എന്തായിരിക്കും? അതേസമയം, അവനിലെ ശേഷിക്കുന്ന നന്മ കണ്ടെത്തി അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍, അതേ വ്യക്തിയെ, എത്രയോ ഉന്നതനാക്കി മാറ്റാന്‍ കഴിയും. ഏതു ദുഷ്ടനിലും ഈശ്വരത്വം ഉറങ്ങിക്കിടക്കുന്നുണ്ടു്. അതു് ഉണര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ വാസ്തവത്തില്‍, നമ്മള്‍ നമ്മളിലെ ഈശ്വരത്വത്തെത്തന്നെയാണു് ഉണര്‍ത്തുന്നതു്.
ഒരു ഗുരു തന്റെ രണ്ടു ശിഷ്യരെ അടുത്ത ഗ്രാമത്തിലേക്കയച്ചു. ആ ഗ്രാമത്തില്‍ താമസിക്കാന്‍ ചെല്ലുന്നതിനു മുന്‍പു് അവിടെയുള്ള ജനങ്ങള്‍ എങ്ങനെയുള്ളവരാണെന്നു് അന്വേഷിച്ചു വരാന്‍ വേണ്ടിയാണു് അവരെ അയച്ചതു്. ഒരാള്‍ ഗ്രാമമെല്ലാം സന്ദര്‍ശിച്ചു തിരിച്ചെത്തി. ആ ശിഷ്യന്‍, ഗുരുവിനോടു പറഞ്ഞു, ”ആ ഗ്രാമത്തിലുള്ളവരെപ്പോലെ ഇത്ര ദുഷ്ടന്മാരെ മറ്റെങ്ങും കാണാന്‍ കഴിയില്ല. അവിടെയുള്ളവര്‍, കൊള്ളക്കാരും കൊലയാളികളും വേശ്യകളുമാണു്. അതിനാല്‍ ഞാന്‍ വേഗം തിരിയെ പോന്നു.” ഈ സമയം രണ്ടാമത്തെ ശിഷ്യനും, ഗ്രാമം സന്ദര്‍ശിച്ചിട്ടു് അവിടെയെത്തി. ഗുരു ആ ശിഷ്യനോടും ഗ്രാമവിശേഷങ്ങള്‍ ചോദിച്ചു. ”ആ ഗ്രാമത്തിലുള്ളവര്‍ എത്ര നല്ല ആളുകളാണെന്നോ, ഇത്ര നന്മയുള്ളവരെ എവിടെയും കാണാന്‍ കഴിയില്ല.” രണ്ടാമത്തെ ശിഷ്യന്റെ മറുപടി കേട്ട ഗുരു അതിശയിച്ചു, ഇതെന്താണു് ഒരു ഗ്രാമത്തെക്കുറിച്ചു് ഇത്ര വ്യത്യസ്തമായ അഭിപ്രായങ്ങള്‍. ആദ്യം വന്ന ശിഷ്യന്‍ പറയാന്‍ തുടങ്ങി, ”ഞാന്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍, ഒരു കൊലയാളിയെയാണു് അവിടെ കണ്ടതു്. രണ്ടാമത്തെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കൊള്ളക്കാരനാണു താമസം. മറ്റൊരു വീട്ടില്‍ ചെന്നപ്പോള്‍, അവിടെ ഒരു വേശ്യയാണു താമസമെന്നു മനസ്സിലായി. പിന്നെ എവിടെയും പോകുവാന്‍ തോന്നിയില്ല. ഞാന്‍ തിരിച്ചുപോന്നു. ഇങ്ങനെയുള്ള ആളുകള്‍ താമസിക്കുന്ന ഗ്രാമത്തെക്കുറിച്ചു എങ്ങനെ നല്ല അഭിപ്രായം പറയാന്‍ കഴിയും?”
ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ഗുരു രണ്ടാമത്തെ ശിഷ്യനോടു താന്‍ കണ്ട കാര്യങ്ങള്‍ പറയുവാന്‍ ആവശ്യപ്പെട്ടു.ശിഷ്യന്‍ പറഞ്ഞു, ”ആ വീടുകളില്‍ എല്ലാം ഞാനും പോയിരുന്നു. ആദ്യത്തെ വീട്ടില്‍, താമസക്കാരന്‍ ഒരു കൊള്ളക്കാരനാണെന്നു പറഞ്ഞു. പക്ഷേ, ഞാനവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച, അയാള്‍ സാധുക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതാണു്. പട്ടിണി കിടക്കുന്നവരെ കണ്ടെത്തി, അവര്‍ക്കു വയറു നിറയെ ആഹാരം കൊടുക്കുന്നു. അയാളില്‍ ഒരു നല്ല ഗുണം കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി. രണ്ടാമത്തെ സ്ഥലത്തു്, ഒരു കൊലയാളിയാണു താമസക്കാരനെന്നു് അറിഞ്ഞു. എന്നാല്‍, ഞാനവിടേക്കു ചെല്ലുമ്പോള്‍, അയാള്‍, റോഡില്‍ വീണു കിടക്കുന്ന ഒരു സാധു മനുഷ്യനെ ശുശ്രൂഷിക്കുന്നു. അയാള്‍ ഒരു കൊലയാളിയാണെങ്കിലും, ഹൃദയം പൂര്‍ണ്ണമായും വരണ്ടില്ലല്ലോ, എന്നോര്‍ത്തപ്പോള്‍, എനിക്കയാളോടു സ്നേഹം തോന്നി. മൂന്നാമതു്, ഞാന്‍ ചെന്നു കയറിയതു് ഇപ്പറഞ്ഞ വേശ്യയുടെ വീട്ടിലാണു്. അവിടെ മൂന്നുനാലു കുട്ടികള്‍ നില്ക്കുന്നതു കണ്ടു. അവര്‍ ആരെന്നന്വേഷിച്ചു. അപ്പോഴാണറിയുന്നതു്, അവര്‍ അനാഥശിശുക്കളാണെന്നു്. ആ വേശ്യ അവരെ എടുത്തു വളര്‍ത്തുകയാണു്. ഒരു ഗ്രാമത്തിലെ ഏറ്റവും മോശപ്പെട്ടവര്‍ എന്നു പറയുന്നവരില്‍പ്പോലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ? ഇത്രയും കണ്ടതോടെ, എനിക്കു് ആ ഗ്രാമത്തിലുള്ളവരെക്കുറിച്ചു വലിയ മതിപ്പു തോന്നി.”
എവിടെയും ദുഷ്ടത മാത്രമേ ഉള്ളൂ എന്നും പറഞ്ഞു്, പിന്തിരിയുന്നതു്, മടിയന്റെ മാര്‍ഗ്ഗമാണു്. മറ്റുള്ളവരുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചു പഴി പറഞ്ഞുകൊണ്ടിരിക്കുന്ന സമയം നമ്മില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍, അതു മറ്റുള്ളവരിലും വെളിച്ചം വിതറും. അതാണു വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസത്തിനുള്ള എളുപ്പവഴി. എവിടെയും നിറഞ്ഞ അന്ധകാരം കണ്ടു്, ഇരുട്ടിനെ പഴി പറയുകയല്ല വേണ്ടതു്. നമ്മുടെ കൈയിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. ഈ ചെറിയ മെഴുകുതിരി നാളംകൊണ്ടു് എങ്ങനെ ഈ വലിയ അന്ധകാരത്തെ താണ്ടും എന്നു വിഷമിക്കേണ്ടതുമില്ല. അതു തെളിച്ചുകൊണ്ടു മുന്നോട്ടു നടന്നാല്‍ നമ്മുടെ ഓരോ അടിയിലും ആ ചെറുദീപം നമുക്കു പ്രകാശം നല്കും. നമ്മുടെ കൂടെയുള്ളവര്‍ക്കും അതു വെളിച്ചം നല്കും. അതിനാല്‍, മക്കളിലെ സ്നേഹമാകുന്ന ദീപം മക്കള്‍ കൊളുത്തൂ. മുന്നോട്ടു നീങ്ങൂ. നല്ല വാക്കും പുഞ്ചിരിച്ച മുഖവുമായി നമ്മള്‍ ഓരോ അടിയും മുന്നോട്ടു വയ്ക്കുമ്പോള്‍ എല്ലാ നന്മകളും നമ്മില്‍ വന്നു നിറയുന്നതു കാണുവാന്‍ കഴിയും. ഈശ്വരനു നമ്മെ വിട്ടു നില്ക്കുവാന്‍ ആവില്ല. അവിടുന്നു നമ്മെ വാരിപ്പുണരും. ശാന്തിയും സമാധാനവും ഒഴിഞ്ഞനേരം ജീവിതത്തിലുണ്ടാവുകയില്ല.